Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 30

രാഷ്ട്രത്തിന്റെ ആവശ്യകത

ഹദീസിന്റെ ചരിത്രം - 3 ഡോ. മുഹമ്മദ് ഹമീദുല്ല

ദീനയെപ്പോലെ പലതരം ആളുകള്‍ താമസിക്കുന്ന ഭൂപ്രദേശത്ത് ഒരു രാഷ്ട്രമുണ്ടാക്കുക എന്നത് അസാധ്യമാണെന്ന് തന്നെ തോന്നാം. പക്ഷേ അത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. അതിനാല്‍, സാഹോദര്യബന്ധം സ്ഥാപിച്ച് അഭയാര്‍ഥി പ്രശ്‌നം പരിഹരിച്ച ശേഷം പ്രവാചകന്‍ തിരുമേനി മദീനയിലെ മുസ്‌ലിംകളും ജൂതന്മാരും അവരല്ലാത്തവരുമുള്‍പ്പെടുന്ന മുഴുവന്‍ ഗ്രൂപ്പുകളുടെയും പ്രതിനിധികളെ ഒരിടത്ത് വിളിച്ചുകൂട്ടി. പ്രവാചകാനുയായിയായ അനസ് റിപ്പോര്‍ട്ട് ചെയ്ത അത് സംബന്ധമായ ഹദീസ് സ്വഹീഹ് ബുഖാരിയില്‍ കാണാം. അനസ് പറയുന്നത് തന്റെ പിതാവിന്റെ വീട്ടിലാണ് ആ യോഗം വിളിച്ചത് എന്നാണ്. ജൂതന്മാരുടെയും അറബികളുടെയും പ്രതിനിധികള്‍ അതില്‍ പങ്കെടുത്തിരുന്നു. അറബികളെ പ്രതിനിധീകരിച്ചത് ഔസ്-ഖസ്‌റജ് ഗോത്രങ്ങളില്‍ (അവരിലെ മുസ്‌ലിംകളും അമുസ്‌ലിംകളും) നിന്നുള്ളവരും പിന്നെ അഭയാര്‍ഥികളായ മുഹാജിറുകളില്‍ നിന്നുള്ളവരും ആയിരുന്നു. പ്രവാചകന്‍ ആ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്തു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
നിങ്ങളിപ്പോള്‍ പല ഗോത്രങ്ങളായി ഭിന്നിച്ച് നില്‍ക്കുകയാണ്. ഓരോ ഗോത്രവും മറ്റുള്ളവയില്‍നിന്ന് പൂര്‍ണമായും സ്വതന്ത്രമാണ്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് വെച്ചാല്‍, പുറത്ത്‌നിന്ന് ഒരു ശത്രു വന്ന് ഏതെങ്കിലും ഗോത്രത്തെ ആക്രമിച്ചാല്‍ മറ്റു ഗോത്രങ്ങളെല്ലാം ഇടപെടാതെ മാറി നില്‍ക്കും. ശത്രുവിന്റെ സംഘടിത ശക്തിയെ നേരിടാന്‍ ഈ ഒരൊറ്റ ഗോത്രം മാത്രമേ ഉണ്ടാവൂ. ഇങ്ങനെ ഓരോന്നോരോന്നായി ശത്രു നമ്മുടെ ഗോത്രങ്ങളെ കീഴടക്കുകയും നശിപ്പിക്കുകയും ചെയ്യും. ഓരോ ഗോത്രവും വെവ്വേറെ നിന്ന് ചെറുത്താല്‍ ഇതാണ് സംഭവിക്കുക. അപ്പോള്‍ നിങ്ങളെല്ലാവരും ചേര്‍ന്ന് ഒരൊറ്റ ഭരണസംവിധാനം ഉണ്ടാക്കുകയല്ലേ നല്ലത്? മദീനയിലെ മുഴുവന്‍ ഗോത്രങ്ങളുടെയും സംഘശക്തിയെ തങ്ങള്‍ക്ക് നേരിടേണ്ടി വരുമെന്ന് ശത്രുക്കള്‍ തിരിച്ചറിയും. ഇവിടെ ഞാനിനി ഒരു കരാര്‍ പത്രം സമര്‍പ്പിക്കുന്നു. ഇത് എല്ലാ വിഭാഗങ്ങള്‍ക്കും ശത്രുവില്‍നിന്ന് സുരക്ഷ നല്‍കും. മാത്രമല്ല, ഇതില്‍ ഒപ്പ് വെക്കുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ മെച്ചപ്പെടുകയും ചെയ്യും.....
