കനലെരിയുന്ന ദേശക്കാര്‍
ഗദ്ഗദം വിളഞ്ഞ് പഴുത്ത ആലിപ്പഴം കണ്ണില്‍നിന്ന് അടര്‍ന്നു വീണുകൊണ്ടിരുന്നു. സൂര്യകിരണങ്ങള്‍ അതില്‍നിന്ന് മഴവില്ലുകളെ കോര്‍ത്തെടുത്തു. അവ പുണ്യഗേഹത്തിനു ചുറ്റും വിതാനിച്ച വെണ്ണക്കല്ലുകളില്‍ പൊട്ടിച്ചിതറി.
താഴ്‌വരയില്‍, പുല്‍ത്തകിടികളിലെ മഞ്ഞുകണങ്ങളില്‍, ഈന്തപ്പനയുടെ പൂങ്കുലകളില്‍ അരിച്ചിറങ്ങിയത് ഇതേ സൂര്യന്‍ തന്നെയായിരുന്നു. പിന്നെ അതേ വെളിച്ചത്തില്‍ ഞാനെങ്ങനെ അഭയാര്‍ഥിയായി?
കൈയിലെ അഭയാര്‍ഥിച്ചീട്ട് ചുട്ടുപൊള്ളുന്നുണ്ട്. അല്ലെങ്കിലും ഇതൊരു ചൂടല്ലല്ലോ! ഇതേ കൈയില്‍ തന്നെയായിരുന്നു യുദ്ധ ടാങ്കിനെ എതിരിട്ട കല്ലുകളും ഒതുക്കിപ്പിടിച്ചിരുന്നത്. പക്ഷേ, അത് വെറും കല്ലുകളായിരുന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിഷേധമായിരുന്നു. വലിച്ചെറിയുമ്പോള്‍, അത് ഒരായിരം റോക്കറ്റുകളായി ചെന്നുവീഴണമെന്നായിരുന്നു മോഹം.
തെരുവിലേക്ക് വിരുന്നുകാരെപ്പോലെ വരുന്ന ശത്രുവാഹനങ്ങള്‍. യന്ത്രത്തോക്കുകളും ടിയര്‍ ഗ്യാസ് ഷെല്ലുകളുമായി കുതിച്ചെത്തുന്നു. അവയെല്ലാം മരണത്തിന്റെ സന്ദേശവാഹകരായിരുന്നു. അവര്‍ക്ക് തകര്‍ക്കാന്‍ ആത്മധീരതയുടെ വിരിമാറുകള്‍ വേണമായിരുന്നു. ആര്‍ത്തട്ടഹസിച്ച് വിജയമാഘോഷിക്കാന്‍ അഭയാര്‍ഥികളുടെ കൂരകള്‍ വേണമായിരുന്നു. എല്ലാം തകര്‍ക്കാന്‍ മാത്രം പഠിച്ചിട്ടുള്ള മനുഷ്യന്റെ അതിരില്ലാത്ത സ്വാര്‍ഥതയുടെ ദീപസ്തംഭങ്ങള്‍. അവയെ ഒന്നെറിയാനെങ്കിലും ഓരോ കുട്ടിയുടെയും മനസ് കൊതിക്കാതിരിക്കുമോ? അതിനെ വിഡ്ഢിത്തമെന്ന് പരിഹസിക്കുന്നത്...
സ്‌കൂള്‍ വിട്ട് തിരികെ വരുമ്പോള്‍ വീട് ഒരു മണ്‍കൂന മാത്രമായി ശേഷിച്ചിരുന്നു. അതില്‍ തന്റെ കുഞ്ഞനിയത്തിയെ തെരയുന്ന ഉമ്മയും ബാപ്പയും.കല്ലും സിമന്റും വികൃതരൂപങ്ങള്‍ സൃഷ്ടിച്ച് തകര്‍ന്നടിഞ്ഞ തെരുവില്‍ എന്തു ചെയ്യണമെന്നറിയാത്ത ഒരു പറ്റം നിരാലംബര്‍. എവിടെയും ശക്തി ക്ഷയിച്ച തേങ്ങലുകള്‍. ചുറ്റിനും കരഞ്ഞു കരഞ്ഞ് നീര്‍വറ്റിയ കണ്‍തടങ്ങള്‍, ഒരു കീറത്തുണിക്കായി തണുത്തു വിറക്കുന്ന ശരീരങ്ങള്‍. തകര്‍ന്നടിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങളില്‍ ഉറ്റവരെ തേടിയലയുന്ന കുഞ്ഞുങ്ങള്‍. വാക്കുകളിലൊതുങ്ങാത്ത മനസംഘര്‍ഷത്തിന്റെ പ്രതീകങ്ങളായി പതറിയ കാല്‍പ്പാദങ്ങളോടെ നടന്നകലുന്ന അവരുടെ ദൈന്യതയുടെ മേല്‍ ശീതക്കാറ്റിന്റെ ശകാരവും ഭാരമിറക്കിവെച്ചു. ജീവിതം ആകെയൊരു തീകുണ്ഡത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. പടച്ചവനേ...
