ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-6
ഈ യാത്രാവിവരണം മനസ്സില്‍ ചിട്ടപ്പെടുത്തിയത് പ്രകാരം, ഫലസ്ത്വീനി നേതാക്കളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ഇതിന്റെ ഒടുവിലാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, രക്തസാക്ഷികളുടെ ഉമ്മ എന്നറിയപ്പെടുന്ന ഉമ്മു നിദാല്‍ എന്ന മര്‍യം ഫര്‍ഹത്തിനെക്കുറിച്ച കുറിപ്പ് ഇപ്പോള്‍ എഴുതേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച (മാര്‍ച്ച് 17) യാത്രാ വിവരണത്തിന്റെ പുതിയ അധ്യായം എഴുതാനിരുന്നപ്പോഴാണ് ആ വിവരം ലഭിക്കുന്നത്- ആ ഉമ്മ മരിച്ചിരിക്കുന്നു. സത്യം; ഗസ്സ യാത്രയില്‍, മറ്റെന്തിനെക്കാളും മനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു മുഖമായിരുന്നു അത്. ചെവിയില്‍ പിന്നെയും പിന്നെയും മുഴങ്ങിക്കൊണ്ടേയിരുന്ന ശബ്ദമായിരുന്നു അവരുടേത്. മനസ്സില്‍ രൂപപ്പെട്ട, എപ്പോഴും അടിച്ചുവീശിക്കൊണ്ടിരുന്ന ചുഴലിയായിരുന്നു അവര്‍. ഇനിയും ഉത്തരം കാണാന്‍ കഴിയാത്ത ഒരു പ്രഹേളികയായിരുന്നു; വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവാത്ത പ്രതിഭാസമായിരുന്നു; ഫലസ്ത്വീനി പോരാട്ടത്തിന്റെ സര്‍വഭാവങ്ങളും മക്കനയിട്ട് മുന്നില്‍ വന്നുനില്‍ക്കുന്നതിന്റെ പേരായിരുന്നു മര്‍യം ഫര്‍ഹത്. ഒരു സ്ത്രീയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കൈകാലുകള്‍ വിറച്ചുപോയ, വാക്കുകള്‍ മുറിഞ്ഞു പോയ, കണ്ണുകള്‍ നിറഞ്ഞൊഴുകിയ, നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞ, ചക്രവാളങ്ങള്‍ വിറകൊള്ളുന്നതു പോലെ തോന്നിയ അസാധാരണമായ ആ സായാഹ്നം എളുപ്പം മറക്കാനൊക്കില്ല. സപ്തസമുദ്രങ്ങളെയും തിളപ്പിക്കാന്‍ മാത്രമുള്ള തീക്ഷ്ണത; അഗ്നിപര്‍വതങ്ങളെ ശീതീകരിക്കാന്‍ പോന്ന വാത്സല്യം -അത് രണ്ടും ആ കണ്ണുകളിലുണ്ടായിരുന്നു. ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞുവെന്നറിയുമ്പോള്‍ വാക്കുകള്‍ മുറിയും. ഉന്മാദം എഴുത്തിനെ കീഴ്‌പ്പെടുത്തിക്കളഞ്ഞേക്കും. ദൈവമേ, മര്‍യം ഫര്‍ഹതിനെക്കുറിച്ച് എന്തെഴുതും? എഴുതുമ്പോള്‍ ഈ കീബോര്‍ഡില്‍ തീപടരുന്നുവോ? ഫലസ്ത്വീനിലെ ചെറുപ്പക്കാരുടെ വിമോചന സ്വപ്നങ്ങള്‍ക്ക് തീപടര്‍ത്തിയ, ഇസ്രയേലി കിരാതന്മാരുടെ മനസ്സകമില്‍ തീ കോരിയിട്ട ആ അസാധാരണ സ്ത്രീയുടെ ഓര്‍മകള്‍ നമ്മെ ശരിക്കും സ്തബ്ധരാക്കിക്കളയും.