വളരെ യുക്തിസഹമായ നിര്‍ദേശമാണ് പ്രവാചകന്‍ മുന്നോട്ട് വെച്ചത്. മിക്കവാറും എല്ലാ ഗോത്രങ്ങളും അത് അംഗീകരിക്കുകയും ചെയ്തു. 'മിക്കവാറും' എന്ന് പറയാന്‍ കാരണമുണ്ട്. ചില ഗോത്രങ്ങള്‍, അതായത് ഔസിലെ നാല് ഉപഗോത്രങ്ങള്‍, തുടക്കത്തില്‍ ഇത് അംഗീകരിച്ചിരുന്നില്ല.
ഇതിന് മാത്രമായിരുന്നില്ല മദീനയിലെ ജനപ്രതിനിധികളെ വിളിച്ച് ചേര്‍ത്തത്. ഈ ഭരണഘടനയില്‍ (മദീനയുടെ ഭരണഘടന എന്നായിരുന്നു അതിന്റെ പേര്) എല്ലാവരും അംഗീകരിച്ച മറ്റൊരു കാര്യവും എഴുതിച്ചേര്‍ത്തിരുന്നു. മിക്ക കാര്യങ്ങളിലും ഗോത്രങ്ങള്‍ക്ക് സ്വയംഭരണാവകാശമുണ്ടായിരിക്കും. ചില കാര്യങ്ങളില്‍ മാത്രം കേന്ദ്രഭരണമായിരിക്കം നിലപാടെടുക്കുക. അതിലൊന്നാണ് പ്രതിരോധം. യുദ്ധവും സമാധാനവുമൊക്കെ പ്രഖ്യാപിക്കുന്നത് ഈ കേന്ദ്ര കൂട്ടായ്മയായിരിക്കും. ഗോത്രങ്ങള്‍ ഒറ്റക്കൊറ്റക്ക് യുദ്ധം പ്രഖ്യാപിക്കാനോ സമാധാനക്കരാര്‍ ഒപ്പിടാനോ പാടില്ല. പ്രതിരോധം ഒരു പൊതുസാമൂഹിക ബാധ്യതയാണ്. ബാഹ്യാക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷയായിരുന്നു ഈ പ്രഖ്യാപനം.
നിയമപാലനത്തില്‍ ഒരു പരിധിവരെ ഗോത്രസംവിധാനങ്ങള്‍ തന്നെയാണ് പിന്തുടര്‍ന്നത്. ഇനി വിവിധ ഗോത്രക്കാര്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ വിഷയം കേന്ദ്രത്തിലേക്ക് വിടും. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അപ്പീല്‍ കോടതി മദീന നഗരിയുടെ ഭരണാധികാരി ആയിരിക്കും. ഈ കരാറില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. മുസ്‌ലിംകളല്ലാത്തവര്‍ അവരുടെ 'ദീന്‍' പിന്തുടരും നിയമകാര്യങ്ങളില്‍; മുസ്‌ലിംകള്‍ അവരുടെ 'ദീനും.' ഇവിടെ 'ദീന്‍' എന്ന വാക്ക് മതം, നിയമം, നീതിന്യായം എന്നീ ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു.
ഈ രേഖയില്‍ 52 ഖണ്ഡികകള്‍ ഉണ്ടായിരുന്നു. അവയെല്ലാം ഭാവിതലമുറകള്‍ക്കായി സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആദ്യത്തെ ലിഖിത ഭരണഘടന എന്ന് ഇതിനെ വിശേഷിപ്പിക്കാം.
