ഇസ്‌ലാമിക വിജ്ഞാനകോശം അറിവിന്റെ അമൂല്യ ശേഖരം
മനുഷ്യന്‍ കരഗതമാക്കിയ അറിവുകളെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ അക്ഷരക്രമത്തില്‍ ക്രോഡീകരിക്കുന്ന അത്യുജ്ജ്വലമായ പ്രവൃത്തിയാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കികൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശങ്ങള്‍. വിജ്ഞാനകോശത്തിന്റെ സവിശേഷത വിവരങ്ങളുടെ ധാരാളിത്തമാണ്. വിവരങ്ങളെ ക്രമത്തില്‍ അടുക്കിവെക്കുന്നതിനാല്‍ ശാസ്ത്രത്തിന് ശേഷം ചിലപ്പോള്‍ വരിക ദേശത്തിന്റെ കഥയായിരിക്കും. അതിന് ശേഷം കാലഗതിയില്‍ മറന്നുപോയ ഒരു ചരിത്രരേഖയുടെ ഓര്‍മപ്പെടുത്തലാകും. തുടര്‍ വായനയെ പ്രോത്സാഹിപ്പിക്കാത്ത ക്രോഡീകരണ രീതിയോടൊപ്പം തൊങ്ങലുകളും വിശേഷണങ്ങളും അഴിച്ചുകളഞ്ഞ നഗ്ന വാക്കുകളിലൂടെ കോര്‍ത്തുകെട്ടിയ വിവരങ്ങളുടെ ശേഖരവും. വിജ്ഞാനകോശങ്ങളുടെ സ്ഥാനം റഫറന്‍സ് ബുക്കുകളായി പുസ്തക തട്ടുകളില്‍ ഉറക്കം തൂങ്ങിയിരിക്കുകയെന്നതാവുക സ്വാഭാവികം.
എന്നാല്‍, വിജ്ഞാനകോശങ്ങളെ കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ തകിടം മറിക്കുന്ന വായനാനുഭവമായിരുന്നു, ഇസ്‌ലാമിക വിജ്ഞാനകോശം പതിനൊന്നാം വാള്യത്തിന്റേത്. വരിയുടക്കപ്പെട്ട വിവരങ്ങളുടെ ശേഖരമായാണ് വിജ്ഞാനകോശങ്ങള്‍ വിലയിരുത്തപ്പെടാറുള്ളത്. ധാരാളം വിവരങ്ങളും വസ്തുതകളുമുണ്ടാകും; പക്ഷേ, അവയിലുള്‍ചേര്‍ന്ന രാഷ്ട്രീയത്തെ സമര്‍ഥമായി ഊരിയെടുത്താണ് പൊതുവെ അവതരിപ്പിക്കുക. പുഴയില്‍ ചത്ത മത്സ്യങ്ങളുടെ ഒഴുക്കാണ് അവ നമ്മെ ഓര്‍മപ്പെടുത്തുക. എന്നാല്‍, വിവരങ്ങളുടെ അരാഷ്ട്രീയമായ അടുക്കുകളുടെ പേരല്ല ഇസ്‌ലാമിക വിജ്ഞാനകോശം. വസ്തുനിഷ്ഠമായി വിവരങ്ങള്‍ അടുക്കിവെക്കുമ്പോഴും സ്ഥൂലതയില്ലാതെ, പ്രൗഢതയോടെ ഇസ്‌ലാമിക മാനങ്ങള്‍ വ്യക്തമാക്കാനും സംഭവങ്ങളുടെയും വസ്തുതകളുടെയും രാഷ്ട്രീയത്തെ വെളിപ്പെടുത്താനും ഈ പതിനൊന്നാം വാള്യത്തിനും സാധിച്ചിട്ടുണ്ട്. പുഴയില്‍ നീന്തി തുടിക്കുന്ന മത്സ്യങ്ങള്‍ തന്നെയാണവ. അത് ചന്ദനകുടത്തെ കുറിച്ചായാലും ചാവടിയന്തിരത്തെപ്പറ്റിയായാലും.
