കാലാനുസൃത മാറ്റം അനിവാര്യമല്ലേ?
ഇബ്നു ഹാശിം മാഹി
കേരളത്തിലെ മുസ്ലിം സംഘടനകളില്‍ പലതിന്റെയും നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും കാതലായ ചില മാറ്റങ്ങള്‍ ക്രമേണയായി വന്നുകഴിഞ്ഞിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ താത്ത്വികമായി എതിര്‍ക്കുമ്പോഴും പ്രസ്ഥാനത്തിന്റെ വ്യതിരിക്തതയായിരുന്ന, ഇസ്ലാമിക മൂല്യങ്ങളിലൂന്നിയ സാമൂഹിക രാഷ്ട്രീയ ഇടപെടല്‍ മറ്റു സംഘടനകളും പ്രായോഗികമായി ഏറ്റെടുത്തിരിക്കുന്നു. ദേശീയ പ്രശ്നങ്ങളിലും സാമൂഹിക വിഷയങ്ങളിലുമുള്ള അവരുടെ പത്രപ്രസ്താവനകളും പ്രമേയാവതരണങ്ങളും സര്‍വ സാധാരണമായിരിക്കുന്നു. പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കങ്ങളിലും തദനുസാരം വന്‍ മാറ്റം വന്നിരിക്കുന്നു. ജമാഅത്ത് സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്തതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയ മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു പ്രബല വിഭാഗം സാമൂഹികരംഗത്ത് ഏറെ സജീവമാണ്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ജില്ലാതലത്തില്‍ പ്രകടനം നടത്തിയതില്‍നിന്നും അതിവേഗം കുതിച്ച് ഇപ്പോള്‍ ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ പ്രാദേശികതലത്തില്‍ ധര്‍ണ സംഘടിപ്പിക്കുന്നതിലും സലഫി മസ്ജിദ് കേന്ദ്രീകരിച്ച് മാലിന്യ നിക്ഷേപ വിരുദ്ധ സമരം നയിക്കുന്നതിലും (തലശ്ശേരി പെട്ടിപ്പാലം) ചെന്നെത്തിനില്‍ക്കുന്നു. സുന്നീ സംഘടനകള്‍ ബീവറേജ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള്‍ക്കു മുമ്പിലും യൂനിവേഴ്സിറ്റി പരീക്ഷാ ഭവനു മുന്നിലും പ്രക്ഷോഭവുമായി എത്തിക്കഴിഞ്ഞു. സാമൂഹിക സേവനത്തിലും റിലീഫ് പ്രവര്‍ത്തനങ്ങളിലും ഏവരും സജീവമാണ്. ഇതെല്ലാം യാഥാര്‍ഥ്യമായിരിക്കെ, ജമാഅത്ത് അതിന്റെ ഊന്നലുകളില്‍ മാറ്റം വരുത്തേണ്ടതല്ലേ? കൈക്കൂലി മുതല്‍ അനാശാസ്യം വരെ ഒട്ടനവധി തിന്മകള്‍ മതബോധമുള്ളവരില്‍ പോലും കണ്ടുതുടങ്ങിയിരിക്കെ, സമൂഹ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതല്ലേ? അധാര്‍മികതകളും ക്രിമിനലിസവും കേരളീയ മുസ്ലിം സമുദായത്തില്‍ മതബോധമില്ലാത്ത ഗണ്യമായ വിഭാഗത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കെ അക്കൂട്ടരെയും ഇസ്ലാമിന്റെ മഹിത സംസ്കാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊന്നല്‍ അര്‍ഹിക്കുന്നില്ലേ? ഇസ്ലാമിന്റെ സാമൂഹികതയും രാഷ്ട്രീയ ചിന്തയും