വിജയം വൈകിപ്പിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗത
മോചിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ താല്‍ക്കാലിക ഭരണസംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണല്ലോ സിറിയയിലെ പ്രതിപക്ഷം. ഇക്കാര്യത്തില്‍ ഇഖ്‌വാന്റെ നിലപാടെന്താണ്?
ഈ നിലപാടിനെ ഞങ്ങള്‍ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. മോചിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ താല്‍ക്കാലികമെങ്കിലും ബദല്‍ സംവിധാനം ഉണ്ടാകുന്നതാണ് സിറിയന്‍ ജനതക്ക് ആശ്വാസമേകുക.
ഈ ഭരണത്തിന് ചുക്കാന്‍ പിടിക്കാന്‍ ഇഖ്‌വാന്‍ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമോ?
ഞങ്ങള്‍ സ്വന്തമായി ഒരാളെ നിര്‍ദേശിക്കുന്നില്ല. നിരവധി പേരുകള്‍ ഇതിനകം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടല്ലോ. അവരെക്കുറിച്ച് ഞങ്ങള്‍ക്ക് എതിരഭിപ്രായമില്ല. എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചിച്ച് ഏറ്റവും അനുയോജ്യനായ ഒരാളെ കണ്ടെത്തും. സ്വന്തം സ്ഥാനാര്‍ഥിയുണ്ടാവുക എന്നതല്ല, ഐക്യം നിലനിര്‍ത്തുക എന്നതാണ് ഞങ്ങള്‍ മുഖ്യമായും കാണുന്നത്. നിര്‍ദേശിക്കപ്പെട്ട ഒരാളെക്കുറിച്ചും ഞങ്ങള്‍ക്ക് പരാതിയില്ലാത്തതിനാല്‍ അവരില്‍ എല്ലാവരുടെയും പിന്തുണ ലഭിക്കുന്ന ആളെ തന്നെയായിരിക്കും ഞങ്ങളും പിന്തുണക്കുക.
സിറിയന്‍ പ്രതിപക്ഷത്തിന്റെ ബദല്‍ ഭരണകൂട രൂപവത്കരണം എത്രയോ തവണയായി മാറ്റിവെക്കുന്നു. ആ മാര്‍ഗ തടസ്സങ്ങള്‍ ഇപ്പോള്‍ നീങ്ങിയെന്നാണോ?
പ്രതിപക്ഷത്തിന് എന്തെങ്കിലും പ്രശ്‌നമുള്ളത് കൊണ്ടല്ല ഇങ്ങനെ നീട്ടിവെക്കേണ്ടിവന്നത്. സിറിയന്‍ പ്രശ്‌നത്തോടും ആ ജനതയുടെ മൗലികാവകാശങ്ങളോടുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഉദാസീനതയാണ് അതിന് കാരണം. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോ സഹായമോ ലഭിക്കാത്ത ഒരു ഭരണകൂടത്തിന് സിറിയക്കകത്ത് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. പ്രതിപക്ഷത്തിന് ആശയക്കുഴപ്പമുണ്ടെന്നത് നേരാണ്. അത് പക്ഷേ, അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് വ്യക്തമല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. അങ്ങനെയൊരു ഭരണകൂടം സ്ഥാപിച്ചാല്‍ അന്താരാഷ്ട്ര സമൂഹം അതിനെ അംഗീകരിക്കുമോ ഇല്ലയോ? പക്ഷേ ഇപ്പോള്‍ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്, എന്തൊക്കെയായാലും താല്‍ക്കാലിക ഭരണകൂടം രൂപീകരിക്കണമെന്ന് തന്നെയാണ്. ഞങ്ങളും ആ നിലപാടിനോടൊപ്പം നില്‍ക്കുന്നു.
സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന റോമന്‍ സമ്മേളനത്തില്‍ വ്യക്തമായ ചേരിതിരിവ് നാം കണ്ടതാണ്. പ്രതിപക്ഷത്തെ സഹായിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് -ഫ്രഞ്ച് നിലപാടുകളും അമേരിക്കന്‍ നിലപാടും തമ്മില്‍ കാര്യമായ അന്തരമുണ്ട്. ഈയൊരവസ്ഥയില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭരണകൂടത്തിന് വേണ്ടത്ര പിന്തുണ കിട്ടുമോ?