വീണ്ടും ഒരു വെടിയൊച്ച. വാപ്പ മണ്‍കൂനയിലെ തിരച്ചില്‍ നിര്‍ത്തി പിന്തിരിഞ്ഞു. ആ മുഖം വലിഞ്ഞുമുറുകി. കുറെ കല്ലിന്‍ കഷ്ണങ്ങള്‍ പെറുക്കിയെടുത്ത് ഒരു കൊടുങ്കാറ്റുപോലെ ആ ഭീമന്‍ യന്ത്രത്തിനു നേരെ പാഞ്ഞു. അടക്കിവെക്കപ്പെട്ട വേദനകളുടെ തിളപ്പും മൂര്‍ച്ചയുമുണ്ടായിരുന്നു ആ കല്ലുകള്‍ വലിച്ചെറിയുമ്പോള്‍. രണ്ട് മൂന്ന് വെടിയുണ്ടകളുടെ സ്ഥാനം വാപ്പയുടെ നെഞ്ചിലായിരുന്നു. വിറയ്ക്കുന്ന ചുണ്ടാല്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നു മൊഴിയുമ്പോള്‍ ആ കണ്ണുകള്‍ തന്നില്‍തന്നെയായിരുന്നു.
പിന്നെ ചോരയുടെ ഗന്ധം ഗന്ധമല്ലാതായി. അതിന്റെ നിറം ചുവപ്പല്ലാതായി. വെടിയൊച്ചകള്‍ കേട്ട് പേടിക്കാതെയായി. ചങ്ങാതിമാര്‍ പലരും മനുഷ്യബോംബുകളായി പൊട്ടിത്തെറിച്ചു. റോക്കറ്റ്പക്ഷികളും ബുള്ളറ്റ് ശലഭങ്ങളും കുരുന്നുകളുടെ നെഞ്ചിലെ ചോര നുകര്‍ന്നു. പിന്നെ പൂക്കള്‍ക്കും ചോരയുടെ ഗന്ധമായി. അമ്മമാരുടെ കണ്ണീരും ശാപങ്ങളും അലച്ചുവീണ വീഥികളില്‍ മുലപ്പാല്‍ മണക്കുന്ന സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ നദികളെല്ലാം വരണ്ടുപോയി. മണ്ണിന്റെ നിറവും മണവും മാറുകയായിരുന്നു. ചോര ചുവക്കുന്ന മണ്ണിന്റെ നെഞ്ചിലൂടെ കാലം ഗൃഹാതുര വേദനകളുടെ തേരുരുട്ടി കടന്നുപോയി.
അഭയാര്‍ഥി ക്യാമ്പില്‍നിന്ന് അനാഥത്വവും പേറി ഈ മണ്ണില്‍ വരുമ്പോള്‍ ഒരു പൊന്‍വെളിച്ചമേ കണ്ണില്‍ തെളിഞ്ഞുള്ളൂ. നബിതിരുമേനിയുടെ പാദസ്പര്‍ശത്താല്‍ പവിത്രമായ ഈ മണ്ണിന്റെ അളവറ്റ ദയാവായ്പ്. ആ തിരുവചനങ്ങളുടെ സാന്ത്വനം. ഉറവ വറ്റാത്ത പുണ്യതീര്‍ഥത്തിന്റെ അനര്‍ഗളമായ പ്രവാഹം.
കാരുണ്യവാനായ തമ്പുരാനേ, എന്റെ കരളിലെ അണയാത്ത കനലുകളില്‍, കരിഞ്ഞ സ്വപ്നങ്ങളുടെ മരുഭൂമിയില്‍ നീ കുളിരേകണേ. പ്രതീക്ഷയുടെ മൊട്ടുകളെ നാമാവശേഷമാക്കുന്ന കറുത്ത കൈകളില്‍ നിന്ന് നീ ഞങ്ങളെ കാത്തുകൊള്ളേണേ. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട് ആര്‍ത്തലക്കുന്ന അമ്മമാരുടെ നെഞ്ചില്‍ ഒരു കുളിര്‍മഴയായി നീ പെയ്തിറങ്ങണേ, തമ്പുരാനേ. ആലംബമേകും കരുണാസാഗരമേ, നിരാലംബരായ ഞങ്ങളെ കാത്തുരക്ഷിക്കണേ. പുഞ്ചിരി മാഞ്ഞ് കത്തിക്കാളുന്ന പിഞ്ചുകിടാങ്ങളുടെ മുഖങ്ങളില്‍ പുലരൊളിയായി തെളിയണേ തമ്പുരാനേ...
കരള്‍ പൊട്ടിയൊലിച്ച ചോര ആകാശസാഗരത്തില്‍ വീണു തുടുത്തു. ചെമ്പട്ടുടുത്ത സൂര്യന്‍ മഗ്‌രിബ് ബാങ്കിനു കാതോര്‍ത്തു നിന്നു.
[email protected]
Comments