Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

സൈനബുല്‍ ഗസ്സാലി-2 ചുവന്ന തെരുവുകളില്‍ പെയ്ത കാരുണ്യവര്‍ഷം

പി.കെ ജമാല്‍ വ്യക്തിചിത്രം

പ്രബോധന സംസ്‌കരണ പ്രവര്‍ത്തനം ജീവിതവ്രതമാക്കിയ സൈനബുല്‍ ഗസ്സാലിയുടെ സംഭവബഹുലമായ ചരിത്രത്തിലെ ഓരോ നിമിഷവും സ്‌നേഹസാന്ദ്രമായ ബന്ധങ്ങളുടെയും വാത്സല്യപൂര്‍ണമായ തലോടലുകളുടെയും കഥകള്‍ നിറഞ്ഞതാണ്.
കയ്‌റോയിലെ ചുവന്ന തെരുവില്‍നിന്ന് വീണ്ടെടുത്ത് ജീവിതം നല്‍കിയ യുവതികളെ കുറിച്ചോര്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ നിറയും. ഉമ്മയുടെ അലിവും കരുണയും വാത്സല്യവും തൊട്ടറിഞ്ഞ തെരുവിന്റെ പെണ്‍മക്കള്‍ സ്‌നേഹവായ്‌പോടെ ആ മാറിലേക്ക് ചാഞ്ഞ് കണ്ണീര്‍ തൂകിയപ്പോള്‍ ഗതകാല ജീവിതത്തോട് എന്നെന്നേക്കുമായി വിടപറയുകയായിരുന്നു.
മുസ്‌ലിം സ്ത്രീകളുടെ സംസ്‌കരണത്തിനും സമുദ്ധാരണ സംരംഭങ്ങള്‍ക്കുമായി 'ജംഇയ്യത്തുസ്സയ്യിദാത്തില്‍ മുസ്‌ലിമാത്ത്' എന്ന പേരില്‍ സൈനബുല്‍ ഗസ്സാലിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക സാംസ്‌കാരിക സംഘടന നിലവില്‍വന്ന 1937-ലെ പ്രഭാതം. പള്ളികള്‍ കേന്ദ്രീകരിച്ചും വീടുകളിലും തെരുവോരങ്ങളിലെ പാര്‍പ്പിടങ്ങളിലും ചേരിപ്രദേശങ്ങളിലുമായി വനിതാ പ്രവര്‍ത്തകര്‍ ക്ലാസ്സുകളും പ്രഭാഷണങ്ങളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടത്തുന്ന സന്ദര്‍ഭം. താഴേതട്ടിലേക്ക് ഇറങ്ങിച്ചെന്ന് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയുടെ ഖ്യാതി നാടെങ്ങും പരന്ന സമയം.
സംഘടനാ ആസ്ഥാനത്ത് സൈനബുല്‍ ഗസ്സാലിയെ സന്ദര്‍ശിക്കാന്‍ എത്തിയത് കയ്‌റോ സെഷന്‍സ് കോടതിയിലെ ജഡ്ജിയാണ്. തന്റെ വ്യക്തിപരമായ പ്രശ്‌നം പരിഹരിക്കുന്നതില്‍ സൈനബുല്‍ ഗസ്സാലി ചെയ്ത സേവനത്തിന് നന്ദി പറയാന്‍ എത്തിയതാണ് ന്യായാധിപന്‍. സൈനബുല്‍ ഗസ്സാലിക്ക് ഒന്നും മനസ്സിലായില്ല. അദ്ദേഹം സംസാരിച്ചു തുടങ്ങി: ''എന്റെ ദാമ്പത്യ ജീവിതം തകര്‍ച്ചയുടെ വക്കിലായിരുന്നു. ഭാര്യയുമൊത്തുള്ള ജീവിതം അസാധ്യമായി. അവളുടെ സ്വഭാവവും പെരുമാറ്റവും അങ്ങേയറ്റം അരോചകമായി. വിവാഹമോചനമേയുള്ളൂ പരിഹാരം എന്ന അവസ്ഥയിലെത്തി. പെട്ടെന്ന് അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ആശാവഹമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പണ്ടെത്തേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങള്‍. ദിവസങ്ങള്‍ ചെല്ലുന്തോറും വിസ്മയാവഹമായ മാറ്റങ്ങള്‍. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, എന്റെ ഭാര്യ സൈനബുല്‍ ഗസ്സാലിയുടെ ക്ലാസ്സുകളില്‍ സംബന്ധിച്ചു തുടങ്ങിയതിന്റെ പ്രതിഫലനമാണിവയൊക്കെയെന്ന്. നന്ദിയുണ്ട്. അങ്ങേയറ്റത്തെ കടപ്പാടുണ്ട്. അത് നേരില്‍ വന്ന് പറയാനാണ് ഞാന്‍ വന്നത്.''