ഇന്ന് സര്‍വാംഗീകൃതമായിരിക്കെ, മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ കൂട്ടായ്മകളും മാധ്യമ സംവിധാനങ്ങളും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയാശയങ്ങള്‍ക്ക് ആവിഷ്കാരങ്ങള്‍ നല്‍കി തുടങ്ങിയിരിക്കെ ജമാഅത്തിന്റെ പോളിസിയിലും പ്രോഗ്രാമിലും കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്ന വീക്ഷണത്തോട് മുജീബിന്റെ പ്രതികരണം?പോളിസിയിലും പ്രോഗ്രാമിലും കാലോചിതമായ മാറ്റം അനുപേക്ഷ്യമാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടുതന്നെയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഓരോ നാലു വര്‍ഷത്തിലുമൊരിക്കല്‍ നയപരിപാടികള്‍ പുനഃപരിശോധിക്കുന്നതും മുന്‍ഗണനാ ക്രമങ്ങളില്‍ മാറ്റം വരുത്തുന്നതും. നടപ്പുകാലത്തെ പോളിസി പ്രോഗ്രാമില്‍ ഊന്നിപ്പറഞ്ഞ കാര്യങ്ങള്‍ ഊര്‍ജസ്വലതയോടെ നടപ്പാക്കിയാല്‍ തന്നെ പ്രസ്ഥാനത്തിന് ബഹുദൂരം മുന്നോട്ടുപോവാന്‍ കഴിയും. അതിനാവശ്യം പക്ഷേ, അര്‍പ്പണബോധമുള്ള പ്രവര്‍ത്തകരുടെ ലഭ്യതയാണ്. പ്രസ്ഥാനത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങളോടും നയങ്ങളോടും യോജിക്കുന്ന ഒട്ടേറെ പേര്‍ രാജ്യത്തുണ്ട്. തങ്ങളുടേതായ സാഹചര്യങ്ങളാല്‍ അവര്‍ പൂര്‍ണ സഹകരണം ജമാഅത്തിന് നല്‍കുന്നില്ല. അതേസമയം, ജനസേവന സംരംഭങ്ങളിലും മാധ്യമ രംഗത്തും മറ്റും അവരുടെ സഹകരണം ലഭിക്കുകയും ചെയ്യുന്നു. പുതിയ തലമുറയുടെ സഹകരണം കുറേക്കൂടി വിപുലമായും ശക്തമായും പ്രസ്ഥാനത്തിന് ലഭ്യമാക്കാന്‍ നിരന്തര ശ്രമങ്ങള്‍ തുടരുകയാണ് പരിഹാരം.
നയനിലപാടുകള്‍ ദേശീയതലത്തില്‍ തീരുമാനിക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ ഭിന്ന സാഹചര്യങ്ങളും യാഥാര്‍ഥ്യങ്ങളും കണക്കിലെടുക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ സവിശേഷമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ സംഘടനക്ക് പരിമിതികളുണ്ട്. മുസ്ലിം ന്യൂനപക്ഷത്തിന്റെ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയും കൊടിയ ദാരിദ്യ്രവും അരക്ഷിത ബോധവും അവകാശ നിഷേധവും മുഖ്യപ്രശ്നങ്ങളായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അതേ മുന്‍ഗണനാ ക്രമമല്ല കേരളത്തില്‍ സ്വീകരിക്കപ്പെടേണ്ടത്. മറിച്ച്, ചോദ്യത്തില്‍ ചൂണ്ടിക്കാട്ടിയ അധാര്‍മികത, ധൂര്‍ത്ത്, ദുര്‍വ്യയം, പൊങ്ങച്ചം, മതത്തിന്റെ ബാഹ്യ ചിഹ്നങ്ങള്‍ വാശിയോടെ നിലനിര്‍ത്തിക്കൊണ്ടിരിക്കെ അതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതില്‍ കാട്ടുന്ന അനാസ്ഥ, ക്രിമിനലിസം തുടങ്ങിയ രോഗങ്ങളാണ് മുന്തിയ പരിഗണനയോടെ ചികിത്സിക്കപ്പെടേണ്ടത് എന്നത് വലിയ അളവില്‍ ശരിയാണ്. പക്ഷേ, ഇത്തരം കാര്യങ്ങളുടെ വിജയ സാധ്യത സംഘടനാ ബന്ധങ്ങള്‍ക്കതീതമായ പൊതുവായ യത്നത്തെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ ജമാഅത്തെ ഇസ്ലാമി അതിന്റെ കഴിവിന്റെ പരിധിയിലും പരിമിതിയിലും നിന്നുകൊണ്ട് സംഘടനയുടെ പോളിസിയുടെ സുപ്രധാന ഭാഗമായ ഇസ്ലാഹി(സംസ്കരണം)ല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെയല്ല. പക്ഷേ, ബഹുഭൂരിഭാഗം മഹല്ലുകളും സാമ്പ്രാദായിക മത സംഘടനകളുടെ പിടിയിലാണ്. അവരുടെ ശ്രദ്ധ താരതമ്യേന നിസ്സാരമോ അപ്രസക്തമോ അനാവശ്യം തന്നെയോ ആയ വിഷയങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ജിന്നും സിഹ്റും തിരുകേശ മാഹാത്മ്യവും തീരുമാനിക്കാന്‍ വേണ്ടി എത്രയേറെ സമയമാണ്, എത്ര കോടി രൂപയാണ്, എത്ര വ്യാപകമായാണ് ചെലവഴിക്കപ്പെടുന്നത് എന്നാലോചിച്ചു നോക്കൂ. ജനം വിവാദങ്ങളുടെ അഡിക്റ്റുകളാക്കപ്പെട്ടതുകൊണ്ട് അവരുടെ ശ്രദ്ധയും ബാലിശങ്ങളായ വിവാദങ്ങളില്‍ കുരുങ്ങി പാഴായി പോവുന്നു. ഈ യാഥാര്‍ഥ്യം കൂടി കണക്കിലെടുത്തുവേണം ഇസ്ലാമിക പ്രസ്ഥാനം കേരളത്തില്‍ അതിന്റെ മുന്‍ഗണനാ ക്രമം പുനര്‍ നിര്‍ണയിക്കാന്‍ എന്ന് നിരീക്ഷിക്കുന്നതില്‍ തെറ്റില്ല.
ഇസ്‌ലാമിസ്റ്റ് പാതയില്‍നിന്നുള്ള
വ്യതിചലനം?
പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍
1971-ലെ യുദ്ധ കുറ്റവിചാരണയുടെ മറവില്‍ ഒരു നീതിന്യായ മര്യാദയും പാലിക്കാതെ ഇന്റര്‍നാഷ്നല്‍ ക്രൈംസ് ട്രൈബ്യൂണലിന്റെ (ഐ.സി.ടി) വിധി എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലവിലെ ഉപാധ്യക്ഷന്‍ ദില്‍വാര്‍ ഹുസൈന്‍ സഈദി അടക്കമുള്ള പ്രമുഖരായ നേതാക്കളെ വധശിക്ഷക്കും മറ്റു ചിലരെ ജീവപര്യന്തം തടവിനും വിധിച്ചതിന്റെ പേരില്‍ ബംഗ്ളാദേശ് തെരുവുകളില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും യുവജന വിഭാഗമായ ഛാത്രശിബിറിന്റെ പ്രവര്‍ത്തകരും അക്രമ മാര്‍ഗങ്ങളിലേക്ക് നീങ്ങുന്നതായി മാധ്യമങ്ങളില്‍ നിന്നും മനസ്സിലാകുന്നു. ഏത് സാഹചര്യത്തിലും ക്ഷമയും സഹനവും ഉള്‍ക്കൊണ്ട് 'സിവില്‍ പവര്‍' ഉയര്‍ത്തിക്കൊണ്ടുവന്ന് അനീതിയെ ചെറുത്തുതോല്‍പിക്കാന്‍ മാര്‍ഗദര്‍ശനം കാണിച്ചുതന്ന മൌലാനാ മൌദൂദിയടക്കമുളള നേതാക്കളുടെ ഇസ്ലാമിസ്റ് പാരമ്പര്യത്തില്‍ നിന്ന് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി വഴിമാറി നടക്കുകയാണോ?
