Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

ഒരു ജനകീയ പ്രസ്ഥാനത്തെ കുഴിച്ചുമൂടാന്‍ നോക്കുന്നു

എം.വി മുഹമ്മദ് സലീം കുറിപ്പുകള്‍

ന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക നവോത്ഥാന സംരംഭം നാമ്പെടുത്തപ്പോള്‍ തന്നെ അതിന്റെ വെളിച്ചം കടന്നെത്തിയ മേഖലയാണ് ബംഗാള്‍. ഭാരതീയ സംസ്‌കാരത്തിന് അമൂല്യ സംഭാവനകളര്‍പ്പിച്ച അനേകം പ്രതിഭകളെ കാഴ്ചവെച്ച ഫലഭൂയിഷ്ട പ്രദേശമാണല്ലോ അത്. ധിഷണാ പാടവത്തിലും വിപ്ലവചിന്തയിലും മികവ് തെളിയിച്ച ബംഗാളികള്‍ സാംസ്‌കാരിക ഉന്നമനത്തിന് അനേകം കവാടങ്ങള്‍ തുറന്നുതന്നിട്ടുണ്ട്.
1941-ല്‍ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്ക് നവോത്ഥാന നായകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി രൂപം നല്‍കി. അവിഭക്ത ഇന്ത്യയുടെ സിരാകേന്ദ്രമായിരുന്ന ബംഗാള്‍ നവോത്ഥാന ചിന്തകളില്‍ മുന്‍പന്തിയിലാവുക സ്വാഭാവികം. ഇസ്‌ലാമിക പ്രസ്ഥാനം ബംഗാളില്‍ ബാലാരിഷ്ടതകള്‍ നേരിടുമ്പോള്‍ പരീക്ഷണങ്ങള്‍ പലതുമുണ്ടായി. എന്നാല്‍, ഉപഭൂഖണ്ഡത്തിലെ ഇതര പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രണ്ടു തവണ വിഭജനത്തിന്റെ വേദനയനുഭവിച്ചവരാണ് പൂര്‍വ ബംഗാളിലെ പൗരന്മാര്‍. 1947-ലെ സ്വാതന്ത്ര്യത്തിന്റെ പേറ്റുനോവിനെക്കാള്‍ ഏറെ വേദനാജനകമായിരുന്നു 1971ലെ വിഭജനം. നാട് സാധാരണ നില കൈവരിച്ചപ്പോഴേക്കും വലിയ തോതിലുള്ള രക്തവാര്‍ച്ചയും ആഴമേറിയ മുറിവുകളും ഉണ്ടായിക്കഴിഞ്ഞിരുന്നു. എല്ലാ വേദനകള്‍ക്കുമൊടുവില്‍ ഭാഷാപരമായ പരിഗണനകള്‍ക്ക് മുന്‍തൂക്കമുള്ള 'ബംഗ്ലാദേശ്' എന്ന നവ രാഷ്ട്രം രൂപം കൊണ്ടു.
ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യം തിരിച്ചുകിട്ടാന്‍ നാലു വര്‍ഷം കാത്തിരിക്കേണ്ടിവന്നു. പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് ശത്രു രാഷ്ട്രത്തിലെ പൗരനായി. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു ഭാഷയായ ഉര്‍ദു ശത്രുരാഷ്ട്രത്തിന്റെ ഭാഷയായി. വേര്‍പിരിയലിന്റെ തീവ്ര വികാരത്തില്‍ അനേകം പൈതൃകങ്ങള്‍ ശിഥിലമായി. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഒരു ഫിനിക്‌സ് പക്ഷിയായി പിറവിയെടുത്ത പ്രസ്ഥാനം ഉപഭൂഖണ്ഡത്തിനാകമാനം മാതൃകയായി മാറുകയായിരുന്നു.