വളരെ ഗൗരവത്തോടെ ഞങ്ങള്‍ ഈ നിലപാടുകളെ പഠിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഒരുപാട് വാഗ്ദാനങ്ങള്‍ ഞങ്ങള്‍ കേട്ടതാണ്. ഫ്രഞ്ച്-ബ്രിട്ടീഷ് നിലപാടാണ് പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ സഹായകമാവുക. അതവര്‍ ഗൗരവത്തോടെ തന്നെ മുന്നോട്ടു വെച്ചിട്ടുള്ളതാണെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ള അമേരിക്കന്‍ നിലപാട് പരിശോധിച്ചാല്‍ അതൊരിക്കലും പ്രോത്സാഹജനകമായിരുന്നില്ല എന്ന് കാണാം. യൂറോപ്യന്‍ നിലപാട് തന്നെയാണ് പൊതുവെ സ്വീകാര്യമായിട്ടുള്ളത്.
സര്‍വ യുദ്ധമുഖങ്ങളും തുറന്നിരിക്കുകയാണല്ലോ സിറിയയില്‍. ചിലയിടങ്ങളില്‍ സ്വാതന്ത്ര്യപ്പോരാളികള്‍ മുന്നേറുന്നു. മറ്റു ചിലയിടങ്ങളില്‍ നിന്ന് അവര്‍ക്ക് പിന്മാറേണ്ടിവരുന്നു. നിര്‍ണായകപ്പോരാട്ടത്തിന് മുന്‍കാലങ്ങളേക്കാള്‍ പ്രതിപക്ഷം ശക്തി സമാഹരിച്ചുകഴിഞ്ഞിട്ടുണ്ടോ?
നിര്‍ണായക പോരാട്ടം ഉടന്‍ ഉണ്ടാവും, ഇന്‍ശാ അല്ലാഹ്... സാവധാനമാണെങ്കിലും സിറിയന്‍ സ്വാതന്ത്ര്യപ്പോരാളികള്‍ സിറിയന്‍ മണ്ണില്‍ മുന്നേറുക തന്നെയാണ്. ഭരണകൂട സൈന്യം ഫീല്‍ഡില്‍ വളരെയധികം ദുര്‍ബലമാക്കപ്പെട്ടുകഴിഞ്ഞു. അവരുടെ മനോവീര്യം തകര്‍ന്നിരിക്കുന്നു. ഇപ്പോള്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ഗവണ്‍മെന്റ് സൈന്യത്തിന്റെ ആക്രമണം. ഒപ്പം ടാങ്കും പീരങ്കിയും ഉപയോഗിക്കുന്നു. ജനവാസകേന്ദ്രങ്ങള്‍ അപ്പാടെ തകര്‍ത്തുകളയുകയാണ്. ഇതിന് സമാനമായ കുറ്റകൃത്യം ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. പക്ഷേ, കരയില്‍ ഗവണ്‍മെന്റ് സൈന്യത്തിന്റെ നീക്കങ്ങള്‍ ദുര്‍ബലമാണ്. അവിടെ വിപ്ലവകാരികള്‍ക്കാണ് മുന്നേറ്റം. നാളുകള്‍ക്കകം നമുക്കാ സ്വാതന്ത്ര്യപ്പുലരി കാണാനാവുമെന്നാണ് പ്രതീക്ഷ.
നിര്‍ണായകമായ ദമസ്‌കസ് പോരാട്ടമാണല്ലോ എല്ലാവരും കാത്തിരിക്കുന്നത്?
സ്വാതന്ത്ര്യപ്പോരാളികള്‍ ആ അവസാനപ്പോരാട്ടത്തിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. അവര്‍ വളരെ ആവേശത്തിലും പ്രതീക്ഷയിലുമാണ്.
പോര്‍മുഖത്ത് പുതിയൊരു മുന്നണി കടന്നുവന്നിട്ടുണ്ടല്ലോ; ജബ്ഹത്തുന്നുസ്വ്‌റ എന്ന പേരില്‍. ഈ മുന്നണിയെച്ചൊല്ലിയാണ് പല ആശങ്കകളും ഉയരുന്നത്. നുസ്വ്‌റ മുന്നണിയോടുള്ള ഇഖ്‌വാന്റെ നിലപാടെന്താണ്?
