തീപിടിച്ച ബന്ധം
അറുപത്തിയൊന്ന് വര്‍ഷത്തെ ആത്മബന്ധമുണ്ട് അബ്ദുല്‍ അഹദ് തങ്ങളും ഞാനും തമ്മില്‍. 1953-ല്‍ എടയൂരിലെ ജമാഅത്ത് ഓഫീസിലാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. അന്നു തുടങ്ങിയ സ്‌നേഹബന്ധം മരണം വരെ ഇടമുറിയാതെ തുടര്‍ന്നു. ശരിക്കും അതൊരു തീപിടിച്ച ബന്ധമായിരുന്നു. ആദര്‍ശത്തിന്റെ പേരില്‍ ഒരുമിച്ചു ചേര്‍ന്നവര്‍ തമ്മിലുള്ള ഒരു ഇഴുകിച്ചേരല്‍ ഞങ്ങളുടെ ബന്ധത്തിലുണ്ടായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എടയൂരിലെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. രണ്ടു മണിക്കൂറിലേറെ ഞങ്ങള്‍ സംസാരിച്ചിരുന്നു. പഴയ കാര്യങ്ങള്‍ പലതും ഓര്‍ത്തെടുത്തു. അതൊരു വിടവാങ്ങല്‍ സംഭാഷണമായിരുന്നുവെന്നു പറയാം. 'ഇനി നമുക്ക് ഈ ഭൂമിയില്‍ ഇതുപോലെ സന്ധിക്കാന്‍ കഴിയണമെന്നില്ല' ഞാന്‍ തങ്ങളോട് പറഞ്ഞു. ഏറെനേരം ആലിംഗനബദ്ധരായി നിന്നാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്. പിന്നെയും ഇടക്ക് കണ്ടിരുന്നുവെങ്കിലും ആത്മബന്ധത്തിന്റെ വൈകാരികത ആവോളം ഉള്ളതായിരുന്നു അന്നത്തെ ആ കൂടിച്ചേരല്‍. ഇപ്പോള്‍, ഞങ്ങളെയൊക്കെ വിട്ട് പ്രിയ സഹപ്രവര്‍ത്തകന്‍ അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. ഇനി എന്നെപ്പോലെ ചുരുക്കം ചിലര്‍ മാത്രമേ പ്രസ്ഥാന പ്രവര്‍ത്തകരുടെ ആ തലമുറയില്‍ ബാക്കിയുള്ളൂ.
സ്വഭാവ മഹിമയുടെ പൂര്‍ത്തീകരണമായിരുന്നു അബ്ദുല്‍ അഹദ് തങ്ങള്‍. പക്വത, വിനയം, വിവേകം, പരിഗണന, ലാളിത്യം ഇതെല്ലാമായിരുന്നു ആ വ്യക്തിത്വത്തിന്റെ മുഖമുദ്ര. ഏതൊരു വ്യക്തിയോടും തങ്ങള്‍ ഇടപെടുന്ന രീതി ഇവയെല്ലാം നിറഞ്ഞതായിരുന്നു. വെള്ളിമാട്കുന്നിലെ ജമാഅത്ത് ഓഫീസില്‍ ഒരുനാള്‍ ഉച്ചക്ക് നിശ്ചിത എണ്ണത്തെക്കാള്‍ രണ്ട് പേര്‍ക്ക് കൂടി ഭക്ഷണം ആവശ്യമായി വന്നു. തങ്ങളെക്കാള്‍ ഏറെ പ്രായം കുറഞ്ഞ അബ്ദുര്‍റഹ്മാന്‍ എന്ന ചെറുപ്പക്കാരനാണ് ഭക്ഷണം തയാറാക്കിയിരുന്നത് എന്നാണ് എന്റെ ഓര്‍മ. 'രണ്ടു പേര്‍ക്ക് കൂടി ഭക്ഷണം വേണ്ടിയിരുന്നു, എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ' എന്ന് അബ്ദുല്‍ അഹദ് തങ്ങള്‍ അബ്ദുര്‍റഹ്മാനോട് ചോദിക്കുന്നതു കേട്ടാല്‍, അദ്ദേഹം ജമാഅത്ത് അമീറിനോടോ മറ്റോ ആണ് സംസാരിക്കുന്നത് എന്ന് തോന്നും. അത്രക്ക് വിനയമുണ്ടായിരുന്നു ആ പെരുമാറ്റത്തില്‍.
