ഉര്ദുഗാന് നവതുര്‍ക്കിയുടെ പുതുനായകന്‍
യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് വേണ്ടി യൂറോപ്യന്‍ രാജ്യങ്ങളുടെ മുമ്പില്‍ തൊഴുകൈയോടെ നിന്ന, 'യൂറോപ്പിലെ രോഗി' എന്ന് പാശ്ചാത്യര്‍ ഇരട്ടപ്പേരു വിളിച്ച, 20-ാം നൂറ്റാണ്ടിലെ തുര്‍ക്കിയല്ല ഇന്നത്തെ തുര്‍ക്കി. അപൂര്‍വം ചില വികസിത രാജ്യങ്ങളോടൊപ്പം 8.9 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും സമ്പന്നമായ 15 രാജ്യങ്ങളില്‍ ഒന്നാണിന്ന് തുര്‍ക്കി. ഏതാനും വര്‍ഷങ്ങള്‍ക്കകം രാജ്യത്തെ ആളോഹരി വരുമാനം മൂന്നിരട്ടിയായി വര്‍ധിച്ചു. 37 ശതമാനമായി ഉയര്‍ന്നുനിന്നിരുന്ന നാണയപ്പെരുപ്പം 5 ശതമാനത്തിനും 8 ശതമാനത്തിനുമിടയില്‍ വന്നുനിന്നു. മധ്യ പൗരസ്ത്യ രാജ്യങ്ങളുമായി നാമ മാത്രമുണ്ടായിരുന്ന നയതന്ത്ര-വാണിജ്യ ബന്ധങ്ങള്‍ പൂര്‍വാധികം ശക്തിപ്പെട്ടു. അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളുമായി നേരത്തെയുണ്ടായിരുന്ന സൗഹൃദബന്ധത്തിന് കോട്ടം തട്ടാതെ തന്നെ. ഉസ്മാനിയാ ഖിലാഫത്തിന്റെ പ്രൗഢ പാരമ്പര്യമുള്ള ആധുനിക തുര്‍ക്കി ഇന്ന് യൂറോപ്പിലെ രോഗിയല്ല, കുതിച്ചു മുന്നേറുന്ന സാമ്പത്തിക ശക്തിയാണ്. ആധുനിക തുര്‍ക്കിയെ ഇവ്വിധം പരിവര്‍ത്തിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ഇപ്പോള്‍ തുര്‍ക്കി ഭരിക്കുന്ന എ.കെ പാര്‍ട്ടിയുടെ അധ്യക്ഷനും തുര്‍ക്കിയുടെ പ്രധാന മന്ത്രിയുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ്.
ഇസ്‌ലാമിസ്റ്റുകളുടെ നീണ്ടകാലത്തെ പ്രബോധന, സേവന, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ഫലം പുറത്തു വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എന്ന് വിളംബരം ചെയ്യുന്നതാണ് അറബ് വസന്തവും അനുബന്ധ ഭരണമാറ്റങ്ങളും. ലോക മുസ്‌ലിം നേതാക്കളുടെ പട്ടികയിലേക്ക് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ കുതിച്ചുകയറ്റവും അതിന്റെ തന്നെ ഭാഗമാണ്. ഇസ്‌ലാമിസ്റ്റ് ഭരണകൂടമെന്ന് സ്വയം പരിചയപ്പെടുത്തുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിലും 10 വര്‍ഷത്തെ തുര്‍ക്കിയുടെ ഭരണകാലവും ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഉര്‍ദുഗാന്റെ ഇടപെടലുകളും ജനസ്വാധീനമുള്ള ലോക മുസ്‌ലിം നേതാക്കളുടെ പട്ടികയില്‍ ഉര്‍ദുഗാനെ മുന്‍നിരയിലെത്തിച്ചിരിക്കുന്നു.
