Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

മതത്തിലെ ശാഖാ വിഷയങ്ങള്‍ക്ക് ഖുര്‍ആനും ഹദീസും കല്‍പിച്ച സ്ഥാനം

സി.എന്‍ അഹ്മദ് മൗലവി പുനര്‍വായന

ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിക്കൊണ്ട് പല പ്രശ്‌നങ്ങളും സങ്കല്‍പിച്ചുണ്ടാക്കി അവക്കെല്ലാം മറുപടി നല്‍കുകയും മതത്തിലെ ശാഖാ വിഷയങ്ങളെക്കുറിച്ച് അനാവശ്യമായി ചിന്തിച്ചു വമ്പിച്ച വാദപ്രതിവാദങ്ങള്‍ നടത്തി മതത്തെ മനുഷ്യ ദൃഷ്ടിയില്‍ ഭയങ്കരവും അപ്രായോഗികവും ആക്കിത്തീര്‍ക്കുകയും ചെയ്തതിനെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു. അതുകൊണ്ടുള്ള അനര്‍ഥങ്ങള്‍ ചൂണ്ടിക്കാട്ടി. ഇനി ഈ നടപടിയില്‍ ഖുര്‍ആനും ഹദീസും പ്രകടിപ്പിച്ച വെറുപ്പും, ഇതിലേര്‍പ്പെടുന്നവര്‍ക്ക് നല്‍കിയ താക്കീതും ചൂണ്ടിക്കാണിക്കാം. ഇത്തരം നടപടികളുടെ അനന്തരഫലങ്ങളെക്കുറിച്ച ഖുര്‍ആന്‍ നല്‍കിയ താക്കീത് മനസ്സിരുത്തി വായിക്കുക: ''സത്യവിശ്വാസികളേ (മതകാര്യങ്ങളെക്കുറിച്ച് അമിതമായി ചുഴിഞ്ഞാലോചിച്ച് ചില സംഗതികളെ(ല്ലാം സങ്കല്‍പിച്ചു അവയെ)ക്കുറിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കരുത്. (കാരണം) അവയെക്കുറിച്ച് നിങ്ങളെ തെര്യപ്പെടുത്തുന്ന പക്ഷം അവ നിങ്ങളെ അസ്വസ്ഥ ചിത്തരാക്കും. എന്നാല്‍ ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ (വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട്) അവയെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അവ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരും. (വാസ്തവത്തില്‍ അതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് ചെയ്തു തന്നിരിക്കയാണ്. (കാരണം) അല്ലാഹു അങ്ങേയറ്റം പൊറുക്കുന്നവനും സഹനശീലനുമാകുന്നു''. ഇപ്പറഞ്ഞ നിരോധാജ്ഞക്ക് കാരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അടുത്ത വാക്യത്തില്‍ അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്ക് മുമ്പുള്ള ജനതയും (അതായത് ഇസ്രാഈല്യര്‍) അത് (അത്തരം വിഷയങ്ങള്‍) ചോദിച്ചുകൊണ്ടിരുന്നു. പിന്നീട് അവര്‍ തന്നെ അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്'' (5:101,102).
മുസ്‌ലിം ലോകം ഗൗനിക്കാതെ വിട്ടുകളഞ്ഞ ഒരു പ്രധാന തത്ത്വമാണ് ഈ വാക്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മതത്തിന്റെ ശാഖാവിഷയങ്ങളെക്കുറിച്ച് അമിതമായി ചിന്തിച്ചുകൊണ്ടിരിക്കുക, എന്നിട്ട് അവയുടെ വിധികള്‍ ആരാഞ്ഞ് അതില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുക. ഇത്തരം സമ്പ്രദായങ്ങള്‍ വെടിയണം, അമിതമായ ചര്‍ച്ചകളും സങ്കല്‍പ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള പരിശ്രമങ്ങളും ഗുണത്തിലല്ല ദോഷത്തിലാണ് കലാശിക്കുക, വാസ്തവത്തില്‍ അത്തരം വിഷയങ്ങളെ അല്ലാഹു മാപ്പ് ചെയ്തിരിക്കുകയാണ്, അവയില്‍ അല്ലാഹുവിന് നിങ്ങള്‍ ധരിച്ച പോലെയുള്ള നിഷ്‌കര്‍ഷയില്ല എന്നെല്ലാമാണ് ഈ വാക്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വാക്യങ്ങള്‍ ശരിക്ക് ഗ്രഹിച്ചിരുന്നെങ്കില്‍ നമുക്കിടയില്‍ ഉത്ഭവിച്ച പല വഴക്കുകളും