അദ്ദേഹം ഒരു കാര്യം പറഞ്ഞാല്‍ പലര്‍ക്കും അത് തള്ളാന്‍ കഴിയുമായിരുന്നില്ല, എനിക്ക് പ്രത്യേകിച്ചും. ആജ്ഞാസ്വരം ഒട്ടുമില്ലാതെയാണ് അദ്ദേഹം ഒരു കാര്യം ആവശ്യപ്പെടുകയെങ്കിലും ആ വാക്കുകള്‍ക്ക് ഒരു വശ്യശക്തി ഉണ്ടായിരുന്നു. 'അതൊന്ന് ചെയ്താല്‍ നന്നായിരുന്നു' എന്ന സ്വരത്തിലാണ് സംസാരിക്കുക. പിന്നെ മറുത്ത് പറയാന്‍ കഴിയില്ല. വി.കെ അലി സാഹിബിന്റെ വീട് നിര്‍മാണം എന്നെ ഏല്‍പിച്ച രീതിയാണ് മനസ്സിലുള്ള ഒരു അനുഭവം. 1983 ലെ ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിന് ശേഷമാണെന്നാണ് ഓര്‍മ. കച്ചവടത്തിനുപുറമെ എനിക്കന്ന് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷനും ഉണ്ടായിരുന്നു. പൂക്കാട്ടിരി പള്ളിയില്‍ തങ്ങളും വി.കെ അലിയും ഞാനും ഒത്തുചേര്‍ന്നു. 10000 രൂപയും 35000 രൂപയുടെ ചെക്കും ഒരു പ്ലാനും തന്നു. 'ഇതൊന്നു ചെയ്താല്‍ നന്നായിരുന്നു' എന്ന് പറഞ്ഞ് തങ്ങള്‍ ഒന്ന് ചിരിച്ചു. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു.
വളരെ കുറച്ച് വാക്കുകളേ തങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. അതില്‍ എല്ലാം അടങ്ങിയിരിക്കും. അത് നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയും ചെയ്യും. ശാന്തപുരം കോളേജിന് പെരിന്തല്‍മണ്ണ പൂപ്പലത്തെ തെങ്ങിന്‍തോപ്പ് സ്വന്തമായത് അത്തരമൊരു ചെറുവാചകത്തിന്റെ പിന്‍ബലത്തിലാണ്. അബ്ദുല്‍ അഹദ് തങ്ങള്‍ ഏതാനും മാസക്കാലം ശാന്തപുരം കോളേജിന്റെ മാനേജറായിരുന്നു. ശാന്തപുരം ദാരിദ്ര്യവും കഷ്ടതകളും ഏറെ അനുഭവിച്ച സന്ദര്‍ഭം. അതൊന്നും ഇന്നത്തെ തലമുറക്ക് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല. പഴയ കാലത്തെ ഇല്ലായ്മകളും ത്യാഗങ്ങളുമൊക്കെ ഇന്ന് പലരും കേള്‍ക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളാണല്ലോ. അരിയും ഉപ്പും മുളകും മറ്റും വാങ്ങാനില്ലാതെ ശാന്തപുരം നിത്യദുരിതത്തില്‍ കഴിയുന്ന കാലം. ഒരു ദിവസം അബ്ദുല്‍ അഹദ് തങ്ങള്‍ മലപ്പുറത്ത് എന്നെ കാണാന്‍ വന്നു, ശാന്തപുരത്തെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. 