സുരക്ഷ(ഇന്‍ഷുറന്‍സ്)യെക്കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. അതൊരു വിചിത്ര പ്രതിഭാസമാണ്. നമ്മുടെ ഇക്കാലത്തെ ആവശ്യങ്ങള്‍ നബിയുടെ കാലത്ത് അത്ര പ്രസക്തമായിരുന്നില്ല. അവരുടെ ആവശ്യങ്ങള്‍ നമുക്കിന്ന് പ്രയോജനരഹിതമായും അനുഭവപ്പെട്ടേക്കാം. മദീനയില്‍ രണ്ട് മുഖ്യപ്രശ്‌നങ്ങള്‍ പ്രവാചകന്‍ അഭിമുഖീകരിച്ചിരുന്നു. ഒരാള്‍ അബദ്ധത്തില്‍, ബോധപൂര്‍വമല്ലാതെ മറ്റൊരാളെ കൊലപ്പെടുത്തിയാല്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം. നാട്ടുനടപ്പനുസരിച്ചുള്ള നഷ്ടപരിഹാരത്തുക വളരെ ഭീമമായിരുന്നു. വളരെക്കുറച്ചാളുകള്‍ക്കേ അത് കൊടുത്ത് വീട്ടാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവുകയുള്ളൂ. ബഹുഭൂരിപക്ഷത്തിനും ആ തുക സമാഹരിക്കാന്‍ കഴിയില്ല. നഷ്ടപരിഹാരം നല്‍കേണ്ടത് നൂറ് ഒട്ടകത്തെയായിരിക്കും. ഒരു ഒട്ടകത്തെ അറുത്താല്‍ നൂറ് പേര്‍ക്ക് ഒരു ദിവസം ഭക്ഷിക്കാം. അപ്പോള്‍ നൂറൊട്ടകമെന്ന് പറഞ്ഞാല്‍ ഒരാളുടെ പതിനായിരം ദിവസത്തെ ഭക്ഷണമാണ്. അത്രയും വലിയ തുക ഒരു സാധാരണക്കാരന്‍ എവിടെനിന്ന് ഉണ്ടാക്കാന്‍! അതേസമയം അബദ്ധത്തില്‍ കൊല്ലപ്പെടുക എന്നത് ഇടക്കിടെ സംഭവിക്കാറുമുള്ളതാണ്. അപ്പോള്‍ ഇങ്ങനെ ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നവര്‍ക്കായി ഒരു സംരക്ഷണ വലയം ഉണ്ടാക്കേണ്ടത് അനിവാര്യമായി തീരുന്നു. ഒരാള്‍ അബദ്ധത്തില്‍ വധിച്ചാല്‍ ആ വ്യക്തി മാത്രമല്ല, സമൂഹമൊന്നടങ്കം ആ ബാധ്യത ഏറ്റെടുക്കുന്ന ഒരു സംവിധാനമാണ് രൂപപ്പെടുത്തേണ്ടത്.
അക്കാലത്തെ രണ്ടാമത്തെ ആവശ്യം (ഇന്നത് അപ്രസക്തമാണ്) തടവുകാരനായി പിടിക്കപ്പെട്ട ഒരാള്‍ തന്റെ സ്വാതന്ത്ര്യം വില കൊടുത്ത് വാങ്ങേണ്ടിയിരുന്നു എന്നതാണ്. ഇതും വളരെ ചെലവേറിയതായിരുന്നു. നൂറ് ഒട്ടകം തന്നെയാണ് ഇങ്ങനെ സ്വതന്ത്രനാകാന്‍ ഒടുക്കേണ്ടിയിരുന്ന വില. ഒരു സാധാരണക്കാരന് ഈ തുക സ്വപ്നം കാണാന്‍ പോലുമാകില്ല. പിടിക്കപ്പെട്ടവന്‍ അടിമയായി മാറുന്നു എന്നതാണ് ഇതിന്റെ സ്വാഭാവിക ഫലം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഒരു സുരക്ഷാ കൂട്ടായ്മ (Insurance Company) യുടെ അനിവാര്യത.
പ്രവാചകന്‍ ഇത്തരമൊരു സുരക്ഷാ കൂട്ടായ്മയുടെ ഘടകങ്ങള്‍ ഓരോ ഗോത്രത്തിലും സ്ഥാപിച്ചു. ഒരാള്‍ അബദ്ധത്തില്‍ വധിക്കപ്പെട്ടാലോ അല്ലെങ്കില്‍ തടവുകാരനാക്കപ്പെട്ടാലോ അയാള്‍ക്ക് നഷ്ടപരിഹാരത്തുക/വില നല്‍കാന്‍ കഴിയാതെ വന്നാല്‍ അതത് ഗോത്രത്തിലെ സുരക്ഷാ യൂനിറ്റ് രംഗത്ത്‌വരും. എന്നിട്ട് ആ തുക അടക്കും. അവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്തുള്ള യൂനിറ്റുകളുടെ സഹായം തേടാം. എല്ലാ യൂനിറ്റുകള്‍ ചേര്‍ന്നിട്ടും തുക അടക്കാന്‍ കഴിയാതെ വന്നാല്‍ കേന്ദ്രം ഇടപെട്ട് പ്രശ്‌നം തീര്‍ക്കും. ഇങ്ങനെയൊരു സംവിധാനം മദീനയില്‍ പ്രവാചകന്‍ സ്ഥാപിക്കുകയും അത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഹദീസ് ആയി ഗണിക്കപ്പടുന്ന ഔദ്യോഗിക രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാം വിശദീകരിച്ച മദീനയുടെ ഭരണഘടന.

രാഷ്ട്രം രൂപം കൊള്ളുന്നു
അങ്ങനെ മദീനയില്‍ ഒരു നഗര രാഷ്ട്രം രൂപീകൃതമായി. ഒരു നഗരം മാത്രമേ ഇതിന്റെ പരിധിയില്‍ ഉണ്ടായിരുന്നുള്ളൂ. നീതിന്യായം, ക്രമസമാധാനം മറ്റു ആവശ്യങ്ങള്‍ ഇതെല്ലാം ആ നഗരത്തിലെ എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്താന്‍ പ്രവാചകന് സാധിച്ചു. പക്ഷേ പ്രവാചകന്‍ ഇതുകൊണ്ട് മതിയാക്കിയില്ല. മക്കക്കാരുടെ അന്ത്യശാസനം വന്ന സന്ദര്‍ഭത്തില്‍ മദീനയുടെ പ്രാന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ആദ്യം വടക്ക് ഭാഗത്തേക്കാണ് നീങ്ങിയത്. അവിടെ പാര്‍ക്കുന്ന ഗോത്രങ്ങളോട് അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ സ്വയം ഭരണാധികാരമുള്ള സ്വതന്ത്ര ഗോത്രങ്ങളാണെങ്കിലും പുറത്തുനിന്ന് അക്രമികള്‍ വന്നാല്‍ നിങ്ങള്‍ ഒറ്റക്ക് നേരിടേണ്ടി വരും. ഇതിനെ ചെറുക്കാന്‍ ഒരു വഴിയേ ഉള്ളൂ. നമ്മള്‍ തമ്മില്‍ ഒരു കരാറുണ്ടാക്കുക. എങ്കില്‍ സഹായിക്കാന്‍ ഞങ്ങളുണ്ടാകും.' പ്രവാചകന്റെ നിര്‍ദേശം അവര്‍ക്ക് നന്നായി ബോധിച്ചു. ഒരു കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തു. ആ കരാറിന്റെ ലിഖിത രേഖ നമുക്ക് ലഭിച്ചിട്ടുണ്ട്.
പിന്നെ പ്രവാചകന്‍ പോയത് കിഴക്കും തെക്കുമുള്ള പ്രദേശങ്ങളിലേക്കാണ്. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി അവരുമായും ഇതുപോലുള്ള കരാറുകള്‍ ഉണ്ടാക്കി. ഇങ്ങനെ ഹിജ്‌റ രണ്ടാം വര്‍ഷം നിരവധി അമുസ്‌ലിം ഗോത്രങ്ങളുമായി പ്രവാചകന്‍ കരാറെഴുതുകയുണ്ടായി. ചുരുക്കത്തില്‍ ഹിജ്‌റയുടെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ പുതുതായി രൂപം കൊണ്ട മദീന എന്ന നഗര രാഷ്ട്രത്തിന് ചുറ്റും വസിക്കുന്ന സകല ഗോത്രങ്ങളെയും പ്രവാചകന്‍ തന്റെ സൗഹൃദവലയത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അത് മദീനക്ക് ഒരു സംരക്ഷണ വലയം തീര്‍ത്തു. അതായത് പുറത്ത്‌നിന്ന് ആര്‍ മദീന ആക്രമിക്കാന്‍ വരികയാണെങ്കിലും ആദ്യം ഈ ഗോത്രങ്ങളെ നേരിടേണ്ടിവരും. എത്ര സമര്‍ഥമായ രാഷ്ട്രീയ നീക്കമാണ് പ്രവാചകന്‍ നടത്തിയതെന്ന് നോക്കൂ! ഇതിനേക്കാള്‍ ഭദ്രമായി എങ്ങനെയാണ് മദീനയെ സംരക്ഷിക്കാനാവുക!
