അറിയപ്പെടാത്ത കലാഹൃദയം
പതിനെട്ടാം വയസ്സില്‍ കാസര്‍കോട് ആലിയാ അറബിക്കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ കോളേജിന്റെ പുതിയ കലണ്ടര്‍ കെട്ടുമായി ഞാനും അനുജന്‍ സഈദ് മരക്കാരും കോളേജില്‍ നിന്ന് വീട്ടില്‍ വന്നു. കലണ്ടര്‍ ഒന്നിന് ഒരു രൂപയെങ്കിലും കിട്ടാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് 25 കലണ്ടറാണ് കോളേജ് അധികൃതര്‍ ഞങ്ങളെ ഏല്‍പിച്ചിരുന്നത്. കുട്ടികളായ ഞങ്ങള്‍ പക്ഷേ ഇത് എവിടെ കൊണ്ട് പോയി ചെലവഴിക്കാന്‍! ജമാഅത്തെ ഇസ്‌ലാമി ഓഫീസില്‍ പോകാന്‍ പിതാവ് നിര്‍ദേശിച്ചു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഓഫീസ് നിറയെ ഞങ്ങളറിയുന്നവരും അറിയാത്തവരുമായ പ്രസ്ഥാന ബന്ധുക്കള്‍. അധികപേരും പ്രായം ചെന്നവര്‍. അവരെ നയിക്കുന്നതോ ചെറുപ്പക്കാരനായ അബ്ദുല്‍ അഹദ് തങ്ങളും. തങ്ങളെ ഞാന്‍ ആദ്യമായി കാണുകയാണ്. വൃത്തിയുള്ള സുന്ദരനായ ഒരു യുവാവ്. ശുഭ്രവസ്ത്രം. വെളുത്ത സുന്ദരമുഖം. കറുത്ത താടി രോമങ്ങള്‍ മുഖത്തിന് സൗന്ദര്യം വര്‍ധിപ്പിക്കുന്നു. മയമുള്ള സംസാരം. മാന്യമായ സമീപനം- പിന്നെ വിടാത്ത പുഞ്ചിരിയും.
കുശലങ്ങള്‍ക്കു ശേഷം പേഴ്‌സ് തുറന്നു. ഒരു രൂപ ഞങ്ങളെ ഏല്‍പിച്ചു. അന്ന് അതൊരു വലിയ സംഖ്യയാണ്. ഞങ്ങളുടെ കലണ്ടര്‍ മുഴുവനും അവിടെത്തന്നെ ചെലവായി.
ഞങ്ങള്‍ തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റെ മരണം വരെ തുടര്‍ന്നു. ഞങ്ങള്‍ വളരണമെന്നും ഞങ്ങളെ വളര്‍ത്തണമെന്നും തങ്ങള്‍ ആഗ്രഹിച്ചു. പിന്നീട് ഞാന്‍ ആലിയായിലും ഉമറാബാദിലും മദീനാ യൂനിവേഴ്‌സിറ്റിയിലും പഠനം നടത്തുമ്പോഴൊക്കെ ഞങ്ങള്‍ തമ്മില്‍ എഴുത്ത് ബന്ധമുണ്ടായിരുന്നു. ഞാന്‍ എടയൂരിനടുത്ത വളാഞ്ചേരിക്കാരനാകയാല്‍ പലപ്പോഴും ഞങ്ങള്‍ തമ്മില്‍ സന്ധിക്കാറുണ്ട്. അങ്ങനെ ഞങ്ങള്‍ പ്രസ്ഥാന രംഗത്ത് അന്യോന്യം സഹകരിച്ചു പ്രവര്‍ത്തിച്ചു.
വളാഞ്ചേരിയിലെ പ്രായം ചെന്ന പ്രസ്ഥാന ബന്ധുക്കള്‍ക്ക് സ്റ്റഡി ക്ലാസ് നടത്താനും ഇസ്‌ലാം മതം എന്ന കൃതി വിശദീകരണ സഹിതം പഠിപ്പിക്കാനും തങ്ങള്‍ എന്നെ ചുമതലപ്പെടുത്തി. അമ്പതോളം വര്‍ഷം മുമ്പ് പതിനെട്ടുകാരനായ ഞാന്‍ എണ്‍പതുകാരടക്കമുള്ളവരെ 'പ്രസ്ഥാനം' പഠിപ്പിച്ചത് ഒരത്ഭുത സംഭവമായി ഞാനിന്നും ഓര്‍ക്കുന്നു.
