Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

മനുഷ്യസ്‌നേഹിയായ മഹര്‍ഷി

സ്വലാഹുദ്ദീന്‍ ചേരാവള്ളി

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും നവോത്ഥാനത്തിനും പുതുവെളിച്ചം വിതറിയ രാജ്യസ്‌നേഹിയാണ് സ്വാമി വിവേകാനന്ദന്‍. 'സ്വാമിജികളുടെ കൃതികള്‍ വായിച്ച ശേഷമാണ് എനിക്ക് ഭാരതത്തോടുള്ള ആദരവ് ആയിരം മടങ്ങ് വര്‍ധിച്ചതെന്ന്' മഹാത്മജിയും 'ഭാരതത്തെ അറിയണമെങ്കില്‍ വിവേകാനന്ദ കൃതികള്‍ വായിക്കണമെന്ന്' രവീന്ദ്രനാഥ ടാഗോറും പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിത്യപ്രസക്തി ബോധ്യപ്പെടും.
ബഹുസ്വര സമൂഹത്തില്‍ സ്വാമിജിയുടെ ചിന്തകള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നു എന്നതിന് തെളിവാണ് ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും ശത്രുമിത്ര ഭേദമന്യേ സര്‍വരാലും അദ്ദേഹം ആദരിക്കപ്പെടുന്നത്. വിഖ്യാത മതദര്‍ശനങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട വിവേകാനന്ദന്‍ മനുഷ്യത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു സാര്‍വലൗകിക മതദര്‍ശനമാണ് മുന്നോട്ടുവെച്ചത്. അദ്ദേഹം ഇപ്രകാരം എഴുതി: ''പ്രായോഗിക ഇസ്‌ലാമിന്റെ സഹായം കൂടാതെ വേദാന്തത്തിന്റെ പ്രമാണങ്ങള്‍, അവ എത്രതന്നെ ശ്രേഷ്ഠമാണെങ്കിലും, മനുഷ്യവര്‍ഗത്തിനു മുഴുവന്‍ സമഗ്രമായി മൂല്യമില്ലാത്തതാണ്. മനുഷ്യവര്‍ഗത്തെ മുഴുവനും വേദങ്ങള്‍, ബൈബിള്‍, ഖുറാന്‍ എന്നിവയൊന്നും ഇല്ലാത്ത സ്ഥലത്തേക്കു നയിക്കാനാഗ്രഹിക്കണം. ഇത് സാധ്യമാകുന്നത് വേദങ്ങളെയും ബൈബിളിനെയും ഖുറാനെയും യോജിപ്പിക്കുന്നതിലാണ്'' (Complete works of Swamy Vivekanadan Vol 6, pp 415).
ഇസ്‌ലാമിന്റെ പ്രായോഗികതയും ഹൈന്ദവതയുടെ ആത്മീയതയും സമന്വയിപ്പിച്ച വിശ്വദര്‍ശനമാണ് വിവേകാനന്ദന്‍ സ്വപ്നം കണ്ടത്. എല്ലാ മതത്തിന്റെയും സാരാംശങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ കാണാം. എല്ലാറ്റിനെയും അദ്ദേഹം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ''ഞാന്‍ മുമ്പുണ്ടായിരുന്ന എല്ലാ മതങ്ങളെയും അംഗീകരിക്കുന്നു. അവരുമായെല്ലാം ആരാധിക്കുന്നു. ഏതു രീതിയില്‍ അവര്‍ ആരാധിക്കുന്നുവോ അതുപോലെ ഞാനും അവരോടൊപ്പം ആരാധിക്കും. മുഹമ്മദീയനോട് കൂടി ഞാന്‍ മോസ്‌കില്‍ പോകും. ഞാന്‍ ക്രിസ്തീയ ദേവാലയത്തില്‍ കടന്ന് ക്രൂശിത രൂപത്തിനു മുമ്പില്‍ മുട്ടുകുത്തും. ബുദ്ധക്ഷേത്രത്തില്‍ കയറി ബുദ്ധനിലും അദ്ദേഹത്തിന്റെ നിയമത്തിലും ഞാന്‍ ആശ്രയം കാണും. എല്ലാവരുടെയും ഹൃദയത്തെ പ്രകാശിപ്പിക്കുന്ന പ്രകാശത്തെ കാണുന്നതിനായി വനാന്തരത്തില്‍ ധ്യാനനിമഗ്‌നനായിരുന്ന ഹിന്ദുവിനോടൊപ്പം ഞാന്‍ ധ്യാനിക്കും. ഇതു ചെയ്യുവാന്‍ മാത്രമല്ല ഞാന്‍ എന്റെ ഹൃദയം ഭാവിയില്‍ വരുന്ന എല്ലാറ്റിനും തുറന്നിടുവാന്‍ സൂക്ഷിക്കും'' (Complete works of Swamy Vivekanada p 372). ഈ വിശാല മനോഭാവമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ ധന്യമാക്കിത്തീര്‍ക്കുന്നത്.
''അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി, നിങ്ങള്‍ പരസ്പരം പരിചിതരാവേണ്ടതിന്. നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവരാകുന്നു അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റവും സമാദരണീയര്‍. നിശ്ചയം അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ഖുര്‍ആന്‍ 49:13).
ഇസ്‌ലാമിലെ ഈ സാമൂഹികബോധം സ്വാമിജിയെ ഹഠാദാകര്‍ഷിച്ചു. അദ്ദേഹം മുഹമ്മദ് നബി(സ)യെക്കുറിച്ച് കാലിഫോര്‍ണിയയില്‍ വാസമേനയിലെ ഷെക്‌സ്പിയര്‍ ക്ലബ്ബില്‍ 1900 ഫെബ്രുവരി 3-ന് ചെയ്ത പ്രഭാഷണം ഇക്കാര്യം വിളിച്ചോതുന്നു. ''സമത്വത്തിന്റെ, മാനവ സാഹോദര്യത്തിന്റെ, സര്‍വ മുസ്‌ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്.
മുഹമ്മദ് സ്വജീവിതത്തിലൂടെ മുഹമ്മദീയര്‍ക്കിടയില്‍ സമ്പൂര്‍ണ സമത്വവും സാഹോദര്യവും ഉണ്ടായിരിക്കണമെന്ന് കാണിച്ചുകൊടുത്തു. ജാതി, മത, വര്‍ഗ, വര്‍ണ, ലിംഗ വ്യത്യാസങ്ങളുടെ പ്രശ്‌നം അവിടെയില്ല. തുര്‍ക്കി സുല്‍ത്താന്‍ ആഫ്രിക്കന്‍ ചന്തയില്‍ നിന്ന് ഒരു കാപ്പിരിയെ വിലയ്ക്കു വാങ്ങി. ചങ്ങലയില്‍ തളച്ച് തുര്‍ക്കിയില്‍ കൊണ്ടുവന്നുവെന്നിരിക്കട്ടെ. എന്നാല്‍, അയാളൊരു പക്ഷേ, സുല്‍ത്താന്റെ പുത്രിയെ വിവാഹം ചെയ്തുവെന്നുവരാം. ഈ നാട്ടില്‍ കാപ്പിരികളോടും അമേരിക്കന്‍ ഇന്ത്യക്കാരോടും പെരുമാറുന്ന രീതിയുമായി അതൊന്നു താരതമ്യപ്പെടുത്തി നോക്കൂ.
ഇനി ഹിന്ദുക്കളെന്താണ് ചെയ്യുന്നത്? നിങ്ങളുടെ പാതിരിമാരാരെങ്കിലും, ഒരു സനാതന ഹിന്ദുവിന്റെ ആഹാരപദാര്‍ഥം ഒന്നു തൊട്ടുപോയാല്‍ അയാളതെല്ലാം വലിച്ചെറിയും. നമുക്ക് ഉത്കൃഷ്ടമായ തത്ത്വചിന്തയെല്ലാമുണ്ടായിട്ടും കാര്യത്തോടടുക്കുമ്പോള്‍ നമ്മുടെ കഴിവ് കേട് നിങ്ങള്‍ക്കു കാണാം. മറ്റു വര്‍ഗക്കാരെ അപേക്ഷിച്ച് മുഹമ്മദീയന്റെ മഹത്വം നിങ്ങള്‍ക്കക്കാര്യത്തില്‍ കാണാം.സമത്വത്തില്‍ കൂടി അത് പ്രകടമാവുന്നു. വര്‍ഗ, വര്‍ണ വ്യത്യാസമില്ലാത്ത സമ്പൂര്‍ണ സമത്വം.''
അതെ 'മനുഷ്യരെല്ലാം ഒരു ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണ്' എന്ന മുഹമ്മദ് നബിയുടെ പ്രഖ്യാപനമാണ് സ്വാമിജിക്ക് പ്രചോദനം. ഇത് വംശീയ വൈരം പുലര്‍ത്തുന്നവരുടെ ബധിര കര്‍ണങ്ങളില്‍ മാറ്റൊലി കൊള്ളട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