കക്ഷിത്വവും കൂടാതെ കഴിക്കാമായിരുന്നു. ''അതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് ചെയ്തു തന്നിരിക്കുന്നു'' എന്ന വാചകം പ്രത്യേകം ചിന്തിച്ചു ഗ്രഹിക്കേണ്ടതാണ്. ഖുര്‍ആനും ഹദീസും വിശദീകരിക്കാതെ വല്ല സംഗതിയും വിട്ടിട്ടുണ്ടെങ്കില്‍ അത് അല്ലാഹു മാപ്പ് ചെയ്തതാണെന്ന്, അഥവാ അതില്‍ വിട്ടുവീഴ്ചയുണ്ടെന്ന് മനസ്സിലാക്കി കൊള്ളണം എന്നാണതിന്റെ അര്‍ഥം. അല്ലാഹു അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്യുന്നവനും സഹനശീലനുമായതുകൊണ്ടാണ് ഇങ്ങനെ വിട്ടുവീഴ്ച അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് ആ വാക്യം അവസാനിപ്പിക്കുന്നത്. അടുത്ത വാക്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ ഗൗനിക്കാതെ ചോദ്യോത്തരങ്ങളും മസ്അലകളും സങ്കല്‍പിച്ചു മതഭക്തിയും മത നിയമങ്ങളിലുള്ള നൈപുണ്യവും തെളിയിക്കാന്‍ ശ്രമിക്കുന്നവരെ പൂര്‍വ ചരിത്രങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഖുര്‍ആന്‍ താക്കീത് ചെയ്തു. അതായത് ഇസ്രാഈല്യര്‍ ഇത്തരം സങ്കല്‍പ ചോദ്യങ്ങള്‍ പലതും ഉന്നയിച്ചു. ആവശ്യമില്ലാത്ത പല വിഷയങ്ങളിലും അവര്‍ തലയിട്ടു. അങ്ങനെ പല തീരുമാനങ്ങളും അവര്‍ കല്‍പിച്ചു. അവസാനം അവര്‍ തന്നെ അതുകൊണ്ട് വിഷമിച്ചു. അതായത് അങ്ങനെയെല്ലാം ജീവിക്കുക സാധ്യമല്ലെന്ന് കണ്ട അവര്‍ തന്നെ അതെല്ലാം പാടെ തള്ളിക്കളഞ്ഞു. ഇന്നു നമുക്കുണ്ടായ അനുഭവം അതുതന്നെയാണല്ലോ. അനാവശ്യ മസ്അലകള്‍ സങ്കല്‍പിച്ചുണ്ടാക്കി പല വിധികളും നാം എഴുതിവെച്ചു. ഒടുവില്‍ ഇങ്ങനെയെല്ലാം ജീവിക്കുക മനുഷ്യ സാധ്യമല്ലെന്നുവെച്ച് നാം തന്നെ ഒന്നായി അതു തള്ളിക്കളഞ്ഞു. ഒരു ഉദാഹരണം പറയാം. ക്രയവിക്രയ വേളയില്‍, 'ഞാന്‍ വിറ്റു', 'ഞാന്‍ വിലക്ക് വാങ്ങി' എന്നു രണ്ടു പേരും പറയണം, എന്നാലേ ആ ഇടപാട് നിയമാനുസൃതമായിരിക്കുകയുള്ളൂവെന്ന് ഫിഖ്ഹ് കിതാബുകള്‍ കല്‍പിച്ചു. അതിനുള്ള ന്യായങ്ങളിരിക്കട്ടെ, അത് ലോകത്ത് നടക്കുമോ ഇല്ലയോ എന്നു കൂടി ചിന്തിച്ചില്ല. അവസാനം ലോകം ആകമാനം അത് തള്ളിക്കളഞ്ഞു. ഒരു ബസാറും ഒരു കാലത്തും ആ നിലക്ക് ചെയ്തില്ല തീര്‍ച്ചതന്നെ.
നമ്മുടെ മതപണ്ഡിതന്മാരുടെ എഴുത്തുകളും പ്രസംഗങ്ങളും കണ്ടാല്‍ ഖുര്‍ആനില്‍ ഇപ്പറഞ്ഞ വിധം ഒരു നിര്‍ദേശമുണ്ടോ എന്നു സംശയം തോന്നിപ്പോകും. മതത്തിലെ ചില ചില്ലറ ആചാരവിഷയങ്ങളെക്കുറിച്ച് അവന്‍ തര്‍ക്കിക്കുന്നതും കക്ഷിതിരിഞ്ഞു സമരം ചെയ്യുന്നതും കണ്ടാല്‍ മതത്തിന്റെ അടിത്തറക്കുതന്നെ ഹാനി സംഭവിച്ചുപോയോ എന്നു സാധാരണക്കാരന്‍ സംശയിച്ചുപോകും. അത്രകണ്ട് അവക്ക് അവര്‍ പ്രാധാന്യം കല്‍പിക്കുന്നു. മതവിദ്യാഭ്യാസ കാലം മുഴുവനും കഴിഞ്ഞുകൂടുന്നത് സങ്കല്‍പ 'മസ്അല'കളെക്കുറിച്ചുള്ള ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലുമാണ്. ആ സങ്കല്‍പ 'മസ്അല'കള്‍ കൂടുതല്‍ പഠിച്ചവനാണ് ഏറ്റവും വലിയ പണ്ഡിതന്‍! ഫിഖ്ഹ് കിതാബുകളുടെ നില പറയേണ്ടതില്ല. അവയില്‍ മിക്കതും അത്തരം മസ്അലകളാല്‍ നിറയപ്പെട്ടതാണ്. അവരുടെ ചുറ്റുപാടും അവരുടെ മുമ്പില്‍ തന്നെയും പല സജീവ പ്രശ്‌നങ്ങളും മുസ്‌ലിംകളെ അഭിമുഖീകരിച്ചിട്ടുണ്ടായിരിക്കും. അവക്ക് പരിഹാരം കാണാതെ സമുദായം വിഷമിക്കുന്നുമുണ്ടായിരിക്കും. അവയിലേക്കൊന്നും ഇവര്‍ തിരിഞ്ഞു നോക്കുക തന്നെയില്ല. അറിഞ്ഞ ഭാവം തന്നെ നടിക്കുകയില്ല. ഭരണകാര്യങ്ങളില്‍ അവര്‍ക്ക് വാസനയില്ല, സാമൂഹിക പ്രശ്‌നങ്ങളില്‍ അവര്‍ക്ക് ശ്രദ്ധയില്ല. അതെല്ലാം ദുന്‍യാവിന്റെ കാര്യങ്ങളാക്കി തള്ളിവിട്ടിരിക്കുകയാണ്. 