ഉര്‍ദുഗാന്റെ വിയന്ന പ്രഭാഷണം
കഴിഞ്ഞ ഫെബ്രുവരി 27,28 തീയതികളില്‍ ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ ഫോറത്തിന്റെ അഞ്ചാം വാര്‍ഷിക യോഗം ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ചേരുകയുണ്ടായി. യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂന്‍, ഓസ്ട്രിയന്‍ പ്രസിഡന്റ് ഫിഷര്‍, സ്പാനിഷ് വിദേശകാര്യമന്ത്രി ജോസ് മാനുവല്‍, ഖത്തര്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ തുടങ്ങിയ പ്രഗത്ഭര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഭാഷണമാണ്. അദ്ദേഹത്തിന്റെ പതിനേഴ് മിനിറ്റു മാത്രം നീണ്ടുനിന്ന പ്രസംഗം വേദിയിലും സദസ്സിലുമുണ്ടായിരുന്നവര്‍ ഏറെ താല്‍പര്യപൂര്‍വമാണ് കേട്ടിരുന്നത്. ഭയാനകമാംവണ്ണം സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ആധുനികലോക സാഹചര്യത്തില്‍ ആരോഗ്യകരമായ പരിവര്‍ത്തനമുണ്ടാക്കേണ്ടതെങ്ങനെ എന്നതിലൂന്നിയതായിരുന്നു ആ പ്രഭാഷണം. ഇനിയുള്ള കാലം സംഘര്‍ഷത്തിന്റേതായിക്കൂടാ. സംഭാഷണത്തിന്റേതും സഹകരണത്തിന്റേതുമായിരിക്കണം.ലോകത്തെ ഇപ്പോഴുള്ള അശാന്തികളില്‍നിന്നും അസ്വസ്ഥതകളില്‍നിന്നും മോചിപ്പിച്ചേ തീരൂ. അതിന് സഹനം, സഹിഷ്ണുത, പരസ്പര ബഹുമാനം, വിശ്വാസം തുടങ്ങിയ സ്വഭാവങ്ങള്‍ നാനാ തലങ്ങളിലും വളര്‍ത്തിയെടുക്കണം. നിഷേധാത്മക പ്രവണതകള്‍ നിയന്ത്രിക്കപ്പെട്ടേ പറ്റൂ. സൃഷ്ടിപരമായ ആശയങ്ങളും സങ്കല്‍പങ്ങളും എല്ലാ വിഭാഗങ്ങളിലും ശക്തിപ്പെടുത്തണം. ലോകത്ത് നടമാടുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ മുസ്‌ലിം ലോകത്തിന്റെ ഭാഗത്തുനിന്ന് പ്രസ്താവ്യമായ ശ്രമങ്ങള്‍ നടക്കാത്തതില്‍ ഉര്‍ദുഗാന്‍ ഖേദം പ്രകടിപ്പിച്ചു. ആഫ്രോ-ഏഷ്യന്‍ വന്‍കരകള്‍ പലതരം സംഘട്ടനങ്ങളുടെ വിളനിലമായിരിക്കുകയാണ്. അതിനു നേരെ ഇനിയും നിശ്ശബ്ദരായി ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ലോകം മുന്നിട്ടിറങ്ങുക തന്നെ വേണം. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ''ഫാഷിസത്തെയും വംശീയതയെയും ആന്റി സെമിറ്റിസത്തെയും പോലെ തന്നെ മനുഷ്യരാശിക്കെതിരായ കുറ്റമായി കാണേണ്ടതാണ് സയണിസത്തെയും ഇസ്‌ലാമോഫോബിയയെയും.''
