Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

ഇറാഖ്: ദുരിതപര്‍വത്തിന്റെ ഒരു ദശകം

ലേഖനം ഡോ. നസീര്‍ അയിരൂര്‍

ക്കഴിഞ്ഞ മാര്‍ച്ച് 19-ഓടെ അമേരിക്കന്‍ സഖ്യസേനയുടെ ഇറാഖ് അധിനിവേശത്തിന് 10 വര്‍ഷം പിന്നിടുകയാണ്. 2003-ല്‍ 170000 സൈനികരുമായി 505 സൈനിക താവളങ്ങളില്‍ നിന്ന് അല്‍ ഖാഇദയുടെ തായ്‌വേരറുക്കാനും കൂട്ട നശീകരണായുധങ്ങളുടെ സംഭരണികള്‍ തേടിയുമാണ് അമേരിക്കയും നാറ്റോ സഖ്യസേനയും ഇറാഖില്‍ എത്തിയത്. ഒന്നര ലക്ഷത്തിലധികം ഡിപ്ലോമാറ്റുകളെയും 4000-ത്തിലധികം സൈനികരെയും കുടിയിരുത്തി അമേരിക്കന്‍ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര കാര്യാലയം ബഗ്ദാദില്‍ സ്ഥാപിച്ച യാങ്കിപ്പട അധിനിവേശം 'പൂര്‍ണമായും' അവസാനിപ്പിച്ച് 2011-ല്‍ ഇറാഖ് വിട്ടുവെന്ന് ഒബാമ അവകാശപ്പെടുന്നതിലെ യുക്തി മനസ്സിലാക്കാന്‍ യാങ്കീ സ്തുതിപാഠകരായ പാശ്ചാത്യ മാധ്യമങ്ങള്‍ക്കും സഖ്യസേനാ രാജ്യങ്ങള്‍ക്കും മാത്രമേ കഴിയൂ. ഇറാഖ് ഒരു പരമാധികാര സ്വതന്ത്ര രാജ്യമെന്ന പദവിയിലേക്ക് ഉയര്‍ന്നതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും, സുസ്ഥിരവും സ്വയം പര്യാപ്തവുമായ നിലയിലേക്ക് (Self Reliant Iraq) മാറിയതായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും വീമ്പുപറയുന്നുണ്ടെങ്കിലും 10 വര്‍ഷം കൊണ്ട് സദ്ദാമിന്റെ ഭരണകാലത്തേക്കാള്‍ ഇറാഖിനെ 'കുളംതോണ്ടി'യാണ് 'തലയെടുപ്പോടെ' അവര്‍ ഇറാഖില്‍നിന്ന് തടിയൂരിയത്. ഒബാമയുടെയും കൂട്ടരുടെയും അഭിപ്രായത്തില്‍ ഇറാഖ് മിഷന്‍ ഓരോ സൈനികനും അഭിമാനിക്കാവുന്ന ചരിത്ര സംഭവമാണെങ്കില്‍ ക്രൂര അധിനിവേശത്തിന്റെ കെടുതിയില്‍ നരകയാതനയനുഭവിക്കുന്ന ഇറാഖീ ജനത ജീവിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ദുരിതക്കയത്തിലാണ്. 2010-ല്‍ അമേരിക്കന്‍ കാര്‍മികത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൂരി അല്‍ മാലികിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനം തീരെ ശ്ലാഘനീയമല്ല. മറിച്ച്, വിഭാഗീയതയും സ്വജനപക്ഷപാതവും അഴിമതിയും അക്രമവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും പ്രധാനമന്ത്രി നോക്കുകുത്തിയായിത്തീരുകയും ചെയ്ത ദയനീയ അവസ്ഥയിലാണിപ്പോള്‍ ഇറാഖീ ജനത.
2.2 മില്യന്‍ ഡോളര്‍ ചെലവഴിച്ച് നടത്തിയ 'ഇറാഖ് മാമാങ്കം' 2011 ഡിസംബറോടെ അവസാനിപ്പിച്ചത് ഒബാമയുടെ 'കസേരഭ്രമ'മാണ് എന്ന് പരക്കെ സംസാരമുണ്ട്. സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖിനെ നെടുകെയും കുറുകെയും വിലങ്ങനെയും കീറിമുറിച്ച് വിഭാഗീയതയുടെ വിഷവിത്തുകള്‍ പാകി ഭിന്നിപ്പിച്ച് ആയുധമണിയിച്ച്, നിര്‍ഭയമായി പുറത്തിറങ്ങി നടക്കാന്‍ പോലും സാധിക്കാത്ത ഒരു 'പുകയുന്ന' ഇറാഖിനെ സമ്മാനിച്ചതാണ് ഒബാമയുടെയും കൂട്ടരുടെയും നേട്ടം.
