ഇസ്‌ലാമിലെത്തുന്ന ബ്രിട്ടീഷ് വനിതകള്‍
ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഏറ്റവും പുതിയ ജനസംഖ്യാ സെന്‍സസ് പ്രകാരം 2001 മുതല്‍ ബ്രിട്ടീഷ് മുസ്‌ലിം ജനസംഖ്യയില്‍ 80 ശതമാനം വര്‍ധനവുള്ളതായി രേഖപ്പെടുത്തുന്നു. 2.7 ദശലക്ഷം മുസ്‌ലിംകളില്‍ 40 ശതമാനവും ലണ്ടനിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവരാണ്. ക്രിസ്തുമതം കഴിഞ്ഞാല്‍ ലണ്ടനിലെ രണ്ടാമത്തെ മതമാണ് ഇസ്‌ലാം. ലണ്ടനിലെ കുടിയേറ്റ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും പ്രചാരമുള്ള മതമായി ഇന്ന് ഇസ്‌ലാം കണക്കാക്കപ്പെടുന്നു. ഇക്കാലയളവില്‍ വിവിധ മതവിഭാഗങ്ങളില്‍ നിന്നായി ഏകദേശം ഒരു ലക്ഷം പേരെങ്കിലും ഇസ്‌ലാം സ്വീകരിച്ചതായി വിവിധ പള്ളികളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012-ല്‍ മാത്രം ഏകദേശം അയ്യായിരം പേരെങ്കിലും ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതായി കണക്കാക്കുന്നു. ഇതില്‍ തന്നെ നാലില്‍ മൂന്ന് ഭാഗവും യുവതികളാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ഇത് എന്തുകൊണ്ട് എന്ന് പഠനവിധേയമാക്കേണ്ടതാണ്.
ഈയിടെ ബി.ബി.സി വേള്‍ഡ് 'എന്നെ ഒരു മുസ്‌ലിം ആക്കൂ' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുകയുണ്ടായി. 'പാശ്ചാത്യ ജീവിതരീതി നല്‍കുന്ന സകല സ്വാതന്ത്ര്യവും വേണ്ടെന്ന് വെച്ച് വെള്ളക്കാരികളായ ബ്രിട്ടീഷ് വനിതകള്‍ എന്തുകൊണ്ടാണ് ധാരാളമായി ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്' എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് അത് തുടങ്ങുന്നത്.
മോഡലും മുന്‍ മിസ് യൂനിവേഴ്‌സ് മത്സരാര്‍ഥിയുമായ ഷാന ബുഖാരിയാണ് ബി.ബി.സിയില്‍ ഈ പരിപാടി അവതരിപ്പിച്ചത്. താനൊരു ആധുനിക മുസ്‌ലിമാണെന്നാണ് ഷാന വിശ്വസിക്കുന്നത്. ബ്രിട്ടന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് മതപരിവര്‍ത്തനം നടത്തിയ അഞ്ച് വനിതകളുമായി അവര്‍ അഭിമുഖം നടത്തുകയുണ്ടായി. ഇസ്‌ലാമിനോടുള്ള തന്റെ നിലപാടുകളെ പുനഃപരിശോധിക്കാന്‍ ആ അഭിമുഖങ്ങള്‍ കാരണമായെന്ന് ഷാന പറയുന്നു. ജന്മനാ മുസ്‌ലിമായവരേക്കാള്‍ യാഥാസ്ഥിതിക മനോഭാവം കൂടുതലുള്ളത് മതപരിവര്‍ത്തനം നടത്തിയവര്‍ക്കാണെന്നാണ് ഷാനയുടെ അഭിപ്രായം. പുതുവിശ്വാസത്തെ ആഞ്ഞു പുല്‍കുക സ്വാഭാവികമാണല്ലോ.
