Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

ക്രോഡീകരിക്കപ്പെട്ടിരുന്നു, തുടക്കത്തില്‍ തന്നെ

ഡോ. മുഹമ്മദ് ഹമീദുല്ല

വിശുദ്ധ ഖുര്‍ആന്റെ പ്രസിദ്ധീകരണവും പ്രചാരണവുമായി ബന്ധപ്പെട്ടു വന്ന ഏറ്റവും ആദ്യത്തെ പരാമര്‍ശമുള്ളത് ഇബ്‌നുഇസ്ഹാഖിന്റെ 'മഗാസി' എന്ന കൃതിയിലാണ്. ഈ പുസ്തകം നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്. എങ്കിലും അതിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുക്കപ്പെടുകയും മൊറോക്കന്‍ ഗവണ്‍മെന്റ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ വളരെ താല്‍പര്യമുണര്‍ത്തുന്ന ഒന്നരവരി മാത്രം വരുന്ന ഒരു വാക്യമുണ്ട്. ഇബ്‌നു ഹിശാം തന്റെ നബി ചരിത്ര കൃതിയില്‍ എന്തുകൊണ്ട് ഈ വാക്യം ബോധപൂര്‍വം വിട്ടുകളഞ്ഞു എന്നെനിക്ക് മനസ്സിലായിട്ടില്ല. വാക്യം ഇതാണ്: ''ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിക്കുമ്പോഴെല്ലാം പ്രവാചകന്‍ തിരുമേനി അവ ആദ്യം പുരുഷജനത്തെ കേള്‍പ്പിക്കും; പിന്നെ സ്ത്രീജനത്തെയും കേള്‍പ്പിക്കും.'' ഇത് ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ്. പുരുഷന്മാരെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ പ്രവാചകന്‍ നല്‍കിയിരുന്ന അതേ പ്രാധാന്യം സ്ത്രീ വിദ്യാഭ്യാസത്തിനും അവിടുന്ന് നല്‍കിയിരുന്നു എന്നാണല്ലോ ഇതിന്റെ അര്‍ഥം.
ഖുര്‍ആന്‍ പ്രചാരണവുമായി ബന്ധപ്പെട്ട ആദ്യപരാമര്‍ശമാണിത്. പിന്നെ തൊട്ടുടനെ എന്തുണ്ടായി എന്ന് കണിശമായി പറയാന്‍ പ്രയാസമുണ്ട്. പ്രവാചകത്വത്തിന്റെ ആദ്യ നാള്‍ മുതല്‍ തന്നെ ആ സമൂഹത്തിന് ഒട്ടും പരിചിതമല്ലാത്ത ഒരു സമ്പ്രദായം നമ്മുടെ ശ്രദ്ധയില്‍പെടും. ഖുര്‍ആന്‍ എഴുതിയെടുക്കുക, എന്നിട്ടത് മനഃപ്പാഠമാക്കുക എന്നതാണത്. അലഖ് അധ്യായത്തിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങള്‍ അവതരിച്ചപ്പോള്‍ സന്ദേശവാഹകനായ ജിബ്‌രീല്‍ എന്ന മലക്ക് പ്രവാചകനെ രണ്ട് കാര്യങ്ങള്‍ പഠിപ്പിച്ചു എന്ന് ഹദീസില്‍ കാണാം. ഒന്ന്, നമസ്‌കാരത്തിനുവേണ്ടി എങ്ങനെ ശരീര ശുദ്ധിയും അംഗശുദ്ധി(വുദു)യും വരുത്താമെന്ന്. രണ്ട്, നമസ്‌കാരം എങ്ങനെ നിര്‍വഹിക്കാമെന്ന്. ഇമാമായി നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ജിബ്‌രീലായിരുന്നു. പിന്നില്‍ മഅ്മൂമായി പ്രവാചകനും നമസ്‌കരിച്ചു. അങ്ങനെ നമസ്‌കാരത്തില്‍ ജിബ്‌രീലിന്റെ ഓരോ ചലനവും-നിര്‍ത്തവും കുനിയലും സാഷ്ടാംഗം വീഴലുമെല്ലാം-പ്രവാചകന്‍ സൂക്ഷ്മമായി കണ്ടു മനസ്സിലാക്കി. നമസ്‌കാര സമയത്ത് ഖുര്‍ആന്‍ സൂക്തങ്ങളും പാരായണം ചെയ്തിരുന്നു. അതിനാല്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്ന ഏതൊരാളോടും ആദ്യകാലം മുതല്‍ക്ക് തന്നെ പ്രവാചകന്‍ ഖുര്‍ആന്‍ മനഃപ്പാഠമാക്കാനും നമസ്‌കാരത്തില്‍ അവ പാരായണം ചെയ്യാനും കല്‍പ്പിച്ചിരുന്നു.
