സ്‌നേഹനിധിയായ വല്യുപ്പ
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവ്, ആദര്‍ശ ജീവിതത്തിന്റെയും കൃത്യനിഷ്ഠയുടെയും മാതൃക, ജീവിത വിശുദ്ധിയുടെയും നിഷ്‌കളങ്കതയുടെയും ആള്‍രൂപം, നാട്ടിലെ സമാദരണീയനായ വ്യക്തിത്വം... വല്യുപ്പയിലേക്ക് ചേര്‍ത്തുവെക്കാന്‍ കഴിയുന്ന വിശേഷണങ്ങള്‍ ഒട്ടനവധിയാണ്. പക്ഷേ, ഞങ്ങളെ സംബന്ധിച്ചേടത്തോളം വല്യുപ്പ സ്‌നേഹത്തിന്റെ അക്ഷയ ഖനിയായിരുന്നു.
നിറഞ്ഞ സ്‌നേഹമല്ലാതെ വല്യുപ്പയില്‍ നിന്ന് അദ്ദേഹത്തെ അറിഞ്ഞവരൊന്നും അനുഭവിച്ചിട്ടുണ്ടാവില്ല. അദ്ദേഹം ഒരാളോടും സ്‌നേഹമസൃണമായല്ലാതെ ഒച്ച ഉയര്‍ത്തി സംസാരിക്കുന്നതുപോലും ഞങ്ങളുടെ ആരുടെയും ഓര്‍മയിലില്ല. ആ സ്‌നേഹം മക്കള്‍ക്കും പേരമക്കള്‍ക്കും വല്യുപ്പ മനം നിറച്ചു നല്‍കുകയായിരുന്നു. 'നിങ്ങള്‍' എന്നല്ലാതെ ഞങ്ങളെപ്പോലും അഭിസംബോധന ചെയ്യാറുണ്ടായിരുന്നില്ല. ആത്തയെയും (വല്യുമ്മയെ എല്ലാവരും അങ്ങനെയാണ് വിളിക്കാറ്) അഭിസംബോധന ചെയ്തിരുന്നതും 'നിങ്ങള്‍' എന്നു തന്നെയായിരുന്നു.
എല്ലാം വളരെ കൃത്യതയോടെ രേഖപ്പെടുത്തിവെക്കുകയെന്നത് വല്യുപ്പയുടെ സവിശേഷതയായിരുന്നു. വാര്‍ധക്യം മൂലം അവശത അനുഭവിക്കാന്‍ തുടങ്ങിയ മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പു വരെയുള്ള മുഴുവന്‍ കാര്യങ്ങളും, വിദേശത്ത് വെച്ചൊക്കെ നടന്ന ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പ്രസവങ്ങള്‍ വരെ, അവയുടെ അറബി, ഇംഗ്ലീഷ് തീയതികള്‍ ഉള്‍പ്പെടെ വല്യുപ്പ രേഖപ്പെടുത്തിവെച്ചിരുന്നു. മരണശേഷം ആ ഡയറികള്‍ക്കിടയില്‍നിന്ന്, വല്യുപ്പയുടെ വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് ഹാജി സാഹിബ് തയാറാക്കിയ (ഹാജി സാഹിബിന്റെ സഹോദരി പുത്രിയാണ് ആത്ത) ക്ഷണപത്രം ഭംഗിയായി സൂക്ഷിച്ചുവെച്ചത് കാണാനായി. 1954 ജൂലൈ ഒന്നിനു നടന്ന വിവാഹശേഷം നീണ്ട 60 വര്‍ഷ കാലയളവില്‍ വല്യുപ്പ ആത്തയോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് ആരും കണ്ടിട്ടില്ല. ഒരു നാള്‍ ഞാനിതിനെക്കുറിച്ച് തിരക്കിയപ്പോള്‍, ദേഷ്യം പെടുന്നത് പോയിട്ട് ഈ നിണ്ട 60 വര്‍ഷക്കാലത്തിനിടക്ക് എന്റെ നേരെ മുഖം കറുപ്പിച്ചൊന്ന് നോക്കിയിട്ടുപോലുമില്ലെന്നായിരുന്നു ആത്തയുടെ മറുപടി. അതുതന്നെയായിരുന്നു ഞങ്ങളൊക്കെ അനുഭവിച്ചറിഞ്ഞ വല്യുപ്പയും.