വിടപറയുന്നതിന് മുമ്പ് വിചിത്രമായ മറ്റൊരാവശ്യം ന്യായാധിപന്‍ സൈനബുല്‍ ഗസ്സാലിയുടെ മുന്നില്‍ വെച്ചു: ''അവധാനപൂര്‍വം ആലോചിച്ച് തീരുമാനം പിന്നീട് പറഞ്ഞാല്‍ മതി. എന്റെ സഹോദരന്‍ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റാണ്. കയ്‌റോവില്‍ അയാള്‍ ഒരു ചര്‍മരോഗ ആശുപത്രി നടത്തുന്നുണ്ട്. വേശ്യാത്തെരുവുകളിലെ നിശാ സുന്ദരികള്‍ക്ക് പിടിപെടുന്ന ഗുഹ്യ രോഗ ചികിത്സക്കായി ഗവണ്‍മെന്റ് പ്രത്യേക ലൈസന്‍സ് നല്‍കിയ ഏക ആശുപത്രിയാണത്. അഭിസാരികകളായ ആ സ്ത്രീകള്‍ ഈ ചെളിക്കുണ്ടിലേക്ക് എടുത്തെറിയപ്പെട്ടവരാണ്. അവരോട് നിങ്ങള്‍ക്കൊരു ബാധ്യതയുണ്ട്. അവരെ വീണ്ടെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഉപദേശങ്ങളും ഉല്‍ബോധനങ്ങളും നല്‍കി അവരുടെ മനസ്സ് മാറ്റാനും അവരെ പുനരധിവസിപ്പിക്കാനും നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം. ആലോചിച്ച് തീരുമാനം പറഞ്ഞാല്‍ മതി.''
സൈനബുല്‍ ഗസ്സാലി വിഷയം ജംഇയ്യയുടെ കമ്മിറ്റിയില്‍ അവതരിപ്പിച്ചു. വേശ്യാത്തെരുവുകളിലെ ലൈംഗിക രോഗികളെ നന്നാക്കാന്‍ ഒരുമ്പെടുന്നത് സംഘടനക്ക് പേരുദോഷമേ വരുത്തിവെക്കുകയുള്ളൂവെന്നും അവരെ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. സംഘടനയുടെ തീരുമാനം ഇതാണെങ്കിലും വ്യക്തിപരമായി എന്തുകൊണ്ട് ഈ ദൗത്യം തനിക്കേറ്റെടുത്തുകൂടാ എന്നായി അവരുടെ ചിന്ത. എല്ലാ ഉത്തരവാദിത്വവും വ്യക്തിപരമായി ഏറ്റെടുത്ത് അവര്‍ ആശുപത്രി സന്ദര്‍ശനത്തിനിറങ്ങി. ആശുപത്രി അന്തേവാസികള്‍ക്ക് പ്രതിവാര ക്ലാസ്സുകള്‍ ആരംഭിച്ചു.
