Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

ഇ.കെ അബ്ദുല്‍ ഖാദര്‍ കുമ്മനം

ഹാജി ഇ.കെ അബ്ദുല്‍ ഖാദര്‍ സാഹിബ് കുമ്മനം (83) ഇസ്‌ലാമിക പ്രസ്ഥാനത്തിന് കോട്ടയം ഏരിയയില്‍ ആദ്യ കാലത്ത് തന്നെ അനേകം സേവനങ്ങള്‍ ചെയ്ത വ്യക്തിയായിരുന്നു. 1960-ല്‍ സംഘടനയില്‍ കടന്നുവരികയും പ്രസ്ഥാന മാര്‍ഗത്തില്‍ തന്റെ സമ്പത്തും ശരീരവും സമര്‍പ്പിക്കുകയും ചെയ്തു. കോട്ടയം, കുമ്മനം പ്രദേശത്ത് പ്രസ്ഥാനത്തിന്റെ യൂനിറ്റുകള്‍ രൂപീകരിക്കുന്നതില്‍ മുന്നില്‍ നിന്നത് അബ്ദുല്‍ ഖാദര്‍ സാഹിബായിരുന്നു. ഇസ്‌ലാമിക സാഹിത്യങ്ങളുടെ വിതരണവും വില്‍പ്പനയും സ്വയം ഏറ്റെടുത്താണ് അദ്ദേഹം കര്‍മരംഗത്ത് സജീവമായത്. നാട്ടുകാരുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഇ.കെ സാഹിബ് വ്യക്തി ബന്ധങ്ങള്‍ എന്നും കാത്ത് സൂക്ഷിച്ചിരുന്നു. ആളുകള്‍ കൂടുന്നിടത്തൊക്കെ പ്രസ്ഥാനത്തെയും ഇസ്‌ലാമിനെയും പരിചയപ്പെടുത്തുക എന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇതിന്റെ പേരില്‍ ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടുപോയി. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളെല്ലാം കോട്ടയത്ത് വന്നാല്‍ അദ്ദേഹമായിരുന്നു അവര്‍ക്ക് ആതിഥ്യമരുളിയിരുന്നത്. കോട്ടയത്തും പരിസര പ്രദേശങ്ങളിലും ആദ്യകാലത്ത് പ്രസ്ഥാനം നടത്തിയ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളെ ധീരമായി നേരിട്ട അദ്ദേഹത്തിന്റെ ചങ്കൂറ്റം സഹപ്രവര്‍ത്തകര്‍ക്കെന്നും ആവേശമായിരുന്നു.
ഇ.എ ബഷീര്‍ ഫാറൂഖി, കുമ്മനം

കെ.പി മുഹമ്മദ് ഹാജി
കൊടുവള്ളി ഏരിയയിലെ ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന കെ.പി മുഹമ്മദ് ഹാജി (വലിയാല). നാലു പതിറ്റാണ്ടിലേറെ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. ആരാധനാനിഷ്ഠ, സൗഹൃദം, ലാളിത്യം, ദാനശീലം, പ്രബോധനം, ഇടപാടുകളിലെ കൃത്യത എന്നിവയിലെല്ലാം അദ്ദേഹം മാതൃകാ വ്യക്തിത്വമായിരുന്നു. വയനാട്ടിലും മറ്റും ജോലിയിലായിരുന്നപ്പോള്‍ അവിടങ്ങളിലും നാട്ടിലും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. അഞ്ചു പെണ്‍മക്കളുള്‍പ്പെടെ ഏഴു സന്താനങ്ങളെയും പ്രസ്ഥാന മാര്‍ഗത്തിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഐ.സി.എസ്, മദീനാ മസ്ജിദ് പലിശരഹിതനിധി, സകാത്ത് കമ്മിറ്റി എന്നീ സംരംഭങ്ങളുടെ സെക്രട്ടറിയും പ്രസിഡന്റുമായെല്ലാം അദ്ദേഹം സേവനം ചെയ്തു.

നഫീസ
ജീവിത വിശുദ്ധിയുടെ സൂക്ഷ്മതയും മാതൃതുല്യമായ സ്‌നേഹവും നിര്‍ലോഭം പകര്‍ന്ന് നല്‍കിയിരുന്ന മഹതിയായിരുന്നു മങ്കരത്തൊടി അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മതാത്ത(73). എല്ലാ സുഖസൗകര്യങ്ങളും ഒത്തുവന്നിട്ടും അവരുടേത് തീര്‍ത്തും ലളിതജീവിതമായിരുന്നു. പ്രായാധിക്യത്തിലും ഹല്‍ഖാ യോഗത്തിലും അനുബന്ധ ക്ലാസുകളിലും പങ്കെടുക്കുന്നതിലുള്ള കൃത്യനിഷ്ഠയും ജാഗ്രതയും മാതൃകാപരമായിരുന്നു. കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ട് 3 മാസം വിശ്രമത്തിലായപ്പോള്‍ ഹല്‍ഖാ യോഗത്തില്‍ പങ്കെടുക്കുന്നത് മുടങ്ങരുതെന്ന് കരുതി ഓഫീസില്‍ കൂടുന്ന യോഗം തന്റെ വീട്ടിലേക്ക് മാറ്റാന്‍ പറ്റുമോ എന്ന് നേതൃത്വത്തോട് ചോദിച്ചത് ഇന്നും ഓര്‍ക്കുന്നു. ജീവിതപ്രയാസം നേരിടുന്നവരെ കുടുംബത്തിലായാലും അയല്‍പക്കത്തായാലും ജാതിയോ, മതമോ നോക്കാതെ വളരെ രഹസ്യമായിത്തന്നെ നഫീസതാത്ത സഹായിച്ചിരുന്നു.
റംല ഫസല്‍ താണിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25