ചെറുപ്പം തൊട്ടേ വിദേശത്തായിരുന്നതിനാല്‍ വളരെ കുറച്ചു മാത്രമേ വല്യുപ്പയെ എനിക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ, കുട്ടിക്കാലം തൊട്ടേ വല്യുപ്പയുടെ സ്‌നേഹം നിറഞ്ഞൊഴുകുന്ന കത്തുകള്‍ തേടിയെത്താറുണ്ടായിരുന്നു. പഠിക്കാന്‍ പറയുന്ന അതേ പ്രാധാന്യത്തോടെ കളിക്കാനും ഉപദേശിക്കുന്ന കത്തുകള്‍ ഞങ്ങള്‍ക്കേറെ സന്തോഷവും മനസ്സിന് കുളിര്‍മയും പകരുന്നതായിരുന്നു. വിശേഷങ്ങളുടെ കൂട്ടത്തില്‍ നാട്ടിലെ പ്രസ്ഥാന ചലനങ്ങളും ഞങ്ങള്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ വിവരിക്കുമായിരുന്നു. ഹിറാ സമ്മേളനാനന്തരം ലഭിച്ച കത്ത്, സ്‌കൂള്‍ പഠനം കാരണം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ഞങ്ങള്‍ക്ക് സമ്മേളനത്തെക്കുറിച്ച് നല്ലൊരു ചിത്രം നല്‍കുന്നതായിരുന്നു. അക്ഷരങ്ങള്‍ തലതിരിച്ചെഴുതി വെച്ച് എന്താണ് എഴുതിയതെന്നറിയാന്‍ 'കണ്ണാടിയില്‍ നോക്കി വായിക്കുക' എന്ന കുസൃതിയും പലപ്പോഴും വല്യുപ്പ കാണിക്കാറുണ്ടായിരുന്നു.
ഏത് പ്രയാസത്തിലും വല്യുപ്പയെ പോലെ ക്ഷമിക്കുന്ന ഒരാളെ ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ശാരീരികമായ പ്രയാസമാണെങ്കിലും മാനസിക പ്രയാസമാണെങ്കിലും എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും പ്രാര്‍ഥിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ പതിവ്. 2002-ല്‍ ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയപ്പോല്‍ കാലിന് പഴുപ്പ് ബാധിച്ച് മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയമായി രണ്ട് മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നിരുന്നു. പ്രയാസവും വേദനയും വളരെയേറെ അലട്ടുമ്പോഴും അത് അല്‍പം പോലും പുറത്ത് കാണിക്കാതെ സുസ്‌മേരവദനനായി പ്രാര്‍ഥനയില്‍ മുഴുകുന്ന വല്യുപ്പ, ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് തന്നെ അത്ഭുതമായിരുന്നു. മരിക്കുന്നതിന്റെ ആഴ്ചകള്‍ക്ക് മുമ്പ് ഒരു വീഴ്ച പറ്റിയത് മൂലം കാലിന്റെ എല്ല് പൊട്ടുകയും തുടര്‍ന്ന് സര്‍ജറിക്ക് വിധേയനാകുകയും ചെയ്യേണ്ടിവന്നിരുന്നു. അപ്പോഴുള്ള വേദനയുടെ അസഹ്യത ഒരിക്കല്‍ പോലും കൂടെയുള്ളവരെ അറിയിക്കുകയോ പരാതിപ്പെടുകയോ ചെയ്തിരുന്നില്ല.
Comments