ഈ പ്രസംഗം മീഡിയ പുറത്തുവിടേണ്ട താമസം, പാശ്ചാത്യ തലസ്ഥാനങ്ങള്‍ പ്രകമ്പനം കൊണ്ടു. അമേരിക്കയും ഇസ്രയേലും ചുകപ്പ് കണ്ട കാളകളെപ്പോലെ വിറളിയെടുക്കുകതന്നെ ചെയ്തു. വിയന്ന സമ്മേളനം നടക്കുമ്പോള്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ഥം തുര്‍ക്കിയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലുണ്ടായിരുന്നു. അദ്ദേഹം നയതന്ത്ര മര്യാദകളും അതിഥി മര്യാദകളുമെല്ലാം വിസ്മരിച്ച് ആതിഥേയ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ അപലപിക്കാന്‍ ധൃഷ്ടനായി. അവിടെയും നില്‍ക്കാതെ സ്വന്തം പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറയാന്‍ തുര്‍ക്കി ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. താമസിയാതെ ഉര്‍ദുഗാനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള വൈറ്റ്ഹൗസിന്റെ പ്രസ്താവനയും പുറത്തുവന്നു. അതിനു ശേഷം ഇസ്രയേല്‍ ലോബിക്ക് സ്വാധീനമുള്ള എ.ഐ.പി.എസ് യോഗത്തിലും അമേരിക്ക ഉര്‍ദുഗാന്റെ പ്രസംഗത്തെ സൂചിപ്പിച്ച് ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഇതു സംബന്ധിച്ച് അമേരിക്കന്‍-ഇസ്രയേല്‍ പത്രങ്ങളില്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഇപ്പോഴും കത്തിനില്‍ക്കുകയാണ്. ഉര്‍ദുഗാന്റെ സയണിസം-ഇസ്‌ലാമോഫോബിയ പരാമര്‍ശം അമേരിക്കയെ ഇത്രത്തോളം വെപ്രാളപ്പെടുത്തിയെങ്കില്‍ ഇസ്രയേലില്‍ അതുണ്ടാക്കാവുന്ന കോളിളക്കം ഊഹിക്കാവുന്നതേയുള്ളൂ. ഉര്‍ദുഗാനെ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രസംഗം ശാന്തരായി കേട്ടിരുന്ന ഇതര രാഷ്ട്ര പ്രതിനിധികളെയും യു.എന്‍ സെക്രട്ടറിയെയും വരെ അവരാക്ഷേപിച്ചു. ബാന്‍ കി മൂണും അന്താരാഷ്ട്ര പ്രതിനിധികളും ആ പ്രസംഗം ബോയ്‌ക്കോട്ട് ചെയ്ത് വേദി വിട്ടറിങ്ങിപ്പോരാതിരുന്നത് മഹാപരാധമായി അവര്‍ വിലയിരുത്തി. ഉര്‍ദുഗാന് വിയന്നയില്‍ വന്ന് അത്തരമൊരു പ്രസംഗം ചെയ്യാന്‍ സാധ്യമായത് സര്‍ക്കാറിന്റെ നയതന്ത്രപരമായ പരാജയമാണെന്ന് ഇസ്രയേലീ പ്രതിപക്ഷം പ്രധാനമന്ത്രി നെതന്യാഹുവിനെ ആക്ഷേപിച്ചു. ഉടനെ ഇസ്രയേല്‍ പ്രസിഡന്റ് ശിമോന്‍ പെരസ് ജര്‍മന്‍, ആസ്ട്രിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഒരാഴ്ചക്കാലത്തെ പര്യടനത്തിനിറങ്ങി. തുടര്‍ന്ന് ആ രാജ്യങ്ങളില്‍നിന്ന് ഉര്‍ദുഗാനെ വിമര്‍ശിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവന്നു. കനഡയും തുര്‍ക്കി പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. വേദിയിലിരുന്ന് പ്രസംഗം കേട്ട യു.എന്‍ സെക്രട്ടറി ജനറലിനും ഒടുവില്‍ താന്‍ ആ പ്രസംഗത്തില്‍ സംതൃപ്തനല്ല എന്ന് പ്രസ്താവനയിറക്കേണ്ടിവന്നു.
