ആരെയും ആകര്‍ഷിക്കുന്ന വദനവും ഭാഷണവും
ശാലീനത തുളുമ്പുന്ന ആ സുസ്‌മേര വദനം - അതാര്‍ക്കും മറക്കാനാവില്ല. അബ്ദുല്‍ അഹദ് തങ്ങളുടെ വ്യക്തിത്വത്തിന്റെ സവിശേഷത അതാണ്. ഒരു ശിശുവിന്റെ നിഷ്‌കളങ്കതയും നിര്‍മലതയും ആ മുഖത്തെപ്പോഴും പ്രകടമാണ്. ആ വദനവും ഭാഷണവും സ്വഭാവ നൈര്‍മല്യവും ആരെയും ആകര്‍ഷിക്കും.
അദ്ദേഹത്തെ അറിയാനും അടുത്തിടപഴകാനും തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. ഞാന്‍ പ്രബോധനത്തിന്റെ സഹപത്രാധിപരും പിന്നീട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടറുമായിരുന്ന കാലങ്ങളിലാണ് - 1965 മുതല്‍ 1968 വരെയും 1973 മുതല്‍ 1975 വരെയും- ഞങ്ങള്‍ ഏറ്റവുമടുത്ത് പ്രവര്‍ത്തിച്ചത്.
പ്രബോധനത്തില്‍ മാറ്റര്‍ കൊടുക്കുമ്പോള്‍ വീണ്ടും വീണ്ടും തിരുത്തുകളും മാറ്റങ്ങളും വരുത്തുക എന്റെ പതിവാണ്; പ്രകൃതമാണ്. ചിലപ്പോഴൊക്കെ അതദ്ദേഹത്തെ അലോസരപ്പെടുത്തും, ദേഷ്യം പിടിപ്പിക്കും. പക്ഷേ, അതദ്ദേഹത്തിന്റെ ദോഷമല്ല. എന്റെ ദൗര്‍ബല്യമാണ്.
കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നെടുംതൂണും നിസ്വാര്‍ഥ സേവകനുമായിരുന്നു കര്‍മയോഗിയായ അദ്ദേഹം. പ്രശസ്തിയുടെ കോലാഹലങ്ങളില്‍ നിന്നകന്ന് ജമാഅത്ത് ഓഫീസിന്റെ ഒരു മൂലയിലിരുന്ന് ശാന്തമായി, സ്വസ്ഥമായി എന്നാല്‍ ആധികാരികമായി അദ്ദേഹം പ്രസ്ഥാനത്തെ നയിച്ചു.
ചിലരുടെ മരണങ്ങള്‍ ഈ ഭൂമിക്ക് ഭാരം കുറക്കുന്നു. ''ആകാശമോ ഭൂമിയോ അവരുടെ പേരില്‍ കരയില്ല'' (ഖുര്‍ആന്‍ 44:29). ചിലരുടെ മരണങ്ങളില്‍ ആകാശവും ഭൂമിയും കരയുന്നു. മാലാഖകള്‍ അനുശോചിക്കുന്നു. അവര്‍ പരേതന്റെ ആത്മാവിനെ എതിരേറ്റ് സ്വര്‍ഗലോകങ്ങളിലേക്ക് നയിക്കാന്‍ തിരക്കു കൂട്ടുന്നു. അബ്ദുല്‍ അഹദ് തങ്ങളിപ്പോള്‍ അവരുടെ കൈകളില്‍ ശാന്തനും സംപ്രീതനുമാണ്. ഇഹലോകത്തെ തന്റെ സുഹൃത്തുക്കളോടും സല്‍കര്‍മികളായ കുടുംബാദികളോടും താനനുഭവിക്കുന്ന സ്വര്‍ഗീയാനുഭൂതികള്‍ പങ്കിട്ടും (ഏതോ വിധത്തില്‍) അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിച്ചും അദ്ദേഹമിപ്പോള്‍ വാനലോകങ്ങളില്‍ വസിക്കുന്നു (ഖുര്‍ആന്‍ 3:170,171).
അസത്യ വിശ്വാസികളും അധര്‍മകാരികളും ഈയൊരു അനുഭൂതിയുടെ മാധുര്യത്തിന്റെ കണികയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ അവര്‍ തങ്ങളുടെ ജീവിതം പെട്ടെന്ന് മാറ്റുമായിരുന്നു; ക്ഷണഭംഗുരവും നിസ്സാരവുമായ ഇഹലോക ജീവിതത്തിന്റെയും അതിലെ സുഖാഡംബരങ്ങളുടെയും അടിമത്തത്തില്‍ നിന്ന് മോചനം നേടാനുഴറുമായിരുന്നു.
ഞാനദ്ദേഹത്തോട് ഒരു തെറ്റു ചെയ്തു. മനപ്പൂര്‍വമല്ല, എങ്കിലും അതൊരു തെറ്റായി ഞാന്‍ കരുതുന്നു. അദ്ദേഹം മരിക്കുന്നതിന് തൊട്ട് മുമ്പ് ഞാന്‍ കേരളത്തിലുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ സന്ദര്‍ശിച്ചില്ല. ഒരു വീഴ്ചയുടെ ഫലമായി അസുഖം മൂര്‍ഛിച്ച വാര്‍ത്തയറിയുന്നത് ഞാന്‍ കേരളം വിടുന്ന ദിവസം. കോഴിക്കോട്ട് നിന്ന് എടയൂരില്‍ പോയി അദ്ദേഹത്തെ കണ്ടുവരിക ഏതാണ്ട് അസാധ്യമായിരുന്നു (എന്തു ചെയ്യാം, വിദേശ ജീവിതത്തിന്റെ അസുഖകരമായ അനിവാര്യതകള്‍). ഇനി ഒരു വഴിയേ എനിക്ക് ബാക്കിയുള്ളൂ. അദ്ദേത്തിന് വേണ്ടി കൂടുതല്‍ പ്രാര്‍ഥിച്ച് പ്രായശ്ചിത്തം ചെയ്യുക. പരലോകത്ത് വെച്ച് കാണുമ്പോള്‍ ക്ഷമാപണം ചോദിക്കുക. അദ്ദേഹം സുസ്‌മേര വദനനായി, സ്‌നേഹവത്സലനായി രണ്ടും കൈയും കൂട്ടി എന്നെ ആശ്ലേഷിക്കുമെന്നെനിക്ക് ഉറപ്പുണ്ട്.
Comments