ഇന്ത്യന്‍ മാധ്യമങ്ങളില്‍ പൊതുവെ ബംഗ്ളാദേശില്‍ നിന്നുള്ള വാര്‍ത്തകള്‍ ഏകപക്ഷീയമായാണ് വന്നുകൊണ്ടിരിക്കുന്നത്. അതു മാത്രം അവലംബിച്ച് ശരിയായ നിഗമനത്തിലെത്താനോ വിധി പറയാനോ സാധ്യമല്ല. 1971-ലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നാല് പതിറ്റാണ്ടിനു ശേഷം ഹസീന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജമാഅത്ത് വേട്ട നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും സകല സീമയും ലംഘിക്കുന്നതാണെന്ന് ആഗോള മനുഷ്യാവകാശ ഏജന്‍സികളും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ആസന്നമായ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ജമാഅത്തെ ഇസ്ലാമിയെ തടയുന്നതോടൊപ്പം അതിന്റെ നേതാക്കളെ എന്നെന്നേക്കുമായി നിശ്ശബ്ദരാക്കുകയാണ് യുദ്ധക്കുറ്റ വിചാരണയുടെ ലക്ഷ്യം. ഇതിനെതിരെ പ്രതിഷേധിക്കുന്നത് ജമാഅത്തെ ഇസ്ലാമി മാത്രമല്ല, പ്രതിപക്ഷപാര്‍ട്ടികള്‍ മൊത്തമാണ്. പ്രക്ഷോഭകരെ തോക്കിന്‍ കുഴലിലൂടെ സര്‍ക്കാര്‍ നേരിടുമ്പോള്‍ കൂട്ടക്കൊലകള്‍ സംഭവിക്കുന്നു. സ്വാഭാവികമായും അത് സൃഷ്ടിക്കുന്ന തീവ്ര ജനരോഷമാണ് ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും അക്രമ കൃത്യങ്ങളായി മീഡിയ ചിത്രീകരിക്കുന്നത്. ബംഗ്ളാദേശിലെ ഹിന്ദു ന്യൂനപക്ഷം സാമാന്യമായി അവാമി ലീഗിനോടൊപ്പമാണ്. ജമാഅത്തിനെതിരെ അവാമി ലീഗും തീവ്ര മതേതരവാദികളും നടത്തുന്ന അതിക്രമങ്ങളില്‍ അവരും അവരുടേതായ പങ്ക് വഹിക്കുന്നു. ജമാഅത്തിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഇതിനെതിരെ നടത്തുന്ന ചെറുത്തുനില്‍പിനെയാണ് മഹാ പാതകമായി നമ്മുടെ മീഡിയ ചിത്രീകരിക്കുന്നത്. പക്ഷേ, ബംഗ്ളാദേശ് കലുഷമാവേണ്ടതും ചോരപ്പുഴ ഒഴുകേണ്ടതും അവാമി ലീഗ് സര്‍ക്കാറിന്റെയും സര്‍ക്കാറിനെ പിന്തുണക്കുന്നവരുടെയും ആവശ്യമാണെന്ന് മനസ്സിലാക്കി പരമാവധി സംയമനം പാലിക്കാനാണ് അവിടത്തെ ഇസ്ലാമിക പ്രസ്ഥാനം നിഷ്കര്‍ഷിക്കേണ്ടത്. ഹിംസാത്മക പ്രതികരണം അന്തിമമായി ദോഷമേ ചെയ്യൂ.
ജാതി മത വിഭജനം
വിഭാഗീയതക്ക് കാരണം?