ഖുര്‍ആന്‍ മനഃപ്പാഠമാക്കുക, അത് എഴുതിയെടുക്കുക ഇത് രണ്ടും ആദ്യം മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയൊരു കാര്യം മനഃപ്പാഠമാക്കണമെങ്കില്‍ കുറച്ച് സമയമെടുക്കും. അത് എഴുതി വെക്കുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ മനഃപ്പാഠമാക്കാന്‍ കുറെക്കൂടി എളുപ്പമാണ്. പറഞ്ഞുവരുന്ന കാര്യമിതാണ്. മനഃപ്പാഠമാക്കലും എഴുതിവെക്കലും ഒരേ സമയത്ത് തുടങ്ങിയ പ്രക്രിയകളാണ്. ഖുര്‍ആനിക സൂക്തം അവതരിച്ചാല്‍ ഉടനെ പ്രവാചകന്‍ തന്റെ എഴുതാനറിയുന്ന ഒരനുയായിയെ വിളിച്ചുവരുത്തി എഴുതിക്കുമായിരുന്നെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എഴുതിയെടുത്താല്‍ ഉടന്‍ എഴുതിയതൊന്ന് വായിക്കാന്‍ പറയും. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍; അതിന്റെ കൃത്യത ഉറപ്പ് വരുത്താന്‍.
ഇങ്ങനെയാണ് ഖുര്‍ആന്റെ ക്രോഡീകരണം ആരംഭിക്കുന്നത്. അവതീര്‍ണമായ സൂക്തങ്ങള്‍ അനുയായികള്‍ എഴുതിയെടുത്താലുടന്‍ അവ മനഃപ്പാഠമാക്കി നമസ്‌കാരങ്ങളില്‍ ചൊല്ലാന്‍ പ്രവാചകന്‍ അവരോട് ആവശ്യപ്പെടാറുമുണ്ടായിരുന്നു. തുടക്കത്തില്‍ ദിവസം രണ്ട് നേരമായിരുന്നു നമസ്‌കാരം. മിഅ്‌റാജിന് ശേഷമാണ് അത് അഞ്ച് നേരമായത്. ഈ നമസ്‌കാരങ്ങളിലൊക്കെ നിരന്തരം ഖുര്‍ആന്‍ മനഃപ്പാഠമാക്കി പാരായണം ചെയ്യാനാണ് കല്‍പ്പന. രണ്ട് നേരമുള്ള നമസ്‌കാരം അഞ്ചായത് ഈ നിലക്ക് നോക്കുമ്പോള്‍ ഖുര്‍ആന്റെ സംരക്ഷണത്തിന് വലിയൊരു മുതല്‍ക്കൂട്ടായി തീരുകയാണുണ്ടായത്. ഒരു ദിവസം അഞ്ച് നേരം ഖുര്‍ആന്‍ മനഃപ്പാഠം പാരായണം ചെയ്യുന്ന ഒരാള്‍, ഓര്‍മ കുറഞ്ഞവനാണെങ്കില്‍പോലും തെറ്റ് വരുത്താനുള്ള സാധ്യത വളരെക്കുറവാണ്. ഖുര്‍ആന്‍ മനഃപ്പാഠം ചൊല്ലുന്നത് വര്‍ഷത്തിലൊരിക്കലോ മറ്റോ മതി-ഉദാഹരണത്തിന് രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ മാത്രം-എന്നാണ് വെച്ചിരുന്നതെങ്കില്‍ മറന്നുപോകാനുള്ള സാധ്യത വളരെകൂടുമായിരുന്നു. ദിവസവും അഞ്ച് നേരം പാരായണം ചെയ്യണം എന്ന് വെച്ചതോടെ ഖുര്‍ആന്‍ ഓര്‍മയില്‍ എന്നെന്നും സൂക്ഷിക്കപ്പെടാനുള്ള വഴി തെളിയുകയായിരുന്നു.