മര്‍യം ഫര്‍ഹതിനെക്കുറിച്ച് പറയാന്‍ ശ്രമിക്കാം. ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ള ഒരു സാധാരണ വീട്ടമ്മയായിരുന്നു അവര്‍. നാല് പെണ്‍കുട്ടികളടക്കം പത്ത് മക്കളുടെ മാതാവ്. പോലീസുകാരനായ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടു. മൂത്ത മകന്റെ പേരില്‍ അറിയപ്പെടുന്ന ഫലസ്ത്വീനി പതിവനുസരിച്ച് ആളുകള്‍ അവരെ ഉമ്മുനിദാല്‍ എന്നു വിളിച്ചു. നിദാല്‍, മുഹമ്മദ്, റവാദ് എന്നീ അവരുടെ മൂന്ന് ആണ്‍ മക്കള്‍ ഫലസ്ത്വീനി പോരാട്ടത്തിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളാണ്. അതിനാല്‍ ജനങ്ങള്‍ അവരെ രക്തസാക്ഷികളുടെ മാതാവ് എന്ന് വിളിച്ചു. ഫലസ്ത്വീന്റെ സ്വന്തം ഖന്‍സാ ആയി അവര്‍ വാഴ്ത്തപ്പെട്ടു. സ്വന്തം ഭര്‍ത്താവിന്റെയും മക്കളുടെയും രക്തസാക്ഷിത്വത്തെ ആഹ്ലാദത്തോടെ സ്വീകരിച്ച സ്വഹാബി വനിതയായ ഖന്‍സാഇന്റെ ഫലസ്ത്വീന്‍ പിറയായി അവര്‍ ഉമ്മുനിദാലിനെ കണ്ടു.
രണ്ടാമത്തെ മകന്‍ മുഹമ്മദാണ് ആദ്യം രക്തസാക്ഷിയാവുന്നത്. മുഹമ്മദിന്റെ രക്തസാക്ഷിത്വമാണ് ഉമ്മു നിദാലിനെ ഫലസ്ത്വീനി പോരാളികളുടെ ഹീറോ ആക്കി മാറ്റിയത്. 17 വയസ്സുള്ള മുഹമ്മദ്, 2002 മാര്‍ച്ച് 7-ന്, ഗസ്സയിലെ ഇസ്രയേലി കുടിയേറ്റ കേന്ദ്രമായ അസ്‌മോണ1യിലെ മിലിട്ടറി അക്കാദമിയില്‍ നടത്തിയ ആക്രമണത്തിനിടെയാണ് രക്തസാക്ഷിയാവുന്നത്. കൊല്ലപ്പെടും എന്നുറപ്പുള്ള രക്തസാക്ഷി ആക്രമണമായിരുന്നു അത്; മാധ്യമ ഭാഷയിലെ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ അക്കാദമിയിലെ അഞ്ച് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍, തങ്ങളുടെ നഷ്ടം കുറച്ചു പറയുന്ന ഇസ്രയേലി പതിവ് മാത്രമാണിതെന്നാണ് ഉമ്മുനിദാലിന്റെയും ഹമാസിന്റെയും വിലയിരുത്തല്‍. പത്ത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അവര്‍ വിശ്വസിക്കുന്നത്. മൂത്ത മകന്‍ നിദാല്‍ 2003-ല്‍, ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഒരു ഓപ്പറേഷനിടെ ബോംബ് സ്‌ഫോടനത്തില്‍ രക്തസാക്ഷിയായി. മൂന്നാമത്തെ മകന്‍ റവാദ്, 2005-ല്‍, കാറില്‍ സഞ്ചരിക്കവെ ഇസ്രയേലിന്റെ മിസൈല്‍ പതിച്ച് രക്തസാക്ഷിയായി. നാലാമത്തെ മകന്‍ വിസാം, ഒരു രക്തസാക്ഷി ആക്രമണത്തിനുള്ള യാത്രക്കിടെ പിടിക്കപ്പെട്ട് 11 വര്‍ഷക്കാലം ഇസ്രയേലി തടവറയിലായിരുന്നു. ഒരു മകളുടെ ഭര്‍ത്താവും ഇസ്രയേലി ആക്രമണത്തിനിടെ രക്തസാക്ഷിയായി. വിസാം അടക്കം ജീവിച്ചിരിപ്പുള്ള മൂന്ന് ആണ്‍ മക്കളും ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡിലെ പോരാളികളാണ് ഇപ്പോള്‍. ഉമ്മുനിദാലിന്റെ വീട് ഇസ്രയേല്‍ മൂന്ന് തവണ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്. 2006-ല്‍ നടന്ന ഫലസ്ത്വീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉമ്മുനിദാല്‍ ഹമാസ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
മുഹമ്മദ് രക്തസാക്ഷിത്വം തെരഞ്ഞെടുത്തതും കൗമാരക്കാരനായ ആ മകനെ ഉമ്മ രക്തസാക്ഷിത്വത്തിലേക്ക് ആനയിച്ചതും ഫലസ്ത്വീനിലെ വലിയൊരു ഇതിഹാസ കഥയാണ്. നമുക്ക് ആ കഥയിലേക്ക് കടക്കാം. ഉമ്മയുടെ നിര്‍ദേശ പ്രകാരം, ഉമ്മയുടെ ആശീര്‍വാദത്താലും അനുഗ്രഹത്താലും അവന്‍ രക്തസാക്ഷിയാക്രമണത്തിന് പുറപ്പെടുകയാണ്. പ്രിയ മകനെ രക്തസാക്ഷിയാകാന്‍ പറഞ്ഞയക്കുന്ന, ആ വിടവാങ്ങല്‍ ചടങ്ങ് വീഡിയോ കാമറയില്‍ പകര്‍ത്തിവെച്ചു. ഒരു കൈയില്‍ കലാഷ്‌നിക്കോവ് തോക്കേന്തിയ മുഹമ്മദിന്റെ മറുകൈയില്‍ പിടിച്ച് അവര്‍ പറയുകയാണ്. 'അല്ലാഹുവേ, നീയാണ് സത്യം. ഞാന്‍ ഇതാ എന്റെ മകനെ നിനക്കായി നേര്‍ച്ചയാക്കുന്നു. എന്റെ മകനെ നിന്റെ സ്വര്‍ഗത്തിലേക്ക് സമര്‍പ്പിക്കുമ്പോള്‍, അവനെ സമ്പൂര്‍ണമായി നിനക്കായി നല്‍കുമ്പോള്‍, അല്ലാഹുവേ, എന്താണ് എന്റെ വിചാരം? അല്ലാഹുവേ, നീയാണ് സത്യം; നീയാണ് സത്യം; എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങളാണിത്. നീ അവനെക്കുറിച്ച് തൃപ്തനാകുമെന്ന് ഞാന്‍ വിചാരിക്കുന്നു. എന്റെ മറ്റു മക്കളെയും ഞാന്‍ നിനക്കായി സമര്‍പ്പിക്കുന്നു. ഞാന്‍ അവനെ മരണത്തിലേക്ക് പറഞ്ഞയക്കുകയല്ല. ഇതിലും സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് യാത്രയയക്കുകയാണ്. അല്ലാഹുവാണ; എനിക്ക് നൂറ് മക്കളുണ്ടായിരുന്നെങ്കില്‍ അവരെ എല്ലാവരെയും ഞാന്‍ നിനക്കായി സമര്‍പ്പിക്കുമായിരുന്നു. ശരിയാണ്, ഒരു ഉമ്മക്ക് മക്കളെക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല. പക്ഷേ, അല്ലാഹുവിന്റെ കാര്യത്തില്‍ നമുക്ക് വിലപ്പെട്ടതെല്ലാം നിസ്സാരമാണ്.'