4500 യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും 30,000 ത്തിലധികം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് യാങ്കിപ്പട കണക്ക് പറയുമ്പോള്‍ മരിച്ചു വീണ ഇറാഖികളുടെ എണ്ണത്തെക്കുറിച്ച് ആര്‍ക്കും കൃത്യമായ കണക്കുകളില്ല. ഒരു ലക്ഷത്തിലധികം എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെങ്കിലും യുദ്ധ വിരുദ്ധ പ്രവര്‍ത്തകരുടെയും നിരീക്ഷകരുടെയും കണക്കനുസരിച്ച് ഇരട്ടിയിലധികം വരുമെന്നാണ് സൂചന. 2008-ലെ ഇലക്ഷന്‍ കാമ്പയിന്‍ സമയത്ത് ഒബാമ ഇറാഖ് യുദ്ധം അപകടകരമായ അനന്തര ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഇറാഖ് നയം വിചാരിച്ചതുപോലെ ലക്ഷ്യം കാണുകയില്ല എന്നും ഗീര്‍വാണമടിച്ചു നടന്നിരുന്നുവെങ്കിലും ഇന്നത്തെ ഇറാഖിന്റെ അവസ്ഥയില്‍ അദ്ദേഹം തെല്ലും ദുഃഖിതനല്ല. ബഗ്ദാദിലും മുസോളിലും കിര്‍ക്കുക്കിലും പിടഞ്ഞുവീണു മരിച്ച ആയിരക്കണക്കിന് സാധാരണക്കാരന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ അമേരിക്കന്‍ കാഴ്ചപ്പാടില്‍ 'ചരിത്ര വിജയത്തിന്റെ' പൊന്‍തൂവലുകളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ എംബസി സ്ഥാപിക്കുക വഴി നിലവിലെ ശീഈ ഭൂരിപക്ഷമുള്ള പ്രധാനമന്ത്രി നൂരി അല്‍ മാലികിയുടെ വിഭാഗീയ നയങ്ങള്‍ക്കും വിശിഷ്യാ ശീഈ-സുന്നി-കുര്‍ദ് വിഭാഗീയതക്ക് ഇന്ധനം പകരാനാണ് അമേരിക്കയുടെ ഇനിയുള്ള ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു. യുദ്ധ കണക്കില്‍ പെടാത്ത 8.8 ബില്യന്‍ ഡോളര്‍ വിഭാഗീയമായ ആക്രമണങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കാനായി അമേരിക്ക ചെലവഴിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2011-ലെ അമേരിക്കന്‍ പിന്‍വാങ്ങലിനു ശേഷം നടന്ന 69 പേരുടെ മരണത്തില്‍ കലാശിച്ച ആക്രമണം സംഭവത്തിന്റെ 'പ്രഫഷണല്‍ പെര്‍ഫക്ഷന്‍' വിളിച്ചോതുന്നത് അമേരിക്കന്‍ കരങ്ങളാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൊടും തണുപ്പിലും അത്യുഷ്ണത്തിലും തലചായ്ക്കാനൊരിടവും പശിയകറ്റാന്‍ ഭക്ഷണവും വെള്ളവും വെളിച്ചവും മരുന്നും പ്രാഥമിക വിദ്യാഭ്യാസവും കിട്ടാതെ നരകയാതനയനുഭവിക്കുന്ന ലക്ഷക്കണക്കിന് ഇറാഖീ ജനതയുടെ പരിദേവനമാണ് 10 വര്‍ഷം നീണ്ട ഇറാഖ് അധിനിവേശത്തിന്റെ തിരുശേഷിപ്പ്. ചരിത്ര സ്മാരകങ്ങള്‍ കട്ട് കടത്തിയും അടിച്ചുമാറ്റിയും, അഴിച്ചുമാറ്റാന്‍ കഴിയാത്തവക്ക് മുകളില്‍ സൈനിക താവളങ്ങള്‍ തീര്‍ത്തും സംസ്‌കൃതിയുടെ കളിത്തൊട്ടിലിനെ മരുപ്പറമ്പാക്കി മാറ്റി.