ഒരു നവോത്ഥാന പ്രസ്ഥാനത്തിന് പരിമിതമായ ദൗത്യമേ നിര്‍വഹിക്കാനുള്ളൂ. അതിനാല്‍ ജമാഅത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി രൂപാന്തരപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. ജമാഅത്ത് സാഹിത്യങ്ങള്‍ ഒരു പുത്തന്‍ ശൈലിയില്‍ പുനരാവിഷ്‌കരിച്ച പ്രഫസര്‍ ഗുലാം അഅ്‌സം ഈ മാറ്റത്തിന് ധിഷണാപരമായ നേതൃത്വം നല്‍കി. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ പുതിയ ഭൂമികയില്‍ പ്രായോഗികമാക്കാന്‍ പറ്റുന്ന ഒരു നവീന രീതിയാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. ഒരു ജനകീയ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് വേണ്ടതെല്ലാം അതില്‍ ഉള്ളടങ്ങിയിരുന്നു.
ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ കുറ്റമറ്റ പരിജ്ഞാനം, സംഘടിതമായി വ്യക്തിസംസ്‌കരണം സാധിക്കാനുള്ള ആസൂത്രിത പരിപാടി, പൊതുജന ക്ഷേമവും സാമൂഹിക പരിവര്‍ത്തനവും സംജാതമാക്കാനുള്ള വ്യവസ്ഥാപിത പദ്ധതി, ജനക്ഷേമ താല്‍പര്യത്തിന് മുന്‍തൂക്കമുള്ള ഒരു മാതൃകാ രാഷ്ട്രവും ഭരണയന്ത്രവും സ്ഥാപിക്കാന്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനം. ഈ നാലു ബിന്ദുക്കളില്‍ ഊന്നിയ ഒരു ഭരണഘടനയോടെ പുതിയ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച ജമാഅത്ത് ദാരിദ്ര്യവും നിരക്ഷരതയും പിന്നോട്ട് തള്ളിയ ഒരു ജനതയെ അതിശീഘ്രം കൈപിടിച്ച് മുന്നോട്ടാനയിച്ചു.
ഇസ്‌ലാമിന്റെ അടിസ്ഥാന ശിക്ഷണങ്ങളെ പതിതരായ ഒരു ജനവിഭാഗത്തിന്റെ ഉന്നമനത്തിന് എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ ഉദാത്ത മാതൃകയാണ് ബംഗ്ലാദേശ് ജമാഅത്ത്. ''ആത്മീയത ഇസ്‌ലാമില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നു. അതിനാല്‍ ജമാഅത്ത് ഒരാത്മീയ പ്രസ്ഥാനമാണ്. ജമാഅത്ത് രാഷ്ട്രീയ മേഖലയില്‍ സജീവ സാന്നിധ്യമാണ്. രാഷ്ട്രീയ ശക്തിയുടെ അഭാവത്തില്‍ ഇസ്‌ലാമിക ജീവിതവ്യവസ്ഥ പ്രാവര്‍ത്തികമാക്കാനാവില്ല. പൊതുജന സേവനവും സാമൂഹിക പരിഷ്‌കരണവും ജമാഅത്തിന്റെ മുഖ്യ പ്രവര്‍ത്തന മേഖലയാണ്. ഇസ്‌ലാം ഏറെ ഊന്നല്‍ നല്‍കിയ മേഖലയാണത്. ഈ അര്‍ഥത്തില്‍ ജമാഅത്ത് ഒരു സമ്പൂര്‍ണ ഇസ്‌ലാമിക പ്രസ്ഥാനമാണ്'' (ബംഗ്ലാദേശ് ജമാഅത്ത് നയരേഖ). സ്വജനതയെ സംസ്‌കരിച്ച് ഈ മഹനീയ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുകയായിരുന്നു ജമാഅത്ത്. വിദ്യാഭ്യാസ മേഖലയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൊയ്യാന്‍ കുറഞ്ഞകാലം കൊണ്ട് ജമാഅത്തിന് സാധിച്ചു. പരമ്പരാഗത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥി വിഭാഗമായ ഇസ്‌ലാമിക് ഛാത്രഷിബിര്‍ മുഖേന വിജയകരമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സ്വന്തമായി അനേകം വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും, സര്‍വോപരി അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഉണ്ടാക്കാനും ജമാഅത്ത് ശ്രദ്ധിച്ചു.
തൊഴിലാളി യൂനിയനുകള്‍ ഇസ്‌ലാമിക തത്ത്വമനുസരിച്ച് സംഘടിപ്പിച്ചപ്പോള്‍ ഉല്‍പാദനം വര്‍ധിച്ചു. തൃപ്തികരമായ വേതനം ലഭിച്ചു തുടങ്ങി. തൊഴില്‍ ദാതാവും തൊഴിലാളിയും സന്തുഷ്ടരായി. അധ്യാപക സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായി ഇടപെട്ടു. വാണിജ്യ മേഖലയല്ല വിദ്യാഭ്യാസമെന്ന് യൂനിയനുകള്‍ തെളിയിച്ചു. ഗുരുശിഷ്യ ബന്ധം ഗാഢമായി. പുറംലോക ജോലി തേടിപ്പോകുന്ന പൗരന്മാരെ തൊഴില്‍ മേഖലയില്‍ മത്സരിക്കാന്‍ കെല്‍പുറ്റവരാക്കി വളര്‍ത്തി. അറബികളെ അതിശയിപ്പിക്കുമാറ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ബംഗാളി ഇമാമുമാര്‍ ഗള്‍ഫ് നിവാസികളുടെ ആദരവ് പിടിച്ചുപറ്റി. ഭരണചക്രം കറക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് ജമാഅത്ത് ശ്രമിച്ചത്. ആരോഗ്യമേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന അനേകം സ്ഥാപനങ്ങള്‍ ജമാഅത്ത് സ്ഥാപിച്ചു. ധാക്കയിലെ 'ഇബ്‌നു സീനാ ഡയോഗ്‌നോസ്റ്റിക് സെന്റര്‍' ബംഗ്ലാദേശിലെ ഒന്നാം നമ്പര്‍ ആരോഗ്യ കേന്ദ്രമാണ്. മിതമായ ചെലവില്‍ രോഗചികിത്സ എന്ന സ്വപ്നം അവിടെ യാഥാര്‍ഥ്യമായി.
സാമ്പത്തിക മേഖലയാണ് ഏറെ സങ്കീര്‍ണം. ദരിദ്ര രാഷ്ട്രമെന്ന് വിശേഷിപ്പിക്കുമ്പോഴും ആഗോള മുതലാളിമാരോട് കിടപിടിക്കുന്ന അനേകം പേരുണ്ടവിടെ. ഉള്ളവന്‍ തടിച്ചുകൊഴുക്കുകയും ഇല്ലാത്തവന്‍ മെലിഞ്ഞൊട്ടുകയും ചെയ്യുന്ന വികൃത ചിത്രം. ഇസ്‌ലാമിക സാമൂഹിക നീതിയിലൂടെ നടത്തിയ സാമൂഹിക സംരംഭങ്ങള്‍ ഈ വൈകൃതത്തിന് ഒരളവോളം വിരാമമിട്ടു. ഇസ്‌ലാമിക് ബാങ്കിംഗ് സമ്പ്രദായം വളരെ വിജയകരമായി നടപ്പാക്കാന്‍ സാധിച്ചത് വിദേശ മൂലധനത്തെ ആകര്‍ഷിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കാനും അവസരമൊരുക്കി. ഇസ്‌ലാമിക് മൈക്രോഫിനാന്‍സിംഗ് ആദ്യമായി നടപ്പാക്കി വിജയിപ്പിച്ചതിന്റെ ക്രഡിറ്റ് ജമാഅത്തിനാണ്. ദരിദ്ര രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ ശാപമാണ് അഴിമതിയും സ്വജനപക്ഷപാതവും. ബംഗ്ലാദേശ് സ്ഥാപിച്ചതു മുതല്‍ രാഷ്ട്രീയ സുസ്ഥിരത അന്യമായിരുന്നു. അധികാരത്തിനു വേണ്ടിയുള്ള വടംവലിയില്‍ നാട് പിടഞ്ഞു. ഭരണപക്ഷങ്ങള്‍ അട്ടിമറിക്കപ്പെട്ടു. പക്ഷേ, പകരം വരുന്ന ആര്‍ക്കും ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാനായില്ല.
