Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

ബള്‍ഗേറിയയില്‍ ഇസ്ലാമിന് പ്രിയമേറുന്നു

മൂസക്കുട്ടി വെട്ടിക്കാട്ടിരി

മനശ്ശാന്തി തേടിയുള്ള ബള്‍ഗേറിയക്കാരുടെ യാത്ര അവസാനിക്കുന്നത് ഇസ്ലാമില്‍. ആന്തരിക സംഘര്‍ഷമാണ് മറ്റു യൂറോപ്യന്‍ നാടുകളെപോലെ ബള്‍ഗേറിയക്കാരെയും ധാര്‍മികതയുടെ തീരത്തെത്തിക്കുന്നത്. ബള്‍ഗേറിയയിലെ 'റോമ' ന്യൂനപക്ഷങ്ങളാണ് അടുത്ത കാലത്ത് ധാരാളമായി ഇസ്ലാം സ്വീകരിച്ചുതുടങ്ങിയത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് ഇവരിലധികവും.
ബള്‍ഗേറിയയില്‍ ഇസ്ലാം അതിവേഗം സ്വീകാര്യത നേടിവരുന്നതായി ന്യൂനപക്ഷ ഗവേഷകന്‍ അലക്സ് പാംബറോവ് പറയുന്നു. ഇസ്ലാമിലേക്കുള്ള മാറ്റം സമൂഹത്തില്‍ മോഷണം, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കുറച്ചതായും അദ്ദേഹം പറഞ്ഞു. 73 ലക്ഷത്തോളം വരുന്ന ബള്‍ഗേറിയന്‍ ജനസംഖ്യയുടെ 15 ശതമാനമാണ് മുസ്ലിംകള്‍. 1980-കളില്‍ അന്നത്തെ കമ്യൂണിസ്റ് ഏകാധിപതിയായിരുന്ന ടോഡോര്‍ സിവ്കോവിന്റെ മുസ്ലിം വിരുദ്ധ കാമ്പയില്‍ കാരണം മൂന്നു ലക്ഷത്തിലധികം മുസ്ലിംകള്‍ക്ക് നാടുവിട്ടോടേണ്ടിവന്നു. തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ 1989-ല്‍ സിവ്കോവിന് അധികാരം വിട്ടൊഴിയേണ്ടിവന്നു.

മാലിയില്‍ വീണ്ടും
ഫ്രഞ്ച് അധിനിവേശം
ഇസ്ലാമിസ്റുകളെ തുരത്താനെന്ന പേരില്‍ മാലിയില്‍ വീണ്ടും ഫ്രഞ്ച് അധിനിവേശത്തിന് നീക്കം നടക്കുന്നതായി സൂചന. അതിന്റെ ഭാഗമായി മാലിയില്‍ രണ്ട് സ്ഥിരം സൈനിക താവളങ്ങള്‍ നിര്‍മിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര മാലിയില്‍ ശക്തമായ സ്വാധീനമുള്ള ഇസ്ലാമിസ്റുകളെ ചെറുക്കാനെന്ന പേരില്‍ ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഈ നീക്കത്തെ പിന്തുണക്കുന്നുണ്ട്. ദുര്‍ബലമായ രാഷ്ട്രങ്ങളുടെ പ്രകൃതി വിഭവങ്ങളും മറ്റും കൊള്ളയടിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ സ്ഥിരം ഉന്നയിക്കുന്ന ന്യായങ്ങളാണ് ഫ്രാന്‍സ് നിരത്തുന്നത്. ആഫ്രിക്കന്‍ നാടുകളിലെ ഏകാധിപതികളെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ ഭാഗമാണ്.

ഇയാദ് മദനി
പുതിയ ഒ.ഐ.സി സെക്രട്ടറി ജനറല്‍
ഒ.ഐ.സിയുടെ സ്ഥാനമൊഴിയുന്ന സെക്രട്ടറി ജനറല്‍ അക്മലുദ്ദീന്‍ ഇഹ്സാന്‍ ഓഗ്ലുവിന്റെ പകരക്കാരനായി മുന്‍ സുഊദി അറേബ്യന്‍ വാര്‍ത്താവിതരണ മന്ത്രി ഇയാദ് മദനിയെ തെരഞ്ഞെടുത്തു. ഈജിപ്തില്‍ നടന്ന 12-ാമത് ഒ.ഐ.സി സമ്മേളനത്തിലാണ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി ഇയാദ് മദനിയെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. ഒ.ഐ.സി സെക്രട്ടറി ജനറല്‍ പദം ഭാരിച്ച ഉത്തരവാദിത്വമാണെന്നും കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മദനി പറഞ്ഞു. ഫലസ്ത്വീന്‍, സിറിയ, ഇറാഖ്, മാലി, മ്യാന്‍മര്‍ 'ഇസ്ലാമോഫോബിയ' തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്തു.

