Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

'ദക്ഷിണ' അവലോകനം ശ്രദ്ധേയമായ ചുവടുവെയ്പ്‌

കടയ്ക്കല്‍ ജുനൈദ് പ്രതികരണം

കേരള മുസ്‌ലിംകളുടെ ചരിത്രവും വര്‍ത്തമാനവും പരതിയുള്ള അന്വേഷണങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇബ്‌നു ബത്തൂത്തയെപ്പോലുള്ള സഞ്ചാരികളുടെ യാത്രാവിവരണങ്ങളും അനുഭവക്കുറിപ്പുകളും ആദ്യകാല സ്രോതസ്സുകള്‍ എന്ന നിലക്ക് ഏറെ പ്രസക്തമാണ്. വ്യവസ്ഥാപിതമായ രീതിയില്‍ ചരിത്രം രേഖപ്പെടുത്തിയ ആദ്യപഠനം 16 -ാം നൂറ്റാണ്ടിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീനാണ്. തുഹ്ഫക്കുശേഷം ഈ മേഖലയില്‍ എണ്ണിപ്പറയാന്‍ ഏറെയൊന്നുമില്ല.
പിന്നീട് ഈ രംഗത്ത് പുതിയ അന്വേഷണങ്ങള്‍ നടന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. റോളണ്ട് ഇ മില്ലര്‍ മുതല്‍ എ.പി ഇബ്‌റാഹീം കുഞ്ഞു വരെയുള്ളവരുടെ പഠനങ്ങള്‍ നമുക്ക് ലഭ്യമാണെങ്കിലും ഇവയെല്ലാം മലബാര്‍ കേന്ദ്രീകൃതങ്ങളാണ്. തെക്കന്‍ കേരള മുസ്‌ലിം പാരമ്പര്യമോ സംഭാവനകളോ രേഖപ്പെടുത്തിയ ചരിത്രപഠനങ്ങള്‍ ഇല്ല എന്നു പറയുന്നതാവും ശരി. ഡോ. എം. അബ്ദുസ്സമദിന്റെ ഗവേഷണ പഠനത്തില്‍ മുസ്‌ലിം സംഘടനകളെയും പ്രസ്ഥാനങ്ങളെയും പരാമര്‍ശിക്കുന്ന ഭാഗത്ത് തെക്കന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ സംബന്ധിച്ചുള്ള ഹ്രസ്വമായ വിവരണം ഒഴിച്ചാല്‍ ഈ മേഖല ഏറെ ശുഷ്‌കമാണ്.
ഈ പശ്ചാത്തലത്തിലാണ് 'ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ'യെ സംബന്ധിച്ച സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ പഠനം ചരിത്രാന്വേഷണം എന്ന നിലയില്‍ ഏറെ പ്രസക്തമാകുന്നത്. ഈ ലേഖന പരമ്പര വന്നതാകട്ടെ പ്രബോധനത്തിലും. തങ്ങളുമായി പല കാര്യങ്ങളിലും വിയോജിപ്പുള്ള ഒരു പ്രസ്ഥാനത്തിന്റെ ചരിത്രം ഏറെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാന്‍ തയാറായ പ്രബോധനവും സദ്‌റുദ്ദീന്‍ വാഴക്കാടും അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് കേവലമായ ചരിത്രാന്വേഷണം എന്നതിലുപരി കേരളീയ മുസ്‌ലിം സംഘടനകള്‍ക്ക് വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇതര പ്രസ്ഥാനങ്ങളോട് പുലര്‍ത്താവുന്ന ആത്മാര്‍ഥ സൗഹൃദത്തിന് ഉത്തമ മാതൃക കൂടിയാണ്. പല കാര്യങ്ങളും വസ്തുതാകഥനം എന്ന നിലയില്‍ വിവരിക്കുന്നിടത്തൊക്കെ ലേഖകന്‍ സൂക്ഷ്മത പാലിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഒരുവേള ലേഖകന്റെ വിശകലനങ്ങളിലും വ്യാഖ്യാനങ്ങളിലും കടന്നുകൂടാമായിരുന്ന പക്ഷപാതിത്വങ്ങളും മുന്‍ ധാരണകളും ഈ പഠനത്തിന്റെ മൂല്യത്തിന് ഇടിവുണ്ടാക്കുമായിരുന്നു. ഇവിടെ പക്ഷേ, സാധ്യമായ അളവില്‍ വസ്തുനിഷ്ഠത ഉറപ്പ് വരുത്തിയിരിക്കുന്നു.
