നമ്മുടെ പൊതുബോധത്തെ തകര്‍ക്കുന്ന കാമറക്കാഴ്ചകള്‍
മതസംസ്കാര ചിഹ്നങ്ങളെ മുന്‍നിര്‍ത്തി ഒരു സമുദായത്തെ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന അപരിഷ്‌കൃത വര്‍ഗമെന്ന് 'പൊതുസമൂഹത്തിന്' മുന്നില്‍ നിരന്തരം പരിചയപ്പെടുത്തുക. സംസ്‌കാര സമ്പന്നരുടെ സൈ്വരജീവിതത്തിനു ശല്യമായി കഥകളിലും സിനിമകളിലും സ്ഥിരം വില്ലന്മാരായി അവര്‍ വഷളത്തരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഏതൊരു വിഭാഗം അവര്‍ ജീവിക്കുന്ന കാലത്ത് തന്നെ ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നുണ്ടോ, അവര്‍ അക്കാലത്ത് ജീവിക്കാനര്‍ഹതയില്ലാത്തവരാണെന്ന് ചിലരൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആ ബോധത്തിലേക്ക് പൊതുസമൂഹം എത്തിയിട്ടുണ്ടോ എന്നവര്‍ ഇടക്കിടെ പരിശോധിച്ച് കൊണ്ടിരിക്കും. ഇന്നലെ ഗുജറാത്തിലും ഇന്ന് ബംഗളൂരു കേന്ദ്രീകരിച്ചും നടക്കുന്നത് അത്തരം ടെസ്റ്റ് ഡോസുകളാണ്.
മുന്‍വിധികളില്‍ ഒരു സമൂഹത്തിന്റെ മനസ്സിനെ കുരുക്കിയിട്ട ശേഷം അവരുടെ മൗനസമ്മതത്തോടെ ചില വിഭാഗങ്ങളെ വേട്ടയാടിപ്പിടിക്കുക. ഈ പൊതുബോധത്തെ സംശയിച്ച് സത്യമന്വേഷിച്ച് പുറപ്പെടുന്ന ഒറ്റപ്പെട്ട ധിക്കാരികളെ സമൂഹമനഃസാക്ഷിക്ക് തൃപ്തിയാകുംവിധം പാഠം പഠിപ്പിക്കുക. കുറച്ച് കാലമായി ഇന്ത്യയിലുടനീളം വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പരീക്ഷണങ്ങളാണിത്. ഭരണകൂട സംവിധാനങ്ങളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഈ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളുടെ മികച്ച കേരളീയ ഉദാഹരണമായ ബീമാപള്ളി വെടിവെപ്പിന്റെ നേര്‍ക്കാഴ്ചകളെ ദൃശ്യവല്‍ക്കരിക്കുകയാണ് മെയ് 17 ബീമാപള്ളി എ കൗണ്ടര്‍ സ്റ്റോറി എന്ന ഡോക്യുമെന്ററി.
ബീമാപ്പള്ളിയുടെ ചിത്രങ്ങളും ചരിത്രവും ആമുഖമായി പരിചയപ്പെടുത്തി 2009 മെയ് 17-ന് നടന്ന ബീമാപള്ളിയിലെ പോലീസ് വെടിവെപ്പിന്റെ ദുരൂഹതയിലേക്കാണ് കാമറ ഫോക്കസ് ചെയ്യുന്നത്. കേരളം കണ്ട ഏറ്റവും വലിയ പോലീസ് വെടിവെപ്പുകളിലൊന്നായ ബീമാപള്ളി വേട്ടയിലെ ഇരകളുടെ മൊഴികളും ദയനീയാവസ്ഥയും കേട്ടു കഴിയുമ്പോള്‍ മലയാള പത്രമാധ്യമങ്ങളും സിനിമാ സാഹിത്യങ്ങളും വരച്ചുവെച്ച ബീമാപള്ളിയുടെ ക്രിമിനല്‍ ചിത്രമാണ് നേര്‍ത്തുനേര്‍ത്തു ഇല്ലാതാവുക. വയനാട്ടില്‍ പോലീസ് വെടിവെച്ചുകൊന്ന പുലിയെക്കുറിച്ച് ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്ത നമ്മുടെ ചാനലുകള്‍ ആറു