Inside Hams 2 എന്ന ഗ്രന്ഥത്തില്‍ സക്കീ ശിഹാബ് ആ ഉമ്മയുടെയും മകന്റെയും അവസാന രംഗങ്ങള്‍ വിശദമാക്കുന്നുണ്ട്. രക്തസാക്ഷി ആക്രമണത്തിന് പുറപ്പെടുന്നതിന്റെ മൂന്ന് ദിവസം മുമ്പ് മുതല്‍ എല്ലാ ദിവസവും ആ ഉമ്മ പുലര്‍കാലത്തെഴുന്നേറ്റ് മകന്‍ കിടന്നുറങ്ങുന്ന മുറിയിലേക്ക് പോവും. ശാന്തമായുറങ്ങുന്ന അവന്റെ സുന്ദരമായ മുഖത്തേക്ക് അവര്‍ കണ്ണിമ എടുക്കാതെ നോക്കി നില്‍ക്കും. ഉമ്മു നിദാല്‍ പറയുന്നു: 'അവന്‍ അതീവ സുന്ദരനായിരുന്നു. ദൈവം അവന് നല്‍കിയതിന് പകരമായി അവന്‍ രക്തസാക്ഷിയാകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കും. അല്ലാഹുവെ ഓര്‍ത്ത് ഞാന്‍ എന്റെ മാതൃവികാരങ്ങളെ അടിച്ചിരുത്തും. ഭയം എന്നെ പിടികൂടിയിരുന്നെങ്കില്‍ എന്റെ പുന്നാര മകനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല'. ഒടുവില്‍, ഉമ്മയോട് യാത്രപറഞ്ഞിറങ്ങുന്ന ദിവസം, മുഹമ്മദ് അവന്റെ അവസാനത്തെ വസ്വിയത്ത് വായിച്ചുകേള്‍പ്പിക്കുകയായിരുന്നു. അത് കേള്‍ക്കവെ, ആ ഉമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങി. അതു കണ്ടപ്പോള്‍ ഒരു പരിഹാസച്ചിരിയോടെ അവന്‍ പറഞ്ഞു: 'ഉമ്മാ, നിങ്ങളിങ്ങനെ കരയുകയാണെങ്കില്‍ ഞാന്‍ എന്റെ പണി നിര്‍ത്തും'. അപ്പോള്‍ ഉമ്മ പറഞ്ഞു: 'മകനേ, ഞാന്‍ നിന്റെ ഉമ്മയാണ്. രാവും പകലും ഞാന്‍ നിനക്ക് വേണ്ടി കരയും. എന്റെ കണ്ണുനീരിനെ നീ ദുര്‍വ്യാഖ്യാനിക്കരുത്. സ്വര്‍ഗത്തിലെ ഹൂറിമാര്‍ക്ക് സ്വന്തം മകനെ കല്യാണം കഴിച്ചയക്കുമ്പോള്‍ ഒരു ഉമ്മക്കുണ്ടാവുന്ന സന്തോഷത്തിന്റെ കണ്ണുനീര്‍ മാത്രമാണത്. നീ ഉത്തരവുകള്‍ അനുസരിക്കുക. അല്ലാഹുവിനെ കണ്ടുമുട്ടുന്നതു വരെ പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുക'. മുഹമ്മദ് ചിരിച്ചു. ഉമ്മയെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു. പുഞ്ചിരിച്ചു കൊണ്ട് അവന്‍ ഇറങ്ങിപ്പോയി. തന്റെ ദൗത്യം നിറവേറ്റുന്നതിന് മുമ്പ് അവന്‍ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആധി മാത്രമായിരുന്നു ആ ഉമ്മക്ക്. അവസാനം, സന്ധ്യാ നേരത്ത് അവര്‍ ആഗ്രഹിച്ച ആ വാര്‍ത്ത വന്നെത്തി. തെക്കന്‍ ഗസ്സയിലെ ഗുഷ് കതീഫില്‍, അസ്‌മോണ കുടിയേറ്റ കേന്ദ്രത്തിലെ മിലിട്ടറി അക്കാദമിയില്‍, കമ്പിവേലികള്‍ മുറിച്ചു മാറ്റി അവന്‍ പ്രവേശിച്ചിരിക്കുന്നു. അവന്‍ അവന്റെ ദൗത്യത്തില്‍ വിജയിച്ചിരിക്കുന്നു. തന്റെ തോക്കിലെ ഉണ്ടകള്‍ തീരുവോളം മുഹമ്മദ് നിരത്തി വെടിവെച്ചു. ഒടുവില്‍, ഇസ്രയേലി സൈനികരുടെ വെടിയേറ്റ് അവന്‍ രക്തസാക്ഷിയായി.