സാലിം ചോലയില്‍, ചെര്‍പ്പുളശ്ശേരി
"ജാതി മത വിഭാഗങ്ങള്‍ സ്വന്തം വിദ്യാലയങ്ങള്‍ തുടങ്ങി സമുദായാംഗങ്ങളെ ആ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് സമൂഹത്തില്‍ വിഭാഗീയതക്ക് കാരണമാകുന്നുണ്ടെന്ന് വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ 'ഡയറ്റ്' സംസ്ഥാനതലത്തില്‍ നടത്തിയ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. വിദ്യാലയങ്ങള്‍ പൊതു ഇടമല്ലാതെയായി മാറുന്നു. ഈ പുതിയ വിഭജനം സമ്പത്തിന്റെയും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള ചേരിതിരിവുകള്‍ക്കാണ് വഴിയൊരുക്കുക'' (മാതൃഭൂമി മുഖപ്രസംഗം, 2013 മാര്‍ച്ച് 6). മുജീബിന്റെ പ്രതികരണം?
ഉന്നത നിലവാരം പുലര്‍ത്തുന്നതും അച്ചടക്കം നിലനിര്‍ത്തുന്നതും മൂല്യപരമായ ബോധവത്കരണം നടത്തുന്നതുമായ പൊതുവിദ്യാലയങ്ങള്‍ നിലനില്‍ക്കുന്നത് തന്നെയാണ് ആരോഗ്യകരമായ സമൂഹ നിര്‍മിതിക്ക് അനുപേക്ഷ്യമായിട്ടുള്ളത്. ജാതിയും സമുദായവുമായി തിരിഞ്ഞ് ഓരോ വിഭാഗവും സ്വന്തമായ വിദ്യാലയങ്ങള്‍ സ്ഥാപിച്ച് സ്വന്തം ജാതിക്കാരും സമുദായക്കാരുമായ സന്തതികള്‍ക്ക് വേണ്ടി നടത്തിക്കൊണ്ടുപോവുന്ന നിലവിലെ സ്ഥിതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് കരുതാനാണ് ന്യായം. പക്ഷേ, സാങ്കേതികമായും പഠനപരമായും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തികഞ്ഞ പരാജയമാണെന്ന് അനുഭവം തെളിയിച്ചപ്പോഴാണ് വിവിധ സ്വകാര്യ ഏജന്‍സികള്‍ സ്വന്തമായ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവസരമൊരുങ്ങിയത്. സര്‍ക്കാര്‍ പാഠ്യപദ്ധതി തന്നെയാണ് അവയും അംഗീകരിച്ചത് എന്നതുകൊണ്ട് മൌലികമായ വ്യത്യാസം ഇല്ലതാനും. ഇതിനുള്ള സ്വാതന്ത്യ്രമാവട്ടെ ഭരണഘടന അനുവദിക്കുകയും ചെയ്യുന്നു. അതോടൊപ്പം സാമുദായിക സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പലതിലും ജാതി സമുദായ ഭേദമെന്യേ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നുമുണ്ട്. രാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാതെ വിദ്യാലയങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന അവസ്ഥ, അച്ചടക്കം, ധാര്‍മിക ശിക്ഷണം എന്നീ പ്രത്യേകതകള്‍ ഇത്തരം വിദ്യാലയങ്ങള്‍ക്ക് പ്രോത്സാഹനമാവുന്നു. മറിച്ച്, മതേതര തീവ്രത മൂലം ധാര്‍മിക ശിക്ഷണത്തിന് പൊതു വിദ്യാലയങ്ങളില്‍ അയിത്തം കല്‍പിക്കപ്പെട്ടത് നല്ലൊരു വിഭാഗത്തെ അവയില്‍ നിന്ന് അകറ്റുകയാണ്. വിദ്യാഭ്യാസത്തിന് ധാര്‍മിക ശിക്ഷണം അനുപേക്ഷ്യമാണെന്ന് ഈയിടെ പാര്‍ലമെന്റിലും ചൂണ്ടിക്കാണിക്കപ്പെട്ടതാണല്ലോ. ദേശീയ വിദ്യാഭ്യാസ നയത്തിലും അത് ഊന്നിപ്പറയുന്നുണ്ട്. പക്ഷേ, അതൊന്നും പ്രയോഗത്തില്‍ കാണാനില്ലെന്ന് മാത്രം.