'എന്തെങ്കിലും ഒരു പരിഹാരം കാണണം' ഇത്രയേ തങ്ങള്‍ ആവശ്യപ്പെട്ടുള്ളൂ. മലപ്പുറത്തെ ധനാഢ്യനും കച്ചവടക്കാരനുമായ മൂസാ ഹാജിയുടെ കടയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഭക്ഷണ സാധനങ്ങള്‍ കടം വാങ്ങിയതും മറ്റുമായ സംഭവബഹുലമായ കഥകള്‍ വേറെ പറയാനുണ്ട്. അത് മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുന്നു. പെരിന്തല്‍മണ്ണ പൂപ്പലത്ത് പതിനാലര ഏക്കര്‍ ഭൂമി മൂസാ ഹാജി വാങ്ങിയതായി അറിയാന്‍ കഴിഞ്ഞു. കൊടുവയില്‍ അഹമദ്കുട്ടി ഹാജിയാണ് മൂസാ ഹാജിക്ക് ഭൂമി വിറ്റത്. ഒരു ലക്ഷത്തി അമ്പത്തി അയ്യായിരം രൂപയായിരുന്നു അന്ന് വില. പഴയതെങ്കിലും വലിയൊരു വീടും മറ്റു ചില കെട്ടിടങ്ങളും അതിലുണ്ടായിരുന്നു. 1971 ലാണ് സംഭവം എന്ന് ഓര്‍ക്കുന്നു. ശാന്തപുരം കോളേജിന് ഒരു ഏക്കര്‍ സ്ഥലമേ അന്നുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഐ.ടി ബില്‍ഡിംഗ് നില്‍ക്കുന്ന ഭൂമി. അതിനു താഴെയുള്ള സ്ഥലം പോലും പിന്നീട് ഉണ്ടായതാണ്. 'പൂപ്പലത്ത് നിങ്ങള്‍ വാങ്ങിയ ഭൂമി ശാന്തപുരം കോളേജിന് വേണം. കാശ് കിട്ടുന്നതിന് അനുസരിച്ച് തരും. ഞങ്ങള്‍ അങ്ങോട്ടുവരുന്നുണ്ട്'-ഒരു ദിവസം ഞാന്‍ മൂസാഹാജിയോട് പറഞ്ഞു 'നിങ്ങളുടെ സൗകര്യം പോലെ വന്നോളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'തന്റെ സമയം നിശ്ചയിച്ച് ഞങ്ങളോട് വരാന്‍ പറയുന്ന' സമീപനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടായില്ല. അങ്ങനെ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയെയും കൂട്ടി ഒരു ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. അദ്ദേഹം വാങ്ങിയ 1,55,000 രൂപക്കു തന്നെ പതിനാലര ഏക്കര്‍ ഭൂമിയും വീടും ശാന്തപുരം കോളേജിന് തരാം എന്ന് ഏറ്റു. പക്ഷേ പണത്തിന് എന്ത് ചെയ്യും? 'കിട്ടുന്നതിന് അനുസരിച്ചാണ് പണം തരിക' എന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെങ്കിലും അഡ്വാന്‍സായി കുറച്ച് കാശെങ്കിലും കൊടുക്കണ്ടേ! 50,000 എങ്കിലും കൊടുക്കേണ്ടതാണ്. അത്രയും തുകയൊന്നും ഉണ്ടായിരുന്നില്ല. ആ സമയത്താണ് മണ്ണാര്‍മല കുഞ്ഞാപ്പു ഹാജി 10000 രൂപ കടം ചോദിച്ച് മൂസാ ഹാജിയുടെ അടുത്ത് വന്നത്. 'എങ്കില്‍ ഒരു പതിനായിരം രൂപ നിങ്ങള്‍ ഇദ്ദേഹത്തിന് കൊടുത്തേക്കൂ' മൂസാ ഹാജി ഞങ്ങളോട് പറഞ്ഞു. ഒന്നര ലക്ഷത്തിന്റെ ഭൂമി വാങ്ങാന്‍ ചെന്നവര്‍, പതിനായിരം പോലും കൈയിലില്ലെന്ന് എങ്ങനെ പറയും? ശാന്തപുരം കോളേജില്‍നിന്ന് അന്ന് 50 രൂപ തികച്ച് എടുക്കാനുണ്ടായില്ല. 