അമേരിക്കയും ഇസ്രയേലും ഇങ്ങനെ വെപ്രാളപ്പെടുന്നതെന്തിനാണ്? ഫാഷിസം പോലെ, വംശവെറി പോലെ, ആന്റി സെമിറ്റിസം പോലെ മാനവികതക്കെതിരായ കുറ്റകൃത്യമാണ് സയണിസവും ഇസ്‌ലാമോഫോബിയയും എന്ന് അതനുഭവിച്ചിട്ടുള്ളവര്‍ക്കെല്ലാം നന്നായറിയാം. പക്ഷേ, ഇസ്രയേലും അമേരിക്കയും യൂറോപ്പും അതിന്റെ ഗുണഭോക്താക്കളാണ്. ആര്യവംശീയതയിലധിഷ്ഠിതമായ നാസിസത്തിന്റെ മറുപുറമാണ് ജൂതവംശീയതയിലധിഷ്ഠിതമായ സയണിസം. ലോകം കീഴടക്കാനും ഭരിക്കാനും ജനിച്ചവരാണ് ആര്യവംശം എന്ന ആശയത്തിന്റെ ബലത്തിലായിരുന്നു ഹിറ്റ്‌ലര്‍ ജൂതന്മാരെ കൊന്നൊടുക്കിയതും ആട്ടിയോടിച്ചതും. ലോകം ഭരിക്കാന്‍ ദൈവം പ്രത്യേകമായി തെരഞ്ഞെടുത്ത് നിയോഗിച്ചിട്ടുള്ളവരാണ് തങ്ങളെന്നും ഫലസ്ത്വീന്‍ ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ പശ്ചിമേഷ്യ ദൈവം തങ്ങള്‍ക്ക് മാത്രമായി കല്‍പിച്ചരുളിയ ഭൂമിയാണെന്നും സയണിസ്റ്റുകള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ ബലത്തിലാണ് അവര്‍ ഫലസ്ത്വീനികളെ കൊന്നൊടുക്കുന്നതും. ഈ വിശ്വാസത്തിനും നടപടിക്കും അനുകൂലമായി വ്യാഖ്യാനിക്കപ്പെടുന്ന ചില സൂചനകള്‍ ക്രൈസ്തവര്‍ കൂടി അംഗീകരിക്കുന്ന അവരുടെ വേദപുസ്തകത്തിലുണ്ട്. പാശ്ചാത്യ ക്രൈസ്തവ ലോകത്തെ സയണിസത്തിന്റെ ഭക്തരും ഇസ്രയേലിന്റെ സേവകരുമാക്കുന്ന പ്രധാന ഘടകമാണിത്. അപ്പോള്‍ സയണിസമെന്നാല്‍ മതമൗലിക-തീവ്രവാദത്തിന്റെ കറകളഞ്ഞ ഉരുപ്പടിയാണ്. അതിന്റെ നിഷ്ഠുരമായ പ്രയോഗമാണ് അറബ്-മുസ്‌ലിം വംശഹത്യയിലൂടെ ഇസ്രയേലും അവരെ കൈമെയ് മറന്ന് സഹായിക്കുന്നതിലൂടെ പാശ്ചാത്യരും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ തീവ്രവാദ ഭീകരതയെ ഒളിച്ചുപിടിക്കാനുള്ള തിരശ്ശീലകളാണ് അവര്‍ ഘോഷിക്കുന്ന മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ. അന്വേഷിച്ചുചെന്നാല്‍ ഇറാഖിലെ കൂട്ടനശീകരണായുധങ്ങള്‍ പോലെ അതൊന്നും കണ്ടെത്തുകയില്ല. അഥവ കണ്ടെത്തുന്നുവെങ്കില്‍ യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കുമിടയില്‍ മാത്രം മാനിക്കപ്പെടുന്ന മൂല്യങ്ങളായിട്ടേ കണ്ടെത്തൂ. ഈ മുഖംമൂടിയിലാണ് വിയന്ന പ്രസംഗത്തിലൂടെ ഉര്‍ദുഗാന്‍ കൈവെച്ചത്. പടിഞ്ഞാറ് എങ്ങനെ വെപ്രാളപ്പെടാതിരിക്കും?!
Comments