ജംഇയ്യത്തിന്റെ മുന്‍കാല പണ്ഡിതന്മാരെക്കുറിച്ച് പറയുന്നിടത്ത് ദീര്‍ഘകാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയും വൈസ്പ്രസിഡന്റുമായിരുന്ന കെ.എം ഫരീദുദീന്‍ മൗലവി(പേഴക്കാപ്പിള്ളി)യെയും പോഷക സംഘടനകളില്‍ കെ.എം.വൈ.എഫിനെയും ലജ്‌നത്തുല്‍ മുഅല്ലിമീനെയും വിട്ടുപോയത് മനഃപൂര്‍വമാണെന്ന് കരുതുന്നില്ല. പാങ്ങോട് മന്നാനിയാ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് തിരുവനന്തപുരം ജില്ലയിലാണ്; കൊല്ലം ജില്ലയിലല്ല. അതിന്റെ പ്രിന്‍സിപ്പല്‍മാരില്‍ ആദ്യത്തെയാള്‍ പ്രഫ. കെ.വൈ മുഹമ്മദ് കുഞ്ഞ് (1995-2001) ആണ്. പതിനായിരത്തോളം മുഅല്ലിമീങ്ങള്‍ അംഗങ്ങളായുള്ള ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീനും 800-ല്‍പ്പരം യൂനിറ്റുകള്‍ ഉള്ള കെ.എം.വൈ.എഫും വിശദ പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. കെ.എം.വൈ.എഫ് പ്രതിനിധി എന്ന നിലയില്‍ ചുരുക്കം സംഗതികള്‍ ഇവിടെ രേഖപ്പെടുത്താം.

കെ.എം.വൈ. എഫ് കാലഘട്ടങ്ങളിലൂടെ
ദക്ഷിണയുടെ പോഷക ഘടകങ്ങളില്‍ സുപ്രധാനമാണ് കെ.എം.വൈ.എഫ് (കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍). സമൂഹത്തിന്റെ ചാലകശക്തിയായ യുവാക്കളെ ഇസ്‌ലാമിന്റെ ആദര്‍ശാടിത്തറയില്‍ ഉറപ്പിച്ചു നിര്‍ത്തി മൂല്യബോധവും സേവന സന്നദ്ധതയുമുള്ള ഉത്തമ സമൂഹമാക്കി പരിവര്‍ത്തിപ്പിക്കാന്‍ സംഘടന പരിശ്രമിക്കുന്നു.
1979-ല്‍ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന ജംഇയ്യത്തിന്റെ യോഗമാണ് യുവജന ഫെഡറേഷന് രൂപം നല്‍കിയത്. ദക്ഷിണ കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ (ഡി.കെ. എം.വൈ.എഫ)് എന്നായിരുന്നു ആദ്യം സംഘടനയുടെ പേര്. 1991-ല്‍ പ്രവര്‍ത്തന മേഖല വ്യാപകമാക്കുന്നതിന്റെ ഭാഗമായി കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ എന്ന് പുനര്‍ നാമകരണം ചെയ്തു. തിരുവന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലാണ് സംഘടന സജീവമായി പ്രവര്‍ത്തിച്ചുവരുന്നത്.
യൂനിറ്റ്, താലൂക്ക്, ജില്ല, സംസ്ഥാന ഘടകങ്ങളായാണ് സംഘടന സംവിധാനിച്ചിരിക്കുന്നത്. ഓരോ ഘടകത്തിനും ജനറല്‍ ബോഡിയും വര്‍ക്കിംഗ് കമ്മിറ്റിയും നിലവിലുണ്ട്. ഇപ്പോള്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയാണ് സ്ഥാപക പ്രസിഡന്റ്. 1995 വരെ സംഘടനയെ നയിച്ചത് അദ്ദേഹമായിരുന്നു. '95 മുതല്‍ 2009 വരെ എ.കെ ഉമര്‍ മൗലവിയായിരുന്നു പ്രസിഡന്റ്. വെട്ടത്ത് മുഹമ്മദ്, പി.പി ഇസ്ഹാഖ് മൗലവി കാഞ്ഞാര്‍, വി.എച്ച് മുഹമ്മദ് മൗലവി, സെയ്തു മുഹമ്മദ് അല്‍ഖാസിമി കോട്ടയം, മര്‍ഹും എന്‍.എം ബാവാ മൗലവി, തോന്നയ്ക്കല്‍ കെ.എച്ച് മൗലവി, കുട്ടിക്കട അഷ്‌റഫ് എന്നിവര്‍ സംഘടനയുടെ മുന്‍കാല നേതാക്കളില്‍ ചിലരാണ്.