മാതൃകാപരമായ ഭരണം കാഴ്ചവെക്കാനുള്ള ശ്രമത്തില്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ വരാന്‍ ജമാഅത്ത് പ്രവര്‍ത്തിച്ചു. ജമാഅത്ത് നേതാക്കള്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചിലേടത്തെല്ലാം വിജയിക്കുകയും ചെയ്തു. ബി.എന്‍.പിയുമായി സഹകരിച്ച് ഭരണം നടത്തി. 1971-ലെ യുദ്ധ കുറ്റവാളിയെന്ന പേരില്‍ കള്ള വിചാരണ നേരിടുന്ന ജമാഅത്ത് അമീര്‍ മുതീഉര്‍റഹ്മാന്‍ നിസാമി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന വ്യക്തി നിസാമിയുടെ വകുപ്പ് മാറിയപ്പോള്‍ കൂടെ പോകാന്‍ അനുവാദം തേടി. ജീവിതത്തില്‍ ആദ്യമായാണ് അഴിമതിയോ സ്വജനപക്ഷപാതമോ തീണ്ടാത്ത ഒരു മന്ത്രിയുടെ കൂടെ ജോലി ചെയ്യാന്‍ അവസരം ലഭിച്ചതെന്ന് അദ്ദേഹം ഏടുത്തു പറഞ്ഞു.
തീവ്ര മതനിഷേധികളുടെ ആസൂത്രിതമായ ആക്രമണത്തിന് വിധേയമായി ജമാഅത്തും സഖ്യകക്ഷികളും ക്രൂരമായി വേട്ടയാടപ്പെടുകയാണിപ്പോള്‍. ആഗോള പിന്തുണയുള്ള ഈ ഇസ്‌ലാംവേട്ട അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഇസ്‌ലാമിനെ ബംഗാള്‍ മണ്ണില്‍നിന്ന് തൂത്തെറിയാനുള്ള ഒരു മാസ്റ്റര്‍ പ്ലാനുമായി അവാമി ലീഗ് രംഗം അടക്കിവാഴുന്നു. ചിത്രം ഭീകരമാണ്. പ്രതീക്ഷക്ക് വകയില്ലെന്ന് പലരും ചിന്തിച്ചുപോകുന്നു. എന്നിരുന്നാലും ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഏറ്റവും മഹനീയ മാതൃക കാഴ്ചവെച്ച കഴിഞ്ഞ ദശകങ്ങളിലെ ത്യാഗപരിശ്രമങ്ങള്‍ ഒരിക്കലും പാഴാവുകയില്ല. ശത്രുക്കള്‍ പിഴുതെറിയാനാഗ്രഹിക്കുന്ന ഇസ്‌ലാമിന് ആഴത്തില്‍ വേര് പിടിപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടുണ്ട്. ഒരു ദശകം കൊണ്ട് ബംഗ്ലാദേശിലെ ഓരോ വീട്ടിലും ഇസ്‌ലാമിനെ നേരിട്ട് ചെന്ന് പരിചയപ്പെടുത്തിയ ഈ വലിയ പ്രസ്ഥാനത്തിന്റെ നേതാക്കളെ രക്തസാക്ഷികളാക്കാന്‍ ശത്രുവിന് സാധിച്ചേക്കാം. ജനമനസ്സുകളില്‍ നിന്ന് അതിനെ പിഴുതെറിയാന്‍ ആര്‍ക്കുമാവില്ല. ''അല്ലാഹു അവന്റെ പ്രകാശം പൂര്‍ണതയില്‍ ജ്വലിപ്പിക്കുകതന്നെ ചെയ്യും. നിഷേധികള്‍ക്കെത്ര അരോചകമെങ്കിലും.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25