എന്തുകൊണ്ട് ഇസ്‌ലാം സ്വീകരിക്കുന്നു എന്നതിന് ബ്രിട്ടീഷ് വനിതകള്‍ക്ക് ഒരുപാട് കാരണങ്ങള്‍ നിരത്താനുണ്ട്. ഭര്‍ത്താവിനെയോ കാമുകനെയോ തൃപ്തിപ്പെടുത്താന്‍, ഭര്‍തൃകുടുംബത്തിന്റെ അംഗീകാരം പിടിച്ചുപറ്റാന്‍, കുട്ടികളെ ചിട്ടയുള്ള ഒരു മതസംവിധാനത്തില്‍ വളര്‍ത്താന്‍- ഇങ്ങനെ പല കാരണങ്ങള്‍. പത്രമാധ്യമങ്ങളിലൂടെയും രാത്രി ക്ലബ്ബ് സംസ്‌കാരത്തിലൂടെയും മറ്റും സ്ത്രീ നിരന്തരം അവമതിക്കപ്പെടുന്ന ഒരു ലോകത്ത് ഇസ്‌ലാമിനെ ഒരു സുരക്ഷിത ഇടമായി കാണുന്നു മറ്റു ചിലര്‍. പരമ്പരാഗത മൂല്യങ്ങളെ അവഗണിച്ചതുകൊണ്ട് കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ച യുവതികള്‍ക്ക് ചില തിരിച്ചറിവുകള്‍ നല്‍കി. തങ്ങളെ അളക്കുന്നത് തങ്ങളുടെ ശരീര സൗന്ദര്യം നോക്കിയാണ്. ഇത്തരം വനിതകള്‍ക്ക് സാമൂഹികമായ സുരക്ഷിതത്വബോധം നല്‍കുന്നു ഇസ്‌ലാം. മുസ്‌ലിംകള്‍ ധാരാളമായി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഇത് അനുഭവിച്ചറിയാം. വ്യക്തിസുരക്ഷയോടൊപ്പം ജീവിക്കാനുള്ള ഒരു മാര്‍ഗരേഖയും അതവര്‍ക്ക് നല്‍കി. സ്വന്തം വ്യക്തിത്വ മഹിമയെക്കുറിച്ച ഒരു പുതുബോധവും അതവര്‍ക്ക് പ്രദാനം ചെയ്തു. ഇത് മനുഷ്യരെന്ന നിലക്ക് തങ്ങളെ വളരെയധികം ഉയര്‍ത്തി നിര്‍ത്തിയതായി ആ വനിതകള്‍ കണ്ടു. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ സ്ത്രീകള്‍, ഇസ്‌ലാമിലേക്കുള്ള തങ്ങളുടെ മാറ്റത്തെ പുനര്‍ജന്മമായി കാണുന്നു. സ്ലേറ്റിലുള്ളതെല്ലാം മായ്ച്ച് അവര്‍ വീണ്ടും തുടങ്ങുകയാണ്.
ശഹാദത്ത് ചൊല്ലി ഇസ്‌ലാമിനോട് കൂറ് പ്രഖ്യാപിക്കുക എന്നത് ഈ പ്രക്രിയയുടെ ഏറ്റവും ലളിതമായ വശം മാത്രമാണ്. പിന്നീടാണ് പ്രശ്‌നങ്ങള്‍. തങ്ങളുടെ മതംമാറ്റം കുടുംബാംഗങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനാവാതെ അവര്‍ കുഴങ്ങുന്നു. സ്ത്രീസമൂഹത്തെ അടിച്ചൊതുക്കുന്ന മതമാണ് ഇസ്‌ലാം തുടങ്ങിയ ഒട്ടേറെ കടുത്ത മുന്‍ധാരണകളുടെ തടവറകളിലാണ് ആ കുടുംബാംഗങ്ങള്‍. ചില രക്ഷിതാക്കളോട്, അവരുടെ സുഹത്തുക്കള്‍ ''നിങ്ങളുടെ മകള്‍ ഇപ്പോഴും തലയില്‍ 'ആ സാധനം' ധരിക്കുന്നുണ്ടോ'' എന്ന് പരിഹാസത്തോടെ ചോദിക്കാറുണ്ടെന്ന് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. മതം മാറിയതിന്റെ പേരില്‍ ആത്മ സുഹൃത്തുക്കള്‍ക്ക് പോലും വേര്‍പിരിയേണ്ടിവരുന്നു. അതവരുടെ ലോക വീക്ഷണങ്ങള്‍ തമ്മിലുണ്ടായിത്തീര്‍ന്ന വിളക്കിച്ചേര്‍ക്കാനാവാത്ത വിടവ് കാരണമാകാം; അല്ലെങ്കില്‍ സുഹൃത്തിനെ മുമ്പത്തെപ്പോലെ 'സുഖം' തേടിയുള്ള യാത്രയില്‍ ഒപ്പം കിട്ടാത്തതു കൊണ്ടാകാം.
