Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

'ഫലസ്ത്വീന്‍ ഖന്‍സാ' വിടവാങ്ങി

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഫലസ്ത്വീന്‍ സമര മുഖത്ത് ധീരമായി നിലകൊണ്ട മുതിര്‍ന്ന ഹമാസ് വനിതാ നേതാവും വിമോചനപ്പോരാളിയുമായിരുന്ന മര്‍യം ഫര്‍ഹത് അന്തരിച്ചു. കരള്‍ സംബന്ധമായ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 'ഫലസ്ത്വീന്‍ ഖന്‍സാ' എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന ഉമ്മു നദാല്‍ മര്‍യം ഫര്‍ഹാത് മാര്‍ച്ച് 17 ന് വിടവാങ്ങുമ്പോള്‍ 64 വയസ്സായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മര്‍യം ഫര്‍ഹതിന്റെ നദാല്‍, മുഹമ്മദ്, റവാദ് എന്നീ മൂന്നു മക്കള്‍ ഫലസ്ത്വീന്‍ വിമോചനപ്പോരാട്ടത്തില്‍ രക്തസാക്ഷികളായി. മറ്റൊരു മകനായ സാലിം പോരാട്ടത്തിന്റെ പാതയില്‍ 11 വര്‍ഷം ഇസ്രയേലി തടവില്‍ കഴിഞ്ഞശേഷം ഈയിടെയാണ് മോചിതനായത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ അടക്കം ആയിരക്കണക്കിന് നേതാക്കളും ഹമാസ് പോരാളികളും ഉമ്മു നദാലിന് അന്ത്യയാത്ര നല്‍കി.

ക്യൂബക് മുസ്ലിംകള്‍ വര്‍ണ വിവേചനം നേരിടുന്നുവെന്ന് 

കാനഡയിലെ ഏറ്റവും വിശാലമായ പ്രവിശ്യയായ ക്യൂബകില്‍ വര്‍ണവിവേചനം തടയുന്നതിന്റെ ഭാഗമായി വിവിധ ജനസമ്പര്‍ക്ക പരിപാടികളുമായി മുന്നോട്ടുപോവുകയാണ് ക്യൂബക് മുസ്‌ലിം സമൂഹം. ക്യൂബകില്‍ മാത്രം രണ്ടു ലക്ഷത്തിലധികം മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്. കനഡയില്‍ ഇസ്‌ലാം അതിവേഗം വളരുകയാണെന്ന് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ മുസ്‌ലിംകള്‍ക്കെതിരെയുള്ള അസഹിഷ്ണുതയും ചിലയിടങ്ങളില്‍ തലപൊക്കുന്നുണ്ട്. കാനഡയില്‍ 10 ലക്ഷത്തോളം വരും മുസ്‌ലിംകള്‍. ഇത് മൊത്തം ജനസംഖ്യയുടെ 2.7% ആണ്.

ബല്‍ജിയത്തില്‍ സ്ത്രീകള്‍ക്ക് കൈകൊടുക്കാത്തതാണ് പ്രശ്നം

ബല്‍ജിയം മുനിസിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം അംഗങ്ങള്‍ സ്ത്രീകളെ 'ഷേക്ക് ഹാന്റ്' ചെയ്യാത്തതിനെചൊല്ലി തര്‍ക്കം. രാജ്യത്തെ നിയമം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഇസ്‌ലാമിക പാര്‍ട്ടി അംഗങ്ങളെ പുറത്താക്കണമെന്നാണ് ലിബറലുകളുടെ ആവശ്യം. വീണു കിട്ടിയ അവസരം മുതലെടുത്ത് ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ ഇസ്‌ലാമിനെ കടന്നാക്രമിച്ചു. ഇസ്‌ലാമിക ശരീഅത്ത് 12 വയസായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ നിര്‍ദേശിക്കുന്നു എന്നുവരെ അവര്‍ തട്ടിവിട്ടു.

കഴിഞ്ഞ ഒക്‌ടോബറില്‍ രൂപം കൊണ്ട ഇസ്‌ലാമിക പാര്‍ട്ടിയായ 'അല്‍ ഹിസ്ബുല്‍ ഇസ്‌ലാമി' മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും രണ്ട് സീറ്റില്‍ വിജയിക്കുകയും ചെയ്തതാണ് ലിബറലുകളെ ചൊടിപ്പിച്ചത്. ബല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലെ Molenbeek-Saint-Jean, Anderlecht എന്നീ മുനിസിപ്പാലിറ്റികളിലാണ് ഇസ്‌ലാമിക് പാര്‍ട്ടി അംഗങ്ങളായ ലോത്‌സിന്‍ ജെദ്ദീഗും (Lhoucine Ayt Jeddig) രിദ്‌വാന്‍ അറോഷും (Redouane Ahrouch) വിജയിച്ചത്. ബല്‍ജിയം മുസ്‌ലിംകളുടെ എണ്ണം ആറര ലക്ഷത്തോളം വരും.