ഇസ്‌ലാമിക വിജ്ഞാനകോശം പതിനൊന്നാം വാള്യത്തിലെ ഒരു ശീര്‍ഷകം ചാന്ദ്‌നി ചൗകാണ്. ദല്‍ഹിയിലെ ചാന്ദ്‌നി ചൗക് വൈവിധ്യങ്ങളുടെ, വര്‍ണശബളമായ വിപണന കേന്ദ്രമാണ്. വൈവിധ്യത്തിന്റെയും വൈരുധ്യങ്ങളുടെയും സംഗമസ്ഥലി. ആവശ്യക്കാര്‍ക്ക് ആത്മീയത മുതല്‍ ആശ്ലേഷം വരെ എളുപ്പത്തില്‍ ലഭ്യമാകുന്ന ചരിത്ര പ്രധാനമായ ഇടം. ചാന്ദ്‌നി ചൗക് കാണാത്തവന്റെ ദല്‍ഹി കാഴ്ചകള്‍ അപൂര്‍ണമാണ്. വിപണനത്തിന്റെ തിരക്കുകള്‍ക്കിടയിലും ജീവിതത്തെയും പൈതൃകത്തെയും ഓര്‍മ്മിപ്പിക്കുന്ന അപൂര്‍വ സ്ഥലങ്ങളിലൊന്നാണത്. ഇസ്‌ലാമിക വിജ്ഞാനകോശത്തെ വിശേഷിപ്പിക്കാന്‍ കഴിയുന്ന നല്ല രൂപകമാണ് ചാന്ദ്‌നി ചൗക്. കാരണം ഇസ്‌ലാമിക വിജ്ഞാനകോശം അറിവിന്റെ ഒരു ചാന്ദ്‌നി ചൗകാണ്. ചരിത്രം, ദര്‍ശനം, മതം, കര്‍മശാസ്ത്രം, ദേശം, വ്യക്തി..... എന്താണോ നിങ്ങള്‍ക്ക് വേണ്ടത് അത് അവിടെ നിന്ന് ലഭ്യമാകും.
അറിവിന്റെ ജനാധിപത്യം കുടികൊള്ളുന്നത് ലളിതമായ അതിന്റെ ലഭ്യതയിലും വ്യാപകമായ പ്രചാരണത്തിലുമാണ്. മനുഷ്യനെ സ്വതന്ത്രനാക്കുകയും തന്നെയും തന്റെ ലോകത്തെയും വിശാലമായി കാണാന്‍ ശേഷി നല്‍കുകയും ചെയ്യുന്നതിലൂടെയാണ് അറിവ് വിമോചനത്തിന്റെ ഉപാധിയാകുന്നത്. വിജ്ഞാനങ്ങളില്‍ അന്തര്‍ലീനമായ സ്വാതന്ത്ര്യത്തെയും സായൂജ്യത്തെയും ദൈവം തമ്പുരാന്‍ പഠിപ്പിക്കുകയാണ് ദൈവ വചനങ്ങളിലൂടെയും പ്രവാചക പ്രവൃത്തികളിലൂടെയും. അതിനാലാണ് അറിവന്വേഷണം ദൈവമാര്‍ഗത്തിലെ പോരാട്ടമായി വിശേഷിപ്പിക്കപ്പെടുന്നത്.