അമ്മാനിലെ റോയല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് പ്രസിദ്ധീകരിച്ച, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള, 2012 വര്‍ഷത്തിലെ 500 മുസ്‌ലിം വ്യക്തിത്വങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമലങ്കരിക്കുന്നത് ഉര്‍ദുഗാനാണ്. രാഷ്ട്രീയ-സാമൂഹിക, സാമ്പത്തിക, മത മേഖലകളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയാണ് ആ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്. 2009 മുതല്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ പുസ്തകത്തില്‍ 2009-ലും 2010-ലും രണ്ടാം സ്ഥാനത്തും 2011-ല്‍ മൂന്നാം സ്ഥാനത്തുമായിരുന്നു ഉര്‍ദുഗാന്‍.
ഉര്‍ദുഗാന്‍ തരംഗം
മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്ക് രൂപംകൊടുത്ത ആധുനിക തുര്‍ക്കി അതിന്റെ 89-ാമത് വാര്‍ഷികം ആഘോഷിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-നാണ്. ഉര്‍ദുഗാന്റെ ഭരണനേട്ടങ്ങള്‍ വിലയിരുത്തപ്പെട്ട പരിപാടിയില്‍ 2014-ല്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും, അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഉര്‍ദുഗാന്‍ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനഹിതത്താല്‍ തെരഞ്ഞെടുക്കപ്പെടുന്ന തുര്‍ക്കിയുടെ ആദ്യപ്രസിഡന്റ് എന്ന സ്ഥാനത്തിനും ഉര്‍ദുഗാന്‍ അതോടെ അര്‍ഹനാകും. 2019 ലും ഉര്‍ദുഗാന്റെ വിജയം പ്രവചിക്കുന്ന പാശ്ചാത്യ നിരീക്ഷകരുണ്ട്.
ഉര്‍ദുഗാന്റെ ജനകീയത തുര്‍ക്കിയില്‍ പരിമിതമല്ല. തീവ്ര മതേതര തുര്‍ക്കി പൊതുവേ അറബ് മുസ്‌ലിം പ്രശ്‌നങ്ങളില്‍ നിന്ന് വളരെ അകന്നു കഴിഞ്ഞിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി, ഉര്‍ദുഗാന്‍ അറബ് മുസ്‌ലിം പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതില്‍ ഏറെ മുന്‍പന്തിയിലാണ്. അറബ് ലോകത്ത് നടക്കുന്ന വിപ്ലവങ്ങള്‍ക്ക് ഗതിവേഗം കൂട്ടാന്‍ ഉര്‍ദുഗാന്റെ സന്ദര്‍ശനം കാരണമായിരുന്നു.
അറബ് വിപ്ലവം വസന്തം വിരിയിച്ചപ്പോള്‍ ഉര്‍ദുഗാന്‍ നടത്തിയ ഈജിപ്ത് സന്ദര്‍ശനം ഈജിപ്ത് ജനതക്ക് ആവേശമായിരുന്നു. ഈജിപ്തിലെ ഒരു നേതാവിനും കിട്ടാത്ത ഊഷ്മളമായ വരവേല്‍പ്പാണ് ഉര്‍ദുഗാന് ലഭിച്ചത്. തങ്ങളുടെ നാട്ടില്‍ ഇതുപോലൊരു നേതാവിന്റെ അഭാവം അനുഭവിക്കുന്നുണ്ടെന്ന് പലരും അന്ന് പ്രതികരിക്കുകയുണ്ടായി.
ഇസ്‌ലാമിക ലോകത്ത് ഇന്ന് ദൃശ്യമായിക്കൊണ്ടിരിക്കുന്ന സക്രിയമായ ഇടപെടലുകളില്‍ ഉര്‍ദുഗാന്റെ സ്വാധീനം ചെറുതല്ല. ഏറ്റവും അവസാനം ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തത് ഈജിപ്ത് പ്രസിഡന്റ് മുര്‍സിയും ഉര്‍ദുഗാനും കൂടിയാണ്. ഫലസ്ത്വീന്‍, സിറിയ, ഈജിപ്ത്, തുനീഷ്യ, ലിബിയ തുടങ്ങിയ അറബ് നാടുകള്‍ക്ക് പുറമെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്ന മ്യാന്‍മറില്‍ വരെയുണ്ട് ഉര്‍ദുഗാന്റെ ക്രിയാത്മക ഇടപെടലുകള്‍.