ഇത്തരം കരാറുകളും ഇടപാടുകളുമെല്ലാം എഴുതിവെച്ചിരുന്നു എന്നതാണ് നമ്മുടെ വിഷയം. ചില ഇടപാടുകള്‍ തീര്‍ത്തും വ്യക്തിപരമായിരിക്കും. ഉദാഹരണത്തിന് പ്രവാചകന്‍ ഒരു അടിമയെ വാങ്ങി. ഇതിന്റെ രേഖകള്‍ ഇന്നും ലഭ്യമാണ്. അടിമയുടെ വില, ആരില്‍ നിന്നാണോ വാങ്ങുന്നത് അയാളുടെ പേര് തുടങ്ങിയ വിവരങ്ങളെല്ലാം അതില്‍ രേഖപ്പെടുത്തിയിരിക്കും. മറ്റൊരിക്കല്‍ പ്രവാചകന്‍ ഒരു അടിമയെ മോചിപ്പിച്ചു. അതിന്റെ രേഖയും ലഭ്യമാണ്. ഇന്നയിന്നയാള്‍ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു, അതുകൊണ്ട് അയാളോട് സ്വതന്ത്രനോടെന്ന പോലെ പെരുമാറണം എന്നൊക്കെ ആ രേഖയില്‍ എഴുതി വെച്ചിട്ടുണ്ട്. ഹിജ്‌റ എട്ടാം വര്‍ഷം പ്രവാചകന്‍ ഒരു മക്കക്കാരന് അയച്ച കത്ത് നമുക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: 'ഈ കത്തുമായി വരുന്നയാള്‍ നിങ്ങളുടെ അടുത്തെത്തുന്നത് രാവിലെയോ വൈകുന്നേരമോ ആവട്ടെ, ഉടന്‍ അയാളുടെ കൈവശം അല്‍പം സംസം വെള്ളം കൊടുത്തയക്കുക.' പ്രവാചകന്റെ കാലത്ത് വിവിധ പ്രവിശ്യകളിലെ ഗവര്‍ണര്‍മാര്‍ക്കയച്ച കത്തുകളും നമ്മുടെ കൈവശം എത്തിച്ചേര്‍ന്നിരിക്കുന്നു. ചില വിഷയങ്ങളില്‍ ഗവര്‍ണമാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നതും പ്രവാചകന്റെ നിര്‍ദേശപ്രകാരം മദീനയില്‍ നിന്നായിരുന്നു. ഇത്തരം ഔദ്യോഗിക രേഖകളുടെ ഒരു വലിയ സമാഹാരം തന്നെയുണ്ട്. പ്രവാചകന്റെ ഔദ്യോഗിക മുദ്രയുള്ള, നമുക്ക് ലഭ്യമായ കത്തുകളുടെ എണ്ണം തന്നെ നാനൂറോളം വരും. കൈസറിനും സീസറിനും അയച്ച കത്തുകളും അതില്‍ പെടും.
ഇനി നമുക്ക് ഹദീസിന്റെ രണ്ടാമത്തെ ഇനത്തിലേക്ക് കടക്കാം. അതായത് അനുചരന്മാര്‍ വ്യക്തിപരമായി ശേഖരിച്ച പ്രവാചകന്റെ ചര്യകള്‍. അത് നാം ഇതുവരെ വിവരിച്ച ഔദ്യോഗിക രേഖകളില്‍ നിന്ന് ഭിന്നമാണ്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍കഹ്ഫ് 22-25