മുഹമ്മദിന്റെ രക്തസാക്ഷിത്വ വാര്‍ത്ത വന്നയുടന്‍ അവന്റെ സുഹൃത്തുക്കള്‍ ഉമ്മുനിദാലിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നു. അവര്‍ക്ക് ഹല്‍വയും ചോക്ലേറ്റും നല്‍കി ആ ഉമ്മ മകന്റെ മഹത്തായ നേട്ടത്തിന്റെ ആഹ്ലാദം പങ്കുവെച്ചു. അടുത്ത ദിവസം ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു: 'ഞാന്‍ അവനോട് കേവലമായ വാത്സല്യം കാണിക്കണമെങ്കില്‍ അതെനിക്ക് ആകാമായിരുന്നു. പക്ഷേ, അത് തെറ്റായിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കി. ശരിയാണ്, ഒരു സാധാരണ ഉമ്മയുടെ വികാരങ്ങള്‍ എനിക്കുണ്ടായിരുന്നു. ഞാന്‍ അവ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു. എന്തുകൊണ്ട്? മകനോട് സ്‌നേഹമുള്ള ഒരു ഉമ്മ എന്താണ് ചെയ്യേണ്ടത്? ഏറ്റവും മെച്ചപ്പെട്ട കാര്യം അവന് തെരഞ്ഞെടുത്ത് നല്‍കണം. അവന് നല്‍കാന്‍, ഈ ലോകത്തേക്കാള്‍ എത്രയോ നല്ലതായി എന്റെ കാഴ്ചപ്പാടില്‍ പരലോകമാണ്. ഞാന്‍ അവന് അത് നല്‍കി'.
അല്ലാഹുവിന്റെ ആജ്ഞയെ ശിരസാവഹിച്ച്, അരുമ ഇസ്മാഈലിനെ ബലിയറുക്കാന്‍ ഓങ്ങിയ ഇബ്‌റാഹീം പ്രവാചകന്റെ കഥ ഇസ്‌ലാമിക ചരിത്രത്തിലെ ത്യാഗത്തിന്റെ മഹാഖ്യാനമാണ്. ജീവിതത്തിന്റെ സായാഹ്നത്തില്‍ അനുഗ്രഹമായി പിറന്നുവീണ ഇബ്‌റാഹീമിന്റെ ബലിയെയും ത്രസിക്കുന്ന യൗവനത്തില്‍ നില്‍ക്കുന്ന മകനെ ദൈവത്തിന് സമര്‍പ്പിച്ച വിധവയായ ഉമ്മുനിദാലിന്റെ സന്നദ്ധതയെയും ബന്ധപ്പെടുത്തിയ ആഖ്യാനങ്ങള്‍ ഫലസ്ത്വീനി പ്രതിരോധ സാഹിത്യത്തിന്റെ ഭാഗമായി. ഉമ്മുനിദാലിന്റെ കഥ, ഒരു ഐതിഹ്യമെന്ന പോലെ മരുക്കാറ്റിനൊപ്പം നാടാകെ പടര്‍ന്നുപരന്നു. ജീവിക്കുന്ന ഇതിഹാസമായി ആ ഉമ്മ, ഫലസ്ത്വീനി പോരാട്ടത്തിന്റെ അടയാളക്കുറിയായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മൂത്ത മകന്‍ നിദാലും മൂന്നാമത്തെ മകന്‍ റവാദും രക്തസാക്ഷികളായതോടെ അവര്‍ അവരെ ഫലസ്ത്വീനിന്റെ ഖന്‍സാ എന്നുവിളിച്ചു തുടങ്ങി. അതിനിടെ നാലാമത്തെ മകന്‍ വിസാം ഇസ്രയേലി ജയിലിലുമായി. പതര്‍ച്ചയുടെയോ തളര്‍ച്ചയുടെയോ ചെറുലക്ഷണം പോലും കാണിക്കാതെ ഉമ്മുനിദാല്‍ പോരാട്ടത്തിന്റെ കട്ടിക്കരിങ്കല്ലായി സ്വയം നിലകൊണ്ടു. യുവ ഫലസ്ത്വീനി പോരാളികള്‍ ആ ഉമ്മയില്‍ തങ്ങളുടെ നായികയെ കണ്ടെത്തി. സമയം കിട്ടുമ്പോള്‍ അവരുടെ സവിധത്തിലെത്തി വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചു. പോരാളികളുടെ ആത്മീയ ഗുരുവായി അവര്‍ മാറുകയായിരുന്നു. എപ്പോഴും ഒളിവില്‍ മാത്രം കഴിയുന്ന പോരാളികള്‍ പോലും ഖഹ്‌വ കുടിക്കാന്‍ ആ വീട്ടിലെത്തി. ഖസ്സാം ബ്രിഗേഡിന്റെ തീക്കതിര്‍ പോരാളിയായിരുന്നു യഹ്‌യാ അയ്യാശ്.3 പലവിധ വേഷങ്ങള്‍ കെട്ടി ഇസ്രയേലിനെ ഞെട്ടിച്ച നിരവധി ഓപറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ അസാധാരണമായ ഒരു പോരാട്ട ജീവിതത്തിന്റെ പേരായിരുന്നു അത്. സര്‍വസാമഗ്രികളുമുപയോഗിച്ച് പിടികൂടാന്‍ ശ്രമിച്ചിട്ടും കിട്ടാതായപ്പോള്‍ കുറുക്കന്‍ എഞ്ചിനീയര്‍ എന്ന് ഇസ്രയേലി സൈന്യം അവന് പേരിട്ടു. ഇസ്രയേലി ഹിറ്റ്‌ലിസ്റ്റിലെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്. ഇസ്രയേലി പാര്‍ലമെന്റായ നെസറ്റില്‍ പോലും അയ്യാശ് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ചര്‍ച്ചക്കിടെ, പ്രധാനമന്ത്രി യിഷാക് റബീന്‍ പറഞ്ഞു, ഈ നെസറ്റില്‍ നമുക്കിടയില്‍ അവന്‍ ഇരിക്കുന്നുണ്ടോ എന്ന് ഞാന്‍ ഭയക്കുന്നു. അയ്യാശിന്റെ കഥ പറയാന്‍ തുടങ്ങിയാല്‍ ഈ കുറിപ്പ് അനന്തമായി നീണ്ടു പോകും. അയ്യാശ് പലപ്പോഴും തന്റെ അഭയസങ്കേതമായി കണ്ടത് ഉമ്മുനിദാലിന്റെ വീടായിരുന്നു. അവന് ഒളിക്കാനായി ആ ഉമ്മ തന്റെ വീടിന്റെ പുറക് വശത്ത് ഒരു തുരങ്കം പണികഴിപ്പിച്ചിരുന്നു. ഒരിക്കല്‍ അവന്‍ വീട്ടിലുണ്ടായിരിക്കെ, ഇസ്രയേല്‍ സൈന്യം അവനെയും തേടി അവിടെ എത്തുകയും ചെയ്തു. പക്ഷേ, ആ ഉമ്മ അവനെ ചിറകിനടിയിലൊളിപ്പിച്ചു. ചാഞ്ചല്യമില്ലാതെ ഇസ്രയേലി സൈന്യത്തെ തിരിച്ചയച്ചു. അങ്ങനെ, ശരിക്കും ഒരു ഐതിഹ്യ കഥ പോലെ ആ ഉമ്മ അവര്‍ക്കിടയില്‍ ജീവിച്ചു. 2006-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവരെ സ്ഥാനാര്‍ഥിയാക്കാന്‍ ഹമാസിന് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. അവരെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാരും രണ്ടുവട്ടം ആലോചിച്ചില്ല. പൂപോലെ അവര്‍ ജയിച്ചുവന്നു. മാര്‍ച്ച് 17-ന് അവരുടെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തിയ ആയിരങ്ങള്‍ ഗസ്സക്കാര്‍ക്ക് അവരോടുള്ള സ്‌നേഹത്തിന്റെ തെളിവായിരുന്നു. ഉമ്മുനിദാലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്ത ഒരു ഇസ്രയേലി വെബ്‌സൈറ്റ് വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട് 'ആ ചെകുത്താന്‍ ചത്തു'വെന്നായിരുന്നു. ഫലസ്ത്വീനികള്‍ക്ക് അവര്‍ സ്‌നേഹഭാജനമായിരുന്നെങ്കില്‍ ഇസ്രയേലികള്‍ ഏറ്റവും വെറുക്കുകയും ഭയക്കുകയും ചെയ്ത സ്ത്രീയായിരുന്നു അവര്‍.
