Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

അഫ്‌സലിന്റെ വധശിക്ഷയും യു.പി.എയുടെ പാര്‍ലമെന്ററി വ്യാമോഹവും

എ. റശീദുദ്ദീന്‍

അഫ്‌സല്‍ ഗുരുവിനെ ഒടുവില്‍ ഭരണകൂടം തൂക്കിലേറ്റി. അത് സംഭവിക്കാനിടയില്ല എന്നത്, നിയമത്തിലും നീതിയിലുമുള്ള അതിരുകടന്ന ആത്മവിശ്വാസവും നമ്മുടെ രാഷ്ട്രീയക്കാരെക്കുറിച്ച മിഥ്യാ പ്രതീക്ഷയുമായിരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അതിന്റെ സമയത്തെക്കുറിച്ച തര്‍ക്കമേ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനുമിടയില്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും സമയത്തെക്കുറിച്ച് തന്നെയാണ് ചാനല്‍ ചര്‍ച്ചകളിലെ തര്‍ക്കവും. കേസിന്റെ മര്‍മത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ചാനലും ധൈര്യം കാണിച്ചില്ല.
അഫ്‌സല്‍ ഗുരുവിനെപ്പറ്റി ഹിന്ദു ദിനപത്രം (ഫെബ്രുവരി 11) പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ അഫ്‌സല്‍ ഒരിക്കല്‍ പോലും കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. രാജ്യത്തെ അഴിമതിയെ കുറിച്ചും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതിനെ കുറിച്ചുമൊക്കെയാണ് അദ്ദേഹം വല്ലപ്പോഴും ഉദ്യോഗസ്ഥരോടു സംസാരിച്ചത്. അയാള്‍ ശാന്തനായ ഒരു ആത്മാവായിരുന്നുവെന്ന് ജയിലിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് പേരു വെളിപ്പെടുത്താതെ പത്രം ഉദ്ധരിക്കുന്നത്. ജയിലില്‍ അഫ്‌സല്‍ താല്‍പര്യപൂര്‍വം വായിച്ച പുസ്തകങ്ങളിലൊന്ന് എല്‍.കെ അദ്വാനിയുടെ ആത്മകഥയായിരുന്നു. ഈ കഥയില്‍ അദ്വാനി തന്നെ കുറിച്ച് എന്തു പറയുന്നുവെന്ന് അറിയാനായിരുന്നു അഫ്‌സലിന് താല്‍പര്യം. നാല് പ്രധാന ഹൈന്ദവ വേദഗ്രന്ഥങ്ങളും ഈ കാലയളവില്‍ അഫ്‌സല്‍ വായിച്ചു തീര്‍ത്തവയില്‍ പെടുന്നു. ഇസ്‌ലാമിനെ കുറിച്ചു മാത്രമല്ല, ഹിന്ദുമതത്തെ കുറിച്ചും ജയിലിലെ ഉദ്യോഗസ്ഥരടക്കമുള്ള മറ്റാരേക്കാളും വിവരം അഫ്‌സലിന് ഉണ്ടായിരുന്നുവത്രെ.