മുര്‍സിയെ പിന്തുണക്കണമെന്ന് ഈജിപ്തുകാരോട് ഹുസ്നി മുബാറക്

ഈജിപ്ഷ്യന്‍ ജനത എല്ലാവിധ അക്രമ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് പിന്നില്‍ അണിനിരക്കണമെന്ന് തന്റെ ഭരണകാലത്ത് പ്രകടനക്കാര്‍ക്ക് നേരെ നിറയൊഴിച്ച കേസില്‍ വിചാരണ നേരിടുന്ന മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക് പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫരീദ് അല്‍ദീബ് വെളിപ്പെടുത്തി.
ഇസ്‌ലാമിക പാര്‍ട്ടി നേതാവും ഈജിപ്ത് പ്രസിഡണ്ടുമായ മുര്‍സിക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണ പരമ്പരകളില്‍ മുന്‍ പ്രസിഡണ്ട് ഏറെ ഖിന്നനാണെന്നും ഫരീദ് അല്‍ദീബ് പറഞ്ഞു. 2011 ല്‍ പ്രകടനക്കാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ സാമൂഹ്യ ദ്രോഹികളും കുറ്റവാളികളും ചേര്‍ന്ന് നടത്തിയതാണെന്ന് മുബാറക് വിശ്വസിക്കുന്നതായും അല്‍ദീബ് പറഞ്ഞു. മുബാറകിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ 850 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 2011 ഫെബ്രുവരി 11 ന് ജനകീയ പ്രക്ഷോഭങ്ങളില്‍ ഹുസ്‌നി മുബാറക് പുറത്താക്കപ്പെടുന്നതിനു മുമ്പ് നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ രണ്ടുതവണ അദ്ദേഹം ജയിലിലടച്ചിരുന്നു.

ഈജിപ്തില്‍ അഴിമതി രാജാക്കന്‍മാരെ പിടികൂടുന്നു

മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ കാലത്ത് അവിഹിത മാര്‍ഗത്തില്‍ സര്‍ക്കാര്‍ സമ്പത്ത് കൈപറ്റിയിരുന്ന രാജ്യത്തെ മാധ്യമ ഭീമന്മാരടക്കമുള്ള അഴിമതി 'മാഫിയ'കളെ കുരുക്കാന്‍ നിയമ നടപടികള്‍ വരുന്നു. ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ 'അല്‍അഹ്‌റാം' ദിനപ്പത്രത്തിന്റെ മുന്‍ മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ജിബാലിയടക്കം അനേകം ഉന്നതരെയാണ് 'അവിഹിത സമ്പാദ്യം' പരിശോധിക്കാനുള്ള വകുപ്പ് പിടികൂടിയിരിക്കുന്നത്.
മീഡിയ രംഗത്തെ പ്രമുഖര്‍ ദശലക്ഷക്കണക്കിന് ജുനൈഹാണ് പരസ്യ കമ്മീഷന്‍ ഇനത്തിലും മറ്റും യാതൊരു രേഖകളുമില്ലാതെ പതിവായി കൈപ്പറ്റിക്കൊണ്ടിരുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എല്ലാവരിലേക്കും അന്വേഷണം നീളുമെന്ന് 'അവിഹിത സമ്പാദ്യ' നിരോധന വകുപ്പ് സൂചന നല്‍കി. കണ്ടെത്തുന്ന അവിഹിത സമ്പാദ്യം സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ നടപടി സ്വീകരിക്കും.

ജോര്‍ദാന്‍ ഇഖ്വാനില്‍ നേതൃ തല അഴിച്ചുപണി

ജോര്‍ദാനിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതൃ തലത്തില്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നതില്‍ പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസമുള്ളതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവസരം മുതലെടുത്ത് സര്‍ക്കാര്‍ ഏജന്റുകള്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളിലും അണികളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ വ്യാപകമായി ശ്രമിച്ചിരുന്നതായി ആരോപണം ഉയര്‍ന്നു. ജോര്‍ദാന്‍ ഇഖ്‌വാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മിഡിലീസ്റ്റിലെ മിക്ക അറബ് മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
പാര്‍ട്ടിയില്‍ നേതൃതല അഴിച്ചുപണി നടക്കുന്ന കാര്യം സ്ഥിരീകരിച്ച അധ്യക്ഷന്‍ ഡോ. ഹമാം സഈദ് പരമോന്നത ബോഡിയായ 'ശൂറ' യുടെ അംഗീകാരം നേടിയ ശേഷമേ അഴിച്ചുപണി നടക്കുകയുള്ളുവെന്ന് വ്യക്തമാക്കി. വിവിധ തലങ്ങളിലുള്ളവരെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുകയാണ് അഴിച്ചുപണിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എത്യോപ്യന്‍ നിലപാട് അപലപനീയമെന്ന് മുസ്ലിം പണ്ഡിത സഭ