മുജാഹിദ് പ്രസ്ഥാനത്തില്‍
സംഭവിക്കുന്നത്
എ.പി അലി അക്ബര്‍ എണ്ണപ്പാടം
കളവ് പറയല്‍ ഒരു സംഘടനയുടെ രീതിശാസ്ത്രമായാല്‍ സ്വാഭാവികമായും സംഭവിക്കുന്നതല്ലേ, മുജാഹിദ് സംഘടനയില്‍ മുമ്പ് നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനിയും നടക്കാന്‍ സാധ്യതയുള്ളതുമായ 'പിളര്‍പ്പ്'?
കളവ് പറയല്‍ രീതിശാസ്ത്രമാക്കിയ സംഘടനയല്ല അടിസ്ഥാനപരമായി സലഫി അഥവാ മുജാഹിദ് പ്രസ്ഥാനം. പിളര്‍പ്പിന്റെ കാരണവും അതല്ല. ദീനില്‍ മൌലികവും ശാഖാപരവുമായ കാര്യങ്ങളുണ്ടെന്നും രണ്ടിനും അതിന്റേതായ പ്രാധാന്യമാണ് നല്‍കേണ്ടതെന്നും മുജാഹിദ് പണ്ഡിതന്മാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെ പോയി. അതാകട്ടെ വിശുദ്ധ ഖുര്‍ആനാണ് ഇസ്ലാമിന്റെ മൂലപ്രമാണമെന്നും അതിന്റെ വിശദീകരണവും പ്രായോഗിക മാതൃകയുമാണ് സുന്നത്ത് എന്നുമുള്ള സത്യം ഉള്‍ക്കൊള്ളാതെ രണ്ടിനും തുല്യ പദവി നല്‍കുന്ന സമീപനത്തില്‍ നിന്നുടലെടുത്തതാണ്. തദ്ഫലമായി, ഹദീസുകളായി ഉദ്ധരിക്കപ്പെട്ടതൊക്കെ ഒരു വിവേചനവും കൂടാതെയും അക്ഷരാര്‍ഥത്തിലെടുത്തും സാഹചര്യങ്ങളുടെ താല്‍പര്യം നോക്കാതെയും സ്വീകരിക്കാന്‍ ശ്രമിച്ചു. അത് സ്വാഭാവികമായും ഭിന്നാഭിപ്രായങ്ങള്‍ക്ക് വഴിവെച്ചു. ഭിന്നാഭിപ്രായങ്ങള്‍ തീവ്രമായി പ്രകടിപ്പിച്ചപ്പോള്‍ സഹിഷ്ണുതയും വിശാല വീക്ഷണവും വിട്ടുവീഴ്ചയും പടികടന്നു. കടുത്ത പക്ഷപാതിത്വവും വ്യക്തിവിരോധവും ഉള്‍ച്ചേര്‍ന്നപ്പോള്‍ ഗ്രൂപ്പുകള്‍ പലതായി, തമ്മില്‍ തല്ലും കേമമായി. കളവ് പറയേണ്ട സാഹചര്യം പോലും തദ്ഫലമായി ഉണ്ടായതാണ്. വിശുദ്ധ ഖുര്‍ആന്റെ അപ്രമാദിത്വം അംഗീകരിച്ച് അതിന്റെ വിശാല താല്‍പര്യങ്ങള്‍ക്കും വിവക്ഷകള്‍ക്കും അനുസൃതമായി ഹദീസുകളെ വ്യാഖ്യാനിക്കാനും സ്വീകരിക്കാനും തയാറായാല്‍ മാത്രമേ സലഫി ഐക്യം പുനഃസ്ഥാപിതമാവാന്‍ വഴിതെളിയൂ.
Comments