Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

രോഗത്തേക്കാള്‍ മാരകമായ മരുന്ന്‌

തീവ്രവാദവും ഭീകരതയും ഉരുക്കുമുഷ്ടികൊണ്ട് ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് രാഷ്ട്ര സാരഥികളും ജനനായകന്മാരും സദാ ചിന്തിക്കുന്നതും സംസാരിക്കുന്നതും. ജനക്കൂട്ടത്തില്‍ ബോംബുകള്‍ പൊട്ടിച്ച് നിരപരാധികളെ നിഷ്‌കരുണം കൊന്നൊടുക്കുന്ന കശ്മലന്മാരെ എത്ര കടുത്ത നടപടിയിലൂടെയായാലും അമര്‍ച്ച ചെയ്യണമെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല ഒരു തര്‍ക്കവും. എന്നാല്‍, സ്‌ഫോടനങ്ങളിലെ പ്രതികളെ പിടികൂടിയതുകൊണ്ടോ ഏതെങ്കിലും സ്‌ഫോടന പദ്ധതി തകര്‍ത്തതുകൊണ്ടോ മാത്രം ഭീകരവിരുദ്ധ യുദ്ധം ജയിക്കാനാവില്ല എന്നതും അനിഷേധ്യമായ സത്യമാകുന്നു. അതിനു ഭീകരതയുടെ ഉറവിടങ്ങളും നിമിത്തങ്ങളും കണ്ടെത്തി ചികിത്സിക്കുക കൂടി ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഒരു ഭീകരന്‍ മരിക്കുമ്പോള്‍ പത്തു ഭീകരന്മാര്‍ ജനിച്ചുകൊണ്ടിരിക്കും. ആഗോള ഭീകരതയുടെ അപ്പോസ്തലനായി അറിയപ്പെട്ട ഉസാമാ ബിന്‍ലാദിന്‍ ഉന്മൂലനം ചെയ്യപ്പെട്ടിട്ടും ഇറാഖിലും അഫ്ഗാനിലും പാകിസ്താനിലും മറ്റും നാള്‍ക്കുനാള്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നതെന്തുകൊണ്ടാണ്? ഈ ചോദ്യം അവഗണിച്ചുകൊണ്ട് ആസൂത്രണം ചെയ്യപ്പെടുന്ന ഭീകരവിരുദ്ധ നടപടികള്‍ പലപ്പോഴും രോഗത്തേക്കാള്‍ മാരകമായ മരുന്നായിത്തീരുകയാണ്.
റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (RAW) അതിന്റെ സ്ഥാപകരിലൊരാളായ രാമേശ്വര്‍നാഥ് കാവുവിന്റെ പേരില്‍ കഴിഞ്ഞ മാസം ദല്‍ഹിയില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ മുന്‍ പ്രസിഡന്റ് ഡോ. എ.പിജെ അബ്ദുല്‍ കലാം നടത്തിയ കാവു അനുസ്മരണ പ്രഭാഷണത്തില്‍ തീവ്രവാദ വിഷയകമായി ഉന്നയിച്ച ചില നിര്‍ദേശങ്ങള്‍ ഓര്‍ക്കുകയാണ്: ഭീകരതയോട് 'ഒരിക്കലും മറക്കാതെ, ഒരിക്കലും പൊറുക്കാതെ' എന്ന സമീപനമാണ് അമേരിക്കയും ഇസ്രയേലും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയും അതേ സമീപനം സ്വീകരിക്കുകയും ആ രാജ്യങ്ങളെ മാതൃകയാക്കുകയും വേണം. ഭീകരതാ നിര്‍മാര്‍ജനം ലക്ഷ്യമാക്കി ഈ മൂന്ന് രാജ്യങ്ങളും ഒന്നിച്ച് ചേര്‍ന്ന് ഒരു ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കണം. അമേരിക്കയും ഇസ്രയേലും അവരെ എതിര്‍ക്കുന്ന രാജ്യങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കുന്നതില്‍ വന്‍തോതില്‍ വിജയം കാണുന്നുണ്ട്. ഈ രീതി തന്നെയാണ് ഇന്ത്യയും സ്വീകരിക്കേണ്ടത്. ഭീകരാക്രമണങ്ങളുടെ വേരുകള്‍ ആസൂത്രിതമായി അറുത്തുമാറ്റിയാലേ ഈ വിപത്ത് അവസാനിപ്പിക്കാനാവൂ. ഇസ്രയേലും അമേരിക്കയും കൈകൊണ്ട കടുത്ത നടപടികള്‍ അവരുടെ പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കാന്‍ വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട്.