സ്വര്‍ഗം, നരകം, പരലോകം, തൗബ, ജീവിത വിശുദ്ധി തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോയ പ്രതിവാര ക്ലാസ്സുകളും ഉല്‍ബോധനങ്ങളും ആ മനസ്സുകളെ തരളിതമാക്കി. കഴിഞ്ഞകാല അനുഭവങ്ങളിലൂടെ സഞ്ചരിച്ച ആ ഹൃദയങ്ങള്‍ ഒരു പുതിയ ജീവിതം കൊതിച്ചു. സൈനബുല്‍ ഗസ്സാലിയില്‍ അവര്‍ സ്‌നേഹവത്സലയായ മാതാവിനെ കണ്ടു. തങ്ങളുടെ സുഖദുഃഖങ്ങള്‍ പങ്കു വെക്കാവുന്ന ആത്മമിത്രത്തെ സൈനബില്‍ ദര്‍ശിച്ച അവര്‍ അവരുടെ മുമ്പില്‍ തങ്ങളുടെ ഹൃദയം തുറന്നുവെച്ചു: ''ഞങ്ങള്‍ ഇനി എന്തു വേണം, കുടുംബം പോലും കൈയൊഴിഞ്ഞ ഞങ്ങളുടെ ഭാവിയെന്താണ്, ജീവിതായോധനത്തിനെന്ത് വഴി, സമൂഹം ഇനിയും ഞങ്ങളെ സ്വീകരിക്കുമോ, പശ്ചാത്താപത്തിന് അവസരമുണ്ടോ, സഹായ ഹസ്തം നീട്ടാന്‍ ആരെങ്കിലും ഉണ്ടാവുമോ?'' ഇങ്ങനെ നൂറുകൂട്ടം ആശങ്കകളും ഉത്കണ്ഠകളും അവര്‍ ആ പ്രബോധകയുടെ മുന്നില്‍ നിരത്തി.
ചോദ്യങ്ങളും സംശയങ്ങളുമെല്ലാം സുസ്‌മേരവദനയായി കേട്ട സൈനബ് അവരുടെ മുന്നില്‍ പ്രത്യാശയുടെ വാതിലുകള്‍ തുറന്നുവെച്ചു. ആത്മധൈര്യത്തോടും തന്റേടത്തോടും ഭാവി ജീവിതം നേരിടാനുള്ള കരുത്ത് അവര്‍ക്ക് പകര്‍ന്നു നല്‍കി. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുതുലോകത്തിന്റെ പടിവാതില്‍ക്കല്‍ പുത്തന്‍ പ്രതീക്ഷകളോടെ കാലെടുത്തുവെച്ച അവര്‍ ഉറച്ച ചില തീരുമാനങ്ങളില്‍ എത്തിക്കഴിഞ്ഞിരുന്നു. അവരില്‍ ഒരാള്‍ തന്റെ തൗബ പ്രഖ്യാപിക്കാന്‍ എഴുന്നേറ്റുനിന്നു. പൂര്‍വകാല ജീവിതത്തെക്കുറിച്ചോര്‍ത്ത് ഖേദിച്ചു. പഴയ കാലത്തേക്ക് തിരിച്ചുപോക്കില്ലെന്ന് ദൃഢ പ്രതിജ്ഞയെടുത്തു. പിന്നെ ഓരോരുത്തരായി എഴുന്നേറ്റ് തൗബ ചെയ്യാന്‍ തുടങ്ങി.
അവര്‍ക്കെല്ലാം അന്തസ്സുറ്റ പുനരധിവാസം സൈനബുല്‍ ഗസ്സാലി ഉറപ്പാക്കി. ചിലരെ വിവാഹം കഴിപ്പിച്ചു. അവരുടെ വീടുകളില്‍ അവര്‍ നിത്യ സന്ദര്‍ശകയായി. ചുവന്ന തെരുവുകളില്‍ പൊലിയുന്ന ജീവിതങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകളും പ്രഭാതങ്ങളും സമ്മാനിച്ച സൈനബുല്‍ ഗസ്സാലി സാമൂഹിക സേവനത്തിന് പുതുമാനങ്ങള്‍ നല്‍കി.
