സിറിയന്‍ പോരാട്ടം മൂന്നാം വര്‍ഷത്തിലേക്ക്
എഴുപതിനായിരം രക്തസാക്ഷികളുടെ ചോരയില്‍ കുതിര്‍ന്ന സിറിയന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. അത് സൃഷ്ടിച്ചത് ഒരു മില്യന്‍ അഭയാര്‍ഥികളെ. പരിക്കേറ്റവര്‍ പതിനായിരങ്ങള്‍. പിച്ചിച്ചീന്തപ്പെട്ട സമൂഹ ഘടന, എല്ലാം നഷ്ടപ്പെട്ട ഒരു തലമുറ, അതിക്രമത്തിന്റെയും സ്റ്റേറ്റ് ഭീകരതയുടെയും മുമ്പ് പറഞ്ഞു കേട്ടിട്ടില്ലാത്ത പുതിയ അധ്യായങ്ങള്‍. പക്ഷേ, ഇതിനേക്കാള്‍ മോശപ്പെട്ടത് വരാനിരിക്കുന്നതേയുള്ളൂ. ദമസ്‌കസില്‍ ബശ്ശാറുല്‍ അസദ് ഉടന്‍ നിലം പതിച്ചില്ലെങ്കില്‍ ആ ഭീകര ദൃശ്യത്തിനും നാം സാക്ഷികളാകേണ്ടിവരും. അതായത് മേഖല മുഴുക്കെ ഈ കലാപത്തീ പടരാനിരിക്കുന്നു. ബസ്വറ മുതല്‍ ബൈറൂത്ത് വരെ അത് ചോരയുടെ പുതിയ ഭൂപടങ്ങള്‍ തീര്‍ക്കും.
സിറിയന്‍ പ്രതിപക്ഷത്തിന് ആയുധങ്ങള്‍ നല്‍കുമെന്നാണ് ഫ്രാന്‍സും ബ്രിട്ടനും പ്രഖ്യാപിച്ചിരിക്കുന്നത്. ആയുധങ്ങള്‍ നല്‍കേണ്ടതില്ല എന്ന യൂറോപ്യന്‍ യൂനിയന്‍ തീരുമാനത്തെ മറികടക്കുമെന്നും. ബശ്ശാറുല്‍ അസദിനെ വീഴ്ത്താന്‍ ആസൂത്രിത ശ്രമമൊന്നും നടത്തുന്നില്ലെങ്കില്‍ ഈ നീക്കം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ബശ്ശാറിനെ പുറത്താക്കാന്‍ പാശ്ചാത്യ ശക്തികള്‍ മുന്‍ കൈയെടുക്കുമെന്ന് കരുതാനാവില്ല. കാരണം, വിപ്ലവകാരികള്‍ക്കും ബശ്ശാര്‍ ഭരണകൂടത്തിനുമിടയില്‍ ഒരു സന്തുലനമോ സ്തംഭനാവസ്ഥയോ സാധ്യമാവുന്ന തരത്തിലാണ് അവര്‍ തങ്ങളുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. അതായത് രണ്ട് കൂട്ടരെയും ചര്‍ച്ചയിലേക്ക് വരാന്‍ നിര്‍ബന്ധിതമാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക.
കഴിഞ്ഞ ദിവസങ്ങളില്‍ ബശ്ശാര്‍ ഭരണകൂടം സ്‌കഡ് മിസൈലുകള്‍ ഉപയോഗിക്കുകയുണ്ടായി. റഷ്യയും ഇറാനും ഇത്തരം ആയുധങ്ങള്‍ ബശ്ശാറിന് നല്‍കിക്കൊണ്ടിരിക്കുന്നുണ്ടാവും. അപ്പോള്‍ അത്തരം കുറച്ചായുധങ്ങള്‍ വിപ്ലവകാരികളുടെ കൈവശമുണ്ടായിരിക്കണം. എങ്കിലേ ഇരുവര്‍ക്കുമിടയിലെ ശാക്തിക സന്തുലനം പൂര്‍വ സ്ഥിതിയിലാകൂ. ഇതാകാം, സിറിയന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുമെന്ന ഫ്രഞ്ച്-ബ്രിട്ടീഷ് പ്രഖ്യാപനത്തിന് പിന്നില്‍. അങ്ങനെ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് വരാന്‍ ബശ്ശാറിനെ നിര്‍ബന്ധിക്കാനാവുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു.