വിജ്ഞാനങ്ങളിലെ വിമോചനപരത അധികാരത്തെ സൃഷ്ടിക്കുന്നതിനും തകര്‍ക്കുന്നതിനും കെല്‍പുള്ളതാണ്. അതിനാല്‍, എല്ലാകാലത്തും അറിവിന്റെ ഉടമസ്ഥര്‍ തന്നെയായിരിക്കും നാഗരികതകളുടെയും സമൂഹങ്ങളുടെയും അധിപര്‍. ഇസ്‌ലാമിന്റെ അധികാര സ്വരൂപമായ ഖിലാഫത്ത് തകര്‍ന്നടിയുന്നത്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അതിന് അറിവിന്റെ ഉടമസ്ഥത നഷ്ടമായത് നിമിത്തമാണെന്നത് ഇസ്‌ലാമിക നാഗരിക ചരിത്രം നമുക്ക് പകര്‍ന്ന് തരുന്ന പാഠമാണ്. പാശ്ചാത്യ നാഗരികത അവസാനിക്കാന്‍ പോകുകയാണെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പ്രവചിക്കുന്നതും, സാമൂഹിക പ്രശ്‌നങ്ങളെ അളക്കാനും നിര്‍ധാരണം ചെയ്യാനുമുതകുന്ന പുത്തന്‍ ജ്ഞാന നിര്‍മിതിക്കുള്ള ശേഷി ആ നാഗരികതക്കില്ലാതായി എന്ന വിശകലനത്തില്‍ നിന്നാണ്.
അധികാരത്തിന്റെ ക്രൗര്യം ജനങ്ങളറിയുക അറിവിന്റെ കുത്തകവത്കരണത്തിലൂടെയാണ്. കാരണം, അറിവിന്റെ കുത്തകവത്കരണം അതിന്റെ ലഭ്യതയെ ദുഷ്‌കരവും അപ്രാപ്യവുമാക്കും. മനുഷ്യനെ അടിമയാക്കാനുള്ള എളുപ്പവഴി അറിവിന്റെ നിഷേധമാണ്. കടുത്ത നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രം ലഭ്യമാകുന്നതാണ് എല്ലാ കാലത്തും വിജ്ഞാനം. ചില കാലത്ത് വംശമാണത് നിര്‍ണയിക്കുന്നതെങ്കില്‍ മറ്റു ചില കാലങ്ങളില്‍ പണമോ ദേശമോ നിര്‍ണയിക്കും എന്നുമാത്രം. അധിനിവേശ പൂര്‍വ ഇന്ത്യയിലെ വികസിത പ്രദേശമായിരുന്ന മുര്‍ശിദാബാദ് അധിനിവേശാനന്തരം ഏറ്റവും അവികസിതമായി മാറ്റപ്പെട്ടത് ബോധപൂര്‍വമായ ജ്ഞാന നിഷേധങ്ങള്‍ കാരണമായിരുന്നുവെന്ന് കാണാവുന്നതാണ് (ദളിത് പിന്നാക്കാവസ്ഥ, മലബാര്‍ പിന്നാക്കവസ്ഥ... തുടങ്ങിയവയെല്ലാം ഇതിനെ സാധൂകരിക്കുന്നതാണ്).
അറിവും അധികാരവും തമ്മില്‍ വേര്‍പ്പെടുത്താന്‍ കഴിയാത്ത ഈ ഉള്‍ചേര്‍ച്ചയും വ്യക്തിയുടെയും സമൂഹത്തിന്റെയും അടിമത്തവും സ്വാതന്ത്ര്യവും അറിവില്‍ അന്തര്‍ലീനമാണന്ന വസ്തുതയും ഉള്‍കൊണ്ടുകൊണ്ടാണ് ഇസ്‌ലാം മനുഷ്യനെകുറിച്ചും നാഗരികതയുടെ നിലനില്‍പിനെ കുറിച്ചും സംസാരിക്കുന്നത്. ജ്ഞാനത്തിന് സത്യമെന്നും ഉള്‍ക്കാഴ്ചയെന്നും പ്രകാശമെന്നും ഖുര്‍ആന്‍ പ്രയോഗിക്കുന്നുണ്ട്. അജ്ഞതയെ അസത്യമെന്നും അന്ധതയെന്നും ഇരുട്ടെന്നും വ്യക്തമാക്കുന്നു. സത്യവും ഉള്‍ക്കാഴ്ചയും വിമോചനത്തിന്റെ നാട്ടക്കുറികളാണങ്കില്‍ അസത്യവും അന്ധതയും അടിമത്തത്തിന്റെ സൂചകങ്ങളാണ്.