***
എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമാണ് അല്‍ഫന്നനാത്തുത്താഇബാത്തി(തൗബ ചെയ്ത കലാകാരികള്‍)ന്റെ വരവ്. 'പോണ്‍' ആര്‍ടിസ്റ്റുകളും സിനിമാ നടികളും ബെല്ലി നര്‍ത്തകികളുമായ നിരവധി യുവതികള്‍ പശ്ചാത്തപിച്ച് ഇസ്‌ലാമിലേക്ക് കടന്നുവരുന്ന ദൃശ്യത്തിന് നൈലിന്റെ നാട് സാക്ഷിയായി. കയ്‌റോവിലെയും അലക്‌സാണ്ട്രിയയിലെയും തെരുവുകള്‍ക്ക് ഹരം പകര്‍ന്ന നിശാ സുന്ദരികളും കലാകാരികളും മാദകറാണികളും നൈറ്റ് ക്ലബ്ബുകള്‍ വിട്ടിറങ്ങി ആരാധനാലയങ്ങളിലേക്ക് വഴിമാറി നടന്ന സന്ദര്‍ഭം. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന് അത്ഭുതകരമായ ഈ മാറ്റത്തില്‍ സുപ്രധാന പങ്കുണ്ട്. സൈനബുല്‍ ഗസ്സാലിയുടെ സായാഹ്ന സദസ്സുകളിലെ നിത്യ സന്ദര്‍ശകരായിരുന്നു ഈ കലാകാരികള്‍. അവരുടെ ഉപദേശങ്ങളും ഉല്‍ബോധനങ്ങളും കലാകാരികളുടെ ഹൃദയങ്ങളെ പിടിച്ചുലച്ചു. യാസ്മിനുല്‍ ഖയ്യാം ആയിരുന്നു അവര്‍ക്ക് നേതൃത്വം നല്‍കിയത്. യാസ്മിനുല്‍ ഖയ്യാമുമായുള്ള സൈനബുല്‍ ഗസ്സാലിയുടെ ബന്ധത്തിന് വര്‍ഷങ്ങളുടെ വേരോട്ടമുണ്ട്. ലോക പ്രശസ്ത ഖുര്‍ആന്‍ പാരായണ വിദഗ്ധനും പണ്ഡിതനുമായ ശൈഖ് മഹ്മൂദുല്‍ ഖലീലുല്‍ ഹുസ്‌റിയുടെ പുത്രിയാണ് യാസ്മിന്‍. ഇടക്കിടെ ശൈഖിന്റെ വസതി സന്ദര്‍ശിക്കുമായിരുന്ന സൈനബുല്‍ ഗസ്സാലി, യാസ്മിന് പരിചിതയായത് സ്വാഭാവികം. 1965-ല്‍ സൈനബുല്‍ ഗസ്സാലി ജയില്‍വാസം വരിക്കുന്നതുവരെ ഈ സുദൃഢബന്ധം തുടര്‍ന്നു.
പ്രസിഡന്റ് അന്‍വര്‍ സാദാത്ത് പ്രഖ്യാപിച്ച മാപ്പിനെത്തുടര്‍ന്ന് 1971-ല്‍ ജയില്‍മോചിതയായ സൈനബുല്‍ ഗസ്സാലിയെ വല്ലാതെ സങ്കടപ്പെടുത്തിയ ഒരനുഭവമുണ്ടായി. തന്റെ കൈത്തലത്തില്‍ വളര്‍ന്ന് അപ്പോഴേക്കും യുവതിയായ യാസ്മിന്‍ കയ്‌റോയിലെ പ്രശസ്ത ഗായികയായി മാറിക്കഴിഞ്ഞിരുന്നു. നിര്‍ദോഷമായ ഗാനങ്ങളിലായിരുന്നു തുടക്കം. പിന്നീടത് പ്രേമ ഗാനങ്ങളിലേക്കും ഗാനമേളകളിലേക്കും വഴിമാറി. അരങ്ങില്‍ നിറഞ്ഞാടുന്ന യാസ്മിന്‍ യുവാക്കളുടെ സിരകളില്‍ അഗ്നിപടര്‍ത്തി. ഇസ്‌ലാമിക-മത മണ്ഡലങ്ങളെ പിടിച്ചുലച്ചു യാസ്മിന്റെ കലാ ജീവിതം. ലോക പ്രശസ്ത ഖാരിഅ് ശൈഖ് മഹ്മൂദുല്‍ ഹുസ്‌രിയുടെ പുത്രി നൃത്ത-നാട്യ രംഗങ്ങളില്‍ ലാസ്യഭാവങ്ങളോടെ അഴിഞ്ഞാടുന്ന കലാകാരിയായും നര്‍ത്തകിയായും അറിയപ്പെടുക! മത പശ്ചാത്തലമുള്ള ഈജിപ്തിന് അതോര്‍ക്കാനേ വയ്യായിരുന്നു. പ്രേക്ഷക ലക്ഷങ്ങളുടെ പ്രശംസാ വചനങ്ങളില്‍ അഭിരമിച്ചു കഴിഞ്ഞ യാസ്മിന്‍ അവരുടെ ഉള്ളില്‍ കനല്‍ കോരിയിട്ടു.