ശാക്തിക സന്തുലനം നിലനിര്‍ത്തുകയെന്ന പാശ്ചാത്യ തന്ത്രം സമാധാനത്തിന് വഴിയൊരുക്കില്ല, തീര്‍ച്ച. അതിക്രമങ്ങള്‍ക്ക് അറുതിവരുത്തുകയുമില്ല. കൂടുതല്‍ ക്രൗര്യത്തോടെ അതിക്രമങ്ങളും കൂട്ടക്കൊലകളും തുടരാന്‍ ബശ്ശാറിന് സമയമനുവദിക്കുകയാണ് ഫലത്തില്‍ ഈ സ്ട്രാറ്റജി കൊണ്ട് സംഭവിക്കുന്നത്. ഏറ്റവും മോശപ്പെട്ട നിലയിലേക്കായിരിക്കും അപ്പോള്‍ സ്ഥിതിഗതികള്‍ നീങ്ങുക. അതായത് മേഖലയിലാകെ ഈ സംഘര്‍ഷത്തീ പടരും.
സിറിയന്‍ പ്രതിസന്ധി അയല്‍നാടുകളിലേക്ക് കൂടി വ്യാപിക്കാന്‍ സഹായകമാകുന്ന നിരവധി കാരണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പൊതുവെ അറേബ്യന്‍ പൗരസ്ത്യ മേഖല (അല്‍മശ്‌രിഖുല്‍ അറബി)യിലുള്ളത് മത-വംശീയ വിഭാഗങ്ങള്‍ ധാരാളമുള്ള രാഷ്ട്രങ്ങളാണ്. അതിലൊന്നാണ് സിറിയ. അവിടെ ഭരിക്കുന്നതാകട്ടെ വിഭാഗീയ ചിന്ത പുലര്‍ത്തുന്ന ഒരു ഗവണ്‍മെന്റും. റഷ്യയുടെയും ഇറാന്റെയും വര്‍ധിച്ച സഹായവും അവര്‍ക്ക് ലഭിക്കുന്നു. അപ്പുറത്താകട്ടെ അമേരിക്കയും യൂറോപ്പും ഒരു നിലപാടെടുക്കാതെ ഉരുണ്ട് കളിക്കുകയാണ്. വിവിധ പോരാളി സംഘടനകളോട് എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ അറബ് രാജ്യങ്ങളും വലിയ ആശയക്കുഴപ്പത്തിലാണ്. ഇതെല്ലാം സിറിയന്‍ പ്രതിസന്ധി ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണവും രൂക്ഷവുമാകുമെന്ന സൂചനകളാണ് നല്‍കുന്നത്.
സംഘര്‍ഷം മേഖലയാകെ പടരുക എന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. പരസ്പരം അതിര്‍ത്തികള്‍ മുറിച്ചുകടന്നുള്ള സംഘര്‍ഷമായിരിക്കുമത്. ഒന്നാം ലോക യുദ്ധകാലത്ത് അതിര്‍ത്തികള്‍ മാറ്റിവരക്കപ്പെട്ടതിന് ശേഷം, അതിര്‍ത്തികളെ അപ്രസക്തമാക്കുന്ന വലിയൊരു സംഘര്‍ഷ ഭൂമിയാണ് സിറിയന്‍ പ്രതിസന്ധിയുടെ മൂന്നാം വര്‍ഷം മേഖലയെ കാത്തിരിക്കുന്നുണ്ടാവുക.
സിറിയയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് ലബനാനാണ്. സ്വാഭാവികമായും കലാപത്തീ ആദ്യം പടരുക അങ്ങോട്ടാണ്. നേരത്തെ തന്നെ ലബനാനിലെ വിവിധ വിഭാഗങ്ങള്‍ സിറിയന്‍ പ്രതിസന്ധിയില്‍ ഭാഗഭാക്കാണ്. തെഹ്‌റാനില്‍ നിന്ന് തുടങ്ങി ബഗ്ദാദ് കടന്ന് ദമസ്‌കസിലെത്തി ലബനാനിലെ ഹിസ്ബുല്ലയില്‍ എത്തിച്ചേരുന്ന ഒരു സ്ട്രാറ്റജിക് അച്ചുതണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ബശ്ശാറുല്‍ അസദ് പുറത്താക്കപ്പെട്ടാല്‍ ഈ അച്ചുതണ്ട് തകിടം മറിയുമെന്ന് അവര്‍ക്കറിയാം. അത് സംഭവിക്കാതിരിക്കാന്‍ ഹിസ്ബുല്ല നേരത്തെ തന്നെ ബശ്ശാറുല്‍ അസദിന് രാഷ്ട്രീയ - വിഭവ സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ഇത് ലബനാനിലെ മറ്റു വിഭാഗങ്ങളെ സിറിയന്‍ പോരാളികള്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് ലബനാനിലെ മത വംശീയ വിഭാഗീയതകളെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തില്‍ കൊണ്ടെത്തിക്കുന്നു.
ഇതിനേക്കാള്‍ ഗുരുതരമായിരിക്കും ഇറാഖില്‍ ഈ വിഭാഗീയ സംഘര്‍ഷങ്ങള്‍ പടര്‍ന്നാല്‍. അതിന്റെ ലക്ഷണങ്ങള്‍ മുമ്പെതന്നെ കണ്ടു തുടങ്ങിയിട്ടുണ്ട്. വിഭാഗീയ ചിന്ത പുലര്‍ത്തുകയും ബശ്ശാറുല്‍ അസദിനെ പിന്താങ്ങുകയും ചെയ്യുന്ന ഇറാഖിലെ നൂരി മാലികി ഗവണ്‍മെന്റും സുന്നി-കുര്‍ദ് ഭൂരിപക്ഷമുള്ള പ്രവിശ്യകളും തമ്മില്‍ വലിയ സംഘര്‍ഷ സാധ്യതകളാണ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇറാഖിലെ സുന്നി പ്രവിശ്യകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് വഴിമുട്ടിയ നിലയിലാണ്. ഭരണത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന ലഭിക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യങ്ങളോട് മാലികി അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല, അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഇത് ഇറാഖില്‍ അതിക്രമങ്ങളുടെ ഒരു പുതിയ പരമ്പരക്ക് തുടക്കം കുറിക്കും. അതിന് തീയും ഇന്ധനവുമൊക്കെ ലഭിക്കുക സിറിയയില്‍ നിന്നായിരിക്കുകയും ചെയ്യും. 2007-2009 കാലത്തെ ആഭ്യന്തര കലാപകാലത്ത് ദേശീയ ഐക്യം തകര്‍ന്നുതരിപ്പണമായ ഇറാഖ് മറ്റൊരു വിഭാഗീയ സംഘര്‍ഷത്തിലേക്ക് കൂടി എടുത്തെറിയപ്പെടുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം സ്ഥിതി വഷളാകാനും സാധ്യതയുണ്ട്. ഈ നശീകരണ പ്രക്രിയയില്‍ അയല്‍നാടുകളായ ഇറാനും തുര്‍ക്കിയും ഗള്‍ഫ് രാഷ്ട്രങ്ങള്‍ പോലും ഏതെങ്കിലുമൊരര്‍ഥത്തില്‍ ഇടപെടേണ്ടിവന്നേക്കും. ഇറാഖിന്റെ എണ്ണ സമ്പത്തിന് വേണ്ടി മാത്രമായിരിക്കില്ല ആ പോരാട്ടം. പിറക്കാനിരിക്കുന്ന പുതിയ മധ്യപൗരസ്ത്യ ദേശത്തിന്റെ കടിഞ്ഞാണ്‍ കൈയേല്‍ക്കാന്‍ കൂടിയായിരിക്കും.