1990-ല്‍ യു.എന്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് അനുസരിച്ച് 50-ാമത്തെ സ്ഥാനത്തായിരുന്ന ഇറാഖ് 2003 ല്‍ അധിനിവേശം തുടങ്ങിയ വര്‍ഷം മുതല്‍ 126-ാമത്തെ സ്ഥാനത്തെത്തി. ഇറാഖ് ബോഡി കൗണ്ടി(Iraq Body Count)ന്റെ കണക്കനുസരിച്ച് 2003 മുതല്‍ 2011 നവംബര്‍ വരെ 104, 122 മുതല്‍ 113, 770 സിവിലിയന്‍ മരണം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 10 വര്‍ഷം പിന്നിടുമ്പോള്‍ സിവിലിയന്‍ മരണസംഖ്യ 190,000 കടന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മറ്റൊരു കണക്കനുസരിച്ച് ജനുവരി 2011 വരെ 1,683,579 ഇറാഖി അഭയാര്‍ഥികളെ അധിനിവേശം സൃഷ്ടിച്ചിട്ടുണ്ട്. 5 മില്യന്‍ കുഞ്ഞുങ്ങള്‍ അനാഥരായി. ഒന്നുമുതല്‍ 3 മില്യന്‍ വിധവകളുണ്ട് ഇന്ന് ഇറാഖില്‍. ഫലസ്ത്വീന്‍ പ്രതിസന്ധിക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഭവനം നഷ്ടപ്പെട്ടത് ഇറാഖ് അധിനിവേശം മൂലമാണ്. 4 മില്യന്‍ ഇറാഖികള്‍ ഭവന രഹിതരായുണ്ട്. 2003 മുതല്‍ 2 മില്യന്‍ കുട്ടികള്‍ ഭവനരഹിതരായി. ഇപ്പോള്‍ 500,000-ത്തിലധികം കുട്ടികള്‍ തെരുവില്‍ ജീവിക്കുന്നു. അധിനിവേശത്തിന് ശേഷം 14 വയസ്സിന് താഴെ ജോലിയെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 1970-കളില്‍ കുട്ടികളുടെ സംരക്ഷണത്തിലും പരിപാലനത്തിലും മധ്യപൗരസ്ത്യ ദേശത്തെ മികച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇറാഖ്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 35,000 ത്തിലധികം കുട്ടികള്‍ ജനിച്ചുവീഴുന്നതിന് മുമ്പ് തന്നെ മരിച്ചവരായിരുന്നു. 1.5 മില്യന്‍ കുട്ടികള്‍ പോഷകാഹാരക്കുറവിനാലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. 700,000-ത്തിലധികം കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനായി സ്‌കൂളുകളിലെത്താന്‍ കഴിഞ്ഞിട്ടില്ല. അധിനിവേശം ആയിരക്കണക്കിന് കുട്ടികളുടെ തുടര്‍പഠന മോഹങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തി. 3.5 മില്യന്‍ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായിട്ടില്ല. 7 ശതമാനം ഇറാഖി ജനതയും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവരാണ്. ഇറാഖി കൃഷിമന്ത്രാലയ കണക്കനുസരിച്ച് 90 ശതമാനം ഫലഭൂയിഷ്ഠമായ പ്രദേശങ്ങളും മരുഭൂവായിക്കഴിഞ്ഞു. 23 ശതമാനം ഇറാഖീ ജനതയും ഇപ്പോള്‍ ദിനേനെ 2.2 ഡോളറിന് താഴെ വരുമാനമുള്ളവരായി കഴിഞ്ഞു. 1980-കളില്‍ മധ്യപൗരസ്ത്യ ദേശത്തെ ആരോഗ്യ രംഗത്ത് മികച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇറാഖ്. ആവശ്യത്തിന് മരുന്നും ആശുപത്രികളും മറ്റു സൗകര്യങ്ങളുമില്ലാതെ ഇറാഖീ ജനത നട്ടം തിരിയുകയാണിപ്പോള്‍.
കണക്കുകള്‍ അനുസരിച്ച് 50 ശതമാനം നിവാസികളും ചേരിനിവാസികളാണ്. 4.5 മില്യന്‍ അനാഥകളെയും അധിനിവേശം സൃഷ്ടിച്ചുകഴിഞ്ഞു. 6,000,000ത്തിലധികം അനാഥകള്‍ തെരുവില്‍ ജീവിക്കുന്നു. 2011 ആദ്യത്തോടെ 1.5 മില്യന്‍ ഇറാഖീ അഭയാര്‍ഥികള്‍ ജോര്‍ദാനിലേക്കും സിറിയയിലേക്കും പലായനം ചെയ്തിട്ടുണ്ട്. സഖ്യസേനയുടെ പിന്മാറ്റത്തിനു ശേഷവും സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടില്ല. 212 ബില്യന്‍ ഡോളറിന്റെ ഇറാഖ് പുനരുദ്ധാരണ ശ്രമങ്ങള്‍ തീര്‍ത്തും പരാജയമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിഭാഗം പണവും ചെലവഴിക്കപ്പെട്ടത് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണത്തിന് പകരം സുരക്ഷാ മേഖലയിലാണ്. കൂടാതെ വലിയൊരു തുക അഴിമതിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇതാണ് അമേരിക്കന്‍ കാഴ്ചപ്പാടിലെ 'സുസ്ഥിര ജനാധിപത്യ' വ്യവസ്ഥ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25