'ദീന്‍' ആഖിറത്തിന്റെ മാത്രം കാര്യമാണ്, ദുന്‍യാവുമായി അതിന് യാതൊരു ബന്ധവുമില്ല എന്നെല്ലാമാണ് അവരുടെ ധാരണ. ഖുത്വ്ബ ഓതിത്തീര്‍ക്കുകയാണ് ചെയ്യുക. നാടാകെ തീപ്പിടിച്ചാലും ഖുത്വ്ബയില്‍ അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടുകയില്ല. അവരുടെ ജീവിതം ഇങ്ങനെയാണ് മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ നയവും പരിപാടിയുമാണ് മതത്തിനു വേണ്ടിയുള്ള ഏറ്റവും വലിയ സേവനമെന്ന് അവര്‍ ധരിച്ചുവെച്ചിരിക്കുന്നു. മതത്തിലെ ഏതെല്ലാം വിഷയങ്ങള്‍ക്കാണ് പ്രാധാന്യം കല്‍പിക്കേണ്ടത്, പ്രാധാന്യം കല്‍പിക്കേണ്ടതില്ലാത്ത വിഷയങ്ങള്‍ ഏതെല്ലാമാണ്, വല്ലതിലും വിട്ടുവീഴ്ച അനുവദിക്കാമോ എന്നൊന്നും ചിന്തിച്ചിട്ടേയില്ല. അങ്ങനെ കാര്യത്തിനും അകാര്യത്തിനും പ്രധാന വിഷയങ്ങള്‍ക്കും അപ്രധാന വിഷയങ്ങള്‍ക്കും തമ്മില്‍ വഴക്കടിച്ച് ഉള്ള ശക്തി മുഴുവനും നശിപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ മുസ്‌ലിം സമുദായമെന്ന പേരില്‍ ജീവിക്കുന്നത് ഒരു പാപ്പരായ സമുദായമാണ്. ലോകത്തിലെ സജീവ പ്രശ്‌നങ്ങളില്‍ പങ്കെടുക്കാതെ ഇതര സമുദായങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുകയും അവരുടെ നേട്ടങ്ങളെ ഭക്തിബഹുമാനപൂര്‍വം നോക്കിക്കൊണ്ട് നില്‍ക്കുകയും ചെയ്യുന്ന ഒരു സമുദായം. സങ്കല്‍പ 'മസ്അല'കള്‍ അന്വേഷിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് നബി(സ) എന്തു കല്‍പിച്ചു എന്നു കൂടി നമുക്ക് പരിശോധിക്കാം. ലോകം അത് മനസ്സിലാക്കിയിട്ടില്ല. പണ്ഡിതലോകം അത് ബഹുജനങ്ങള്‍ക്ക് തുറന്നുകാണിച്ചിട്ടില്ല. കാരണം, പണ്ഡിതന്മാരുടെ നയത്തിന് അത് കേവലം വിരുദ്ധമായിട്ടാണിരിക്കുന്നത്. നബി(സ) തന്റെ അനുയായികളെ താക്കീത് ചെയ്തിട്ടുള്ളതാണിത്: ''അല്ലാഹു ചില ബാധ്യതകള്‍ (നിങ്ങളുടെ മേല്‍) ചുമത്തിയിട്ടുണ്ട്. അവയെ നിങ്ങള്‍ പാഴാക്കരുത്. അവന്‍ ചില പരിധികള്‍ നിശ്ചയിട്ടുണ്ട്. അവയെ കടന്നുപോകയും അരുത്. ചില കാര്യങ്ങളെക്കുറിച്ച് അവന്‍ മൗനം ദീക്ഷിച്ചിട്ടുണ്ട്. മറന്നുപോയിട്ടല്ല, നിങ്ങളോടുള്ള ദയമൂലമാണ് അവയെക്കുറിച്ച് അവന്‍ മൗനം ദീക്ഷിച്ചിട്ടുള്ളത്. അതുകൊണ്ട് അവയെ ക്കുറിച്ച് അന്വേഷിക്കാനും ചുഴിഞ്ഞാലോചിക്കാനും തുനിയരുത്.'' വളരെ അര്‍ഥവത്തായ ഒരു ഹദീസാണിത്. മതത്തെക്കുറിച്ച് ചിന്തിക്കുന്നതും പഠിക്കുന്നതും എങ്ങനെയായിരിക്കണം, ഏതെല്ലാം വിഷയങ്ങള്‍ക്കാണ് പ്രാധാന്യം കല്‍പിക്കേണ്ടത്, ഖുര്‍ആനിലും ഹദീസിലും വ്യക്തമാകാത്ത ചില്ലറ വിഷയങ്ങളുടെ നിലയെന്താണ് എന്നെല്ലാം ഈ ഹദീസ് വ്യക്തമാക്കുന്നു. സങ്കല്‍പിച്ച് 'മസ്അല' ഉണ്ടാക്കുന്നവര്‍ക്കും ചില്ലറ വിഷയങ്ങളില്‍ വഴക്കും വാശിയും പിടിച്ച് ജീവിക്കുന്നവര്‍ക്കും ഇതിനേക്കാള്‍ ഗൗരവമേറിയ താക്കീത് ഇനി എന്താണ് നല്‍കാനുള്ളത്?