ധീരനായ നേതാവ്
അറബ് ലോകത്തെ പ്രശ്‌നങ്ങളില്‍ മുഖം നോക്കാതെ അഭിപ്രായം പറയാനും ഇടപെടാനും ഉര്‍ദുഗാന്‍ കാണിക്കുന്ന ധീരതയാണ് അറബ് ജനതക്ക് ഉര്‍ദുഗാന്‍ പ്രിയങ്കരനാകാനുള്ള ഒന്നാമത്തെ കാരണം. അറബ് വസന്തം വീശിയടിച്ച സമയത്ത് ഏറ്റവും സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഉര്‍ദുഗാന്‍. തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ ഏകാധിപതികളായ ഭരണാധികാരികളോട് ജനവികാരം മാനിച്ച് ഇറങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്ത ഏക മുസ്‌ലിം ഭരണാധികാരി ഉര്‍ദുഗാനായിരുന്നു.
തുര്‍ക്കിയുടെ മുന്‍കാല ഭരണാധികാരികള്‍ ഇസ്രയേലുമായുണ്ടാക്കിയ നയതന്ത്ര ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ, ഇസ്രയേലിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഉര്‍ദുഗാന് കഴിഞ്ഞിട്ടുണ്ട്. തുര്‍ക്കിയുടെ 'മാവിമര്‍മറ' കപ്പല്‍ ആക്രമിച്ച് 8 തുര്‍ക്കികളെ വധിച്ച ഇസ്രയേല്‍ നടപടിയെ ഉര്‍ദുഗാന്‍ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുകയും മാപ്പ് പറയാന്‍ വിസമ്മതിച്ച ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ അംബാസഡറെ പുറത്താക്കുകയും ചെയ്തു. ഉപരോധത്തില്‍ കഴിയുന്ന ഗസ്സയിലെ ജനതക്കു അവശ്യസാധനങ്ങളുമായി പോയ കപ്പലായിരുന്നു 'മാവിമര്‍വറ'.
മുസ്ത്വഫാ കമാലിന് ശേഷം തുര്‍ക്കിയില്‍ ഏറ്റവും ജനസമ്മതിയാര്‍ജിച്ച നേതാവാണ് ഉര്‍ദുഗാന്‍. 58 വയസ്സുകാരനായ അദ്ദേഹം ഇസ്തംബൂളിലെ പഴയകാല ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. 1991-ല്‍ പാര്‍ലമെന്റേറിയനായാണ് ഉര്‍ദുഗാന്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1980-ലെ പട്ടാള അട്ടിമറിക്ക് ശേഷം, തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റുകളുടെ തലമുതിര്‍ന്ന നേതാവായിരുന്ന നജ്മുദ്ദീന്‍ അര്‍ബകാന്‍ രൂപം കൊടുത്ത വെല്‍ഫയര്‍ പാര്‍ട്ടിയില്‍ അംഗമായി. 1984-ല്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃസ്ഥാനത്തെത്തി. 1994-'98 കാലയളവില്‍ ഇസ്തംബൂള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടതാണ് ഉര്‍ദുഗാനിലെ രാജ്യതന്ത്രജ്ഞനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്. ഒരു ഇസ്‌ലാമിസ്റ്റായി അറിയപ്പെടുമ്പോള്‍ തന്നെ, പ്രായോഗിക രാഷ്ട്രീയത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു ഉര്‍ദുഗാന്‍. ഇസ്തംബൂള്‍ നഗരത്തിന്റെ ജലദൗര്‍ലഭ്യം, മലിനീകരണ-ഗതാഗത പ്രശ്‌നങ്ങള്‍ എന്നിവക്ക് സ്ഥായിയായ പരിഹാരം കാണുന്നതില്‍ വിജയിച്ച ഉര്‍ദുഗാന്‍ വിമര്‍ശകരുടെ പോലും പ്രശംസക്ക് പാത്രമായി.
