Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

തമിഴനും റോഹിങ്ക്യക്കാരനും മനുഷ്യാവകാശ കോലാഹലങ്ങളും...

ഇഹ്‌സാന്‍

ന്ത്യന്‍ പാര്‍ലമെന്റ് ഇപ്പോള്‍ രാഷ്ട്രീയ കച്ചവടങ്ങളുടെ 'മാര്‍ക്കറ്റാ'യി മാറുകയാണോ എന്നാണ് സംശയിക്കേണ്ടിവരുന്നത്. ലങ്കന്‍ പ്രമേയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന, ബേനിപ്രസാദിനെ പുറത്താക്കുന്ന കാര്യത്തില്‍ സമാജ്‌വാദിക്ക് ഒപ്പം നില്‍ക്കുന്ന ബി.ജെ.പിയും ഉടക്കിയ ഡി.എം.കെക്ക് പകരം പച്ചക്കൊടിയുമായി രംഗത്തെത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസും രാഷ്ട്രീയം എന്ന ഈ ഏര്‍പ്പാടിന് ഒരു മൂല്യവിചാരവും ഇല്ലാതാക്കുകയാണ്. ശ്രീലങ്കന്‍ വിഷയത്തില്‍ ഒരു പ്രമേയം പാസാക്കാന്‍ ഇന്ത്യക്കു കഴിയില്ല എന്ന് എല്ലാവര്‍ക്കും നല്ലതുപോലെയറിയാം. മറ്റു രാജ്യങ്ങളെ വിമര്‍ശിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്നോളം പ്രമേയങ്ങള്‍ പാസാക്കിയിട്ടില്ല എന്നതു മാത്രമല്ല ഇതിന്റെ കാരണം. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ കാര്യത്തില്‍ പാകിസ്താന്‍ പാര്‍ലമെന്റിന്റെ പ്രമേയത്തിനെതിരെ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് ശ്രീലങ്കന്‍ കാര്യത്തില്‍ മടിച്ചു നിന്നതെന്ന വാദവും ശരിയല്ല. അതിനുമൊക്കെ എത്രയോ മുമ്പ് 2009-ല്‍ നടന്ന തമിഴ് കൂട്ടക്കൊലയുടെ കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയും മറ്റും ഇടപെടുന്നതിനു മുമ്പേ ഇന്ത്യക്ക് എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നല്ലോ. തമിഴ് വികാരത്തിന്റെ അന്താരാഷ്ട്ര അംബാസഡറായി വിരാജിക്കുന്ന മുത്തുവേല്‍ കരുണാനിധിക്കുമുണ്ടായിരുന്നു ഈ ഇരട്ടത്താപ്പ്. സംഭവകാലത്തോ പിന്നീടെപ്പോഴെങ്കിലുമോ വിഷയത്തില്‍ കരുണാനിധി ഇത്രയും കടുത്ത നിലപാടെടുത്തിരുന്നുവെങ്കില്‍ ശ്രീലങ്കന്‍ സര്‍ക്കാറിനെ രണ്ടു വര്‍ഷം മുമ്പേ തന്നെ പാഠം പഠിപ്പിക്കാമായിരുന്നു. ചെന്നൈയില്‍ നിന്നും തുടങ്ങി ന്യൂദല്‍ഹി വഴി ജനീവ വരെ നീളുന്ന ഈ പൊതുതാല്‍പര്യം എന്താണ്? ശ്രീലങ്കന്‍ വംശഹത്യക്ക് അതിനുമാത്രം വിലപിടിച്ച എന്ത് അന്താരാഷ്ട്ര മാനവും സാമ്പത്തിക, രാഷ്ട്രീയ താല്‍പര്യങ്ങളുമാണുള്ളത്? 

