Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

ഇസ്‌ലാമോഫോബിയയും എംപയറിന്റെ രാഷ്ട്രീയവും

കെ. അശ്‌റഫ് പുസ്തകം

ദീപകുമാര്‍ എഴുതിയ ഇസ്‌ലാമോഫോബിയ ആന്റ് ദ പൊളിറ്റിക്‌സ് ഓഫ് എംപയര്‍ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രം തന്നെ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും. ഒരു മിനാരത്തിനു മേലെ ഇരപിടിയന്‍ കഴുകനെപ്പോലെ വട്ടമിട്ടു പറക്കുന്ന ഒരു ഹെലികോപ്ടറിന്റെ ദൃശ്യമാണ് കവര്‍ ചിത്രത്തില്‍. 2005 നവംബര്‍ പതിനാറിന് അസോസിയേറ്റ് പ്രസിന്റെ മുഹമ്മദ് ഹതോ എടുത്ത ഫോട്ടോയാണ് പുസ്തകത്തിന്റെ കവര്‍ ചിത്രമായി മാറിയിരിക്കുന്നത്. ഈ ഫോട്ടോക്കു നല്‍കിയ അടിക്കുറിപ്പനുസരിച്ച് റമദാന്‍ പതിനാല് എന്നറിയപ്പെടുന്ന ബഗ്ദാദിലെ മസ്ജിദിനു മേലെയാണ് അമേരിക്കന്‍ അധിനിവേശ സേനയുടെ അപാചെ ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നത്. ഈ ദൃശ്യം കാണുന്നവരില്‍ ഉണ്ടാകുന്ന നടുക്കം വളരെ വലുതാണ്. ഒരര്‍ഥത്തില്‍ നാം ജീവിക്കുന്ന കാലവും ലോകവും പങ്കിടുന്ന നടുക്കത്തിന്റെ പ്രതിനിധാനമാണ് ദീപകുമാറിന്റെ ഈ പുസ്തകം.
അമേരിക്കയിലെ Rutger യൂനിവേഴ്‌സിറ്റിയില്‍ അധ്യാപികയായ ദീപകുമാര്‍ ഏതൊരാളെപ്പോലെയും 2001 സെപ്തംബര്‍ പതിനൊന്നിന് ഇരട്ട ഗോപുരങ്ങള്‍ നിലംപൊത്തുന്നത് കണ്ട് തരിച്ചിരുന്നു പോയിട്ടുണ്ട്. തന്റെ ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ ഒക്കെ സുരക്ഷിതരാണോയെന്ന് വ്യാകുലപ്പെട്ടിട്ടുണ്ട്. പക്ഷേ അന്നേ ദിവസം കാമ്പസില്‍ പോയപ്പോള്‍ ഒരു അമേരിക്കന്‍ സുഹൃത്ത് ചോദിച്ചത് ''നിനക്കിപ്പം തൃപ്തിയായില്ലേ?'' എന്നായിരുന്നു. കാമ്പസില്‍ നിന്ന് പുറത്തിറങ്ങി ഒരു പലചരക്ക് കടയില്‍ കയറിയപ്പോള്‍, അവിടത്തെ ഗുമസ്തന്റെ മുഖത്തെ പുഛവും ദേഷ്യവും ദീപകുമാറിന് വായിച്ചെടുക്കാമായിരുന്നു. ഒന്നമര്‍ത്തി നോക്കിയ അയാള്‍ ഇന്ന് ഇരട്ടഗോപുരം തകര്‍ത്തതിന് മാപ്പുപറയണമെന്ന് ദീപകുമാറിനോടാവശ്യപ്പെട്ടു. ഒരു നിമിഷം