ചുരുക്കത്തില്‍, ഖുര്‍ആന്‍ എഴുതി വെക്കാനും മനഃപ്പാഠമാക്കാനും കല്‍പ്പിച്ചത് പ്രവാചകന്‍ തന്നെയാണ്. ഈ മാതൃക മറ്റു പ്രവാചകന്മാരുടെ ചരിത്രത്തില്‍ നാം കാണുന്നില്ല. മറ്റൊരു പ്രധാന കാര്യം കൂടി പ്രവാചകന്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. എന്റെ കൈയില്‍ ഒരു കൈയെഴുത്ത് പ്രതി ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. അതില്‍ ചില അബദ്ധങ്ങള്‍ വന്നുപോയിട്ടുണ്ട്. ആ കൈയെഴുത്ത് പ്രതിയാണ് ഞാന്‍ മനപ്പാഠമാക്കുന്നത്. അപ്പോള്‍ എന്റെ മനപ്പാഠത്തിലും അതേ തെറ്റുകള്‍ കടന്നുകൂടും. ഇത്തരം അബദ്ധങ്ങള്‍ ഇല്ലാതാക്കാന്‍ എന്താണ് മാര്‍ഗം? പ്രവാചകന്‍ ഇക്കാര്യം കൂടി ശ്രദ്ധിച്ചിരുന്നു. വിശ്വാസയോഗ്യനായ ഗുരുവില്‍ നിന്ന് മാത്രമേ ഖുര്‍ആന്‍ പഠിക്കാവൂ എന്ന് പ്രവാചകന്‍ നിര്‍ദേശിച്ചു. ഖുര്‍ആന്‍ പഠിക്കാന്‍ പ്രവാചകനേക്കാള്‍ വലിയ ഗുരുവാരുണ്ട്? അതിനാല്‍ അക്കാലത്തെ ഓരോ മുസ്‌ലിമിനോടും പ്രവാചകന്‍ നിര്‍ദേശിച്ചത്, തന്റെ അടുത്ത് വന്ന് ഖുര്‍ആന്‍ പഠിക്കൂ എന്നാണ്. ഇനി ഒരാളുടെ കൈവശം ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതി വെച്ച വല്ല ഏടുമുണ്ടെങ്കില്‍ അത് പ്രവാചകനെ വായിച്ച് കേള്‍പ്പിക്കണം. വല്ല തെറ്റും വന്നുപോയിട്ടുണ്ടെങ്കില്‍ അവിടുന്ന് തിരുത്തിത്തരും. ഇങ്ങനെ ശരിയെന്ന് ഉറപ്പ് വരുത്തിയ ഏടുകള്‍ മാത്രമേ മനഃപ്പാഠമാക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. മുസ്‌ലിംകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഒരാള്‍ എല്ലാവരെയും പഠിപ്പിക്കുക സാധ്യമല്ലാതെ വന്നു. അപ്പോള്‍ പ്രവാചകന്‍, ഖുര്‍ആന്‍ തെറ്റാതെ പാരായണം ചെയ്യുമെന്ന് ഉറപ്പുള്ള തന്റെ ഏതാനും അനുയായികളെ തെരഞ്ഞെടുത്ത്, അവര്‍ക്കും ഖുര്‍ആന്‍ പഠിപ്പിക്കാനുള്ള അനുവാദം നല്‍കി. ഇവര്‍ അറിവുള്ളവരും വിശ്വാസയോഗ്യരുമാണെന്ന് പ്രവാചകന്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഇവരില്‍ നിന്ന് സാക്ഷ്യം സ്വീകരിച്ച തലമുറകളാണ് നാളിന്നോളം ഈ ഖുര്‍ആന്‍ പഠിപ്പിച്ച് പോന്നിട്ടുള്ളത്. ഒരാള്‍ തന്റെ ഗുരുവില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചുവെന്ന് കരുതുക. പഠനം കഴിഞ്ഞാല്‍ പഠനത്തിന്റെ സാക്ഷ്യമായി ഗുരു ശിഷ്യന് ഇപ്രകാരം എഴുതിക്കൊടുക്കും: ''ഞാന്‍ എന്റെ ഈ ശിഷ്യനെ ഖുര്‍ആനും അതിന്റെ പാരായണ നിയമങ്ങളും പഠിപ്പിച്ചിരിക്കുന്നു; എന്റെ ഗുരു എന്നെ പഠിപ്പിച്ച അതേ രീതിയില്‍ തന്നെ. താന്‍ തന്റെ ഗുരുവില്‍ നിന്ന് ഇങ്ങനെത്തന്നെയാണ് പഠിച്ചതെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.'' ഇങ്ങനെ പ്രവാചകനില്‍ എത്തുന്ന ഒരു ഗുരു പരമ്പര. ഖുര്‍ആന്‍ പാഠത്തിലോ പാരായണത്തിലോ ഒരു മാറ്റവും സംഭവിക്കുന്നില്ല. എല്ലാം പ്രവാചകനില്‍ നിന്ന് പഠിച്ച അതേ രീതിയില്‍ പിന്‍തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. നമ്മുടെ കാലത്തും ആ പരമ്പര തുടരുക തന്നെയാണ്.
ഇസ്‌ലാമിക പൈതൃകത്തില്‍ മാത്രമാണ് വേദഗ്രന്ഥം ഈ വിധത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു മതസമൂഹവും തങ്ങളുടെ മതഗ്രന്ഥം സംരക്ഷിക്കാന്‍ ഇതുപോലൊരു രീതി പിന്തുടര്‍ന്നിട്ടില്ല. ഖുര്‍ആന്‍ ക്രോഡീകരണ പ്രവര്‍ത്തനങ്ങള്‍ പ്രവാചകന്റെ കാലം മുതല്‍ക്ക് തന്നെ തുടങ്ങിയിരുന്നു എന്നര്‍ഥം. പക്ഷേ ഇത് മാത്രം മതിയാവുകയില്ല. തുടക്കത്തില്‍ തന്നെ മറ്റൊരു നിബന്ധനയും നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചിരിക്കണം. അക്കാര്യത്തിലേക്ക് വരുന്നതിന് മുമ്പ് ഖുര്‍ആന്‍ എഴുതി സൂക്ഷിച്ചിരുന്ന ഏടുകളെക്കുറിച്ച് അല്‍പ്പം പറയട്ടെ.
പ്രവാചകത്വത്തിന്റെ ഏതാണ്ട് അഞ്ചാം വര്‍ഷമാണ് ഉമറുബ്‌നുല്‍ ഖത്താബ് ഇസ്‌ലാം സ്വീകരിച്ചത്. ഉമര്‍ അക്കാലത്ത് പ്രവാചകന്റെ കഠിന ശത്രുവായിരുന്നു. ഒരിക്കല്‍ ഉമര്‍ വീട്ടില്‍ നിന്നിറങ്ങി. പ്രവാചകനെ വകവരുത്താനാണ് പുറപ്പാട്. വഴിയില്‍ വെച്ച് ഒരു ബന്ധുവിനെ കണ്ടുമുട്ടി. അയാള്‍ നേരത്തെ രഹസ്യമായി ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. വാളുമെടുത്ത് എങ്ങോട്ടാണ് പോവുന്നതെന്ന് ഉമറിനോട് ബന്ധു ചോദിച്ചു. ബന്ധുവാണല്ലോ എന്നു കരുതി ഉമര്‍ തന്റെ മനോഗതം വെളിപ്പെടുത്തി: 'നാട്ടില്‍ കുഴപ്പമുണ്ടാക്കുന്ന മുഹമ്മദിനെ കൊല്ലാന്‍ പോവുകയാണ്.' 