ടീസ്റ്റ നദീജല കരാറിന്റെ കാര്യത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് കരാറിനെ അവസാന നിമിഷം അട്ടിമറിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സാണ് വിദേശനയത്തില്‍ ഏതു കേന്ദ്രസര്‍ക്കാറിനെയും അനുസരിക്കുമെന്ന ഒടുവിലത്തെ നിലപാടുമായി രംഗത്തെത്തുന്നത്. രജനീനഗറിലും നല്‍ഹാട്ടിയിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തോറ്റമരുന്നതു വരെ ഈ ദേശീയ ബോധം തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്യണമെന്നും എപ്പോള്‍ ചെയ്യണമെന്നും സംസ്ഥാനങ്ങളും പ്രാദേശിക ഘടകകക്ഷികളും തീരുമാനിക്കുന്നതിന് ഒരു വ്യവസ്ഥയും ഇല്ലാതായിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയാല്‍ മഹേന്ദ്ര രാജപക്‌സെയെ എന്തു ചെയ്യാനാവുമെന്നാണ് ഡി.എം.കെയുടെ വിചാരം? അസംബ്ലികളില്‍ പാസാക്കുന്ന പ്രമേയം പോലും മറ്റു സംസ്ഥാനങ്ങള്‍ പാലിക്കാത്ത ഒരു രാജ്യമാണ് നമ്മുടേത്. കശ്മീരികള്‍ അക്കണക്കിന് എന്തൊക്കെ പ്രമേയം അസംബ്ലിയില്‍ പാസ്സാക്കി? മുല്ലപ്പെരിയാറിന്റെ കാര്യത്തിലും കാവേരി നദീജല തര്‍ക്കത്തിലുമൊക്കെ കേരളവും കര്‍ണാടകയും പാസ്സാക്കിയ പ്രമേയങ്ങള്‍ മുഖ്യമന്ത്രിയായ കാലത്ത് ഈ കരുണാനിധി ഉണ്ടോ വിലവെച്ചിട്ട്? വെറുതെ നാടകം കളിക്കുക എന്നതിലപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ലാത്ത കാര്യങ്ങളെ ചൊല്ലി പൊതുജനത്തിന്റെ സമയം മെനക്കെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. എന്നാലോ ശ്രീലങ്കന്‍ തമിഴരുടെ കാര്യത്തില്‍ ചെയ്യാനാവുമായിരുന്ന യഥാര്‍ഥ ഇടപെടലുകള്‍ ഈ രാഷ്ട്രീയ താപ്പാനകള്‍ നടത്തുന്നുമില്ല.
ശ്രീലങ്കന്‍ തമിഴരുടെ കാര്യവും റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ കാര്യവുമൊക്കെ ആരും ചോദിക്കാനും പറയാനുമില്ലാത്ത അന്താരാഷ്ട്ര താല്‍പര്യങ്ങളുടെ ഭാഗമാണ്. തമിഴര്‍ക്കെതിരെ നടന്ന യുദ്ധത്തിനു ശേഷം പതിവ് മര്യാദയനുസരിച്ച് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ 2009-ല്‍ ശ്രീലങ്ക സന്ദര്‍ശിക്കുകയും രാജ്പക്‌സെ സര്‍ക്കാറിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ശ്രീലങ്ക ഇത് നല്‍കാന്‍ തയാറായില്ല. മറുഭാഗത്ത് ആംനസ്റ്റി ഇന്റര്‍നാഷ്‌നലും ചില സ്വകാര്യ സംഘടനകളും ശ്രീലങ്കന്‍ യുദ്ധക്കുറ്റങ്ങളെ കുറിച്ച റിപ്പോര്‍ട്ടുകളുമായി രംഗത്തെത്തുകയും ചെയ്തു. ചാനല്‍ ഫോറിന്റെ റിപ്പോര്‍ട്ട് കണ്ണും കരളുമുള്ളവന് കണ്ടു നില്‍ക്കാനാവാത്ത വിധം ഹൃദയഭേദകമായിരുന്നു. 'സുരക്ഷാ സോണു'കള്‍ പ്രഖ്യാപിച്ച് ജനക്കൂട്ടത്തെ കൂട്ടത്തോടെ അങ്ങോട്ടേക്ക് ആട്ടിത്തെളിച്ചു കൊണ്ടുവന്നാണ് അവരെ ലങ്കന്‍ സൈന്യം അരുംകൊല നടത്തിയത്. യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് അറുത്തു കൊല്ലുന്നതിന്റെ ദൃശ്യങ്ങളും ബലാത്സംഗം ചെയ്തു കൊന്ന സ്ത്രീകളുടെ ശരീരങ്ങളെ നോക്കി അതില്‍ ഏതാണ് കൂടുതല്‍ സുന്ദരിയെന്ന് ശ്രീലങ്കന്‍ സൈന്യം കമന്റടിക്കുന്നതും ആശുപത്രികളില്‍ പോലും ബോംബിടുന്നതുമൊക്കെ ഈ ഡോക്യുമെന്ററിയിലുണ്ട്. സൈന്യം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച, പിന്നീട് പുറത്തു വന്ന ദൃശ്യങ്ങളായിരുന്നു ഇത്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ പ്രമേയവുമായി രംഗത്തെത്തിയത്. ലോകത്ത് യുദ്ധക്കുറ്റങ്ങളെക്കുറിച്ച് പ്രമേയം അവതരിപ്പിക്കാന്‍ അമേരിക്കയോളം അര്‍ഹതപ്പെട്ട മറ്റാരുമില്ലാത്ത സ്ഥിതിക്കാവണം ഇങ്ങനെ! എന്നിട്ട് ആ പ്രമേയത്തില്‍ ശ്രീലങ്കയെ യുദ്ധക്കുറ്റങ്ങള്‍ക്ക് കാച്ചിക്കളയണമെന്നല്ല അമേരിക്ക ആവശ്യപ്പെടുന്നത്. മറിച്ച്, അവരുടെ നാട്ടില്‍ ജനാധിപത്യം തിരികെയെത്തുന്നതില്‍ ആശ്വാസം പ്രകടിപ്പിക്കുകയും രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ ശ്രീലങ്ക സ്വന്തം നിലയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയുമാണ്. യുദ്ധക്കുറ്റങ്ങള്‍ എന്ന ഏര്‍പ്പാടിനെ കുറിച്ച വിചാരണ തന്നെ യു.എന്നില്‍ നടക്കരുതെന്നല്ലേ യഥാര്‍ഥത്തില്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടാവുക? ഇറാഖിലും അഫ്ഗാനിസ്താനിലുമൊന്നും ഒരു യു.എന്നും ഇന്നേവരെ വിചാരണ നടത്താന്‍ പോയിട്ടില്ലാത്ത സ്ഥിതിക്ക് വെറുതെ എന്തിന് ലോകത്ത് നീതിവാഴ്ചയെ കുറിച്ച വ്യാമോഹം സൃഷ്ടിക്കണം? ഇന്ത്യക്കുമുണ്ട് ചില തിരിച്ചടികള്‍. ശ്രീലങ്കക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് പ്രമേയം പാസാക്കാന്‍ കൂട്ടുനിന്നാല്‍ കൊളംബോയുമായുള്ള ബന്ധം കലുഷിതമാവുകയും കശ്മീരിനെ അന്താരാഷ്ട്രവത്കരിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ക്ക് ഇന്ത്യ ഒരു സഹായിയെ ഉണ്ടാക്കി കൊടുക്കുകയുമല്ലേ ചെയ്യുക?

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25