'മറ്റന്നാള്‍ എത്തിച്ചുതരാം' കുഞ്ഞാപ്പു ഹാജിയോട് ഞാന്‍ പറഞ്ഞു. മറ്റന്നാള്‍ എന്ന് പറഞ്ഞത്, പണം സംഘടിപ്പിക്കാന്‍ ഒരു ദിവസത്തെ സാവകാശം കിട്ടുമല്ലോ എന്ന് ചിന്തിച്ചാണ്. എവിടുന്നൊക്കെയോ സംഘടിപ്പിച്ച് 10000 രൂപ പറഞ്ഞ ദിവസം എത്തിച്ചുകൊടുത്തു. 'അടുത്ത മാസം മുതല്‍ തേങ്ങ നിങ്ങള്‍ എടുത്തോളൂ, 22500 തേങ്ങ കിട്ടും.' എന്നുപറഞ്ഞ് മൂസാ ഹാജി അപ്പോള്‍ തന്നെ വാക്കാല്‍ കൈവശാവകാശവും തന്നു. 'ഒരു കടലാസില്‍ കരാര്‍ എഴുതണ്ടേ' എന്ന് ഞാന്‍ ചോദിച്ചു. 'നിങ്ങള്‍ പറഞ്ഞ വാക്കില്‍ തന്നെ എനിക്ക് കരാറായി. ഇനി വേണമെങ്കില്‍ നിങ്ങള്‍ തമ്മില്‍ എഴുതിക്കോ' അതായിരുന്നു മൂസാ ഹാജിയുടെ മറുപടി. അത്രയും ഉയര്‍ന്നുനിന്ന് നമ്മുടെ വാക്കില്‍ വിശ്വാസമര്‍പ്പിച്ചു അദ്ദേഹം. അങ്ങനെ പതുക്കെ പതുക്കെ ആ ഭൂമി ശാന്തപുരം കോളേജിന് സ്വന്തമായി. ഇതിന്റെ അടിസ്ഥാന കാരണക്കാരന്‍ അബ്ദുല്‍ അഹദ് തങ്ങളായിരുന്നു. അധികം സംസാരിക്കാതെ, ഒരു വലിയ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് ഓഫീസിന്റെ ജീവനാഡിയായിരുന്നു അബ്ദുല്‍ അഹദ് തങ്ങള്‍. എല്ലാ വകുപ്പുകളുടെയും വേരും കിടപ്പും അദ്ദേഹത്തിനറിയും. ഏതു പ്രശ്‌നവുമായി ഓഫീസില്‍ എത്തിയാലും അദ്ദേഹത്തിന്റെ അടുത്ത് പരിഹാരമുണ്ടാകും. ജമാഅത്ത് ഓഫീസില്‍ പോവുകയെന്നാല്‍ തങ്ങളെ കാണാന്‍ പോവുക എന്നൊരു അര്‍ഥവും കൂടി ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും ഒഴിവുണ്ടാക്കി എടയൂരിലെ ഓഫീസില്‍ പോകും. 1959-ല്‍ ഹാജി സാഹിബ് മരിച്ചശേഷമാണ് ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റുന്നത്. പ്രബോധനം, ഐ.പി.എച്ച് എന്നിവ തങ്ങളുടെ ചുമതലകളില്‍ പ്രധാനമായിരുന്നു. തങ്ങളെ സഹായിക്കാന്‍ എസ്.വി അബ്ദുല്ലാ സാഹിബും ഓഫീസില്‍ ഉണ്ടായിരുന്നു. മൗദൂദി സാഹിബിന്റെ 'ഥാനവി ദര്‍സ് ഗാഹി'ല്‍ പഠിച്ച ആളാണ് എസ്.വി. രാപ്പകലില്ലാതെ അധ്വാനമായിരുന്നു അന്ന് ഓഫീസിലും പുറത്തും പ്രസ്ഥാന പ്രവര്‍ത്തനം. 8/10 മണിക്കൂര്‍ സമയം നിശ്ചയിച്ച ജോലിയായിരുന്നില്ല അത്. എടയൂരില്‍ നിന്ന് പ്രബോധനം കെട്ട് തലയിലേറ്റി വളാഞ്ചേരിയിലേക്ക് നടന്നവരില്‍ ഒന്നാമന്‍ കെ.സി അബ്ദുല്ല മൗലവിയായിരുന്നു. പരിഭാഷകനും എഴുത്തുകാരനും എഡിറ്ററും എല്ലാമായിരുന്നു അദ്ദേഹം എന്നോര്‍ക്കണം.