ഞെട്ടിയ ദീപകുമാര്‍ പെട്ടെന്ന് മനഃസ്സാന്നിധ്യം തിരിച്ചെടുത്ത് ചോദിച്ചു. ''ഇതുപോലെ സമാനമായ നരഹത്യ നടത്തിയ തിമോതി മക്വിഹിനെ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. അയാള്‍ ചെയ്തതിന് എല്ലാ ക്രിസ്ത്യാനികളും മാപ്പുപറയുമോ?'' ഇന്ത്യന്‍ വംശജയായ ദീപകുമാറിന്റെ അറബ് മുസ്‌ലിം ശരീരഭാവമാണ് പ്രസ്തുത ഗുമസ്തനെ അങ്ങനെയൊരു പ്രതികരണം നടത്താന്‍ പ്രേരിപ്പിച്ചത്. വളരെയധികം നിഷ്‌കളങ്കരായ സാധാരണ തൊഴിലാളികളെ പോലും ബാധിച്ച ഇസ്‌ലാം വിരുദ്ധ ഹിസ്റ്റീരിയ ദീപകുമാറിനെ ഏറെ ചിന്തിപ്പിച്ചു. ശരിക്കും ഇങ്ങനെയൊരു പൊതുബോധം ഒരു സുപ്രഭാതത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല. അതിന് ചരിത്രപരമായ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ വളരെ സാധാരണക്കാരായ വായനക്കാരെ ലക്ഷ്യമിട്ട് അക്കാദമിക ഭാഷയുടെ കാഠിന്യമില്ലാത്ത ഒരു പുസ്തകമെഴുതാന്‍ അവര്‍ തീരുമാനിച്ചു. ഏതാണ്ട് പത്തുവര്‍ഷം മുമ്പെടുത്ത ആ തീരുമാനത്തിന്റെ ബാക്കിപത്രമാണ് ഈ പുസ്തകം.
മൂന്ന് പ്രധാന ചര്‍ച്ചകള്‍ ഈ പുസ്തകത്തിന്റെ വായനയിലൂടെ ലഭിക്കുന്നു. ഒന്ന്) ഇസ്‌ലാമിനെക്കുറിച്ച ''ഇമേജ്'' യൂറോപ്പില്‍ രൂപപ്പെട്ടതിന്റെ ഒരു ചരിത്ര വീക്ഷണം. രണ്ട്) കൊളോണിയലിസത്തിന്റെ രാഷ്ട്രീയ ചരിത്രവും ഓറിയന്റലിസത്തിന്റെ വൈജ്ഞാനിക ചരിത്രവും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകതകള്‍. മൂന്ന്) മേല്‍ പറഞ്ഞ രണ്ടു കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാം ലോക യുദ്ധത്തിനു ശേഷം എംപയര്‍ (Empire) എന്നു പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട, അമേരിക്ക സുപ്രധാന റോള്‍ വഹിക്കുന്ന, ആഗോള അധികാരം മുസ്‌ലിംകളോട് സ്വീകരിക്കുന്ന സമീപനങ്ങളുടെ സവിശേഷതകള്‍. ഈ കുറിപ്പിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പുസ്തകം പൊതുവെ ശ്രദ്ധിക്കുന്ന ചില സമകാലിക പ്രശ്‌നങ്ങളുടെ മറുവായനയെ പരിചയപ്പെടുത്താന്‍ ശ്രമിക്കാം.