കെ.എഫ് മുഹമ്മദ് അസ്‌ലം മൗലവി (പ്രസിഡന്റ്), വി. എച്ച് അലിയാര്‍ മൗലവി തൊടുപുഴ, കാരാളി ഇ.കെ സുലൈമാന്‍ ദാരിമി, കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, അല്‍ അമീന്‍ റഹുമാനി എ.ആര്‍ (വൈസ് പ്രസിഡന്റ്), കടയ്ക്കല്‍ ജൂനൈദ്, ഇലവു പാലം ഷംസുദ്ദീന്‍ മന്നാനി, കെ.എം നാസര്‍ അയിന്ദ്രര്‍പ്പാടം (ജന. സെക്രട്ടറി), എ.വൈ ഷിജു, നൗഷാദ് മാങ്കാംകുഴി, പി.ഇ അഷ്‌റഫ് ബദ്‌രി, അഫ്‌സല്‍ പത്തനംതിട്ട (സെക്രട്ടറി), തലച്ചിറ ഷാജഹാന്‍ ബാഖവി (ട്രഷറര്‍) എന്നിവരാണ് നിലവിലെ ഭാരവാഹികള്‍. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി ചെയര്‍മാനായുള്ള അഡൈ്വസറി ബോര്‍ഡും നിലവിലുണ്ട്.

ലക്ഷ്യങ്ങള്‍
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും സുന്നത്ത് ജമാഅത്തിന്റെ കീഴില്‍ മുസ്‌ലിം യുവാക്കളെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുക, മുസ്‌ലിം ഐക്യവും സാഹോദര്യബന്ധവും സുദൃഢമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക, സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി വ്യക്തമായ പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക, ഇസ്‌ലാമിനെക്കുറിച്ച് സമൂഹത്തില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ പ്രയത്‌നിക്കുക, സമുദായത്തിലെയും സമൂഹത്തിലെയും ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുകയും അവരുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക, മുസ്‌ലിം യുവജനങ്ങളില്‍ അനിസ്‌ലാമിക പ്രവണതകള്‍ കടന്നുകൂടാതിരിക്കാന്‍ സ്റ്റഡി ക്ലാസ്സുകള്‍ തര്‍ബിയത്ത്- തസ്‌കിയത്ത് ക്യാമ്പുകള്‍, അവധിക്കാല കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുക, ഓരോ ഘടകങ്ങളും അതതു പ്രദേശങ്ങളില്‍ നടക്കുന്ന സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ജാതി- മത കക്ഷി രാഷ്ട്രീയത്തിന്നതീതമായി സഹകരിക്കുക തുടങ്ങിയ പത്ത് ലക്ഷ്യങ്ങളാണ് യുവജന ഫെഡറേഷന് ഉള്ളത്.
ദക്ഷിണയുടെ വിശാലമായ കാഴ്ചപ്പാട് തന്നെയാണ് കെ. എം.വൈ.എഫും ഉയര്‍ത്തിപ്പിടിക്കുന്നത്. മുസ്‌ലിം ഐക്യത്തിന് വിഘാതമാകുന്ന യാതൊരു പ്രവര്‍ത്തനത്തിലും അംഗങ്ങള്‍ ഇടപെടാതിരിക്കാന്‍ സംഘടന അതീവ ശ്രദ്ധപുലര്‍ത്തുന്നു. ശാഖാപരമായ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അത് അങ്ങാടിയില്‍ വിഴുപ്പലക്കലിന് ഒരിക്കലും ഇടയാകരുതെന്ന് സംഘടനക്ക് നിര്‍ബന്ധമുണ്ട്. പരസ്യമായി നടക്കുന്ന ഖണ്ഡന മണ്ഡനങ്ങളും എല്‍.സി.ഡി ക്ലിപ്പിങ്ങുകളിലൂടെയുള്ള പൊറാട്ടു നാടകങ്ങളും പൊതു സമൂഹത്തില്‍ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കുന്നതിലെ അപകടം സമുദായ സംഘടനകളുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. സംഘടനാ താല്‍പ്പര്യത്തിനപ്പുറം സമുദായ താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കാനാണ് എന്നും ശ്രമിച്ചു പോരുന്നത്. കക്ഷി രാഷ്ട്രീയത്തിന്നതീതമായി ധീരമായ നിലപാടുകള്‍ സ്വീകരിക്കാനും ആര്‍ജവത്തോടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും കെ.എം.വൈ.എഫിന് വിലങ്ങുതടികളില്ല.