വെറുതെയല്ല ഇസ്‌ലാം അറിവിന്റെ ജനകീയവത്കരണത്തിന് ഇത്ര നിഷ്‌കര്‍ഷ പുലര്‍ത്തിയത്. ഇസ്‌ലാമിക നാഗരികതയുടെ ഒന്നാം തലമുറ കഴിയുമ്പോഴേക്കും അടിമകളുടെ മക്കള്‍ (മൗലകള്‍) അറിവിന്റെ ഉടമസ്ഥരാകുകയും ഖിലാഫത്തിലെ വിവിധ അധികാര കേന്ദ്രങ്ങളിലെ അധിപന്‍മാരായിത്തീരുകയും ചെയ്ത ചരിത്രത്തിലെ അപൂര്‍വ്വ അനുഭവത്തിന് സാക്ഷികളാകാന്‍ അവരെ ഇസ്‌ലാം പ്രാപ്തമാക്കുകയായിരുന്നു. ഇസ്‌ലാമിക നാഗരികത നിര്‍വ്വഹിച്ച അറിവിന്റെ ജനാധിപത്യവത്കരണമാണ് വിജ്ഞാനകോശത്തിന്റെ നിയോഗം. നാഗരികതയുടെ സൃഷ്ടിപ്പിനും തിരുത്തിനുമാവശ്യമായ വിജ്ഞാനങ്ങളെ ശേഖരിക്കുകയും സൂക്ഷിക്കുകയും വരും തലമുറയിലെ യുഗപ്രഭാവന്‍മാര്‍ക്ക് സ്വാതന്ത്രത്തിന്റെ വെളിച്ചം (നൂര്‍)കൈമാറുകയുമാണത് ചെയ്യുന്നത്. അതിന്റെ സൂക്ഷ്മതയും ജാഗ്രതയും പതിനൊന്നാം വാല്യത്തിലും കാത്തുസൂക്ഷിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
പതിനൊന്നാം വാല്യം ഒറ്റ നോട്ടത്തിനു വിധേയമാക്കുമ്പോള്‍ ശ്രദ്ധയില്‍ വരുന്ന പ്രധാന സവിശേഷതകളിലൊന്ന്, ലേഖനങ്ങളുടെ ഉള്ളടക്കം സംക്ഷിപ്തമാക്കിയിട്ടും അതില്‍ കാത്തുസൂക്ഷിച്ചിട്ടുള്ള സൂക്ഷ്മ വിവരങ്ങളാണ്. എം.സി. ചഗ്ലയെ കുറിച്ചുള്ള കുറിപ്പില്‍ അദ്ദേഹത്തിന്റെ മുസ്‌ലിം വിരുദ്ധത അലീഗഢ് യൂനിവേഴ്‌സിറ്റിക്ക് വരുത്തിവെച്ച അപകടത്തെയും, ചങ്ങനാശ്ശേരിയുടെ ചരിത്രം പറയുമ്പോള്‍ അവിടത്തെ ചന്ദനകുടത്തിന് ഇപ്പോഴും എന്‍.എസ്.എസ് സ്വീകരണം കൊടുക്കുന്നതിനെയും കുറിച്ചുള്ള വിവരണം, ചിത്രകലയെ കുറിച്ചുള്ള കുറിപ്പില്‍ ക്ലാസിക് കൃതികളില്‍ ചിത്രങ്ങള്‍ വരക്കാന്‍ നെസ്റ്റോറിയന്‍ അല്ലെങ്കില്‍ ജാക്കോബൈറ്റ് ക്രൈസ്തവരെ നിയമിച്ച അബ്ബാസി ഭരണകൂടത്തിന്റെ നടപടി, ചിന്നക്കടയെ കുറിച്ച് പറയുമ്പോള്‍ ദക്ഷിണ കേരളത്തില്‍ ആദ്യത്തെ ഈദ് ഗാഹ് നടന്നത് അവിടെയാണെന്ന വിവരം- ഇതൊക്കെ ആ സൂക്ഷ്മതയുടെ നിദര്‍ശനങ്ങളാണ്.