മറ്റൊരു ഹദീസില്‍ നബി ഇങ്ങനെ കല്‍പിക്കുന്നു: ''അല്ലാഹു അവന്റെ കിതാബില്‍ (ഖുര്‍ആനില്‍) അനുവദിച്ചതെല്ലാം 'ഹലാലാ'ണ്. വിരോധിച്ചതെല്ലാം ഹറാമും. അവന്‍ വല്ല വിഷയത്തെക്കുറിച്ചും മൗനം ദീക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് അവന്റെ വിട്ടുവീഴ്ചയാണ്. അതുകൊണ്ട് അല്ലാഹുവിങ്കല്‍ നിന്നുള്ള അവന്റെ വിട്ടുവീഴ്ച സ്വീകരിച്ചു കൊള്ളുക. അല്ലാഹു ഒരു കാര്യവും മറന്നുപോകുന്നവനല്ല. പിന്നീട് 'നിന്റെ രക്ഷിതാവ് യാതൊന്നും മറന്നു പോകുന്നവനല്ല' എന്ന ഖുര്‍ആന്‍ വാക്യം (ഇതിനു ദൃഷ്ടാന്തമായി) തിരുമേനി ഉദ്ധരിച്ചു.' ഈ ഹദീസുകള്‍ ഇക്കാര്യത്തില്‍ നമുക്ക് വെളിച്ചം നല്‍കുന്നുണ്ടല്ലോ. മേല്‍ പറഞ്ഞ ഖുര്‍ആന്‍ വാക്യം അവതരിച്ച ശേഷം 'നബിയോടു ഓരോ വിഷയങ്ങളെക്കുറിച്ചും ചോദിക്കുന്നത് തന്നെ ഞങ്ങള്‍ സൂക്ഷിക്കുവാന്‍ തുടങ്ങി'യെന്നു അബൂ ഉമാമത്ത് (റ) പറഞ്ഞത് ഇമാം അഹ്മദ് ഉദ്ധരിച്ചിട്ടുണ്ട്. ''നബി തിരുമേനിയുടെ പക്കല്‍ നിന്ന് നിങ്ങള്‍ കേട്ടത് എന്നെ എഴുതി അറിയിക്കണമെന്ന്'' കാണിച്ചുകൊണ്ട് മുആവിയ(റ) മുഗീറത്തി(റ)നു ഒരു കത്തെഴുതി. അപ്പോള്‍ അദ്ദേഹം അയച്ച മറുപടി 'ഖീല'യും 'ഖാല'യും അന്വേഷിക്കുന്നതും കൂടുതല്‍ ചോദ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ധനം ദുര്‍വ്യയം ചെയ്യുന്നതും തിരുമേനി വിരോധിച്ചിരിക്കുന്നു എന്നാണ്'' (ബുഖാരി). മറ്റൊരു ഹദീസില്‍ നബി കല്‍പിക്കുന്നു: ''ഞാന്‍ നിങ്ങളെ വിട്ടിരിക്കുമ്പോഴെല്ലാം നിങ്ങള്‍ എന്നെ വിട്ടിരിക്കുക. (ഞാന്‍ നിങ്ങളോട് കല്‍പിക്കുകയോ ഉപദേശിക്കുകയോ ചെയ്യാതെ വിട്ടിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് എന്നോട് അന്വേഷിക്കുകയും ചോദിക്കുകയും ചെയ്യാതെ അടങ്ങിയിരിക്കുക). നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ അധഃപതിച്ചത് തങ്ങളുടെ നബിമാരോട് അവര്‍ ചോദ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും അങ്ങനെ അവരുമായി അഭിപ്രായത്തില്‍ ഭിന്നിക്കുകയും ചെയ്ത കാരണം കൊണ്ടാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് വല്ല കാര്യവും വിരോധിച്ചാല്‍ അത് വെടിഞ്ഞിരിക്കുക. വല്ലതും നിങ്ങളോട് ഞാന്‍ കല്‍പിച്ചാല്‍ കഴിവുള്ളത്ര അത് നിര്‍വഹിക്കുകയും ചെയ്യുക.''