കൈരളിയുടെ ഭൂമികയില്‍ കെ.എം.വൈ.എഫ് ഒറ്റക്കും സഹോദര സംഘടനകളോടൊന്നിച്ചും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ശരീഅത്ത് വിവാദം കൊടുമ്പിരികൊണ്ട ഘട്ടത്തില്‍ 1986-ല്‍ ജമാഅത്ത് ഫെഡറേഷനുമായി ചേര്‍ന്ന് കെ.എം.വൈ.എഫ് കൊല്ലത്ത് നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയും സമ്മേളനവും കേരളീയ മുസ്‌ലിം ചരിത്രത്തിലെ മായാത്ത രേഖയാണ്. '90 കളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മണ്ഡല്‍-മസ്ജിദ് വിഷയങ്ങളിലും നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ജീവകാരുണൃമേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നിര്‍ധനരായ യുവതികളുടെ വിവാഹങ്ങള്‍, രോഗികളുടെ ചികിത്സാ പദ്ധതികള്‍, ജീവിതോപാധികള്‍ സംവിധാനിക്കല്‍, ഭവന നിര്‍മാണ സഹായങ്ങള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജും നെടുമങ്ങാട് ഗവ. ഹോസ്പിറ്റലും ഉള്‍പ്പെടെയുള്ള വിവിധ ആശുപത്രികളില്‍ റമദാനിലെ എല്ലാ ദിവസവുമുള്ള ഇഫ്ത്വാര്‍, നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സഹായ പദ്ധതികള്‍, റമദാന്‍ റിലീഫുകള്‍, അവാര്‍ഡ് ഫെസ്റ്റുകള്‍, കരിയര്‍ ഗൈഡന്‍സുകള്‍, കൗണ്‍സലിംഗുകള്‍ എന്നിവയിലൂടെ സേവന മേഖലകളില്‍ മായാത്ത മുദ്രകളാണ് പതിപ്പിച്ചിട്ടുള്ളത്. 2003 ഫെബ്രുവരി എട്ടിന് കൊല്ലത്ത് നടത്തിയ ചരിത്ര സെമിനാര്‍, ബാബരി മസ്ജിദ്-മഅ്ദനി -സംവരണം-ഭീകരതയുടെ പേരിലുള്ള കുപ്രചാരണം തുടങ്ങിയ വിഷയങ്ങളിലൂന്നി നടത്തിയ അവകാശ പ്രഖ്യാപന യാത്ര, 2009 ആഗസ്റ്റ് 5-6 തീയതികളില്‍ കൊച്ചിയില്‍ നടന്ന വിദ്യാഭ്യാസ ക്യാമ്പ്, 2009 നവംബര്‍ 15-ന് കൊല്ലം ബിഷപ് ജെറോം നഗര്‍ ഹാളില്‍ നടന്ന സെമിനാര്‍, 2010 ആഗസ്റ്റ് 7-ന് തിരുവനന്തപുരത്ത് നടന്ന 'ഭീകരതയും മാധ്യമങ്ങളും' സെമിനാര്‍, 2012 ഏപ്രില്‍ 17-18 തീയതികളില്‍ ധാര്‍മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാന സമ്മേളനം എന്നിവയും മഅ്ദനിയുടെ മോചനത്തിനു വേണ്ടിയുള്ള ഇടപെടലുകളും ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിലെ സജീവ സാന്നിധ്യവും, 2010 ജൂണ്‍ 12-ന് തിരുവനന്തപുരത്ത് നടത്തിയ ഭീകര വിരുദ്ധ സദസ്സും, 2012 നവംബര്‍ 26-ന് കൊല്ലത്ത് നടന്ന ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും സംഘടനാ ചരിത്രത്തിലെ സുപ്രധാന പരിപാടികളില്‍ ചിലതാണ്.
അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കി എല്ലാ സംഘടനകളും സഹകരണത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം, പ്രാര്‍ഥിക്കാം. അതിന് നിമിത്തമായിത്തീരട്ടെ സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ പഠനവും വിവരണവും.
(കെ.എം.വൈ.എഫിന്റെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25