സൈബര്‍ യുഗത്തില്‍ സംഭവിക്കുന്നത്
ആഴ്ചകള്‍ക്ക് മുമ്പ് പ്രശസ്ത റേഡിയോ നിലയത്തിലെ സ്ത്രീ അവതാരികയുടെ പരാതി പോലീസിന് കിട്ടി. നെറ്റിലൂടെ തന്റെ അശ്ലീല ചിത്രങ്ങള്‍ സഹപ്രവര്‍ത്തകന്‍ ഇമെയില്‍ ചെയ്ത് പലര്‍ക്കും അയച്ചുകൊണ്ടിരിക്കുന്നു. അന്വേഷിച്ച പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ പുതിയ സൈബര്‍ ലോകത്ത് സൃഷ്ടിച്ച അഴുകി നാറുന്ന അശ്ലീല കാഴ്ചകള്‍. സൗഹൃദങ്ങളില്‍ തുടങ്ങി ലൈക്കുകളില്‍ ഇണങ്ങി അശ്ലീലതകളില്‍ ഉടക്കി ജീവിതം വഴിമുട്ടുന്ന ആഭാസങ്ങള്‍ ലോകത്തിനു മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നു.
പിഞ്ചു പൈതല്‍ മുതല്‍ മുതുമുത്തച്ഛന്‍വരെ കണ്ണുനട്ടിരിക്കുന്നു നെറ്റിലേക്ക്. ഈ ലോകത്ത് സഹോദര സഹോദരീ ബന്ധമോ മാതാ പിതാ ഗുരു നിയന്ത്രണങ്ങളോ അശേഷമില്ലെന്ന് വന്നിരിക്കുന്നു. എന്തുമാകാമെന്ന ( permissive) കാഴ്ചപ്പാടിലേക്ക് തുറന്ന വലകളാണ് ആലപ്പുഴയില്‍ അഛനും മകളും മാസങ്ങളോളം തുടര്‍ന്നുവന്ന ചാറ്റിങ്ങുകള്‍ നല്‍കുന്ന പാഠം.
ഫേസ്ബുക്കില്‍ പതിനായിരത്തോളം സുഹൃത്തക്കളും അതിലിരട്ടി ഇഷ്ടപ്പെടലുകളുമുള്ള (Like) ഒരു ഫേസ്ബുക്ക്കാരന് തൊട്ടടുത്തിരിക്കുന്നവനെ കാണാനോ കേള്‍ക്കാനോ കഴിയുന്നില്ല. തന്റെ ആപത്ത് കാലത്ത് ഇത്യാദി സൗഹൃദങ്ങളൊന്നും അവന് ആശ്വാസമാകുന്നില്ല. 35,000 സൗഹൃദങ്ങളുള്ള യൂറോപ്പിലെ യുവാവ് കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത് അതുകൊണ്ടാണല്ലോ.
നെറ്റുകളിലൂടെ വ്യാപിക്കുന്ന മനുഷ്യവലകള്‍ യാഥാര്‍ഥ്യത്തിലേക്ക് കടക്കുന്നതോടെ മുറിയുന്നു. പിന്നീട് ഓരോരുത്തനും അവനവനിലേക്ക് തന്നെ വിലയം പ്രാപിക്കുന്നു. കൂടെ കിടക്കുന്നവര്‍പോലും യാതൊന്നും അറിയുന്നില്ല. യാന്ത്രികത മനുഷ്യ മനസ്സിന്റെ മായിക ലോകത്ത് ആധിപത്യം ഉറപ്പിച്ചപ്പോള്‍, ആദ്ധ്യാത്മികതയുടെ അഭാവം ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഒറ്റപ്പെടലുകള്‍, സമൂഹത്തില്‍നിന്നുള്ള ഉള്‍വലിയലുകള്‍, കടമകള്‍ മറന്ന് കടപ്പാടുകളില്ലാത്ത ലോകം.
ചാര്‍ലി ചാപ്ലിന്റെ പ്രശസ്തമായ സിനിമയാണ് മോഡേണ്‍ ടൈംസ്. യാന്ത്രികതയും ഒറ്റപ്പെടലും നായക കഥാപാത്രത്തെ കൊണ്ടെത്തിക്കുന്ന ദാരുണമായ സ്ഥിതിവിശേഷമാണ് ഇതില്‍ അനാവരണം ചെയ്യപ്പെടുന്നത്. വസ്ത്ര നിര്‍മാണ ശാലയില്‍ ബട്ടണ്‍സ് വെച്ചു പിടിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലോകം ക്രമേണ ബട്ടണ്‍ എന്ന വൃത്താകൃതിയിലേക്ക് ചുരുങ്ങുന്നു. നിത്യ ജീവിതത്തിന്റെ ഏകതാനതയും മുഷിപ്പുമാണ് കഥാപാത്രം അനുഭവിക്കുന്നത്. ചാര്‍ലി കഥാ പാത്രങ്ങളെപ്പോലെ ഇന്റര്‍നെറ്റ് തലമുറ പ്രഭാതം മുതല്‍ പ്രദോഷം വരെ ലാപ്‌ടോപില്‍ കറങ്ങിത്തിരിയുന്നു. മുന്നില്‍ വരുന്നതെല്ലാം നെറ്റും, കാണുന്നതെല്ലാം സൈബര്‍ കാഴ്ചകളും.
തീവണ്ടിയില്‍വെച്ച് നാട്ടുകാരനായ വിദ്യാര്‍ഥിയെ കണ്ടു. എങ്ങോട്ടായിരുന്നു യാത്ര എന്ന് ചോദിച്ചപ്പോള്‍, ഇന്റര്‍നെറ്റ് നിലച്ചതുകൊണ്ട് ജില്ലാ ആസ്ഥാനത്തുള്ള ടെലികോമിന്റെ ഓഫീസില്‍പോയി പണം അടച്ചുവരികയാണ് എന്ന് മറുപടി. ബില്‍ തുക അഞ്ചക്കം. ഉടനെ പുനഃസ്ഥാപിച്ച് കിട്ടാനാണ് മണിക്കൂറുകള്‍ സഞ്ചരിച്ചത്.
അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ പതിനഞ്ചുകാരന്‍ അഞ്ചുവര്‍ഷത്തിനിടയില്‍ കണ്ടത് 30,000 ത്തോളം അശ്ലീല ക്ലിപ്പുകള്‍. ഒരു ലക്ഷത്തോളം ചാറ്റിങ്ങുകള്‍. അതിലൂടെ ഉരുത്തിരിഞ്ഞ വഴിവിട്ട ബന്ധങ്ങള്‍. മുപ്പത് വയസ്സോടെ കല്ല്യാണമാലോചിച്ചപ്പോള്‍ രക്ഷിതാക്കള്‍ ഒരു സത്യം തിരിച്ചറിഞ്ഞു, മകന് ലൈംഗിക ശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
ഒരാളുടെ പത്തു വര്‍ഷം മുമ്പുള്ള സാമൂഹിക ചുറ്റുപാടിനെ കുറിച്ച് അന്വേഷിച്ചു. അന്ന് അദ്ദേഹത്തിന് സമൂഹത്തോട് കൂടുതല്‍ പ്രതിബദ്ധതയുണ്ടായിരുന്നു. ബന്ധങ്ങള്‍ ഊഷ്മളമായിരുന്നു. എല്ലാവരെയും കാണാന്‍ സമയം കിട്ടിയിരുന്നു. വിവര വിനിമയ വിപ്ലവത്തിന് ശേഷം, ഇദ്ദേഹത്തിന്റെ ബന്ധങ്ങളില്‍ യാന്ത്രികതയുടേതായ സൈബര്‍ ഇരുട്ട് വീണു. സ്‌ക്രീനിന്റെ ചതുര കോളത്തില്‍ മാത്രം ഒതുങ്ങുന്ന സാമൂഹിക ലോകം. അവിടെ കാണുന്നതും കേള്‍ക്കുന്നതും യാഥാര്‍ഥ്യം. അതിനപ്പുറത്തുള്ള ലോകം അന്യവത്കരിക്കപ്പെട്ടത്. ചിന്തകളത്രയും ഗൂഗിള്‍ വിലക്കെടുത്തു. പാരിസ്ഥിതിക ബന്ധങ്ങള്‍ മറന്ന ഒരു തരം മരവിപ്പ്. മരണം പോലും കാഴ്ചകളാകുന്നു യൂട്യൂബില്‍. ശവസംസ്‌കാരം നെറ്റിലൂടെ കണ്ട് ഇഷ്ടപ്പെടുന്ന (Like) നിരര്‍ഥകത.
ഇത് നവീന സാങ്കേതികവിദ്യക്കെതിരെയുള്ള വിയോജനക്കുറിപ്പല്ല. സാങ്കേതികവിദ്യകളെ ദുരുപയോഗിക്കുന്നതിനോടുള്ള വിയോജനം മാത്രം.
Comments