അക്കാലത്ത് എടയൂരിലെ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെ പഠന നിലവാരവും അധ്യാപകരുടെ യോഗ്യതയും വിലയിരുത്തി വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ തങ്ങള്‍ യുവാവായ എന്നെ ചുമതലപ്പെടുത്തി. ഈയിടെ എടയൂരിലെ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ മുതിര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ തജ്‌വീദ് പഠനം കാര്യക്ഷമമാക്കാനും അവര്‍ക്കാവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹം എന്നോടാവശ്യപ്പെടുകയുണ്ടായി. മദ്‌റസാ സിലബസ്സുകളില്‍ ഖുര്‍ആന്‍-തജ്‌വീദ് പഠനത്തിന് മുന്‍ഗണന നല്‍കാന്‍ മദ്‌റസാ അധികൃതരോട് തങ്ങള്‍ ഉപദേശിച്ചു.
നല്ലൊരു അധ്യാപകനുമായിരുന്നു അദ്ദേഹം. എടയൂരിലെ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ അബ്ദുല്‍ അഹദ് തങ്ങള്‍ കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്ന രംഗം അന്ന് അധ്യാപകനായിരുന്ന ഞാന്‍ കൗതുകപൂര്‍വം നോക്കി നിന്നിട്ടുണ്ട്. ഓരോ ദിവസവും രണ്ട് ആയത്തുകള്‍ വീതം ബ്ലാക്ക് ബോര്‍ഡില്‍ ഭംഗിയായി എഴുതും. പിന്നെ ഓരോ വരിയും വാക്കും വടി കൊണ്ട് ചൂണ്ടി ആകര്‍ഷകമായി ഓതും. പിന്നെ മുസ്ഹഫ് നോക്കി ഓതിപ്പിക്കും.
മഹാ പണ്ഡിതനും വാഗ്മിയുമല്ലെങ്കിലും നല്ലൊരു സംഘാടകന് മാത്രമേ പൊതുജീവിതത്തില്‍ പ്രശോഭിക്കാനാവൂ. പ്രസ്ഥാനത്തിലെത്തും മുമ്പ് മാഹിയിലായിരിക്കെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി ഒരു സംഘടനയുണ്ടാക്കിയിരുന്നതായി തങ്ങള്‍ പറഞ്ഞു. 'മുസ്‌ലിം ബാലസംഘം'(എം.ബി.എസ്) എന്നായിരുന്നു പേര്. തങ്ങള്‍ തന്നെയായിരുന്നു അതിന്റെ സ്റ്റേറ്റ് പ്രസിഡന്റ്. പാട്ട് പാടാറില്ലെങ്കിലും പാടാനും തങ്ങള്‍ക്കറിയാമായിരുന്നു. 1958-ല്‍ എന്റെ വിവാഹത്തോടനുബന്ധിച്ച് വീട്ടില്‍ കുട്ടികള്‍ പാട്ട് പാടിക്കൊണ്ടിരിക്കെ മൈക്ക് കൈയിലെടുത്ത് തങ്ങള്‍ പാടി:
''ഭൗതിക ബിംബത്തെ പൂവിട്ട് പൂജിച്ച്നാട് മുടിഞ്ഞല്ലോ- ഇന്നാ
ഭൗതികന്മാരുടെ ചക്കരവാക്കിന്റെ
കള്ളി പൊളിഞ്ഞല്ലോ...''
യു.കെ ഇബ്‌റാഹീം മൗലവി രചിച്ചതും അക്കാലത്ത് ചെറുപ്പക്കാരില്‍ പ്രചാരത്തിലുണ്ടായിരുന്നതുമായ ഗാനമാണിത്.