ഇങ്ങനെ മേഖലയാകെ അഗ്നി പടരുന്ന ഭീകര സ്ഥിതിവിശേഷം ഇല്ലാതാക്കാന്‍ നമുക്ക് കഴിയുമോ?
മേഖലയിലും പുറത്തുമുള്ള ശക്തികള്‍ അടുത്ത ഏതാനും മാസങ്ങളില്‍ എങ്ങനെ നീങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിനുള്ള മറുപടി. ആദ്യമായി അമേരിക്ക അതിന്റെ തന്ത്രപരമായ പിഴവുകള്‍ തിരുത്തണം. പ്രഥമ പരിഗണന ബശ്ശാര്‍ ഗവണ്‍മെന്റിനെ പുറത്താക്കുന്നതിനായിരിക്കണം. അതേസമയം സിറിയയില്‍ നേരിട്ടുള്ള സൈനിക നടപടി ദോഷം ചെയ്യും. പോരാളികള്‍ക്ക് മതിയായ ആയുധങ്ങള്‍ എത്തിക്കുകയാണ് വേണ്ടത്. ഇവിടെയാണ് അമേരിക്കന്‍ ഭരണകൂടത്തിന് പിഴച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്ക ചാഞ്ചാടിക്കളിക്കുകയായിരുന്നു. ഒരുപാട് കാരണങ്ങള്‍ പറഞ്ഞ് അവര്‍ പോരാളികള്‍ക്ക് ആയുധമെത്തിക്കുന്നത് തടഞ്ഞു. ബശ്ശാര്‍ വീണാല്‍ പകരം ആരാണ് വരിക, ഇസ്‌ലാമിസ്റ്റുകളായിരിക്കുമോ, അപ്പോള്‍ തൊട്ടടുത്തുള്ള ഇസ്രയേലിന്റെ സ്ഥിതിയെന്താവും തുടങ്ങിയ ഭീതികളിലായിരുന്നു അമേരിക്ക.
ആയുധങ്ങള്‍ തെറ്റായ കരങ്ങളില്‍ എത്തരുതെന്ന് അമേരിക്ക ശാഠ്യം പിടിച്ചിരുന്നു. സിറിയന്‍ വിപ്ലവത്തില്‍ അല്‍ഖാഇദയോട് അനുഭാവം പുലര്‍ത്തുന്ന ഭീകരസംഘങ്ങള്‍ ഉണ്ടെന്നായിരുന്നു അമേരിക്കയുടെ കണ്ടുപിടിത്തം. ഇങ്ങനെയെല്ലാമാണ് അമേരിക്കക്ക് കൃത്യമായ ഒരു നിലപാടില്ലാതെ പോയത്. അതൊരു ദുരന്തമായി കലാശിക്കുകയും ചെയ്തു. ഒരു സമൂഹത്തെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്ന ബശ്ശാറിനെ കൊടും ഭീകരനായി കണ്ട് അയാളെ പുറത്താക്കുക എന്നത് ആദ്യ മുന്‍ഗണനയായി എടുക്കാന്‍ അതു കാരണം അമേരിക്കക്ക് കഴിയാതെ പോയി. നിലനില്‍ക്കുന്ന ഭീകരതയെ കാണാതെ ഒരു സാങ്കല്‍പിക ഭീകരതയെക്കുറിച്ച ഭീതിയിലായിരുന്നു ആ രാഷ്ട്രം. സിറിയയില്‍ പ്രക്ഷോഭം നടത്തുന്ന മുഖ്യ സംഘടനകളെല്ലാം തന്നെ അല്‍ഖാഇദയുമായി വളരെ അകലം പാലിക്കുന്നവയാണ് എന്നതാണ് സത്യം.