ഉമ്മുനിദാലിനെക്കുറിച്ച ഈ ഐതിഹ്യങ്ങളെല്ലാം മനസ്സില്‍ വെച്ചാണ് കഴിഞ്ഞ ജനുവരി 14-ന് വൈകുന്നേരം തെക്കന്‍ ഗസ്സയിലെ അവരുടെ വീട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഹമാസ് പ്രവര്‍ത്തകനും തകര്‍ക്കപ്പെട്ട ഹമാസ് ആസ്ഥാന മന്ദിരത്തിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സിസ്റ്റം ഉദ്യോഗസ്ഥനുമായ ജലാലിനൊപ്പമാണ് അവിടേക്ക് തിരിച്ചത്. ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്ക് മകന്‍ വിസാം തന്റെ കറുത്ത ചെറോക്കി കാറില്‍ അവിടെയെത്തി. ആജാനുബാഹുവും സുമുഖനുമായ വിസാം ഒറ്റ കാഴ്ചയില്‍ തന്നെ ഒരു പോരാളിയുടെ സര്‍വ ലക്ഷണങ്ങളും ഒത്തുചേര്‍ന്ന ചെറുപ്പക്കാരനാണ്. ഗ്രനേഡ് ഉപയോഗിക്കവെ അവന്റെ വലത്തെ കൈയിലെ രണ്ട് വിരലുകള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ആകര്‍ഷകമായി സംവിധാനിച്ച സ്വീകരണ മുറിയിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. ചിത്രങ്ങളും പൂക്കളും കൊണ്ട് അലങ്കരിച്ച മനോഹരമായ സ്വീകരണ മുറികള്‍ ഏതാണ്ടെല്ലാ ഗസ്സന്‍ വീടുകളുടെയും പ്രത്യേകതയാണ്. ഒട്ടും സൗകര്യമില്ലാത്ത ശൈഖ് അഹ്മദ് യാസീന്റെ കൊച്ചുവീട്ടിലുമുണ്ട് വിശാലവും മനോഹരവുമായ സ്വീകരണ മുറി. അസ്‌മോണയിലെ മിലിട്ടറി അക്കാദമി വളപ്പില്‍ പ്രവേശിക്കാന്‍ മുഹമ്മദ് മുറിച്ചു മാറ്റിയ കമ്പിവേലിയുടെ ഭാഗം ഒരോര്‍മ്മക്ക് വേണ്ടിയെന്നോണം വീട്ടുവളപ്പില്‍ പ്രദര്‍ശിപ്പിച്ചു വെച്ചിട്ടുണ്ട്. അവന്‍ മുമ്പ് ഉപയോഗിച്ചിരുന്ന 1959 സീരീസില്‍ പെട്ട ചെകോസ്ലോവാക്യന്‍ സ്‌കോര്‍പിയോണ്‍ തോക്ക് സ്വീകരണ മുറിയിലെ ചുമരില്‍ തൂക്കിയിരിപ്പുണ്ട്.
വിസാം അകത്തേക്ക് പോയി. കുടിക്കാന്‍ ഖഹ്‌വയെത്തി. അത് കുടിച്ചുകൊണ്ടിരിക്കെ, വിസാമിന്റെ കയ്യില്‍ താങ്ങിപ്പിടിച്ച് അവര്‍ വന്നു. കാല്‍മുട്ടിന്റെ അസുഖം കാരണം തനിയെ നടക്കാന്‍ പ്രയാസമുണ്ട്. അവര്‍ ഞങ്ങള്‍ക്കഭിമുഖമായി സോഫയിലിരുന്നു. കാല്‍ താഴ്ത്തിയിടാന്‍ പ്രയാസമുള്ളത് കാരണം മുമ്പില്‍ വെച്ച കൊച്ചുകസേരയില്‍ കാല്‍ കയറ്റി വെച്ചു. ജലാല്‍ ഞങ്ങളെ പരിചയപ്പെടുത്തി. അവര്‍ ഞങ്ങളെ ഓരോരുത്തരെയും നോക്കി. ആ സന്ദര്‍ഭത്തില്‍ ലോകം മുഴുവന്‍ മൗനത്തില്‍ പൂണ്ട്, അന്തരീക്ഷം കനത്ത് വരുന്നതു പോലെ എനിക്ക് തോന്നി. അത്രക്കുണ്ട് ആ നോട്ടത്തിന്റ തീക്ഷ്ണത. കണ്ണുകളില്‍ നിന്ന് മിന്നല്‍ പിണറുകള്‍ പുറത്തേക്ക് ജ്വലിക്കുന്നത് പോലെ. അവര്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ് ശരിക്കും ശ്വാസം നേരെയായത്. കനത്ത ഒരു ശബ്ദമാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ആ വാക്കുകള്‍ക്ക് എന്തൊരു നൈര്‍മല്യം; നിഷ്‌കളങ്കത. സ്‌ത്രൈണ ശബ്ദത്തിന്റെ എല്ലാ മിശ്രണങ്ങളും കൊണ്ട് പാകപ്പെട്ട വാക് വീചികള്‍. അവര്‍ വലിയ കാര്യങ്ങളൊന്നും പറഞ്ഞില്ല. ജിഹാദിനെക്കുറിച്ച്, ഫലസ്ത്വീന്റെ മോചനത്തെക്കുറിച്ച്, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഖാലിദ് മിശ്അല്‍ വീട്ടില്‍ വന്നതിന്റെ സന്തോഷത്തെക്കുറിച്ച് അവര്‍ പറഞ്ഞു. ഇന്ത്യയിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അല്ലാഹുവിന്റെ മുഖം കണ്ട് കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഉപദേശിച്ചു. ഉമ്മയോട് എന്തെങ്കിലും പറയണമെന്നോ അവരില്‍ നിന്ന് എന്തെങ്കിലും കേള്‍ക്കണമെന്നോ യഥാര്‍ഥത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. അവരെ കാണുക മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. ഞങ്ങള്‍ ശരിക്കും അവരെ കണ്ടിരിക്കുന്നു. ഇനിയിറങ്ങാം. ഇറങ്ങുന്നതിന് മുമ്പ് കുടിക്കാന്‍ ശീതള പാനീയവും തിന്നാനുള്ള പലഹാരങ്ങളുമെത്തി. ഞങ്ങള്‍ ഇറങ്ങുന്നതിന് മുമ്പെ വിസാം ഇറങ്ങിയിരുന്നു. ഒരു പക്ഷേ, അതിര്‍ത്തിയിലെ പോരാട്ടമുഖത്ത് എന്തോ വലിയ ഉത്തരവാദിത്തത്തിനിടയിലായിരിക്കാം അവന്‍ അതിഥികളെ പരിചരിക്കാനെത്തിയത്. ഒരിക്കല്‍ കൂടി ആ കണ്ണുകളിലേക്ക് നോക്കി, സലാം പറഞ്ഞ് ഞങ്ങളിറങ്ങി.
(തുടരും)
1. ഗസ്സയില്‍ റഫാ അതിര്‍ത്തിക്കടുത്ത് നിലവിലുണ്ടായിരുന്ന ഇസ്രയേലി കുടിയേറ്റ കേന്ദ്രമായ ഗുഷ് കതീഫിലെ പ്രദേശമാണ് അസ്‌മോണ. 2005 ആഗസ്റ്റില്‍ ഈ പ്രദേശത്ത് നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്മാറി. ഇന്ന് ഗസ്സ ഭരണകൂടത്തിന്റെ കൈവശമാണ് ഈ പ്രദേശം. തുര്‍ക്കി സര്‍ക്കാറിന്റെ സഹായത്തോടെ, ഗസ്സ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ സ്ഥാപിക്കപ്പെടുന്ന മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനം ഇവിടെയാണ് നടക്കുന്നത്.
2. Inside Hamas: the Untold Story of Militants, Martyrs and Spies by Zaki Chehab. Published by IB TAURIS (May 2008)
3. യഹ്‌യാ അയ്യാശ് (1966-1996). ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ വെസ്റ്റ് ബാങ്ക് ചാപ്റ്ററിന്റെ ചുമതലയുണ്ടായിരുന്ന യുവ എഞ്ചിനീയര്‍. ഖസ്സാം ബ്രിഗേഡിന്റെ ബോംബ് മേക്കര്‍ ആയി അറിയപ്പെട്ടു. 1996 ജനുവരി അഞ്ചിന് ബോംബ് ഘടിപ്പിച്ച മൊബൈല്‍ ഫോണ്‍ നല്‍കിക്കൊണ്ട് ഇസ്രയേലി രഹസ്യപ്പോലീസ് നടത്തിയ ഓപറേഷനില്‍ അദ്ദേഹം 29-ാം വയസ്സില്‍ രക്തസാക്ഷിയായി.
Comments