അബ്ദുല്‍ കലാമിനെപ്പോലൊരു പ്രഗത്ഭനും പരിണത പ്രജ്ഞനുമായിരുന്നില്ലെങ്കില്‍ ഈ പ്രഭാഷണം അമേരിക്കന്‍-ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥരോ ചുരുങ്ങിയപക്ഷം റോയിലെ ഉദ്യോഗസ്ഥരോ എഴുതിക്കൊടുത്തതാണെന്ന് ന്യായമായും സംശയിക്കുമായിരുന്നു. ബഹുമാന്യനായ മുന്‍ പ്രസിഡന്റിന്റെ ഭാഷണത്തെ അങ്ങനെ സംശയിക്കുന്നത് അനാദരവാകും. ഭീകരതക്ക് വ്യക്തമായ ഒരു നിര്‍വചനം നല്‍കിയിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കുറച്ചെങ്കിലും പരിഗണനീയമായേനെ. അതു പക്ഷേ ഉണ്ടായില്ല. ഭീകരതയെ നേരിടുന്നതില്‍ അമേരിക്കയെയും ഇസ്രയേലിനെയും മാതൃകയാക്കണമെന്നുപദേശിക്കുമ്പോള്‍, ആ രാജ്യങ്ങള്‍ നല്‍കുന്ന അര്‍ഥമാണ് അദ്ദേഹവും ഭീകരതക്ക് നല്‍കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതായത്, മുന്‍ പ്രസിഡന്റിന് ഇക്കാര്യത്തില്‍ സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായമില്ല. സ്വന്തം താല്‍പര്യത്തിനു വേണ്ടി നിരപരാധികളെ കൊന്നൊടുക്കുന്നത് ഈ രാജ്യങ്ങള്‍ ഭീകരതയായി കാണുന്നില്ലെന്നതിന് അവരുടെ ചരിത്രവും വര്‍ത്തമാനവും സാക്ഷിയാകുന്നു. അക്രമോത്സുകരായി അധിനിവേശം ചെയ്ത് യൂറോപ്യന്മാര്‍ മണ്ണിന്റെ മക്കളെ കൊന്നുതള്ളിയും ആട്ടിയോടിച്ചും സ്ഥാപിച്ചതാണ് ഈ രണ്ടു രാജ്യങ്ങളും. കൈവശമുള്ള ഭീകരായുധങ്ങളുടെ ബലത്തിലാണ് ഇന്നും അവ നിലനില്‍ക്കുന്നതും ലോക നായകത്വം ചമയുന്നതും. അവരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തവരെല്ലാം അവരുടെ ദൃഷ്ടിയില്‍ ഭീകരന്മാരാണ്. 9/11ന് ശേഷം ഒരു പ്രത്യേക ജീവിത ദര്‍ശനവും അതിന്റെ അനുയായികളുമാണ് സകല ഭീകരാക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍. അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങളിലൂടെ പടിഞ്ഞാറന്‍ പാകിസ്താനില്‍ പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പെടെയുള്ള നിരപരാധികളെ നിരന്തരം ചുട്ടെരിച്ചുകൊണ്ടിരിക്കുന്നു. ഇസ്രയേല്‍ സിറിയയിലും സുഡാനിലുമൊക്കെ കടന്നുകയറി അവിടത്തെ വ്യവസായശാലകള്‍ അതിലെ തൊഴിലാളികളോടൊപ്പം ചാമ്പലാക്കുന്നു. അവര്‍ക്കിഷ്ടപ്പെടാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ വിധ്വംസക ഏജന്‍സികളെ നിയോഗിച്ചയക്കുന്നു. ഇതൊക്കെയാണോ ഡോ. അബ്ദുല്‍ കലാം വിജയകരമെന്നും അനുകരണീയമെന്നും ഘോഷിക്കുന്ന തന്ത്രങ്ങള്‍? ഈ തന്ത്രങ്ങളിലൂടെ ഇറാഖില്‍നിന്നും അഫ്ഗാനില്‍നിന്നും പാകിസ്താനില്‍നിന്നും തീവ്രവാദവും ഭീകരതയും തുടച്ചുമാറ്റപ്പെട്ടുവോ? അതോ, ആ രാജ്യങ്ങളില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതുതന്നെയാണോ നാം കാംക്ഷിക്കുന്ന തികഞ്ഞ ഭീകരതാ മുക്തിയും സുരക്ഷയും സമാധാനവും?
യു.പി മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷയുമായ മായാവതി ജനുവരി 10-ന് ബംഗളുരുവില്‍ നടത്തിയ ഒരു പ്രസ്താവന ഇത്തരുണത്തില്‍ ശ്രദ്ധേയമാകുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെരുകിവരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് അവരെ തീവ്രവാദത്തിലേക്ക് നയിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ പട്ടിക വിഭാഗക്കാരെയും പിന്നാക്ക വിഭാഗങ്ങളെയും തെറ്റായ പാതയിലേക്ക് തള്ളിവിടുകയാണ്. ഇതാണ് മായാവതിയുടെ പ്രസ്താവനയുടെ ചുരുക്കം. തീവ്രവാദത്തിന്റെയും ഭീകരതയുടെയും യഥാര്‍ഥ ഉറവിടത്തിലേക്കാണ് മായാവതി വിരല്‍ചൂണ്ടിയതെന്ന്, ദലിതരുടെയും പിന്നാക്ക വിഭാഗക്കാരുടെയും ജീവിതാവസ്ഥകളിലേക്ക് ആഴത്തില്‍ കണ്ണയക്കുന്നവര്‍ നിസ്തര്‍ക്കം സമ്മതിക്കും. ഈ ഉറവിട നിര്‍ണയത്തില്‍ തന്നെ അതിന്റെ പരിഹാരവും തെളിയുന്നുണ്ട്. പിന്നാക്ക ന്യൂനപക്ഷമായ മുസ്‌ലിംകളുടെ കാര്യത്തില്‍ മായാവതി സൂചിപ്പിച്ചതിനു പുറമെ മറ്റൊരു കാരണവും കൂടിയുണ്ട്. ഭൂരിപക്ഷ വിഭാഗത്തില്‍ വളര്‍ന്നു വരുന്ന ന്യൂനപക്ഷ വിരോധവും ആ വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ന്യൂനപക്ഷ പീഡന സമീപനവുമാണത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകുമോ? തയാറാകുമെങ്കില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സഹായമില്ലാതെ തന്നെ രാജ്യത്തെ തീവ്രവാദവും ഭീകരാക്രമണങ്ങളും അവസാനിച്ചുകൊള്ളും. ഇല്ലെങ്കില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സഹകരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