തങ്ങളുടെ നിസ്സംഗതക്കും താല്‍പര്യക്കുറവിനും ന്യായീകരണം ചമക്കാനാണ് നുസ്വ്‌റ മുന്നണിയെ അന്താരാഷ്ട്ര സമൂഹം ഉയര്‍ത്തിക്കാട്ടുന്നത്. വളരെ വ്യവസ്ഥാപിതമായി ഏകാധിപത്യ ഭരണകൂടത്തോട് പോരാടുന്ന ഒരു പ്രതിപക്ഷനിരയാണ് ജബ്ഹത്തുന്നുസ്വ്‌റ. സിറിയന്‍ ജനതക്കെതിരെ ഇന്നേവരെ അവര്‍ എന്തെങ്കിലും ഭീകരാക്രമണങ്ങള്‍ നടത്തിയതായി യാതൊരു തെളിവുമില്ല. അവര്‍ മറ്റു പോരാളി വിഭാഗങ്ങളുമായി സഹകരിച്ചുകൊണ്ട് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെ ചൂണ്ടിയാണ് ഇവര്‍ ഭീകരരാണെന്നും അതിനാല്‍ ആയുധമോ സഹായമോ തരില്ലെന്നും പറയുന്നത്. യഥാര്‍ഥത്തില്‍ അന്താരാഷ്ട്ര സമൂഹം (പാശ്ചാത്യര്‍) അന്വേഷിക്കുന്നത് അവരുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ഒരു വിഭാഗത്തെയാണ്. ആ ബദല്‍ ഇതുവരെ കിട്ടാത്തത് കൊണ്ട് അവര്‍ അതുമിതും പറഞ്ഞു നില്‍ക്കുകയാണ്. ഒരു വിദേശശക്തിയുടെയും സമ്മര്‍ദത്തിന് വഴങ്ങാത്ത സ്വദേശി നേതൃത്വമാണ് സിറിയന്‍ പോരാട്ടത്തെ നയിക്കുന്നത്.
ഭാവിയില്‍ ജബ്ഹത്തുന്നുസ്വ്‌റ ഒരു ഭീഷണിയായിത്തീരുമെന്നാണല്ലോ പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്?
അങ്ങനെയൊരു ഭീഷണി ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. സിറിയന്‍ സമൂഹം പക്വതയാര്‍ജിച്ച, കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കുന്ന സന്തുലിത സമൂഹമാണ്. നുസ്വ്‌റ മുന്നണിയെപ്പോലുള്ളവയെയും ഉള്‍ക്കൊള്ളാന്‍ ആ സമൂഹത്തിന് കഴിയും. ഇപ്പോള്‍ നുസ്വ്‌റ മുന്നണിയുമായി മറ്റു പോരാളി വിഭാഗങ്ങള്‍ സഹകരിക്കുന്നുണ്ടല്ലോ. ബശ്ശാര്‍ ഭരണകൂടം വീണതിന് ശേഷവും ആ സഹകരണം തുടരുന്നതിന് തടസ്സമൊന്നുമില്ല.
കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി, നിലവിലുള്ള ഭരണകൂടവും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്നുള്ള ഒരു ഇടക്കാല ഭരണകൂടമാണ് വേണ്ടതെന്ന് പറയുകയുണ്ടായല്ലോ. എന്തു പറയുന്നു?
ഈ അമേരിക്കന്‍ നിലപാടിനെ സിറിയക്കകത്തോ പുറത്തോ ആരും അംഗീകരിക്കുന്നില്ല. നിലവിലെ ഭരണകൂടത്തിന് ഭാവി സിറിയയുടെ കാര്യത്തില്‍ ഒരു റോളും ഉണ്ടാകരുതെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ബശ്ശാറും സംഘവും ക്രിമിനലുകളാണ്. ആദ്യം അവര്‍ പുറത്താക്കപ്പെടണം. എന്നിട്ട് ബാക്കിയെല്ലാവരും ചേര്‍ന്ന് ഭാവി സിറിയയെക്കുറിച്ച് ഒരു തീരുമാനത്തില്‍ എത്തും. സിറിയയില്‍ പലതരം വംശീയ വിഭാഗങ്ങളാണ്. അവരെല്ലാവരും ബശ്ശാര്‍ പുറത്തുപോകണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. ബശ്ശാറിനെയും സംഘത്തെയും സംരക്ഷിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അത് ഞങ്ങള്‍ക്കാര്‍ക്കും സ്വീകാര്യമേയല്ല.
നിലവിലുള്ള ഭരണകൂടവുമായി ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷ നിരയിലെ പ്രമുഖനായ മുആദ് അല്‍ഖത്വീബ് പറഞ്ഞിരുന്നു. പിന്നീടദ്ദേഹം തന്റെ നിലപാട് തിരുത്തി. ഇത് താങ്കളുടെയും മറ്റും എതിര്‍പ്പുകൊണ്ടായിരുന്നോ?
