Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

ഇഷ്ടം തുറന്നു പറയുക

ആദിലുബ്‌നു സഅദ് അല്‍ ഖൗഫ്

സ്‌നേഹം ഹൃദയത്തിന്റെ ജീവനാണ്. സൗഭാഗ്യത്തിന്റെ രഹസ്യവും വിജയത്തിലേക്കുള്ള പോംവഴിയുമാണത്. അതു മൂലം ജീവിതം തളിര്‍ക്കുകയും ഹൃദയങ്ങള്‍ക്ക് കുളിര്‍മ പകരുകയും ചെയ്യുന്നു. സ്‌നേഹമില്ലാതെ മനുഷ്യന്‍ മനുഷ്യനാവുകയില്ല.
സത്യവിശ്വാസികളോടുള്ള തന്റെ സ്‌നേഹം അല്ലാഹു തുറന്നു പ്രഖ്യാപിക്കുന്നു. “അല്ലാഹു അവരെ ഇഷ്ടപ്പെടുന്നു. അവര്‍ അല്ലാഹുവിനെയും ഇഷ്ടപ്പെടുന്നു” (അല്‍മാഇദ 54). സത്യവിശ്വാസികളെ അല്ലാഹു അവന്റെ സ്‌നേഹം സ്വീകരിക്കാന്‍ ക്ഷണിക്കുകയാണ്. അല്ലാഹുവിന്റെ സ്‌നേഹത്തിന് പാത്രീഭൂതരാകാന്‍ ലഭിക്കുന്ന ഭാഗ്യം എത്ര മഹത്തരം.
ലോകത്തിന്റെ കാരുണ്യമായിരുന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ) സ്‌നേഹം എന്ന വികാരത്തെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിച്ചു. പ്രവാചകന് തന്റെ സഹാബാക്കളോടുണ്ടായിരുന്ന സ്‌നേഹം അവിടുന്ന് തുറന്ന് പ്രകടിപ്പിച്ചു. ആ സ്‌നേഹത്തിന്റെ പ്രകടനവും പ്രഖ്യാപനവും അവരോടുള്ള ബന്ധത്തിന്റെ അടയാളമായി എടുത്തു പറഞ്ഞു. മുആദ് ബനു ജബല്‍ (റ) പറയുന്നു. തിരുമേനി എന്റെ കൈപിടിച്ചിട്ടു പറഞ്ഞു. “അല്ലയോ മുആദ്! അല്ലാഹുവാണ, ഞാന്‍ താങ്കളെ ഇഷ്ട്‌പ്പെടുന്നു. ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു.” നമ്മുടെ ഹൃദയങ്ങള്‍ സ്‌നേഹത്തിന് വേണ്ടി തുറക്കപ്പെടണം. അതു തുറക്കുമ്പോള്‍ നമ്മുടെ സ്‌നേഹം മറ്റുള്ളവരിലേക്ക് പകര്‍ന്നൊഴുകുന്നു. നബി(സ) തന്റെ സ്‌നേഹവികാരത്തെ ഹൃദയം തുറന്ന് പ്രഖ്യാപിക്കുകയാണ്. എന്നല്ല, ആണയിട്ട് പറഞ്ഞത് തന്റെ സ്‌നേഹത്തെ ഒന്നു കൂടി ബലപ്പെടുത്തുന്നു. ഈ സ്‌നേഹ പ്രഖ്യാപനം ഏതൊരാളെയും നമ്മിലേക്ക് അടുപ്പിക്കും. സ്‌നേഹത്തിന്റെ ശക്തി തിരിച്ചറിയപ്പെടുക അത് തുറന്നു പ്രഖ്യാപിക്കുമ്പോഴാണ്.
നബി (സ) ജീവിത പങ്കാളിയോടും തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. ജീവിത പങ്കാളിയോടുള്ള തന്റെ അതുല്യമായ സ്‌നേഹം അല്ലാഹുവിന്റെ ദാനമാണെന്ന് അവിടുന്ന് പ്രഖ്യാപിച്ചു. ഖദീജ(റ)യോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ച് അവിടുന്ന് പറഞ്ഞു: ''തീര്‍ച്ചയായും ഖദീജയുടെ സ്‌നേഹത്താല്‍ ഞാന്‍ ധന്യനായി.''