യൂറോപ്പിലെ ഇസ്‌ലാമിന്റെ ഇമേജുകള്‍
ഇന്നത്തെ ഓറിയന്റലിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന പ്രധാന വാദം, യൂറോപ്പും ഇസ്‌ലാമും തമ്മില്‍ ചരിത്രത്തിലുടനീളം സംഘര്‍ഷത്തിലായിരുന്നുവെന്നാണ്. മാത്രമല്ല ഈ സംഘര്‍ഷമാണ് ലോക ചരിത്രത്തിന്റെ നട്ടെല്ലെന്നാണ് ബെര്‍ണഡ് ലൂയിസ്, സാമുവല്‍ ഹണ്ടിംഗ്ടണ്‍ തുടങ്ങിയവര്‍ സിദ്ധാന്തമെഴുതിയത്. എന്നാല്‍ തോമസ് മസ്തനക്, എഡ്വേഡ് സെയ്ദ് തുടങ്ങിയവരെ വായിച്ച് ഇങ്ങനെയൊരു ചരിത്രവായനയെ ദീപകുമാര്‍ വളരെ വേഗം മറികടക്കുന്നുണ്ട്. ഇസ്‌ലാമിനെക്കുറിച്ച് ഏകശിലാസങ്കല്‍പം യൂറോപ്പ് ഒരിക്കലും വെച്ചുപുലര്‍ത്തിയിരുന്നില്ല. മതം, രാഷ്ട്രീയം മുതല്‍ സംസ്‌കാരം, ലൈംഗികത തുടങ്ങിയ സവിശേഷതകളോട് ഇസ്‌ലാമിക ലോകവും യൂറോപ്പും അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചിട്ടുണ്ട്. ശത്രുത, സ്‌നേഹം, നിസംഗത, തര്‍ക്കം, കൗതുകം, സംവാദം, വിവര്‍ത്തനം തുടങ്ങി നിരവധി ഭാവങ്ങള്‍ ഇസ്‌ലാം- യൂറോപ്പ് ബന്ധത്തിലുണ്ടായിട്ടുണ്ട്. എന്തിനധികം പറയുന്നു ''ഇസ്‌ലാമിക ലോകം'' ''യൂറോപ്പ്'' തുടങ്ങിയ വര്‍ഗീകരണങ്ങള്‍ നൂറ്റാണ്ടുകളോളം ആര്‍ക്കുമറിയാത്ത കാര്യങ്ങളായിരുന്നു. ഇവയൊക്കെ നാം ഇപ്പോള്‍ കരുതുന്നതുപോലെ ''സ്വാഭാവികം'' അല്ല. മറിച്ച് ചരിത്രപരമായി രൂപപ്പെട്ട വര്‍ഗീകരണങ്ങള്‍ ആണ്. ക്രിസ്ത്യന്‍ ഭരണകൂടമായ ബൈസാന്റിയന്‍ സാമ്രാജ്യം മുസ്‌ലിം-ഭൂരിപക്ഷ പ്രദേശങ്ങളുള്ള ഏഷ്യന്‍-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലാണ് ആധിപത്യമുറപ്പിച്ചിരുന്നത്. എണ്ണൂറ് വര്‍ഷത്തെ ചരിത്രമുള്ള യൂറോപ്പിലെ മുസ്‌ലിം ഭരണം സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇറ്റലി ഇവയൊക്കെ വ്യാപിച്ചു കിടന്നിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്‌ലാമിക ലോകം, യൂറോപ്പ് തുടങ്ങിയ വിഭജനങ്ങള്‍ യൂറോപ്യന്‍ കൊളോണിയലിസത്തിന്റെയും അമേരിക്കന്‍ എംപയറിന്റെയും താല്‍പര്യം സംരക്ഷിക്കുന്ന വര്‍ഗീകരണങ്ങള്‍ ആണ്.