കൊലമരത്തിലേക്ക് നടന്നു കയറവെ ഒരു രാഷ്ട്രീയ മുദ്രാവാക്യവും അഫ്‌സല്‍ വിളിച്ചതായി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഒരു കാര്യം മാത്രമേ അഭ്യര്‍ഥിച്ചിരുന്നുള്ളൂ. വധിക്കുമ്പോള്‍ തന്നെ വല്ലാതെ വേദനിപ്പിക്കരുതെന്ന് മാത്രം. അവസാന നിമിഷത്തിനായി ജയില്‍ അധികൃതരോടൊപ്പം കൊലമരത്തിനു മുമ്പില്‍ കാത്തുനില്‍ക്കുമ്പോള്‍ അഫ്‌സല്‍ എട്ട് മണിയാകുന്നതു വരെ സംസാരിച്ചത് നിയമത്തെ കുറിച്ചോ തന്നോടു കാണിക്കുന്ന അനീതിയെ കുറിച്ചോ ആയിരുന്നില്ല. നീതിയെയും സത്യത്തെയും കുറിച്ചായിരുന്നു. എല്ലാ ആത്മാവുകളും ഒരു ദൈവത്തില്‍ നിന്നാണെന്ന പരമമായ യാഥാര്‍ഥ്യം ഈ ഉദ്യോഗസ്ഥര്‍ തിരിച്ചറിയണമെന്നായിരുന്നു ആവശ്യപ്പെട്ടത്. മരണത്തെ അയാള്‍ തരിമ്പും ഭയപ്പെട്ടിരുന്നില്ല എന്ന ഒരേയൊരു കാര്യം മാത്രമാണ് തീവ്രവാദികളെ കുറിച്ച് ഇന്ത്യയില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത വാര്‍പ്പുമാതൃകകളുമായി ഒത്തുപോകുന്നതായി ഉണ്ടായിരുന്നത്. അപ്പോഴും കൊലമരത്തിനു മുമ്പിലെ ആ മനസ്‌ഥൈര്യം അയാളുടെ രാഷ്ട്രീയ നിലപാടായിരുവെന്ന് വധശിക്ഷക്ക് സാക്ഷ്യം വഹിച്ച ഒരു ഉദ്യോഗസ്ഥനും പറഞ്ഞിട്ടില്ല. അത് അഫ്‌സലിന്റെ ആത്മീയ ഭാവമായിരുന്നുവെന്നും അയാള്‍ മരണത്തെ ദൈവത്തിന്റെ ഇഛയായി കണ്ട് സ്വീകരിക്കുക മാത്രമായിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്. വധശിക്ഷ നടപ്പാക്കുന്ന വിവരം കാലത്തു മാത്രമാണ് അറിയിച്ചതെന്നും കേട്ടയുടന്‍ പെട്ടെന്നു തന്നെ കുളിച്ചു പ്രാര്‍ഥിച്ച് വസ്ത്രം മാറി നില്‍ക്കാനാണ് അഫ്‌സല്‍ തിടുക്കപ്പെട്ടതെന്നു കൂടി ഈ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഈ ശിക്ഷ നടപ്പാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും അത് നടപ്പാക്കണമെന്ന് കഴിഞ്ഞ അഞ്ചെട്ടു വര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ബി.ജെ.പിയും അഫ്‌സലിനു ശേഷമുള്ള കാലത്ത് എന്തു നേടാന്‍ പോകുന്നു എന്നതാണ് സുപ്രധാനമായ ചോദ്യം. ബി.ജെ.പിക്ക് ധാര്‍മികമായ ആഹ്ലാദം മാത്രമല്ല ഈ വധശിക്ഷ നല്‍കുക, മറിച്ച് ആശ്വാസം കൂടിയാണ്. ആ കേസ് വീണ്ടുമൊരിക്കല്‍ കുത്തിപ്പൊക്കുന്നതിനെ മരണത്തെ പോലെ ഭയപ്പെട്ട പാര്‍ട്ടിയാണത്. മാതൃരാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടതിലെ ദേശസ്‌നേഹം കൊണ്ടുമാത്രമാണ് ബി.ജെ.പി ഈ ശിക്ഷക്കു വേണ്ടി മുറവിളി കൂട്ടിയതെന്ന് എല്‍.കെ അദ്വാനിക്കു മനസ്സാക്ഷിയെ തൊട്ട് സത്യം ചെയ്യാനാവുമോ? കഴിയില്ല. കാരണം പാര്‍ലമെന്റിനെ അക്രമികള്‍ വളഞ്ഞ സംഭവത്തില്‍ അന്നത്തെ ഭരണകൂടത്തിന്റെ ഒരു കൈയൊപ്പ് വീണിട്ടുണ്ടാവാമെന്ന സംശയത്തിന്റെ നേരിയ ഒരു സാധ്യതയെ പോലും അദ്വാനി വിചാരണ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. രാജ്യത്തിന്റെ സുരക്ഷയെ മുന്നില്‍ കണ്ട്, കടമാബദ്ധിതനായ ഒരു ആഭ്യന്തരമന്ത്രി ചെയ്ത തികച്ചും നീതിവാഴ്ചയിലധിഷ്ഠിതമായ ഒരു നടപടിക്രമമാണ് ഇതെന്ന് ഷിന്‍ഡെക്കു അവകാശപ്പെടാനാവുമോ? അദ്ദേഹത്തിനും കഴിയില്ല. ശിക്ഷ നടപ്പാക്കാന്‍ കാണിച്ച ധൃതിയാണ് ഷിന്‍ഡെയുടെ താല്‍പര്യങ്ങളുമായി അതിനെ കൂട്ടിവായിക്കാന്‍ വഴിയൊരുക്കുന്നത്.