മേല്‍ പറഞ്ഞ ഖുര്‍ആന്‍ വാക്യത്തിന്റെയും ഹദീസുകളുടെയും തത്ത്വം തന്നെയാണ് ഇതും ചൂണ്ടിക്കാട്ടുന്നത്. ഈ ഹദീസ് ഇസ്‌ലാമിന്റെ ചില മൗലിക പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് ഇമാം നവവി ചൂണ്ടിക്കാട്ടിയത് ഇബ്‌നു ഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ ബാരിയില്‍ (13:223) ഉദ്ധരിച്ചിട്ടുണ്ട്. ഖുര്‍ആനിലെ മറ്റൊരു വാക്യവും (5:77) ഈ അവസരത്തില്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 'നിങ്ങളുടെ ദീനില്‍ നിങ്ങള്‍ അമിതവാദികളായിത്തീരരുത്' എന്നാണത്. ഇതും ഒരു മൗലിക നിര്‍ദേശം തന്നെയാണ്. അമിതവാദവും അമിത ഭക്തിയുമാണ് മനുഷ്യരില്‍ പലരെയും വഴിപിഴപ്പിച്ചിട്ടുള്ളത്. പല കക്ഷികളുടെയും ഉത്ഭവത്തിനു തന്നെ കാരണം അതാകുന്നു. ഈസാ(അ) മര്‍ദിതനായി കുരിശിലേറ്റപ്പെട്ടപ്പോള്‍ അദ്ദേഹത്തോടുള്ള സഹതാപം വര്‍ധിച്ചു വര്‍ധിച്ചു അവസാനം അദ്ദേഹത്തെ ദൈവത്തിന്റെ പദവിയിലേക്കുയര്‍ത്തിവെച്ചു. ഹസ്രത്ത് അലി മര്‍ദിതനായി മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിനു തന്റെ ഭക്തന്മാര്‍ പ്രവാചകത്വ പദവി നല്‍കി. മുഹമ്മദ് നബി(സ)യെ ദൈവത്തിന്റെ പദവിയിലേക്കുയര്‍ത്തിവെക്കാന്‍ ചുരുക്കം ചിലര്‍ ശ്രമിക്കാതിരുന്നിട്ടില്ല. അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്നേയുള്ളൂ. എന്നിരുന്നാലും നബി ഇഷ്ടപ്പെടാത്തതും ഇസ്‌ലാമിന്റെ സിദ്ധാങ്ങള്‍ക്കനുയോജ്യമല്ലാത്തതും ആയ പല 'മഹത്വങ്ങ'ളും നബിക്ക് കല്‍പിക്കുന്നവര്‍ ഇന്നും ലോകത്തുണ്ട്.
മദ്ഹബിന്റെ നിയമങ്ങള്‍ വളരെ നിഷ്‌കൃഷ്ടമായി പാലിക്കണമെന്ന് ആദ്യമാദ്യം പഠിപ്പിക്കുന്നത് കാണാം. അങ്ങനെ ശര്‍ത്തുകളും നിബന്ധനകളുമെല്ലാം പടുത്തുയര്‍ത്തി ജോലി പൂര്‍ത്തിയാക്കി നോക്കുമ്പോള്‍ അങ്ങോട്ട് കയറാന്‍ നിവൃത്തിയില്ല. അത് കേവലം അസാധ്യം. അപ്പോള്‍ ഒരടിയന്തരയോഗം വിളിച്ചുകൂട്ടി എടുത്ത ജോലികള്‍ മുഴുവനും ദുര്‍ബലപ്പെടുത്തിക്കൊണ്ട് അതാ ഒരു പ്രമേയം പാസ്സാക്കുന്നു. 'സാധാരണക്കാരന് അഥവാ മുജ്തഹിദുകളല്ലാത്തവര്‍ക്ക് ഒരു പ്രത്യേക മദ്ഹബ് സ്വീകരിക്കേണ്ട ആവശ്യം തന്നെയില്ല.' തല പുണ്ണാക്കി ചിന്തിച്ച് എല്ലാം വ്യവസ്ഥപ്പെടുത്തിയിട്ട് ഒടുവില്‍ ഇത്ര കുത്തഴിഞ്ഞഒരു പ്രമാണം സ്വീകരിക്കാന്‍ നമ്മുടെ ഫിഖ്ഹ് കിതാബുകാര്‍ എന്തുകൊണ്ട് പ്രേരിതരായി. ഇതിനു അവരെ നിര്‍ബന്ധിച്ച പരിതസ്ഥിതി എന്താണ് എന്നെല്ലാം നാം ചിന്തിച്ചു ഗ്രഹിക്കേണ്ടതാണ്. ശുചീകരണ വിഷയത്തില്‍ ഇവര്‍ ചുമത്തുന്ന നിബന്ധനകളും നബി കാണിച്ചുതന്ന വിട്ടുവീഴ്ചകളും നമുക്കൊന്നു പരിശോധിക്കാം. ഇവര്‍ ചുമത്തിയ നിബന്ധനകള്‍ പണ്ഡിതനും പാമരനുമെല്ലാം ഏറെക്കുറെയറിയാം. നബി(സ)യുടെ മാതൃകയാണ് പൊതുവില്‍ അപരിചിതമായിരിക്കുന്നത്. അതുകൊണ്ട് അതിന്റെ ചില വശങ്ങള്‍ ചൂണ്ടിക്കാണിക്കാം. അബ്ദുല്ലാഹിബ്‌നു സൈദിനോടു നബിയുടെ വുദൂവിന്റെ മാതൃക കാട്ടിക്കൊടുക്കാന്‍ ഒരിക്കല്‍ ഒരു കൂട്ടര്‍ ആവശ്യപ്പെട്ടു. ഉടനെ അദ്ദേഹം ഒരു പാത്രത്തില്‍ അല്‍പം വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. അതില്‍നിന്ന് അല്‍പം ഒഴിച്ച് അദ്ദേഹം മുന്‍കൈ കഴുകി. പിന്നീടുള്ള അവയവങ്ങളെല്ലാം ആ പാത്രത്തില്‍ കൈയിട്ട് വെള്ളമെടുത്താണ് കഴുകിയത് (ബുഖാരി, മുസ്‌ലിം). അബൂഖതാദ(റ) ഒരിക്കല്‍ വുദൂ ഉണ്ടാക്കിയത് പൂച്ച കുടിച്ചതിന്റെ ബാക്കി വെള്ളം കൊണ്ടാണ്. ഒരാള്‍ ചോദിച്ചപ്പോള്‍ നബി അനുവദിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത് (തിര്‍മിദി). നബിയുടെ കാലത്ത് ചെരിപ്പ് ധരിച്ചുകൊണ്ട് പലരും പലപ്പോഴും നമസ്‌കരിക്കാറുണ്ടായിരുന്നു. ചെരിപ്പിന്മേല്‍ വല്ല നജസുമുണ്ടെങ്കില്‍ മണ്ണില്‍ തുടക്കുകയും എന്നിട്ട് അത് ധരിച്ചുകൊണ്ട് നമസ്‌കരിക്കുകയും ചെയ്യാമെന്ന് നബി കല്‍പിക്കാറുണ്ടായിരുന്നു (അബൂദാവൂദ്). സ്ത്രീകള്‍ പള്ളിയിലേക്ക് പോകുമ്പോള്‍ അവരുടെ വസ്ത്രം താഴ്ത്തിയിടുന്നതുകൊണ്ട് വസ്ത്രത്തില്‍ നജസ് പറ്റാറുണ്ടായിരുന്നു. അതിനെക്കുറിച്ച് അവര്‍ ആവലാതിപ്പെട്ടപ്പോള്‍ ശുദ്ധമായ മണ്ണിലൂടെ നടക്കുമ്പോള്‍ ആ വൃത്തികേട് സ്വയം നീങ്ങിക്കൊള്ളും, അതായത് ആദ്യം വൃത്തികേട് തട്ടിയെങ്കില്‍ പിന്നീട് വൃത്തിയുള്ള മണ്ണ് മുതലായവയും വസ്ത്രത്തില്‍ തട്ടും അപ്പോള്‍ അതുകൊണ്ട് ഇത് നീങ്ങിപ്പോകും എന്നാണ് നബി കല്‍പിച്ചത് (അബൂദാവൂദ്).
സമുദായങ്ങളുടെ ഉയര്‍ച്ചക്കും താഴ്ച്ചക്കുമുള്ള കാരണങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് മതത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും കക്ഷിത്വവും നമുക്ക് പരിശോധിക്കേണ്ടിവന്നത്. മുസ്‌ലിം സമുദായം ഇന്ന് അംഗങ്ങളുടെ എണ്ണം കൊണ്ട് വളരെ വലുതാണ്. ഫലം നേരെ മറിച്ചും. ഇതിനുള്ള കാരണങ്ങളിലൊന്ന് അവര്‍ക്കിടയിലുള്ള ഭിന്നിപ്പുകളും കക്ഷിത്വവുമാണ്. കക്ഷിത്വവും വാശിയുമായി ഇപ്പോള്‍ തറവാടു തന്നെ നശിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ മനസ്സിലാക്കിയിരിക്കുന്നത് ഈ കക്ഷിത്വങ്ങളിലെല്ലാം വളരെ അര്‍ഥമുണ്ടെന്നും ഈ കക്ഷികളിലൂടെ മുന്നോട്ടു പോയെങ്കിലേ സ്വര്‍ഗത്തിലെത്തിച്ചേരുകയുള്ളൂവെന്നുമാണ്. അങ്ങനെയാണ് അവരെ ധരിപ്പിച്ചുവെച്ചിരിക്കുന്നത്. കക്ഷിനേതാക്കന്മാര്‍ അന്യോന്യം കാണുമ്പോള്‍ സലാം ചൊല്ലുന്നതു കാണാം. അനുയായികള്‍ക്കുള്ള നിര്‍ദേശമോ? സലാം ചൊല്ലിപ്പോകരുതെന്നും! ബഹുജനങ്ങളെ തമ്മില്‍ തല്ലിച്ച് നശിപ്പിക്കുന്നുവെന്നര്‍ഥം. ഏതായാലും ഈ നിലക്ക് കക്ഷി പിടിച്ചു ജീവിക്കുന്ന ഒരു സമുദായം ദീര്‍ഘകാലം ജീവിക്കുകയില്ല. തീര്‍ച്ചതന്നെ.