പ്രകടനം നടത്തി വീഴ്ത്താനാവില്ലെന്ന്
ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി
ഇരുട്ടിന്റെ ശക്തികളെ കൂട്ടുപിടിച്ച്, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെയും ഭരണ സംവിധാനത്തെയും തകര്‍ക്കാമെന്ന തല്‍പര കക്ഷികളുടെ വ്യാമോഹം ഈജിപ്തിലെ ജനങ്ങള്‍ ചെറുത്തു തോല്‍പിക്കുമെന്ന് ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി ഔദ്യോഗിക വക്താവ് അഹ്മദ് സൈദാന്‍ വ്യക്തമാക്കി. ഈജിപ്ഷ്യന്‍ തെരുവുകളില്‍ അങ്ങിങ്ങായി ഒച്ചവെക്കുന്നവര്‍ ഈജിപ്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍ക്കറുതിവരുത്താന്‍ ഭരണകൂടവും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ 'അല്‍അസ്ഹര്‍ കരാര്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, ജനരോഷം ഭയന്ന് കരാറില്‍ ഒപ്പിട്ട പ്രതിപക്ഷം അതിന്റെ മഷിയുണങ്ങും മുമ്പ് പിന്‍മാറുകയായിരുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യ-സമഗ്രാധിപത്യ കാലത്ത് ജനവിരുദ്ധപക്ഷത്ത് നിലയുറപ്പിച്ച് ഭരണകൂടത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റിയവരാണ് ഇപ്പോള്‍ ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ ബാലിശമായ ആരോപണങ്ങളുമായി രംഗം വാഴുന്നത്. അന്നൊന്നും ജനാധിപത്യത്തോടോ ജനകീയ താല്‍പര്യങ്ങളോടോ കാണിക്കാത്ത താല്‍പര്യം ഇപ്പോള്‍ കാണിക്കുന്നത് ഇസ്ലാമിക മുന്നേറ്റത്തിനു തടയിടാനുള്ള ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ഫലസ്ത്വീന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഗസ്സയില്‍
വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഫലസ്ത്വീന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഹന്ന നാസ്വിറിന്റെ നേതൃത്വത്തിലുള്ള സംഘം ഗസ്സയിലെത്തി. ഫലസ്ത്വീന്‍ ചെറുത്ത് നില്‍പ് സംഘടനയായ ഹമാസും പി.എല്‍.ഒ യുടെ രാഷ്ട്രീയ വിഭാഗമായ ഫത്ഹും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രഥമ കാല്‍വെയ്പാണിത്. തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി നാസ്വിര്‍ അറിയിച്ചു. പടിഞ്ഞാറെക്കരയിലും ഗസ്സ മുനമ്പിലും ഖുദ്സിലുമായി ആറര ലക്ഷത്തിലേറെ വോട്ടര്‍മാരുണ്ട്. ഇതില്‍ മൂന്നര ലക്ഷത്തിലേറെ ഗസ്സയിലാണ്. ഗസ്സയിലും പടിഞ്ഞാറെക്കരയിലുമുള്ള വോട്ടര്‍മാരോട് വോട്ടര്‍ പട്ടിക പുതുക്കാന്‍ സഹകരിക്കണമെന്ന് സ്ഥാനമൊഴിയുന്ന ഗസ്സ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ ആഹ്വാനം ചെയ്തു. 2006 നു നടന്ന തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് ഗസ്സയിലെ വോട്ടര്‍ പട്ടിക പുതുക്കുന്നത്.

ഈജിപ്തില്‍ പുതിയ സലഫി പാര്‍ട്ടിക്ക് അംഗീകാരം
ഈജിപ്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ സലഫികളുടെ രാഷ്ട്രീയ പാര്‍ട്ടിയായ 'അല്‍ ഇസ്ലാഹ്' പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിച്ചു. മുന്‍ പാര്‍ലമെന്റ് അംഗം ഡോ. അത്വിയ അദ്ലാനാണ് പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റ്. മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയടക്കം രാജ്യത്തെ ഇതര രാഷ്ട്രീയ കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് അത്വിയ പറഞ്ഞു. സമാധാനം, ദാരിദ്യ്ര നിര്‍മാര്‍ജനം, തൊഴില്‍ രംഗത്തെ പരിഷ്കരണം, സാമ്പത്തിക സുസ്ഥിരത തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളായിരിക്കും പാര്‍ട്ടിയുടെ പ്രഥമ പരിഗണനയെന്നും അല്‍ഇസ്ലാഹ് വക്താവ് അറിയിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