ബലാത്സംഗത്തിലെ കൂട്ടുപ്രതി ഉന്നയിക്കുന്ന ആരോപണം പോലും സത്യമാണെന്ന് വിശ്വസിക്കുന്ന മാധ്യമങ്ങളും പൊതുജനവും എന്താണ് അഫ്‌സല്‍ ഗുരു പാര്‍ലമെന്റ് ആക്രമണത്തെ കുറിച്ച് പറഞ്ഞതെന്ന് ഒരിക്കലും വേണ്ടýരീതിയില്‍ ചെവി കൊടുത്തിട്ടില്ല. ഒരു പ്രതി എന്ന വേഷത്തേക്കാള്‍ അയാള്‍ക്ക് ഇണങ്ങുമായിരുന്നത് ഒരുപക്ഷേ മാപ്പുസാക്ഷിയുടെ റോളായിരുന്നു. എന്‍.ഡി.എ സര്‍ക്കാറിന്റെ പിടിപ്പുകേട്, അല്ലെങ്കില്‍ നിസ്സംഗത ക്ഷണിച്ചു വരുത്തിയ ദുരന്തമായിരുന്നു അത്. ആ സംഭവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളെങ്കിലുമായിരുന്നു എന്‍.ഡി.എ ഭരണകൂടം. ദര്‍വീന്ദര്‍ സിംഗ് എന്ന കശ്മീരിലെ ഹംഹാമ എസ്.ടി.എഫ് ക്യാമ്പിന്റെ കമാന്ററാണ് പാര്‍ലമെന്റ് ആക്രമിച്ച അഞ്ചംഗ സംഘത്തിലെ മുഹമ്മദിനെ ദല്‍ഹിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ട് ഒപ്പം പറഞ്ഞയച്ചതെന്ന ഗുരുവിന്റെ ആരോപണം തെളിയിക്കാനും തള്ളിക്കളയാനും കഴിയുന്ന സാഹചര്യ തെളിവുകള്‍ ഉണ്ടായിരുന്നു. അഫ്‌സല്‍ കീഴടങ്ങിയ തീവ്രവാദി ആയിരുന്നു എന്നും വര്‍ഷങ്ങളായി ദര്‍വീന്ദറിന്റെ ഒരു പീഡനോപകരണമായിരുന്നു എന്നതും പില്‍ക്കാലത്ത് തെളിഞ്ഞ വസ്തുതകളാണ്. അത് അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു അദ്വാനിയുടെ പോലീസ് തീരുമാനിച്ചത്. ദര്‍വീന്ദര്‍ സിംഗിന് മുഹമ്മദുമായി ബന്ധമുണ്ടായിരുന്നുവെങ്കില്‍ നോര്‍ത്ത് ബ്ലോക്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്ന ഒരു അര്‍ധ സൈനിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിയിരുന്നത്. ആ ആരോപണം നിലനില്‍ക്കുന്നിടത്തോളം കാലം അഫ്‌സലിനേക്കാള്‍ വലിയ കുറ്റം ഭരണകൂടത്തിന്റേതാവുമായിരുന്നു. പക്ഷേ പാര്‍ലമെന്റ് എന്ന കെട്ടിടത്തേക്കാളുമുപരി സൈന്യം എന്ന സ്ഥാപനത്തിനു നേര്‍ക്കും ആഭ്യന്തരമന്ത്രി എന്ന വ്യവസ്ഥക്കു നേരെയും അഫ്‌സല്‍ ഉയര്‍ത്തിയ ഈ സംശയത്തിന് കോടതികളും കോണ്‍ഗ്രസും ഉത്തരം പറഞ്ഞിട്ടില്ല.