വിവിധ കക്ഷികള്‍ക്കിടയില്‍ ഇന്ന് നിലവിലുള്ള ഭിന്നിപ്പുകള്‍ മുഴുവനും ശാഖാപരമാണെന്ന് ഇതുവരെ വിവരിച്ചതില്‍നിന്ന് ആരും ധരിച്ചുപോകരുത്. മിക്കതും ശാഖാപരമാണ്. ചിലത് മൗലികങ്ങളും. അതിനു പല ദൃഷ്ടാന്തങ്ങളുമുണ്ട്. മൗലിക സിദ്ധാന്തങ്ങളില്‍ യോജിച്ചു കഴിഞ്ഞാല്‍ ശാഖാ വിഷയങ്ങളില്‍ മാത്രം ഭിന്നിച്ച കാരണം കൊണ്ട് വഴക്കും കക്ഷിത്വവും ഉണ്ടാക്കരുത്; ശാഖാ വിഷയങ്ങളില്‍ മതം വിട്ടുവീഴ്ചയും വിശാലതയും കാണിച്ചിട്ടുണ്ട്, അത് ഓരോ കക്ഷിയും മനസ്സിലാക്കണം, മറ്റു കക്ഷികള്‍ക്ക് വക വെച്ചുകൊടുക്കണം. ഇത് ശരിക്ക് മനസ്സിലാക്കാനാണ് ഈ വിഷയം രണ്ടു മൂന്ന് ലക്കങ്ങളിലായി വിസ്തരിച്ചെഴുതിയത്. ശാഖാ വിഷയങ്ങളില്‍ ഇസ്‌ലാമിലെ പൂര്‍വ പണ്ഡിതന്മാര്‍ക്കിടയില്‍ എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു, അവയെ അടിസ്ഥാനമാക്കി അവര്‍ അന്യോന്യം കലഹിച്ചിരുന്നോ, കക്ഷികളും ഗ്രൂപ്പുകളും രൂപീകരിച്ചിരുന്നോ, ആ അഭിപ്രായ വ്യത്യാസങ്ങളെല്ലാം ഉണ്ടായിരുന്നിട്ടു കൂടി അവര്‍ അന്യോന്യം തുടര്‍ന്ന് നമസ്‌കരിച്ചിട്ടില്ലേ എന്നെല്ലാം ഒരു വശത്തു നാം ചൂണ്ടിക്കാട്ടി. ശാഖാ വിഷയങ്ങള്‍ക്ക് ഖുര്‍ആന്‍ കല്‍പിച്ച സ്ഥാനം നാം വിശദീകരിച്ചു. നബി കല്‍പിച്ച സ്ഥാനമെന്തെന്ന് വ്യക്തമാക്കി. ഇത് മൂന്നും ശാന്ത ഹൃദയത്തോടും ചിന്താശീലത്തോടും കൂടി വായിക്കുമ്പോള്‍ സാധാരണക്കാരന്റെ ഹൃദയം കുറെയെങ്കിലും വിശാലപ്പെടും. എല്ലാ കക്ഷിത്വങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും പിന്നാലെ വാളെടുത്തോടാന്‍ അവന്‍ മുതിരുകയില്ല. ശാഖാ വിഷയങ്ങള്‍ക്കു മതം അത്ര വലിയ സ്ഥാനം കല്‍പിച്ചിട്ടില്ലെന്ന് അവന് ബോധ്യമാവും. അങ്ങനെ ബഹുജനങ്ങളുടെ മനസ്സ് മാറിക്കഴിഞ്ഞാല്‍ ആരും സന്ധിക്ക് പരിശ്രമിക്കാതെ തന്നെ സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ സ്വയം സംഘടിച്ച് കഴിയും. അതാണ് ഈ ലേഖനോദ്ദേശ്യം. കഴിഞ്ഞ കാലങ്ങളില്‍ ഭിന്നിപ്പ് ബലഹീനത മാത്രമേ ആയിരുന്നുള്ളൂ. ഇന്ന് അത് ലോക ദൃഷ്ടിയില്‍ അപമാനം കൂടിയാണ്. വാദപ്രതിവാദങ്ങളുമായി കലഹിച്ച് ജീവിക്കുന്നത് ഒരു പുണ്യകര്‍മവും മതത്തിനു വേണ്ടിയുള്ള മഹത്തായ സേവനവുമാണെന്ന് ധരിച്ചിരിക്കുന്ന പണ്ഡിതന്മാര്‍ക്കും അവരെക്കുറിച്ച് സമുദായത്തിനും ഇമാം ഗസ്സാലി(റ) നല്‍കിയ താക്കീതും ഈ അവസരത്തില്‍ മുസ്‌ലിംകള്‍ ഒന്ന് മനസ്സിരുത്തി കേള്‍ക്കേണ്ടതാണ്. അദ്ദേഹം തന്റെ ഇഹ്‌യാ 1:33-ല്‍ പറയുന്നു:
''ഈ പില്‍ക്കാലങ്ങളില്‍ പുതുതായി ഉത്ഭവിച്ചിരിക്കുന്നതും ഭിന്നാഭിപ്രായമുള്ളതുമായ പ്രശ്‌നങ്ങളും, ആ വിഷയത്തില്‍ പുതുതായി രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം 'സലഫി'ന്റെ കാലത്ത് അപരിചിതങ്ങളായിരുന്നു. അതുകൊണ്ട് അവയെ സൂക്ഷിച്ചുകൊള്ളണം. അവയെ സമീപിക്കുക പോലും അരുത്. ജീവഹാനി വരുത്തുന്ന വിഷത്തെ ഭയന്ന് അകന്നു നില്‍ക്കുന്ന പോലെ അവയില്‍ നിന്ന് നീ അകന്നു നിന്നുകൊള്ളണം. ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയാത്ത ഒരു രോഗമാണത്.'' അദ്ദേഹം തുടര്‍ന്ന് പറയുന്നു: ''ഈ ഉപദേശം കേള്‍ക്കുമ്പോള്‍ മനുഷ്യന്‍ അവര്‍ക്കറിവില്ലാത്തതിനോട് ശത്രുത കാണിക്കും എന്ന് നിന്നോട് വല്ലവരും പറയും. നീ അത് സ്വീകരിച്ച് പോകരുത്. വിഷയങ്ങളെക്കുറിച്ച് അനുഭവജ്ഞാനമുള്ളവനാണ് നിന്നോടിത് പറയുന്നത്. അതുകൊണ്ട് ആയുസ്സിന്റെ പ്രധാന ഭാഗം ഇതിന് (ഈ വാദപ്രതിവാദങ്ങള്‍ക്ക്) വേണ്ടി പാഴാക്കിയിട്ടുള്ള ഒരുത്തന്റെ പക്കല്‍ നിന്നുള്ള ഈ ഉപദേശം സ്വീകരിച്ചുകൊള്ളുക. ആയുസ്സ് പാഴാക്കുക മാത്രമല്ല ഈ ഉപദേഷ്ടാവു ചെയ്തിട്ടുള്ളത്. മുന്‍ഗാമികളേക്കാള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിച്ചു; വിഷയങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിച്ചു. അവരേക്കാള്‍ കൂടുതല്‍ വാദപ്രതിവാദങ്ങള്‍ നടത്തി. പലതും വിശദീകരിച്ച് അവസാനമാണ് ഈ ഉപദേഷ്ടാവിന് അല്ലാഹു അവന്റെ നേര്‍മാര്‍ഗം ചൂണ്ടിക്കാട്ടിത്തന്നതും. ഈ സമ്പ്രദായം അപമാനകരമാണെന്നുള്ള ബോധമുണ്ടാക്കിത്തന്നതും. അപ്പോള്‍ ഈ ഉപദേഷ്ടാവ് അത് (ആ വാദപ്രതിവാദങ്ങള്‍) വെടിഞ്ഞ് തന്റെ സ്വന്തം നിലക്കുള്ള പരിശ്രമങ്ങളിലേര്‍പ്പെട്ടു അതുകൊണ്ട് 'ഫത്‌വാ ശറഇന്റെ തൂണാണ്, പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മനസ്സിലാക്കിയാലേ ഫത്‌വകള്‍ക്കുള്ള ന്യായങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നെല്ലാം വാദിക്കുന്നവരുടെ വാക്കുകളില്‍ നീ വഞ്ചിതനായിപ്പോകരുത്!''
അവസാനം അദ്ദേഹം സാധാരണക്കാരനെ താക്കീത് ചെയ്യുന്നു: ''ഈ മനുഷ്യപ്പിശാചുക്കളെ നീ സൂക്ഷിച്ചുകൊള്ളണം. ജിന്നുകളിലുള്ള പിശാചുക്കള്‍ മനുഷ്യരെ വഴി പിഴപ്പിക്കാന്‍ നടത്തുന്ന അധ്വാനവും ശ്രമവും ഈ പിശാചുക്കള്‍ ഏറ്റെടുത്ത് ആ പിശാചുക്കള്‍ക്ക് വിശ്രമം നല്‍കിയിരിക്കുന്നു.'' നമ്മുടെ പണ്ഡിതന്മാരെല്ലാവരും വായിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇഹ്‌യായില്‍ മുസ്‌ലിം ലോകത്തിന്റെ ആകമാനം ഭക്തിബഹുമാനങ്ങള്‍ക്ക് പാത്രമായ ഇമാം ഗസ്സാലി സ്വന്തം അനുഭവങ്ങള്‍ വെച്ചുകൊണ്ട് സമുദായത്തിന് പൊതുവിലും പണ്ഡിതന്മാര്‍ക്ക് പ്രത്യേകമായും നല്‍കിയ താക്കീതാണിത്. 'മനുഷ്യപ്പിശാചുക്കള്‍' എന്ന് അദ്ദേഹം പറഞ്ഞത് ആരെക്കുറിച്ചാണെന്ന് നാം ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് മുസ്‌ലിം ബഹുജനങ്ങളും പണ്ഡിത നേതാക്കന്മാരും അവരുടെ നിലയെക്കുറിച്ചും നയപരിപാടികളെക്കുറിച്ചും ഒരു പുനരാലോചന ചെയ്‌തെങ്കില്‍ സമുദായത്തിനു ഭാഗ്യമായി. അവര്‍ക്ക് അന്തസ്സും. ആ ബുദ്ധി ഇനിയും അവര്‍ക്ക് തോന്നുന്നില്ലെങ്കില്‍ അടുത്ത ഭാവിയില്‍ അവര്‍ക്ക് ചില പാഠങ്ങള്‍ പഠിക്കേണ്ടിവരും. ലോകഗതി സൂക്ഷിച്ചു നോക്കുന്നവര്‍ക്കറിയാം ഈ കൂത്താട്ടങ്ങള്‍ എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന്. വല്‍ ആഖിബത്തുലില്‍ മുത്തഖീന്‍ എന്നതിന്റെ അര്‍ഥം 'സൂക്ഷ്മതയോടെ മുന്നോട്ട് ഗമിക്കുന്നവര്‍ക്കേ അന്തിമ വിജയം കൈവരികയുള്ളൂ'വെന്നാണ്. ഈ വാക്കിന് ഒരു മറുവശമുണ്ട്. അതോര്‍ക്കാതിരിക്കരുത്.
(ന്യൂ അന്‍സാരിയില്‍ 1955 ഏപ്രില്‍ 1, ലക്കം 10. സി.എന്‍ അഹ്മദ് മൗലവി എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25