പതിനൊന്നാം വാള്യത്തിലെ എടുത്തു പറയേണ്ട ലേഖനം ആമുഖത്തില്‍ വ്യക്തമാക്കിയതുപോലെ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള പഠനം തന്നെയാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ച നവോത്ഥാനത്തെയും അത് രൂപപ്പെടുത്തിയ കാലത്തെയും ആഴത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നയ വികാസങ്ങള്‍ മനസ്സിലാക്കുന്നതിനും പോഷക സംവിധാനങ്ങള്‍ അറിയുന്നതിനും ഏറെ പ്രയോജനകരമാണത്. കേരള ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള വളരെ വിശദമായ പഠനവും മികച്ചതാണ്. ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് മാത്രമല്ല, ലോകത്തിലെ വിവിധ ഇസ്‌ലാമിക സംഘടനകളെയും അവയുടെ സ്വഭാവത്തെയും വ്യക്തമാക്കുന്ന വാള്യം കൂടിയാണിത്. ലബനാനിലെ അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ്യ, ഈജിപ്തിലെ സലഫി പ്രസ്ഥാനമായ ജമാഅത്തു അന്‍സ്വാരിസ്സുന്ന, ഈജിപ്തില്‍ ഇഖ്‌വാനോട് വിയോജിച്ച് തീവ്രനിലപാടുകള്‍ സ്വീകരിച്ച അല്‍ജമാഅഃ അല്‍ഇസ്‌ലാമിയ്യ, ജമാഅതുത്തക്ഫീരി വല്‍ ഹിജ്‌റഃ തുടങ്ങിയ സംഘടനകളെ കുറിച്ചും അവരുടെ നയനിലപാടുകളെ കുറിച്ചുമുള്ള വിശദീകരണങ്ങളും ശ്രദ്ധേയമാണ്.
വിജ്ഞാനകോശത്തില്‍ ഉള്‍പ്പെടുത്തിയ വ്യത്യസ്ത വിഷയങ്ങളിലെ കര്‍മ്മശാസ്ത്ര വിശദീകരണത്തില്‍ പുലര്‍ത്തിയിട്ടുള്ള സന്തുലിത സമീപനവും ആധികാരികതയും പ്രശംസനീയമാണ്. ചായം തേക്കലും ചിത്രകലയും തുടങ്ങി ജനാബത്തും ജംഅും വരെ ഒട്ടുമിക്ക വിഷയാവതരണങ്ങളും മികവോടെ അത് വ്യക്തമാക്കുന്നുണ്ട്. വിവിധ അഭിപ്രായങ്ങളും വേറിട്ട കാഴ്ചപ്പാടും അവതരിപ്പിക്കുന്ന കുറിപ്പുകള്‍ ആധികാരിക കര്‍മ്മശാസ്ത്ര പുസ്തകങ്ങള്‍ പോലെ അവലംബനീയമാണ്.
വിജ്ഞാനകോശത്തില്‍ എടുത്തുപറയേണ്ട ധാരാളം കുറിപ്പുകളുണ്ട്. അവയില്‍ ഉള്‍പ്പെടുന്നതാണ് ജനാധിപത്യത്തെയും ജനിതകശാസ്ത്രത്തെയും സംബന്ധിച്ച ലേഖനങ്ങള്‍. ജനിതക ശാസ്ത്രത്തിന്റെ ഇസ്‌ലാം വിശദീകരിക്കുന്നിടത്ത് ഖാബീലിന്റെ പാപം ആദം-ഹവ്വമാരുടെ പാപത്തിന്റെ ജനിതക കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നമാെണന്ന നിരീക്ഷണത്തില്‍ സമാലോചനക്ക് ഭംഗം വന്നുവോ എന്നു സംശയം. അതുപോലെ അല്‍ജമാഅത്തിനെ കുറിച്ചുള്ള ലേഖനം കുറച്ചുകൂടി വിപുലവും പുതിയ അന്വേഷണങ്ങള്‍ ഉള്‍കൊണ്ടതുമായിരുന്നെങ്കില്‍ കൂടുതല്‍ മെച്ചെപ്പട്ടേനെ.
Comments