ആഈശ (റ) പറയുന്നു: നബി തിരുമേനിക്ക് ഫാത്വിമയോടുണ്ടായിരുന്ന അത്രയും സ്‌നേഹവും വാല്‍സല്യവും ഞാനാരിലും കണ്ടിട്ടില്ല. ഫാത്തിമ (റ) നബിയുടെ സന്നിധിയില്‍ പ്രവേശിച്ചാല്‍ അവളുടെ അടുക്കലേക്ക് തിരുമേനി എഴുന്നേറ്റു ചെല്ലും. അവളുടെ ഇരു കരങ്ങളും കൈയിലെടുത്ത് അവളെ ചുംബിക്കും. എന്നിട്ട് തന്റെ ഇരിപ്പിടത്തില്‍ ഫാത്വിമയെ ഇരുത്തും. ഫാത്വിമയാകട്ടെ പ്രവാചകന്‍ (സ) അവളുടെ അടുക്കല്‍ പ്രവേശിച്ചാല്‍ നബിയുടെ അടുക്കല്‍ വരും. കൈകള്‍ പിടിക്കും. എന്നിട്ട് ചുംബിക്കും. അവളുടെ ഇരിപ്പിടത്തില്‍ ഇരുത്തും (അബൂദാവൂദ്).
മനുഷ്യ ജീവിതത്തിലെ ഏറ്റവും ഉല്‍കൃഷ്ടവും ഉദാത്തവുമായ വികാരമാണ് സ്‌നേഹം. പൈശാചിക പ്രവണതകളില്‍ നിന്നും ദുഷ്‌പ്രേരണകളില്‍ നിന്നും സ്‌നേഹം എന്ന വികാരത്തെ നാം സംരക്ഷിച്ചു നിര്‍ത്തണം. അത് നമ്മുടെ മനസ്സിലൊതുക്കി നിര്‍ത്തേണ്ട വികാരമല്ല. അതിനെ തൊട്ടുണര്‍ത്തണം. സ്‌നേഹത്തിന്റെ നല്ല അനുരണനങ്ങളായി അത് പുറത്തുവരണം. നമ്മുടെ ജീവിതത്തിന്റെ അടയാളമായി സ്‌നേഹം മാറേണ്ടതുണ്ട്. ആ സ്‌നേഹം അനുഭവിച്ചറിയാന്‍ നമുക്കും മറ്റുള്ളവര്‍ക്കും കഴിയണം.
സ്‌നേഹം എന്ന അത്യുന്നത വികാരം ഈ പ്രപഞ്ചം മുഴുവനും ഒറ്റ കുടുംബമാണെന്ന ചിന്തയിലേക്കാണ് നമ്മെ നയിക്കുക. ഈ പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായ വസ്തക്കളോടും നമ്മുടെ ഹൃദയത്തില്‍ സ്‌നേഹം നിറയും. അതു കൊണ്ടാണ് തിരുമേനി (സ) ഉഹ്ദ് മലയോടു പറഞ്ഞത്, 'ഈ പര്‍വതം, അത് നമ്മെ ഇഷ്ടപ്പെടുന്നു, നാം അതിനെയും ഇഷ്ടപ്പെടുന്നു.'
സത്യവിശ്വാസിയുടെ ശാന്തമായ മനസ്സിനേ പ്രകൃതിയിലെ മനോഹാരിതകളെയും സൗന്ദര്യത്തെയും സ്‌നേഹിക്കാന്‍ കഴിയൂ. ആ നിറഞ്ഞ സ്‌നേഹത്തിനു മുന്നില്‍ തിന്മയുടെ ശക്തികള്‍ തോറ്റുപോകും. അസൂയയുടെയും അഹന്തയുടെയും പരനിന്ദയുടെയും ദുഷ്പ്രവണതകള്‍ക്ക് സ്‌നേഹം നിറഞ്ഞ ഹൃദയങ്ങളെ കീഴടക്കാനാവില്ല. അത്തരം ശുദ്ധ ഹൃദയര്‍, തങ്ങള്‍ക്കു വേണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിക്കും. “അവരുടെ ഹൃദയങ്ങളിലുണ്ടായേക്കാവുന്ന വിദ്വേഷങ്ങളെ നാം നീക്കിക്കളയും. അവര്‍ പരസ്പരം സഹോദരങ്ങളായിക്കൊണ്ട് മഞ്ചങ്ങളില്‍ മുഖാമുഖം ഇരിക്കും” (അല്‍ ഹിജ്ര്‍ 47).
സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും വേണ്ടി നമ്മുടെ ഹൃദയങ്ങള്‍ തുറന്നുവെക്കാനുള്ള ഒരു ആഹ്വാനമാണീ ഖുര്‍ആന്‍ സൂക്തം. നമ്മുടെ കുടുംബങ്ങളിലെ മുദ്രാവാക്യം ഈ സ്‌നേഹത്തിന്റേതാകട്ടെ. ആ സ്‌നേഹത്തിന്റെ മാര്‍ഗം നമ്മുടെ കുട്ടികളുടെ ശിക്ഷണത്തില്‍ നമുക്കിനി സ്വീകരിക്കാം. നമ്മുടെ ജീവിത പങ്കാളികള്‍ക്ക് ഈ സ്‌നേഹത്തിന്റെ സന്ദേശം കൈമാറാം. മറ്റുള്ളവരോടുള്ള നമ്മുടെ ഗുണകാംക്ഷയിലും നമ്മുടെ പ്രബോധനത്തിലും മുറ്റി നില്‍ക്കുന്ന വികാരം സ്‌നേഹം തന്നെയാകട്ടെ.
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