കൊളോണിയലിസവും ഓറിയന്റലിസവും
യൂറോപ്പിലെ രാഷ്ട്രീയ വരേണ്യരുടെ ആയുധമായിരുന്ന ഇസ്‌ലാമോഫോബിയ ഒരു സയന്‍സായി മാറുന്നത് കൊളോണിയലിസത്തിലൂടെയാണെന്നാണ് ദീപകുമാര്‍ പറയുന്നത്. പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലാണ് ഇത് പൂര്‍ണ വളര്‍ച്ചയെത്തി ഓറിയന്റലിസമായി മാറുന്നത്. ഇതിന്റെ ഒരു ചരിത്രപശ്ചാത്തലം വളരെ നിര്‍ണായകമാണ്. 1830-ലാണ് ഫ്രാന്‍സ് അള്‍ജീരിയ പിടിച്ചടക്കുന്നത്. തുടര്‍ന്ന് 1851-ല്‍ തുനീഷ്യ പിടിച്ചടക്കി. ബ്രിട്ടന്‍ 1882-ല്‍ ഈജിപ്ത് പിടിച്ചടക്കി. തുടര്‍ന്ന് 1898-ല്‍ സുഡാനും പിടിച്ചു. പിന്നെ ഇരുപതു വര്‍ഷത്തിനുള്ളില്‍ ഒന്നാം ലോകയുദ്ധം ഉസ്മാനി ഖിലാഫത്തിന്റെ പതനം പൂര്‍ത്തിയാക്കി. ലോകം ജയിച്ച ബ്രിട്ടനും ഫ്രാന്‍സും മുസ്‌ലിം ഭൂരിപക്ഷ ലോകത്തിന്റെ അതിര്‍ത്തികള്‍ മാറ്റിവരച്ചു. ലബനാന്‍, ഫലസ്ത്വീന്‍, ജോര്‍ദാന്‍, സിറിയ ഇവയൊക്കെ കൊളോണിയല്‍ ശക്തികള്‍ പങ്കുവെച്ചു. ഇക്കാലയളവിലാണ് അഞ്ചു പ്രധാന ഓറിയന്റലിസ്റ്റ് മിത്തുകള്‍ വികസിച്ചുവരുന്നത്. ഒന്ന്) ഇസ്‌ലാം എന്നത് ഒരു ഏകശിലാ മതമാണ്. രണ്ട്) ഇസ്‌ലാം എന്നത് സവിശേഷമായ ലൈംഗികാഭിമുഖ്യമുള്ള മതമാണ്. മൂന്ന്) ''മുസ്‌ലിം-മനസ്സ്'' യുക്തിചിന്തക്ക് വഴങ്ങുന്നതല്ല. നാല്) ഇസ്‌ലാം അടിസ്ഥാനപരമായി ഹിംസയുടെ മതമാണ്. അഞ്ച്) മുസ്‌ലിംകള്‍ ജനാധിപത്യവും സ്വയം നിര്‍ണയാവകാശവും ഒരിക്കലും സാധിച്ചിട്ടില്ലാത്ത ജനസമൂഹമാണ്.
ഇങ്ങനെയുള്ള കൊളോണിയല്‍-ഓറിയന്റല്‍ സാഹചര്യത്തിലൂടെയാണ്, അതിന്റെ തുടര്‍ച്ചയായാണ് രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കന്‍ എംപയര്‍ വികസിച്ചുവരുന്നത്.

എംപയറും
ഇസ്‌ലാമിക രാഷ്ട്രീയവും
ഇസ്‌ലാമിസ്റ്റുകളെ കുറിച്ച് ഏറെ പ്രചാരമുള്ള ഒരു ഇടതുപക്ഷ മിത്താണ് ഇസ്‌ലാമിസ്റ്റുകള്‍ ഒരു സാമ്രാജ്യത്വ സൃഷ്ടിയാണെന്നത്. ഇത് മുസ്‌ലിംകള്‍ ജനാധിപത്യവും സ്വയം നിര്‍ണയാവകാശവും ഒരിക്കലും അര്‍ഹിക്കാത്ത/സാധിക്കാത്ത ജനസമൂഹങ്ങളാണെന്ന ഓറിയന്റലിസ്റ്റ് മിത്തിനെയാണ് പുനരുല്‍പാദിപ്പിക്കുന്നത്. യൂറോപ്യന്‍ മുതലാളിത്തത്തിന്റെ അനുബന്ധം മാത്രമാണ് ലോകചരിത്രമെന്ന (യൂറോകേന്ദ്രീകൃത) മാര്‍ക്‌സിയന്‍ സാമ്പത്തിക-രാഷ്ട്രീയ വിശകലനത്തിന്റെ പരിമിതിയാണിത്. ദീപകുമാറിന്റെ വായനകള്‍ ഈ ഇടതുപക്ഷ പരിമിതിയെ മറികടന്ന് ഇസ്‌ലാമിസ്റ്റുകളും അമേരിക്കന്‍ എംപയറും തമ്മിലുള്ള ബന്ധത്തിന്റെ നിരവധി സാഹചര്യങ്ങള്‍ പരിശോധിക്കുന്നു. തുര്‍ക്കി ഖിലാഫത്തിന്റെ തകര്‍ച്ചയോടെ ലോകമെങ്ങും ഉടലെടുത്ത ''ഇസ്‌ലാമിക പ്രസ്ഥാനം'' എന്ന പ്രതിഭാസം വളരെ സ്വതന്ത്രമായ അര്‍ഥത്തില്‍ കൊളോണിയല്‍ വിരുദ്ധ സമീപനം പുലര്‍ത്തിയിരുന്നതാണ്. സോവിയറ്റ് മാര്‍ക്‌സിസത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിയാല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കൊളോണിയല്‍ വിരുദ്ധ സമീപനത്തിന്റെ സങ്കീര്‍ണതകള്‍ പിടികിട്ടണമെന്നില്ല. 1950-കളില്‍ പെട്രോഡോളര്‍ ഭരണകൂടത്തെ സംരക്ഷിക്കുക, സോവിയറ്റ് യൂനിയനെ ചെറുക്കുക എന്നതില്‍ കവിഞ്ഞ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഭീഷണിയായി അമേരിക്ക കാണുന്നില്ല എന്നാണ് ദീപകുമാര്‍ പറയുന്നത്. എന്നാല്‍ 1979-ലെ ഇറാന്‍ വിപ്ലവത്തോടെ കഥ മാറി. ഇതോടെ ഇസ്‌ലാമിസ്റ്റുകളെ തങ്ങളുടെ താല്‍പര്യത്തിനു വഴങ്ങുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ വിഭജിക്കാനാണ് അമേരിക്ക താല്‍പര്യമെടുത്തത്... അമേരിക്കന്‍ ബ്രാന്‍ഡ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഉണ്ടാക്കിയെടുത്ത് അമേരിക്കന്‍ വിരുദ്ധ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഒതുക്കാനാണ് അമേരിക്ക ശ്രമിച്ചത്. ഇത് ഇസ്‌ലാമിസ്റ്റുകളുടെ കാര്യത്തില്‍ മാത്രമല്ല സദ്ദാം ഹുസൈന്‍ അടക്കമുള്ള സെക്യുലര്‍ സോഷ്യലിസ്റ്റുകളുടെ കാര്യത്തിലും ശരിയാണ്. ഇങ്ങനെയൊരു സമീപനം 2001 സെപ്റ്റംബര്‍ പതിനൊന്നു വരെ വളരെ വ്യക്തമായി പിന്തുടര്‍ന്നതാണ്. ഒരൊറ്റ ഉദാഹരണം കൂടി പറയാം. ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തുടക്കം മുതലേ എതിര്‍ത്ത അമേരിക്ക അവരെ ഉപരോധം കൊണ്ട് വീര്‍പ്പുമുട്ടിച്ചിരുന്നു. എന്നാല്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ തുര്‍ക്കിയില്‍ അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റ് ആഭിമുഖ്യമുള്ള റഫാഹ് പാര്‍ട്ടിയോട് അമേരിക്ക മൃദുസമീപനമായിരുന്നു സ്വീകരിച്ചതെന്ന് ദീപകുമാര്‍ കാണുന്നു.