ചന്തമാര്‍ന്ന കൈയക്ഷരമായിരുന്നു തങ്ങളുടേത്. ജമാഅത്ത് സെക്രട്ടറി എന്ന നിലയില്‍ ധാരാളം കത്തുകള്‍ എഴുതിക്കാണും. കാസര്‍കോട് ആലിയാ അറബിക്കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ 'അല്‍ ആലിയാ' എന്ന പേരില്‍ ഒരു കൈയെഴുത്ത് മാസിക നടത്തിവന്നിരുന്നു. കോപ്പി പുളിക്കല്‍ മദീനത്തുല്‍ ഉലൂം കോളേജിലേക്കും അയച്ചുകൊടുക്കും. പകരം പുളിക്കല്‍ കോളേജില്‍ നിന്ന് അയച്ചുകിട്ടിയിരുന്ന 'മദീന' എന്ന കൈയെഴുത്ത് മാസികയുടെ കവര്‍ ഡിസൈന്‍ ചെയ്തിരുന്നത് തങ്ങളായിരുന്നു. ടൈറ്റിലിലെ 'മദീന' എന്ന മൂന്നക്ഷരത്തിന്റെ കമനീയത ഞാനിന്നും ഓര്‍ക്കുന്നു. അന്നൊന്നും ഞങ്ങള്‍ തമ്മില്‍ കാണുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല.
ആരാധനയുടെ കാര്യത്തില്‍ 'മുത്തഖികളുടെ ഇമാമാ'യിരുന്നു തങ്ങള്‍. നമസ്‌കാര സമയത്ത് പള്ളിയില്‍ നേരത്തെ എത്തും. പള്ളിയിലെ ഇമാമിന്റെ നേര്‍ പിന്നിലായിരിക്കും തങ്ങളുടെ സ്ഥാനം. നിശ്ചയദാര്‍ഢ്യം, പ്രസ്ഥാന പ്രതിബദ്ധത, ക്ഷമ, സഹിഷ്ണുത എന്നിവ തങ്ങളുടെ ഈമാന്റെ ഭാഗം തന്നെയായിരുന്നു. മഞ്ചേരിയിലെ ജയില്‍വാസത്തിനിടയില്‍ മുസ്‌ലിം- അമുസ്‌ലിം തടവുകാരോടൊപ്പമുള്ള സഹവാസത്തില്‍ അത് ഏറെ പ്രകടമായിരുന്നു. ജയിലില്‍ തങ്ങളോടൊപ്പം ഇസ്ഹാഖലി മൗലവി, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി എന്നിവരും തടവുകാരായുണ്ടായിരുന്നു. ഇവര്‍ മൂവരുടെയും റിമാന്റ് കാലാവധികള്‍ നീട്ടിക്കൊണ്ടുപോയപ്പോള്‍, അവരോടൊപ്പം ജയിലിലുണ്ടായിരുന്ന വളാഞ്ചേരിയിലെ പ്രസ്ഥാന പ്രവര്‍ത്തകരായ ഞങ്ങള്‍ പതിനാല് പേരെ കോടതി ജയില്‍ മുക്തരാക്കി. മാസങ്ങള്‍ക്കു ശേഷം റമദാനില്‍ തങ്ങള്‍ അവര്‍കള്‍ ജയിലില്‍ ക്ലേശിച്ചും വ്രതമനുഷ്ഠിച്ചിരുന്നതായി അറിഞ്ഞു. ജയില്‍ പുള്ളികള്‍ക്ക് ലഭിച്ചിരുന്ന ഉച്ച ഭക്ഷണം നോമ്പ് തുറക്കാനും രാത്രി ഭക്ഷണം അത്താഴത്തിനും കരുതിവെക്കുകയായിരുന്നു. ഭക്ഷണമോ, തണുത്തു പഴകിയതും!
കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി സ്ഥാപക നേതാവ് വി.പി മുഹമ്മദലി സാഹിബിനെ ഖബ്‌റടക്കിയ എടയൂരിലെ പുരാതന ഖബ്ര്‍സ്ഥാനില്‍ 25 മീറ്റര്‍ മാത്രം അകലത്തിലാണ് തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അല്ലാഹു അവര്‍ക്കും നമുക്കും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.
Comments