'താങ്കളിത് ചെയ്താല്‍ നബി കുടുംബമായ ബനൂഹാശിമുമായി ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും. താങ്കളുടെ സഹോദരി ഫാത്വിമയും അവളുടെ ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. സ്വന്തക്കാരെ നന്നാക്കിയിട്ട് പോരേ, ലോകത്തെ നന്നാക്കുന്നത്.' ബന്ധുവിന്റെ സംസാരം കേട്ട് ഉമര്‍ അന്തിച്ച് നിന്നു. നേരെ സഹോദരിയുടെ വീട്ടിലേക്ക് നടന്നു. വാതിലിനടുത്തെത്തിയപ്പോള്‍ അകത്തുനിന്ന് താളാത്മകമായി, മധുരമായി എന്തോ പാരായണം ചെയ്യുന്നത് കേട്ടു. വാതില്‍ തള്ളിത്തുറന്ന ഉമര്‍ അത് എന്താണെന്ന് ചോദിച്ചു. 'നിങ്ങള്‍ വായിക്കുന്ന ഏട് എനിക്കൊന്ന് തരുമോ' എന്ന് ഉമര്‍ ചോദിച്ചു. കുളിച്ച് ശുദ്ധിയായി വന്നാല്‍ തരാമെന്നായി ദമ്പതികള്‍. ഉമര്‍ സമ്മതിച്ചു. അങ്ങനെ തങ്ങള്‍ വായിച്ചുകൊണ്ടിരുന്ന ഏട് അവര്‍ പുറത്തെടുത്തു. ഏതാനും ഖുര്‍ആനിക സൂക്തങ്ങളാണ് അതിലുണ്ടായിരുന്നത്. ആ സൂക്തങ്ങള്‍ ഉമറിനെ കീഴടക്കിക്കളഞ്ഞു. ഉമര്‍ ഇസ്‌ലാം സ്വീകരിക്കാനത് നിമിത്തമായി.
ഞാന്‍ ഈ സംഭവം ഇവിടെ സൂചിപ്പിച്ചത് പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷം തന്നെ വിശുദ്ധ ഖുര്‍ആനിലെ ചില അധ്യായങ്ങളെങ്കിലും ഈവിധം സംരക്ഷിക്കപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കാനാണ്. മദീനയിലേക്കുള്ള പലായനത്തിന്റെ എത്രയോ മുമ്പാണല്ലോ ഇത്. കാലം കുറച്ച് കഴിഞ്ഞ് പിന്നെയും നാമൊരു കൈയെഴുത്ത് പ്രതി കണ്ടെത്തുന്നുണ്ട്. ആ സംഭവം മിക്കവാറും രണ്ടാം അഖബ ഉടമ്പടിയുടെ സന്ദര്‍ഭത്തിലാണ്. മദീനയില്‍ നിന്ന് മക്കയിലെത്തിയ കുറച്ചാളുകള്‍ പ്രവാചകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇസ്‌ലാം സ്വീകരിച്ചു. കൂട്ടത്തില്‍ ബനൂസുറൈഖ് ഗോത്രത്തില്‍പെട്ട ഒരാളുമുണ്ടായിരുന്നു. അതുവരെ തനിക്ക് അവതരിച്ച മുഴുവന്‍ സൂക്തങ്ങളുടെയും സമാഹാരം പ്രവാചകന്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുകയുണ്ടായി. ഈ പ്രവാചക ശിഷ്യന്‍ മദീനയില്‍ തിരിച്ചെത്തി ഈ ഏടിലെ സൂക്തങ്ങള്‍ ഉച്ചത്തില്‍ പാരായണം ചെയ്തു തന്റെ നാട്ടിലെ പള്ളിയില്‍ ഒരുമിച്ചു കൂടിയവരെ കേള്‍പ്പിക്കാറുണ്ടായിരുന്നു. തുടക്കത്തില്‍ തന്നെ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു എന്നതിന്റെ രണ്ടാമത്തെ തെളിവായ ഈ ഏടിനെക്കുറിച്ച് ചരിത്രകാരന്മാര്‍ വളരെ വ്യക്തമായിത്തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