ധൃതി ഉയര്‍ത്തുന്ന സംശയങ്ങള്‍
അഫ്‌സലിനെ തിഹാര്‍ ജയിലില്‍ ആരെയുമറിയിക്കാതെ തൂക്കിലേറ്റുകയും, മൃതദേഹം കുടുബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ ധൃതിയില്‍ മറവു ചെയ്യുകയും ചെയ്തിടത്തു തന്നെ ഭരണകൂടത്തിന്റെ ഉള്‍ഭയം വ്യക്തമായിരുന്നു. സംസ്ഥാനത്ത് അനിശ്ചിത കാല കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ്, മൊബൈല്‍ ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തു. കശ്മീരില്‍ പ്രതിഷേധിക്കാന്‍ ഒരാള്‍ക്കു മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. അത് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടേതായി മാറി. തന്റെ ദല്‍ഹി യജമാനന്മാരുടെ മാതൃകയില്‍ രാഷ്ട്രീയം കളിക്കുകയാണ് ഉമറും ചെയ്തത്. ജനുവരി 31-ന് ദല്‍ഹിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടയില്‍ തന്നെ അഫ്‌സലിന്റെ ശിക്ഷ നടപ്പാക്കുന്ന കാര്യം ഉമര്‍ അബ്ദുല്ലയെ അറിയിച്ചിരുന്നു. പക്ഷേ ഒന്നുമറിയാത്തതു പോലെയാണ് ഉമര്‍ പ്രസ്താവനയിറക്കിയത്. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളി എന്ന അര്‍ഥത്തിലാണ് അഫ്‌സലിന്റെ വധശിക്ഷയെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചതെങ്കില്‍ രാജീവ് ഗാന്ധി എന്ന പ്രധാനമന്ത്രിയെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ കാര്യത്തിലും പഞ്ചാബ് മുഖ്യമന്ത്രി ഭിയാന്ത് സിംഗിന്റെ ഘാതകരുടെ കാര്യത്തിലും അതേ അളവുകോല്‍ പ്രയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നത് എന്താണ് എന്നതായിരുന്നു ഉമര്‍ ഉയര്‍ത്തിയ പ്രസക്തമായ ചോദ്യം. ന്യായമായ സംശയമായിരുന്നു അത്. തമിഴന്റെയും പഞ്ചാബിയുടെയും രാഷ്ട്രീയ വിലപേശല്‍ ശക്തിയാണ് ഈ ശിക്ഷ നടപ്പാക്കാതിരിക്കുന്നതിന്റെ കാരണമെങ്കില്‍, കശ്മീരി എന്ന മതപരവും സംഞ്ജാപരവുമായ പൊതുവികാരത്തെ മുതലെടുത്തു കൊണ്ടല്ല ഈ നടപടിയെന്ന് എങ്ങനെ ഈ ഗവണ്‍മെന്റിന് പറയാനാകും? പേരറിവാളന്‍ മറ്റൊരര്‍ഥത്തില്‍ കൂടി പ്രതീകമാണ്. രാജീവ് വധക്കേസില്‍ എല്ലാ അര്‍ഥത്തിലും ഈ യുവാവ് നിരപരാധിയായിരുന്നു. പക്ഷേ, താനറിയാതെ അഭയം കൊടുത്ത പ്രതികളുടെ കാര്യത്തില്‍ പോലും ഇയാളെ അന്വേഷിച്ചു കണ്ടെത്തി സാങ്കേതികമായ അര്‍ഥത്തില്‍ കുറ്റംവിധിച്ച ഭരണകൂടം ദര്‍വീന്ദര്‍ സിംഗുമാരെ കുറിച്ച് ഒരു അന്വേഷണവും നടത്താത്തത് കുറ്റാന്വേഷണത്തിന്റെ പുതിയൊരു രാഷ്ട്രീയം കൂടി ഇന്ത്യയില്‍ ഇതിനിടയില്‍ ഉണ്ടായെന്നാണ് നമ്മെ പഠിപ്പിക്കുന്നത്.
പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍ ആരായിരുന്നു എന്ന് അന്വേഷിക്കുകയും കോടതിയിയില്‍ സ്ഥാപിച്ചെടുക്കുകയും ചെയ്യേണ്ടിയിരുന്നത് കശ്മീര്‍ തീവ്രാദികളുടെയും അവരെ പിന്തുണക്കുന്നവരുടെയും മാ്രതം ബാധ്യതയാണെന്ന മട്ടിലാണ് ചര്‍ച്ചകള്‍ പോയ്‌ക്കൊണ്ടിരുന്നത്. അത്തരക്കാര്‍ പാര്‍ലമെന്റ് ആ്രകമണത്തെ ഒരു കുറ്റമായല്ല കാണുന്നത് മറിച്ച് തര്‍ക്ക വിഷയമായാണ്. രാജ്യത്തോടു ചെയ്യുന്നതാണ് രാജ്യദ്രോഹമെങ്കില്‍ അഫ്‌സല്‍ ചെയ്തതും അദ്ദേഹത്തെ കൊണ്ട് ഈ കുറ്റം ചെയ്യിച്ചവര്‍ ചെയ്തതും ഒരേ കുറ്റമാവണമല്ലോ. ഈ കുറ്റത്തില്‍ കുറ്റവാളികളുടെ കൂട്ടത്തിലെ കൂടുതല്‍ കരുത്തന്മാരോടു രാജിയാവുകയാണ് പൊതുസമൂഹം ചെയ്യുന്നത്. അഫ്‌സലിന്റെ ഭാര്യ തബസ്സും രാഷ്്രടപതിക്ക് എഴുതി നല്‍കിയ മാപ്പപേക്ഷയിലും അഫ്‌സല്‍ ഗുരു, വിനോദ് ജോസ് എന്ന മാധ്യമ ്രപവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലും ഈ കുറ്റവാളികളുടെ പേര് എടുത്തു പറഞ്ഞിട്ടുണ്ട്. അവരെ കുറിച്ച് അന്വേഷിക്കേണ്ടത് ഇവിടെയാരുടെയും ബാധ്യതയേ ആയിരുന്നില്ല. കള്ളസാക്ഷിയായാലും കള്ളവിചാരണയായാലും കേസ് എന്ന സാങ്കേതിക നടപടിക്രമം പൂര്‍ത്തിയായി കഴിഞ്ഞ സ്ഥിതിക്ക് ഇനി ഗൂഢാലോചനക്കാരെ കുറിച്ച് അന്വേഷിച്ച് സമയം കളയേണ്ടതില്ലെന്നായിരുന്നു യു.പി.എയുടെ നിലപാട്.