ജയില്‍ മോചിതയായി കയ്‌റോവിലെത്തിയ സൈനബുല്‍ ഗസ്സാലി, ശൈഖ് മഹ്മൂദുല്‍ ഹുസ്‌രിയുടെ വസതി സന്ദര്‍ശിക്കാന്‍ തയാറായില്ല. യാസ്മിന്റെ അഴിഞ്ഞാട്ട ജീവിതത്തോടുള്ള പ്രതിഷേധവും അമര്‍ഷവുമായിരുന്നു ആ ഹൃദയം നിറയെ. പക്ഷേ, പിതാവ് ശൈഖ് ഹുസ്‌രി നിസ്സഹായനായിരുന്നു. കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പിടിവിട്ടുപോയിരുന്നു. മകള്‍ യാസ്മിന്‍ ഖയ്യാം വിവാഹിതയാണ്. ഭര്‍ത്താവാണ് അവളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
യാസ്മിന്ന്, പക്ഷേ സൈനബുല്‍ ഗസ്സാലിയെ അവഗണിച്ചു തള്ളാന്‍ കഴിയുമായിരുന്നില്ല. ഏകാന്തതയും വിരസതയും അനുഭവപ്പെടുന്ന സമയങ്ങളില്‍ യാസ്മിന്‍ സൈനബുല്‍ ഗസ്സാലിയുടെ സവിധത്തില്‍ ഓടിയണയും. മനഃസംഘര്‍ഷ വേളകളില്‍ ആ മാറില്‍ തല ചായ്ച് ഏറെ നേരം കരയും. ഭാരങ്ങള്‍ ഇറക്കിവെക്കും. സൈനബ്, യാസ്മിനെ ആശ്വാസ വചനങ്ങളാല്‍ സാന്ത്വനിപ്പിക്കും. യാസ്മിന്റെ അന്തഃരംഗം കുറ്റബോധത്താല്‍ തിളച്ചുമറിയുകയായിരുന്നു. സൈനബുല്‍ ഗസ്സാലി തീര്‍ത്ത ആശ്വാസത്തിന്റെ തുരുത്തില്‍ കഴിഞ്ഞ യാസ്മിന്‍ ക്രമേണ അധാര്‍മികത നിറഞ്ഞാടിയ കലാരംഗത്തോട് വിടപറഞ്ഞു. ഗാനലോകം പരിത്യജിച്ചു. ഈജിപ്തിലെ കലാകാരികളുടെ ഹൃദയത്തിലേക്ക് കടന്നുചെല്ലാനുള്ള പാലമായി പിന്നീടവര്‍ക്ക് നര്‍ത്തകിയായിരുന്ന യാസ്മിന്‍. ഇരുവരും പിന്നീട് കലാകാരികളെ സന്ദര്‍ശിച്ചും സ്വാധീനിച്ചും അവരുടെ മനസ്സ് മാറ്റിയെടുത്തത് ചരിത്രം.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25