ദാരിദ്ര്യം നിറഞ്ഞതായിരുന്നു അബ്ദുല്‍ അഹദ് തങ്ങളുടെ ജീവിതം. കിട്ടുന്ന 'ശമ്പളം' നിത്യചിലവിന് തന്നെ തികയുമായിരുന്നില്ല. കൊടുക്കാന്‍ കഴിയുന്നതിന്റെ പരമാവധി കൊടുക്കാന്‍ ജമാഅത്ത് ശ്രമിച്ചിരുന്നെങ്കിലും, ജീവിതവൃത്തിക്ക് ആവശ്യമായ ശമ്പളം നല്‍കാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. തങ്ങള്‍ക്കാകട്ടെ മറ്റു വരുമാന മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല. എന്നാല്‍ ഈ ദാരിദ്ര്യവും കഷ്ടപ്പാടും അദ്ദേഹം ആരെയും അറിയിച്ചില്ല. ഒരു ദിവസം അദ്ദേഹം മലപ്പുറത്ത് എന്നെ കാണാന്‍ വന്നു. 'ഞാന്‍ ഒരു ആവശ്യവുമായി വന്നതാണ്. കിട്ടുന്ന ശമ്പളം റേഷന്‍ വാങ്ങാന്‍ പോലും തികയില്ലെന്ന് അറിയാമല്ലോ. ഇപ്പോള്‍ നെല്ല് കിട്ടുന്ന സീസണാണ്. അതു വാങ്ങി അരിയുണ്ടാക്കിയാല്‍ അല്‍പം ആശ്വാസമാകും. അതുകൊണ്ട് 100 രൂപ വേണം. എപ്പോള്‍ മടക്കിത്തരും എന്നൊന്നും പറയാന്‍ കഴിയില്ല. ചോദിക്കാന്‍ വേറെ ആരുമില്ലല്ലോ' പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. നൂറോ, ആയിരമോ, തിരിച്ചുകിട്ടാതെ തന്നെ കൊടുക്കാന്‍ കഴിയുന്ന സമയമായിരുന്നു എനിക്കത്. പക്ഷേ, അങ്ങനെ കൊടുത്താല്‍ തങ്ങള്‍ വാങ്ങുകയില്ല. പണം കൊടുത്ത ശേഷം ഞാന്‍ പറഞ്ഞു; 'തിരിച്ചു തരണം എന്നില്ല, കഷ്ടപ്പെട്ട് ഉണ്ടാക്കി തിരിച്ചുതരരുത്.' അതിനപ്പുറം പറയാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.
ഓടിട്ട ഒരു ചെറിയ വീടായിരുന്നു ആദ്യം തങ്ങള്‍ക്കുണ്ടായിരുന്നത്. പല തവണ ഞാന്‍ അവിടെ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. എനിക്കത് ഒരിക്കലും അന്യ വീടായി തോന്നിയിട്ടില്ല. അവിടെ ധാരാളം അന്തി ഉറങ്ങിയിട്ടുമുണ്ട്. ഞാനൊരിക്കലും അവിടെ അതിഥിയായിരുന്നിട്ടില്ല. പക്ഷേ, ഭക്ഷണത്തിനും താമസത്തിനുമൊക്കെ അദ്ദേഹം ഒരുക്കുന്നത് കാണുമ്പോള്‍, സ്‌നേഹവും ആദരവും നിറഞ്ഞ ഒരു പ്രയാസം നമുക്ക് അനുഭവപ്പെടും. ഉള്ളില്‍ തട്ടിയ ഹൃദയബന്ധത്തിന്റെ ഒരു ഊഷ്മളത തങ്ങളുടെ പെരുമാറ്റത്തിലും ഇടപെടലുകളിലുമെല്ലാം നിറഞ്ഞുനിന്നിരുന്നു. ഇനി അങ്ങനെ ഒരു തങ്ങള്‍ നമുക്കില്ലല്ലോ. ജമാഅത്ത് ഓഫീസില്‍ ആ കസേര ഇനി ശൂന്യമായിക്കിടക്കും.
Comments