ഈ ആക്രമണം എങ്ങനെ നടന്നു എന്നതിനെ കുറിച്ച മുന്‍ ദല്‍ഹി അസിസ്റ്റന്റ് പോലീസ് കമീഷണര്‍ രജ്ബീര്‍ സിംഗിന്റെ സിദ്ധാന്തം ചീട്ടുകൊട്ടാരം പോലെയാണ് കോടതിമുറിയില്‍ തകര്‍ന്നടിഞ്ഞത്. പാര്‍ലമെന്റ് കെട്ടിടം എവിടെയാണെന്ന് കാണിച്ചു കൊടുക്കാനായി ഭീകരന്മാരെ അഫ്‌സല്‍ ഗുരു എപ്പോഴെങ്കിലും കൊണ്ടുപോയിരുന്നതായി ഒരു തെളിവും പോലീസ് ഹാജരാക്കിയിരുന്നില്ല. അങ്ങനെയൊരു ആരോപണം പോലീസ് ഉന്നയിച്ചിട്ടു പോലുമില്ല. ശേഷിച്ച ഭീകരന്മാരെ ആരാണ് ദല്‍ഹിയില്‍ എത്തിച്ചത് എന്നതിനും ആരാണ് ഏകോപിപ്പിച്ചത് എന്നതിനും ഇന്നോളം യുക്തിസഹമായ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല. പാര്‍ലമെന്റിലേക്ക് വന്ന കാറില്‍ കൊല്ലപ്പെട്ട അഞ്ചു ഭീകരന്മാര്‍ മാത്രമല്ല ആറാമതൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് മുന്‍ രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹിബത്തുല്ലയും മുന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയും പറഞ്ഞത് ഇന്നും സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. പക്ഷേ അങ്ങനെയൊരാളുടെ സഹായമില്ലാതെ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ഈ അഞ്ചംഗ സംഘം എത്തുമായിരുന്നില്ല എന്നത് സാമാന്യയുക്തിയുടെ വെളിച്ചത്തില്‍ ഏത് കുറ്റാന്വേഷകനും എത്തിച്ചേരാമായിരുന്ന നിഗമനമാണ്. അങ്ങനെയൊരാള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് തെളിയിക്കാനാവുന്ന സൂത്രവിദ്യ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നല്ലോ. മുഖ്യകവാടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നും ഒരു കേസ് ഡയറിയുടെയും ഭാഗമായിട്ടില്ലെന്നതും, അന്നത്തെ എന്‍.ഡി.എ സര്‍ക്കാറിനെ പിന്‍കാലില്‍ നിര്‍ത്തിയ ഈ ആരോപണം യു.പി.എ വിഴുങ്ങുകയാണ് ചെയ്തത് എന്നതും കേസിലെ ഇന്നും അന്വേഷിക്കപ്പെടാത്ത ദുരൂഹതകള്‍ക്ക് ആക്കം കൂട്ടുകയല്ലേ ചെയ്യുന്നത്?
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാതെ കഴിഞ്ഞ എട്ടു വര്‍ഷക്കാലം യു.പി.എ സര്‍ക്കാര്‍ ഉരുണ്ടുകളിച്ചതിന്റെ കാരണം മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ശിക്ഷ സുപ്രീം കോടതി ശരിവെച്ചതിനു ശേഷം 23 തവണയാണ് ചിദംബരം ദയാഹരജിയുടെ കാര്യത്തില്‍ ദല്‍ഹി ഭരണകൂടത്തിന്റെ അഭിപ്രായം തേടി കത്തയച്ചത്. അത്രയും തവണ ആഭ്യന്തരമന്ത്രാലയത്തിന് ഒരു മറുപടിയും അയച്ചില്ല എന്നു കൂടിയാണ് ഇതിന്റെയര്‍ഥം. എന്തായിരുന്നു യഥാര്‍ഥ തടസ്സം? ബി.ജെ.പിയുമായി ഏതോ പ്രകാരത്തില്‍ ഒരു രാഷ്ട്രീയ വിലപേശല്‍ നടന്നിട്ടുണ്ടാവാനുള്ള നല്ല സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ബി.