അതെ. മുആദ് ഖത്വീബ് അങ്ങനെ പറഞ്ഞിരുന്നു. കൂടിയാലോചനയിലൂടെയും സമവായത്തിലൂടെയും മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാനാവൂ. അക്കാര്യം അദ്ദേഹം മനസ്സിലാക്കി.
റഷ്യന്‍ പടക്കപ്പലുകള്‍ ബൈറൂത്ത് വഴി സിറിയയിലെ ത്വര്‍ത്വൂസ് തുറമുഖത്തേക്ക് വരുമെന്നാണല്ലോ കേള്‍ക്കുന്നത്. എന്തിനാവും റഷ്യ ഈ പടക്കപ്പലുകള്‍ അയക്കുന്നത്?
പടക്കപ്പലുകള്‍ വരുന്നത് ബശ്ശാര്‍ ഭരണകൂടത്തെ ആയുധം നല്‍കി സഹായിക്കാന്‍ തന്നെയാണ്. റഷ്യ, ഇറാന്‍, ഹിസ്ബുല്ല ഈ മൂന്ന് കക്ഷികളും സിറിയന്‍ സമൂഹത്തെ കൊന്നൊടുക്കുന്നതില്‍ ബശ്ശാറിന്റെ കൂട്ടാളികളാണ്. ഇത് സിറിയക്കാര്‍ മൊത്തം പ്രകടിപ്പിക്കുന്ന അഭിപ്രായമാണ്. ഈ മൂന്ന് കക്ഷികളും തങ്ങളുടെ തെറ്റായ നിലപാട് തിരുത്തുന്നില്ലെങ്കില്‍, ബശ്ശാറിനെ സഹായിക്കുന്നത് നിര്‍ത്തുന്നില്ലെങ്കില്‍ ഭാവി സിറിയയില്‍ അവര്‍ക്കൊരു ഇടവും ഉണ്ടാകില്ല.
ഹിസ്ബുല്ല പറയുന്നത് സിറിയയിലേത് വിഭാഗീയ പോരാട്ടമാണ് എന്നാണല്ലോ. ഹിസ്ബുല്ലക്കാര്‍ സിറിയയിലേക്ക് വന്നത് അവിടത്തെ ശീഈ ഗ്രാമങ്ങളെയും സയ്യിദ സൈനബിന്റെ മഖാമിനെയും സംരക്ഷിക്കാനാണെന്നും അവര്‍ പറയുന്നു?
ഹിസ്ബുല്ല ആദ്യം സിറിയ വിട്ടുപോവുകയാണ് വേണ്ടത്. സിറിയയിലെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം. സിറിയയില്‍ ഞങ്ങള്‍ക്ക് ശീഈകളുമായോ മറ്റേതെങ്കിലും വിഭാഗങ്ങളുമായോ പ്രശ്‌നങ്ങളില്ല. സിറിയ ഒറ്റ ജനതയാണ്. ഒറ്റ പൗരത്വത്തില്‍ വാര്‍ക്കപ്പെട്ട ജനത. ബശ്ശാര്‍ ഭരണകൂടമാണ് സിറിയന്‍ ജനതയില്‍ ഇത്തരം വിഭാഗീയ ചിന്തകള്‍ വളര്‍ത്തുന്നത്.
ബശ്ശാറും അയാളുടെ ഭരണവും ചുവന്ന വരയാണ്, അടുത്ത് പോകരുത് എന്നാണല്ലോ ഇറാന്റെ ഭീഷണി. അതിനര്‍ഥം സിറിയന്‍ വിപ്ലവം വിഭാഗീയ കലാപങ്ങളുടെ ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക് നീങ്ങുന്നുവെന്നാണോ?
ഒരു ഇറാനിയന്‍ അച്ചുതണ്ട് ഇവിടെ പ്രവര്‍ത്തനക്ഷമമാണ്. മേഖലയിലെ ഇറാനിയന്‍ താല്‍പര്യങ്ങളുടെ സംരക്ഷണമാണ് ലക്ഷ്യം. ഇതില്‍ കേന്ദ്രസ്ഥാനത്ത് വരുന്നതാണ് ബശ്ശാറിന്റെ സിറിയ. രാഷ്ട്രം സ്വതന്ത്രമാകുന്നതോടെ അതിന്റെ ഭാവി നിര്‍ണയത്തില്‍ മുഴുവന്‍ പൗരന്മാര്‍ക്കും അവകാശം ലഭിക്കുകയാണ്. അത് സമൂഹത്തിന്റെ ഐക്യത്തില്‍ കലാശിക്കും. നാല്‍പത് വര്‍ഷം മുമ്പ് അസദ് കുടുംബത്തിലെ കൊള്ളസംഘങ്ങള്‍ കൈയേറുന്നതിന് മുമ്പ് സിറിയന്‍ സമൂഹത്തില്‍ ഛിദ്രത ഉണ്ടായിരുന്നില്ല.
