Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 17

ഒരു മഹാ കാലം അസ്തമിച്ചിരിക്കുന്നു

പി.എ.എം ഹനീഫ് /സ്മരണ

         അബ്ദുല്‍ അഹദ് തങ്ങളുടെ മയ്യിത്ത് ദര്‍ശനവേളയില്‍ മുമ്പ് ആരോ വിശേഷിപ്പിച്ച 'ഇസ്‌ലാമിന്റെ സുന്ദര മുഖം' പ്രയോഗം എന്നില്‍ നിറഞ്ഞു. നേരിട്ട് ഏറ്റവും ഒടുവില്‍ കണ്ടപ്പോഴുള്ള മുഖമല്ല.. പ്രായം, രോഗപീഡകളൊക്കെ ആ മയ്യിത്ത് ദര്‍ശിക്കുന്ന ആര്‍ക്കും നൊമ്പരപൂര്‍വം വായിച്ചെടുക്കാം. പക്ഷേ, തങ്ങളുടെ ജീവിതനിയോഗങ്ങളറിയുന്ന ഏതൊരാള്‍ക്കും 'ഇസ്‌ലാമിന്റെ സുന്ദരമുഖം' യാതൊരു തടസ്സവുമില്ലാതെ പകര്‍ത്തെടുക്കാം.

ഞാനാദ്യം തങ്ങളെ കാണുന്നത് കോവൂരില്‍ കടമ്പോട്ട് വീട്ടിലാണ്. 'ഹാജി സാഹിബ്' നാടക രചനക്കാലം.  പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ എന്നെ പരിചയപ്പെടുത്തി. കാസര്‍കോട് പണ്ട് കണ്ട ആ 'സുന്ദരമുഖം' ഞാന്‍ ഓര്‍ത്തെടുത്തു. കാസര്‍കോട് മുബാറക് പ്രസ്സില്‍ അറബി അച്ചടിയുമായി ബന്ധപ്പെട്ട് കമ്പോസിറ്റര്‍മാരെ തങ്ങള്‍ എത്തിച്ചുതന്നു. തങ്ങളും ചില തിരക്കിട്ട ജോലികളില്‍ മുബാറക്കില്‍ സേവനമനുഷ്ഠിച്ചിരുന്നു. ആലിയ അറബിക് കോളേജുമായി ബന്ധപ്പെട്ട ചില അച്ചടി ജോലികളാണ് അതെന്ന് ഓര്‍ക്കുന്നു. ഹാജി സാഹിബിന്റെ ജ്യേഷ്ഠപുത്രന്‍, ഉറ്റബന്ധു സി.കെ മുഹമ്മദ് ഒക്കെ അക്കാലം കാസര്‍കോട് മുബാറക് പ്രസ്സില്‍ വന്നിരുന്നു. ഞാന്‍ ഹാജി വി.പി മുഹമ്മദലി സാഹിബിനെ അറിയുന്നതും ഈ എടയൂര്‍ സ്വദേശികളില്‍ നിന്നാണ്.

അലങ്കാരങ്ങള്‍ ചേര്‍ത്ത് തങ്ങളെ വിശേഷിപ്പിക്കേണ്ടതില്ല. നിഷ്‌കളങ്ക ജീവിതം എന്നെഴുതി ആ ജീവിതത്തിനുമേല്‍ കരിവീഴ്‌ത്തേണ്ടതുമില്ല. നമ്മുടെ ഈ ആസുര നാളുകളില്‍ അത്തരമൊരു ജീവിതം കേള്‍ക്കുന്നവര്‍ക്ക്, അബ്ദുല്‍ അഹദ് തങ്ങളെ നേരിട്ട് പരിചയമില്ലാത്തവര്‍ക്ക് കടങ്കഥ ആയേ തോന്നൂ. ഒരു വിശേഷണത്തിലും പെടാത്ത സൗമ്യ മധുര ജീവിതം. ഇസ്‌ലാമിക പ്രസ്ഥാനം തങ്ങള്‍ക്ക് ജീവശ്വാസമായിരുന്നു. ഓരോ അരികും തങ്ങള്‍ സശ്രദ്ധം പഠിച്ചു. 'ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്' ആദ്യമായി ഷൂട്ട് ചെയ്തത് എന്റെ നേതൃത്വത്തിലാണ് ഒരു ജൂബിലി നാളില്‍. റസാഖ് കോട്ടക്കലിന്റെയും മറ്റും സഹകരണത്തോടെ നടത്തിയ ആ 'ഷൂട്ടി'ന് ആദ്യം എടയൂരിലെത്തി ഇന്റര്‍വ്യൂ ചെയ്തത് തങ്ങളെ. അവശേഷിക്കുന്ന നിരവധി മ്യൂസിയം പീസുകള്‍ തങ്ങള്‍ കാണിച്ചു തന്നു. ആദ്യത്തെ പ്രസ്ഥാന ആഫീസ്. ചരിത്ര പ്രസിദ്ധമായ ആ മുരിക്കിന്‍ പെട്ടി. പ്രബോധനം റാപ്പര്‍ ഒട്ടിച്ച് സ്റ്റാമ്പ് പതിക്കാന്‍ കാശില്ലാതെ വിഷണ്ണരായിരുന്ന നിമിഷങ്ങള്‍... ഇരിമ്പിളിയത്തുനിന്ന് കുറ്റിപ്പുറത്തേക്ക് തലച്ചുമടായി പ്രബോധനവുമായി കാല്‍നട, എടപ്പാളിലെ ക്രൂരമര്‍ദനം. ഒത്തിരിയൊത്തിരി പ്രസ്ഥാന ചരിത്രങ്ങള്‍...