ചുരുക്കത്തില്‍ 1950 മുതല്‍ 1980 വരെ അമേരിക്ക ഇസ്‌ലാമിസ്റ്റുകളോട് സ്വീകരിച്ചത് നിസ്സംഗത (Indifferance) ആയിരുന്നു. 1980 മുതല്‍ 2001 വരെ അമേരിക്ക ഇസ്‌ലാമിസ്റ്റുകളെ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ (Selective Use) ആണ് ശ്രമിച്ചത്. 2001 സെപ്തംബര്‍ പതിനൊന്നിനു ശേഷമാണ് പൂര്‍ണാര്‍ഥത്തില്‍ ശത്രുത (Antagonistic) യുള്ള നിലപാടിലേക്ക് അമേരിക്ക വരുന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇത് അമേരിക്കന്‍ വിദേശനയത്തെ കുറിച്ചാണ് ദീപകുമാര്‍ പറയുന്നത്. എന്നാല്‍ ഇക്കാലയളവില്‍ ഇസ്‌ലാമിസ്റ്റുകള്‍ അമേരിക്കയോട് സ്വീകരിച്ച സമീപനം, ഓരോ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ചരിത്രപരമായ സവിശേഷതള്‍ക്കുള്ളില്‍ നിന്നാണ് മനസ്സിലാക്കേണ്ടത്.
ഇങ്ങനെയൊരു ചരിത്രം പരിശോധിച്ചാല്‍ ഇസ്‌ലാമിസ്റ്റുകള്‍ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്ന ഒരു വിഭാഗം ഇടതുപക്ഷത്തിന്റെ സമീപനം നേരത്തെ സൂചിപ്പിച്ചതുപോലെ കൊളോണിയലിസവും ഓറിയന്റലിസവും സൃഷ്ടിച്ച ധാരണകളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് പറയേണ്ടിവരും.

* * * * *

മുമ്പ് പറഞ്ഞ, യൂറോപ്പിലെ ഇസ്‌ലാമിന്റെ ഇമേജുകള്‍, കൊളോണിയലിസവും ഓറിയന്റലിസവും തമ്മിലുള്ള ബന്ധം, എംപയറും ഇസ്‌ലാമിക രാഷ്ട്രീയവും തുടങ്ങിയ പ്രശ്‌നങ്ങളിലുള്ള പ്രതിവായനകള്‍ അക്കാദമിക തലത്തില്‍ ഒരു പരിധിവരെ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും, ഒരു ജനകീയ സമീപനം ആയി വികസിച്ചിരുന്നില്ല. കാരണം കോര്‍പറേറ്റ് മാധ്യമങ്ങളുടെ അജണ്ടകള്‍ എംപയറിന്റെ താല്‍പര്യത്തെ താങ്ങിനിറുത്തുന്നതായിരുന്നു. എന്നാല്‍ നേരത്തെ സൂചിപ്പിച്ച പ്രതിവായനകള്‍ 2011-ലെ അറബ് വസന്തത്തോടെ, യൂറോ-അമേരിക്കന്‍ ജനാവലിക്കിടയില്‍, കോര്‍പറേറ്റ് മാധ്യമങ്ങളുടെ വന്‍മതിലിനെ ഭേദിച്ച് ഒരു ജനപ്രിയഭാവനയായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് ദീപകുമാര്‍ പറയുന്നത്. 2001 സെപ്തംബര്‍ പതിനൊന്നിന് ആരംഭിച്ച, തന്റെ ഇസ്‌ലാമോഫോബിയക്കും എംപയറിനുമെതിരെയുള്ള പോരാട്ടം അറബ് വസന്തത്തോടെ സാര്‍ഥകമായതില്‍ ദീപകുമാര്‍ ഏറെ സന്തോഷിക്കുന്നു. ശരിക്കും മാറിയ ഒരു ഇമേജ് അവര്‍ നല്‍കുന്നു. 2011 സെപ്തംബര്‍ പതിനൊന്നിന് താടിയുള്ളവരെയും തൊപ്പിയുള്ളവരെയും അറബികളോട് രൂപസാദൃശ്യമുള്ളവരെയും തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ തന്നെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികള്‍ പത്തുവര്‍ഷത്തിനുശേഷം ഉയര്‍ത്തിയ ബാനര്‍ ''ഒരു ഈജിപ്തുകാരനെപ്പോലെ പോരാടുക'' എന്നതായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25