മനുഷ്യജീവനുകള്‍ പിടഞ്ഞു മരിച്ച പോലീസ് വെടിവെപ്പിന്റെ ഇരകളിലേക്ക് കാമറ സൂം ചെയ്യാന്‍ അറച്ചുനിന്നത് അത് നമ്മുടെ പൊതുബോധത്തിലെ കൊല്ലപ്പെടേണ്ട 'ശല്യക്കാരായ ക്രിമിനലുകളാ'യതു കൊണ്ടാണ്. വെടിവെപ്പ് ദിവസം ചില ചാനലുകളില്‍ മിന്നിമറിഞ്ഞ വാര്‍ത്തകളില്‍ തികട്ടി വന്നിരുന്നതും ബീമാപള്ളിയുടെ ക്രിമിനല്‍ ദുരൂഹതകളായിരുന്നു. ഈ പൊതുബോധനിര്‍മിതിയും വെടിവെപ്പിന്റെ ഭരണകൂട ന്യായീകരണങ്ങളുമാണ് സംവിധായകന്‍ കെ. ഹാശിറും കൂട്ടരും കാമറയുമായി ചെന്ന് തകര്‍ത്ത് തരിപ്പണമാക്കുന്നത്. കേരളം കാണാതെയും കേള്‍ക്കാതെയും പോയ ദൃശ്യങ്ങളും വിവരണങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പത്രപ്രവര്‍ത്തകരുടെയും അനുഭവങ്ങളും നിരീക്ഷണങ്ങളുമെല്ലാം ഡോക്യുമെന്ററിയെ വിലപ്പെട്ടതാക്കുന്നു.
പഴയ തിരുവിതാംകൂറിന്റെ ജാതി പുതിയ ജനാധിപത്യ കേരളത്തിന്റെ ശ്രീകോവിലുകള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് ഇപ്പോഴും എങ്ങനെയെല്ലാം നിലനില്‍ക്കുന്നുവെന്ന് ഈ കേസിന്റെ അന്വേഷണ വഴികള്‍ ചൂണ്ടിക്കാട്ടി ഡോക്യുമെന്ററി വെളിവാക്കുന്നു. വെടിവെപ്പിനെക്കുറിച്ചന്വേഷിച്ച രാമകൃഷ്ണന്‍ കമീഷന്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പോലീസിന്റെ ഗൂഢ ഇടപെടലുകള്‍ തെളിവ് സഹിതം രേഖപ്പെടുത്തിയപ്പോള്‍, കണ്ടെത്തലുകളെ മുഴുവന്‍ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് മാറ്റിവെക്കുകയാണ് 'മതേതര ജനാധിപത്യ സര്‍ക്കാര്‍' ചെയ്തത്. പിന്നീടാഫയല്‍ തുറക്കാന്‍ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള ഒരു പാര്‍ട്ടിയും വിരലനക്കിയതുമില്ല. 24 മണിക്കൂറും കണ്ണുതുറന്നിരിക്കുന്ന ചാനലുകളുടെ മുന്നില്‍വെച്ച് നട്ടുച്ചക്ക് പൊതുസമൂഹത്തിന് 'ശല്യക്കാരായ' ഒരു വിഭാഗത്തെ വെടിവെച്ചിട്ടാല്‍ ജനാധിപത്യ കേരളം എങ്ങനെ പ്രതികരിക്കുമെന്നറിയാനുള്ള ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു ബീമാപള്ളി വെടിവെപ്പ് എന്ന തിരിച്ചറിവിലാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. ആ ടെസ്റ്റ് ഡോസ് നടത്തിയവരും അതിന് പിന്നിലെ ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തവരും വിജയിച്ചോ അതോ പരാജയപ്പെട്ടോ? നമ്മുടെ പൊതുസമൂഹത്തെയും അതിന്റെ ഭരണകൂട സംവിധാനങ്ങളെയും മാധ്യമങ്ങളെയും അസ്വസ്ഥപ്പെടുത്തുന്ന ആ അപ്രിയ ചോദ്യത്തിന്റെ തുടക്കമായി ഈ ഡോക്യുമെന്ററിയെ അടയാളപ്പെടുത്താം.
[email protected]
Comments