സിറിയന്‍ പ്രതിപക്ഷത്തിലെ അടിസ്ഥാന കക്ഷിയാണ് താങ്കള്‍ നേതൃത്വം നല്‍കുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. സഖ്യത്തിലും ദേശീയ കൗണ്‍സിലിലുമെല്ലാം ഇഖ്‌വാനാണ് മുന്‍തൂക്കമുള്ളത്. ബശ്ശാറാനന്തര സിറിയയില്‍ നിങ്ങളുടെ അജണ്ട എന്തായിരിക്കും? ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്ന ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും?
ഭൂരിപക്ഷം, ന്യൂനപക്ഷം എന്നൊരു പ്രശ്‌നം സിറിയയില്‍ ഇല്ല. എല്ലാവരും തുല്യാവകാശമുള്ള പൗരന്മാരാണ്. ഒരു സിവില്‍ ജനാധിപത്യ രാഷ്ട്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതില്‍ ഓരോ സിറിയന്‍ പൗരനും പങ്കാളിത്തമുണ്ടാവും. ഞങ്ങള്‍ പല വട്ടം ആവര്‍ത്തിച്ച ഒരു കാര്യമുണ്ട്. ബശ്ശാറാനന്തര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ തന്നെ ഞങ്ങള്‍ ഒറ്റക്കായിരിക്കില്ല ഭരണം നടത്തുന്നത്. എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഭരണത്തില്‍ ഉറപ്പ് വരുത്തും. അങ്ങനെയൊരു ഭരണക്രമമാണ് സിറിയക്കാര്‍ പ്രതീക്ഷിക്കുന്നത്. വളരെയധികം ഗ്രാഹ്യമുള്ളവരും സഹകരണ മനോഭാവമുള്ളവരുമാണ് സിറിയക്കാര്‍. ന്യൂനപക്ഷങ്ങള്‍ക്കോ വംശീയ വിഭാഗങ്ങള്‍ക്കോ യാതൊന്നും ഭയക്കാനില്ല. എല്ലാവരെയും ഒരു ജനതയായി ഞങ്ങള്‍ നോക്കിക്കാണും. ഈയടിസ്ഥാനത്തിലുള്ളതാണ് ഞങ്ങളുടെ അജണ്ട.
സിറിയന്‍ പ്രതിസന്ധി തങ്ങളുടെ നാട്ടിലേക്ക് കൂടി പടരുന്നതില്‍ ലബനീസ് ജനത അസ്വസ്ഥരാണ്. ഒരു വശത്ത് ബശ്ശാര്‍ ഗവണ്‍മെന്റിന്റെ ഭീഷണി, മറുവശത്ത് സ്വാതന്ത്ര്യപ്പോരാളികളുടെ ഭീഷണി. ഭാവിയില്‍ സിറിയ-ലബനാന്‍ ബന്ധം എങ്ങനെയായിരിക്കും?
ലബനാനിലെ സകല കക്ഷികളോടും ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്, സിറിയന്‍ പ്രശ്‌നം സിറിയക്കാര്‍ക്ക് വിട്ടേക്കൂ എന്നാണ്. ഹിസ്ബുല്ലയോ മറ്റാരെങ്കിലുമോ അതില്‍ ഇടപെടാന്‍ വരരുത്. ചില സിറിയന്‍ ഗ്രാമങ്ങള്‍ കൈയേറിയതാണ് ഹിസ്ബുല്ല ചെയ്ത പാതകം. ഈ ഗ്രാമങ്ങളില്‍ നിന്ന് ഹിസ്ബുല്ല പിന്മാറണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. സിറിയക്കാരുടെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെ. സ്വാതന്ത്ര്യത്തിന് ശേഷം ലബ്‌നാനുമായി സാഹോദര്യബന്ധമാണ് സിറിയ ആഗ്രഹിക്കുന്നത്.
Comments