ഈ അമേരിക്കന്‍ നിലപാട് ബശ്ശാറുല്‍ അസദിന് ഫലത്തില്‍ സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്തത്. ആ ബലത്തില്‍ അയാള്‍ സിവിലിയന്മാരെ കണ്ടമാനം കൊന്നുകൂട്ടി. സ്ത്രീകള്‍ വ്യാപകമായി മാനഭംഗം ചെയ്യപ്പെട്ടു. ഇത് സ്വാഭാവികമായും ചില തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കിയിട്ടുണ്ട് എന്നത് സത്യമാണ്. 'ജബ്ഹത്തുന്നുസ്വ്‌റ' എന്ന സംഘടനയെയാണ് അമേരിക്ക തങ്ങളുടെ നിലപാടില്ലായ്മക്ക് ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘടനയെ അമേരിക്ക ഭീകരസംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഈ സംഘടനക്ക് ഗുണം ചെയ്തു. അവര്‍ വളരെയധികം ശക്തിപ്പെട്ടിട്ടുണ്ട് ഇപ്പോള്‍. അമേരിക്ക എന്തിനാണ് ഈ സംഘടനയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്ന് വ്യക്തമല്ല. ആ സംഘടന ഇതുവരെയായി ഭീകര പ്രവര്‍ത്തനങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. ഇതര സായുധ സംഘങ്ങളുമായി അവര്‍ ഏറ്റുമുട്ടിയതിനോ തദ്ദേശീയരായ ക്രൈസ്തവ, ദുറൂസി, അലവി ന്യൂനപക്ഷങ്ങളുമായി പ്രശ്‌നങ്ങളുണ്ടാക്കിയതിനോ തെളിവുകളില്ല.
'ഇസ്‌ലാമിനെ പേടിക്കുന്ന' ചില രാഷ്ട്രങ്ങള്‍ വളരെ ചെറിയ പോരാളി ഗ്രൂപ്പുകളെയാണ് ആയുധം നല്‍കി സഹായിക്കുന്നത്. അതേസമയം പ്രധാന പോരാളി ഗ്രൂപ്പുകളെല്ലാം തന്നെ ഇസ്‌ലാമികാഭിമുഖ്യമുള്ളവരും മിതനിലപാടുകാരുമാണ്. ആര്‍ക്ക് ആയുധം കൊടുക്കണം, ആര്‍ക്കൊക്കെ കൊടുത്തുകൂടാ എന്ന ചര്‍ച്ചയും അകത്തളങ്ങളില്‍ സജീവമാണ്. ഇതെല്ലാം അവസാന വിശകലനത്തില്‍ ബശ്ശാറിന്റെ സ്വേഛാധിപത്യ ഭരണകൂടത്തിന് അനുഗ്രഹമായിത്തീരുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് മേഖലയിലെ രാഷ്ട്രങ്ങളുടെയും ശക്തികളുടെയും ആദ്യ പരിഗണന ബശ്ശാറിനെ പുറത്താക്കുക എന്നതാവണം. അല്ലാത്തപക്ഷം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരറുതിയും ഉണ്ടാകില്ല. അതെവിടെ ചെന്നു നില്‍ക്കുമെന്ന് ദൈവത്തിനേ അറിയൂ. ബശ്ശാറിന് ശേഷം എന്ത് തുടങ്ങിയ സാങ്കല്‍പിക ഭയങ്ങളും, ചില പോരാളി ഗ്രൂപ്പുകളെ അവഗണിച്ചും മറ്റു ചിലവയെ പൊലിപ്പിച്ചും അവയുടെ ശാക്തിക ക്രമത്തില്‍ മാറ്റമുണ്ടാക്കണമെന്ന ചിന്തയും ഒരു വിഭാഗത്തിനും ഒരു പ്രയോജനവും ചെയ്യില്ല. അതൊക്കെയും ബശ്ശാറിന് പിടിച്ചു നില്‍ക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുക.
(അല്‍ജസീറ നെറ്റ്‌വര്‍ക്കിന്റെ മുന്‍ ഡയറക്ടര്‍ ജനറലാണ് ലേഖകന്‍. ഇപ്പോള്‍ അല്‍ശര്‍ഖ് ഫോറത്തിന്റെ അധ്യക്ഷന്‍).
Comments