വഴിയാത്രക്കാരില്‍ നിന്നു പോലും ചിലപ്പോള്‍ മതപരിവര്‍ത്തനം ചെയ്ത യുവതികള്‍ക്ക് പരിഹാസം കേള്‍ക്കേണ്ടിവരുന്നു. ഇസ്‌ലാമിലേക്ക് വന്ന അവിവാഹിതകള്‍ക്ക് ഭര്‍ത്താക്കന്മാരെ ലഭിക്കുകയെന്നതും പ്രയാസകരമാവാറുണ്ട് ചിലപ്പോള്‍. പരമ്പരാഗത മുസ്‌ലിം സമൂഹത്തില്‍ വീട്ടുകാര്‍ മുഖേനയോ മത നേതത്വങ്ങള്‍ വഴിയോ ഒക്കെയാണ് വധൂവരന്മാരെ കണ്ടെത്തുന്നത്. തങ്ങളുടെ മകന്‍ മതപരിവര്‍ത്തനം നടത്തിയ യുവതിയെ വിവാഹം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത കുടുംബങ്ങളുണ്ട്. അവര്‍ ജന്മനാ മുസ്‌ലിമായ യുവതിയെ ആയിരിക്കും തങ്ങളുടെ മകന് വേണ്ടി അന്വേഷിക്കുക. പരിവര്‍ത്തനം ചെയ്ത യുവതികള്‍ പഴയ വിശ്വാസത്തിലേക്കും ജീവിതശൈലികളിലേക്കും തിരിച്ചുപോയേക്കുമോ എന്ന് ആശങ്കിക്കുന്നവരും ഉണ്ട്. ഇതുകൊണ്ടൊക്കെയാണ് മതപരിവര്‍ത്തിതര്‍ തമ്മിലുള്ള വിവാഹം ഇന്റര്‍നെറ്റില്‍ സജീവ ചര്‍ച്ചാ വിഷയമാകുന്നത്. muzmatch.com പോലുള്ള സൈറ്റുകള്‍ പരസ്പരം പരിചയപ്പെടാനുള്ള വേദി ഒരുക്കുന്നുണ്ട്.
ടോണി ബ്ലയറിന്റെ ഭാര്യാ സഹോദരിയും അറിയപ്പെടുന്ന എഴുത്തുകാരിയും ഫലസ്ത്വീനിയന്‍ ആക്ടിവിസ്റ്റുമായ ലോറന്‍ ബൂത്ത് 2010-ല്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ വിവാദ കൊടുങ്കാറ്റുണ്ടായി. തന്റെ മതപരിവര്‍ത്തനത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ ഒച്ചവെച്ചപ്പോള്‍ 'ഇസ്‌ലാം ജീവിതത്തില്‍ കൊണ്ടുനടക്കുന്ന എന്നെ പോലുള്ള അഞ്ചു ലക്ഷം സ്ത്രീകളുടെ കാര്യത്തിലും ഇസ്‌ലാമിനെക്കുറിച്ച ഈ വാര്‍പ്പ് മാതൃക തന്നെയാണ് പ്രവര്‍ത്തനക്ഷമമാവുക' എന്നവര്‍ ഉറപ്പിച്ചു. ബൂത്തിന്റെ ഇസ്‌ലാമിലേക്കുള്ള മാറ്റം വളരെ സാവധാനത്തില്‍ സംഭവിച്ച ഒരു പ്രക്രിയയായിരുന്നു. ''കഴിഞ്ഞ വര്‍ഷമോ മറ്റോ പ്രാര്‍ഥനാ വേളയില്‍ 'പ്രിയപ്പെട്ട ദൈവമേ' എന്ന് പറയേണ്ടതിന് പകരം 'പ്രിയപ്പെട്ട അല്ലാഹുവേ' എന്ന് ഞാന്‍ പറഞ്ഞുപോയി. ഞാന്‍ പോലും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.'' പിന്നെയത് തടുക്കാനാവാത്ത ഒരു വികാരപ്രവാഹമായി. ഉപഭോക്തൃ സംസ്‌കാരവും മയക്കുമരുന്നും ലൈംഗികതയുമാണ് ജീവിതാനന്ദം നല്‍കുന്നതെന്ന 'പച്ചക്കള്ള'ത്തെയും ലോറന്‍ തൊലിയുരിക്കുന്നു. എന്നിട്ട് ലോറന്‍ എഴുതുന്നു: ''പ്രാര്‍ഥനയില്‍ മുഴുകുന്ന ഒരു മുസ്‌ലിം അയാള്‍ക്ക്/ അവള്‍ക്ക് തോന്നുന്ന വികാരമെന്താണ്? ദൃഢമായ, ശ്രുതിമധുരമായ ഒരു ആന്തരിക പൊരുത്തം. അത് നല്‍കുന്ന ആനന്ദദീപ്തി. സംതൃപ്തമായ മനസ്സോടെ ഇരിക്കുക എന്നതാണ് എന്നെ സംബന്ധിച്ചേടത്തോളം സര്‍വ പ്രധാനമായിട്ടുള്ളത്. മക്കള്‍ ഉള്‍പ്പെടെ എനിക്ക് ലഭിച്ചതിനോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു.''
വിവ: മജീദ് കുട്ടമ്പൂര്‍
കടപ്പാട്: അറബ് ന്യൂസ്
Comments