തങ്ങള്‍ യാത്രയായിരിക്കുന്നു, അല്ലാഹുവിങ്കലേക്ക്. ഖബ്‌റടക്കം കഴിഞ്ഞ് പൂക്കാട്ടിരി അങ്ങാടിയിലെ അനുശോചന യോഗം വരെ ഓരോ എഴുപതും എണ്‍പതും കഴിഞ്ഞ മുഖങ്ങള്‍ ഞാന്‍ വായിച്ചെടുത്തു.

'ഇനി പ്രസ്ഥാന നേതൃനിരയില്‍ അബ്ദുല്‍ അഹദ് തങ്ങളില്ല' എന്ന സത്യം അംഗീകരിക്കാനാവാത്ത, പോയ തലമുറയിലെ സമര്‍പ്പണ മനസ്സുകള്‍... കാസര്‍കോട് തൊട്ട് എറണാകുളം പറവൂര്‍ ഭാഗത്തുനിന്നൊക്കെ ഓടിക്കിതച്ചെത്തിയ പഴയ പ്രവര്‍ത്തകര്‍. ഓരോ മുഖങ്ങളിലും തെളിഞ്ഞുനിന്നത് മധുര നൊമ്പരങ്ങള്‍. പ്രസ്ഥാന വളര്‍ച്ചക്കായി കുന്നും മലയും മുള്ളും മുരടും ചവിട്ടി പിന്തള്ളിയവര്‍..

പൂക്കാട്ടിരിയില്‍ നിന്ന് ബസ് കയറവേ മനസ്സ് മന്ത്രിച്ചു: 'പ്രിയപ്പെട്ടവരേ, പ്രസ്ഥാനം മുളച്ച ഈ മണ്ണില്‍ നാം ഇനി എത്തുമോ...'

ആവോ. സമ്മേളനങ്ങള്‍ക്ക് കൃത്യമായി എത്തുമായിരിക്കാം. അബ്ദുല്‍ അഹദ് തങ്ങളില്ലാത്ത 'വിദ്യാ നഗര്‍', പൂക്കാട്ടിരി, വളാഞ്ചേരി. ഉവ്വ്; ഒരു മഹാ കാലം അസ്തമിച്ചിരിക്കുന്നു.

ആരാമം ഹിറാ സ്‌പെഷല്‍ ലക്കം ഇറങ്ങിയപ്പോള്‍ രണ്ട് പേജില്‍ ഒരു ഫോട്ടോ ഫീച്ചര്‍ കൊടുത്തിരുന്നു. പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ കാദര്‍ കൊച്ചനൂര്‍ ആരാമത്തിനു വേണ്ടി ഒപ്പിയെടുത്ത മനോഹര 'ഹിറാ' ചിത്രങ്ങള്‍. ഒരു പടത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ: 'ഹിറാ നഗറില്‍ അസ്വ്ര്‍ നമസ്‌കാരാനന്തരം തിങ്ങിനിറഞ്ഞ ജനം.'

ആ ലക്കം ആരാമം ഇറങ്ങിക്കഴിഞ്ഞ് ഒരുനാള്‍ തങ്ങളെ കണ്ടു. അഭിനന്ദിച്ചു. ഒരു തിരുത്ത് പറഞ്ഞു: 'ഹിറാ നഗറില്‍ അസ്വ്ര്‍ ഉണ്ടായിരുന്നില്ലല്ലോ.' ശരിക്കും ഞാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു. പക്ഷേ, തങ്ങള്‍ തോളത്തു തൊട്ടു. 'ഭംഗിയായി...'

ആ നനുനനുത്ത കൈകള്‍ എന്റെ ചെളി പുരണ്ട കൈയില്‍ തൊട്ടു.

'ശരി...'

തങ്ങള്‍ നടന്നകലുമ്പോള്‍ പറയുമായിരുന്നു.

'ശരി'

തീര്‍ച്ചയായും അബ്ദുല്‍ അഹദ് തങ്ങളെപ്പോലുള്ളവര്‍ ശരി മാത്രം ആയിരുന്നു. മഗ്ഫിറത്തിനായി നമുക്ക് പ്രാര്‍ഥിക്കാം. അത്ര മാത്രം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 24-27
എ.വൈ.ആര്‍