സിദ്ധാന്തമല്ല, കര്‍മമാണ് പ്രധാനം
ഭരണരംഗത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കിയ ഉര്‍ദുഗാന്റെ ജനസമ്മതി ഉയരുന്നത് അദ്ദേഹത്തിന്റെ ഭരണ നൈപുണ്യം കൊണ്ടാണ്. തുര്‍ക്കിയിലെ അദ്ദേഹത്തിന്റെ സ്വീകാര്യതയും ഭരണനിര്‍വഹണരംഗങ്ങളിലെ മികവും മുസ്‌ലിം പ്രശ്‌നങ്ങളിലെ ഇടപെടലുകളുമാണ് അദ്ദേഹത്തെ തുര്‍ക്കിയുടെ എക്കാലത്തെയും മികച്ച ഭരണാധിപന്മാരില്‍ ഒരാളാക്കിയത്. ജനതയുടെ പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് അദ്ദേഹം യത്‌നിച്ചത്. തങ്ങള്‍ മതേതരത്വത്തെ പിന്തുണക്കുന്നവരാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നത് തുര്‍ക്കിയുടെ തീവ്രമതേതര അന്തരീക്ഷത്തിലെ അടവുനയം മാത്രമല്ല. പാശ്ചാത്യരുടെ മതനിരാസ മതേതരത്വത്തില്‍ നിന്ന് മതനിരപേക്ഷ മതേതരത്വത്തിലേക്ക് തുര്‍ക്കിയുടെ പൊതുബോധത്തെ കൊണ്ടുവരാന്‍ വേണ്ടി കൂടിയാണ്. ഉര്‍ദുഗാന്റെ പരിശ്രമങ്ങള്‍ വിജയം കാണുന്നതിന്റെ തെളിവാണ് പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ചുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള പുതിയ നിയമം. മതേതരത്വം പോലെ മതം അനുവര്‍ത്തിച്ച് ജീവിക്കാനും രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്തംബൂളിലെ നിശാക്ലബ്ബുകളുടെ പ്രവര്‍ത്തന സമയം വെട്ടികുറച്ച നടപടിയും മറ്റും ഭരണചക്രം ഏതു ദിശയിലേക്കാണ് തിരിയുന്നതെന്ന സൂചന നല്‍കുന്നുണ്ട്.
വളരെ കരുതലോടെയാണ് അദ്ദേഹം ഓരോ ചുവടും മുന്നോട്ടുെവച്ചത്. തന്റെ ഭരണത്തിലെ 'മതസാന്നിധ്യം' അളന്നുകൊണ്ടിരിക്കുന്ന സൈനിക ജനറല്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തെക്കുറിച്ചും ചതിക്കുഴികളെ കുറിച്ചും തികഞ്ഞ ബോധ്യത്തോടെയാണ് മുന്നോട്ടുള്ള ഓരോ ചുവടുവെപ്പും. മുമ്പ് നജ്മുദ്ദീന്‍ അര്‍ബകാന് സംഭവിച്ച പിഴവില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുള്ള ചുവടുവെപ്പുകള്‍. എന്നിട്ടും സൈന്യത്തോട് അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടി വന്നു. തുര്‍ക്കിയുടെ സമീപകാല ചരിത്രത്തില്‍ നിന്ന് വിപരീതമായി, സൈന്യത്തിന് ഉര്‍ദുഗാന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഉര്‍ദുഗാന്‍ സര്‍ക്കാറിനെ താഴെയിറക്കാനുള്ള സൈന്യത്തിന്റെ ഗൂഢനീക്കങ്ങളെ പൊതു ജനമധ്യത്തില്‍ തുറന്നു കാട്ടുന്നതിലും അദ്ദേഹം വിജയിച്ചു.
ഇസ്‌ലാമിക ലോകത്ത് വര്‍ധിച്ചു വരുന്ന ഉര്‍ദുഗാന്റെ സ്വീകാര്യത ഇസ്‌ലാമിസ്റ്റുകളുടെ തന്നെ വിജയമായി വിലയിരുത്തുന്നതില്‍ തെറ്റില്ല. തുര്‍ക്കിയിലെ അള്‍ട്രാ സെക്യുലര്‍ പൊതുബോധത്തെയും കടുത്ത സൈനിക സ്വാധീനത്തെയും അതിജീവിച്ചാണ് ഉര്‍ദുഗാന്‍ തുര്‍ക്കിയെ പഴയ പ്രതാപനാളുകളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്.
Comments