എത്യോപ്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്നുവരുന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്നും ഇസ്‌ലാമികാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള മുസ്‌ലിംകളുടെ അവകാശങ്ങള്‍ തടയുന്നത് അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ആവശ്യപ്പെട്ടു. നമസ്‌കാര സ്ഥലങ്ങള്‍ കൈയ്യേറുകയും പാഠശാലകളില്‍ വിദ്യാര്‍ഥിനികള്‍ 'ഹിജാബ്' ധരിക്കുന്നത് വിലക്കുകയും ചെയ്ത സംഭവത്തെ സൂചിപ്പിച്ച് ഒരു മുസ്‌ലിം ഭൂരിപക്ഷ ദേശത്ത് എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന് ഡോ. ഖറദാവി ചോദിച്ചു. 'ഹിജാബ്' വിലക്കിയതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എത്യോപ്യന്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ അറബ് ലീഗ്, ഒ.ഐ.സി, യു.എന്‍ തുടങ്ങിയ വേദികളെ സമീപിക്കണമെന്നും യുസുഫുല്‍ ഖറദാവി നിര്‍ദേശിച്ചു.

സ്വീകരണം നല്‍കി

ദോഹ: സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ കേരളാ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററില്‍ സ്വീകരണം നല്‍കി. എഫ്.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയ അദ്ദേഹം എഫ്.സി.സി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്്മാന്‍ കിഴിശ്ശേരി എഫ്.സി.സിയുടെയും ലൈബ്രറിയുടെയും പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ശംസുദ്ദീന്‍, ആനന്ദി രാമചന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഡി. വിനയചന്ദ്രന്‍ മാനവികത പ്രസരിപ്പിച്ച കവി

ദോഹ: മലയാള കവിതകളില്‍ മാനവികതയുടെ ഉണര്‍ത്തുപാട്ടുകളായിരുന്നു വിനയചന്ദ്രന്റെ കവിതകളെന്ന് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ കലാ-സാഹിത്യവേദി 'ഡി. വിനയചന്ദ്രന്റെ കവിതകളിലൂടെ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കവിതാ സായാഹ്നം പരിപാടിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. എഴുത്തിന്റെ വിഭജനങ്ങളെ തിരസ്‌കരിച്ച കവിയാണ് ഡി. വിനയചന്ദ്രന്‍. ചിത്രകലയെ സര്‍ഗാത്മകമായി കവിതകളില്‍ തുന്നിച്ചേര്‍ത്ത കവിയായിരുന്നു അദ്ദേഹം. വീടുവിട്ടിറങ്ങിയാല്‍ കവിതയുണ്ടാവുമെന്ന് തെളിയിച്ച മലയാള കവികളില്‍ പ്രമുഖനാണ് അദ്ദേഹമെന്നും ചര്‍ച്ച ഓര്‍മപ്പെടുത്തി.
എം.ടി. നിലമ്പൂര്‍, ഇസ്മാഈല്‍ മേലടി, സി.ആര്‍. മനോജ്, റഫീഖുദ്ദീന്‍ പാലേരി, രാജന്‍ ജോസഫ്, അനസ് കണിയാപുരം, അബ്ദുല്‍ ജബ്ബാര്‍, ആസിഫ് വയനാട്, രന്‍ജു ഹെവന്‍, നിക്കു കേച്ചേരി, എ.ഷൈജു, എ.കെ. ബിജുരാജ്, നവാസ് മുക്രിയകത്ത്, രാമചന്ദ്രന്‍ വടക്കേടത്ത്, സന്‍സിത, റഫീഖ് മേച്ചേരി, ജിതിന്‍ ചെമ്പില്‍, അന്‍വര്‍ ബാബു, ജലീല്‍ കുറ്റിയാടി, വി.കെ.എം. കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡി. വിനയചന്ദ്രന്റെ കവിതകളോടൊപ്പം പങ്കെടുത്തവരുടെ സ്വന്തം രചനകളും പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ടു. ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്്ടര്‍ ഹബീബുര്‍റഹ്്മാന്‍ കിഴിശ്ശേരി പരിപാടിക്ക് നേതൃത്വം നല്‍കി.









Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25