ജെ.പിയുടെ പ്രകടനം പരിശോധിച്ചാല്‍ ഇത് കാണാനാവും. ഒരിക്കല്‍ പോലും സഭക്കകത്ത് കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താന്‍ ബി.ജെ.പി തയാറായിരുന്നില്ല. കൊണ്ടുവന്ന ഓരോ പ്രക്ഷോഭവും ദുരൂഹമായ സാഹചര്യത്തില്‍ പാര്‍ട്ടി പിന്നീട് പിന്‍വലിക്കുകയാണ് ചെയ്തത്. 2ജി കാലത്ത് ചിദംബരത്തിനെ ബഹിഷ്‌കരിക്കാനുണ്ടായ തീരുമാനവും വിലക്കയറ്റ സമരവും വിദേശനിക്ഷേപത്തോടുള്ള എതിര്‍പ്പുമൊക്കെ ഉദാഹരണം. ഏറ്റവുമൊടുവില്‍ ഷിന്‍ഡെയുടെ ജയ്പൂര്‍ പ്രസ്താവന സൃഷ്ടിച്ച വിവാദത്തിനുമുണ്ട് ഇതുപോലൊരു പശ്ചാത്തലം. ഹിന്ദുത്വ ഭീകരതയെ കുറിച്ച് അങ്ങാടിയില്‍ വാചകമടിച്ച ഷിന്‍ഡെ തന്നെയാണ് ആ ഭീകരതയുടെ പിന്നിലുണ്ടായിരുന്ന രാഷ്ട്രീയശക്തികളെ കുറിച്ച് നേരിട്ട് അറിയുമായിരുന്ന അഫ്‌സല്‍ ഗുരുവിനെ നിശ്ശബ്ദനാക്കിയത്. അഫ്‌സല്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ ഒരു പ്രതി ശിക്ഷിക്കപ്പെട്ടു എന്നതോടൊപ്പം നിര്‍ണായകമായ വിവരങ്ങള്‍ കാത്തുസൂക്ഷിച്ച ഒരു സാക്ഷി നിശ്ശബ്ദനായി എന്നു കൂടിയാണ് അര്‍ഥം. ഈ സാക്ഷിയെ വെച്ചുള്ള വിലപേശലായിരുന്നോ ഇതുവരെ നടന്നത്?
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയപ്പോഴും ഇതുപോലൊരു ചിത്രം ഉണ്ടായിരുന്നു. അമേരിക്കയില്‍ ശിക്ഷിക്കപ്പെട്ട ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും പാകിസ്താനില്‍ നിന്നും ഇന്ത്യ വിട്ടുതരണമെന്ന് ആവശ്യപ്പെടുന്ന ഹാഫിസ് സഈദും സഖിയുര്‍റഹ്മാന്‍ ലഖ്‌വിയുമൊക്കെ മുംബൈ കേസില്‍ എന്തു പങ്കാണ് വഹിച്ചതെന്ന വിഷയത്തില്‍ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര അന്വേഷണങ്ങളിലെ ജീവിച്ചിരുന്ന സുപ്രധാന ദൃക്‌സാക്ഷി കൂടിയായിരുന്നു കസബ്. പാര്‍ലമെന്റ് ആക്രമണം ഉയര്‍ത്തുന്ന സംശയങ്ങളെ കുറിച്ച് അന്വേഷിക്കാത്തതു പോലെ കസബിന്റെ മുംബൈയിലെ ഒത്താശക്കാരെ കുറിച്ചും കര്‍ക്കരെയുടെ മരണം ഉയര്‍ത്തിയ സംശയങ്ങളെ കുറിച്ചും യു.പി.എ അന്വേഷണത്തിന് തയാറായിട്ടില്ല എന്നോര്‍ക്കുക. കസബിനെയും അഫ്‌സലിനെയുമൊക്കെ ഇല്ലാതാക്കുന്നതിനു മുമ്പ് ഈ കേസന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കണമായിരുന്നു. ചുരുങ്ങിയ പക്ഷം അവരുടെ മൊഴി രേഖപ്പെടുത്തുകയെങ്കിലും വേണമായിരുന്നു. വലതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം യുക്തിബോധവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങള്‍ ബാക്കിവെച്ചു കൊണ്ട്, യഥാര്‍ഥ കുറ്റവാളികളെ കുറിച്ച വാചാലമായ സൂചനകള്‍ കണ്ടില്ലെന്നു നടിച്ച് അങ്ങാടിയില്‍ കുങ്കുമ ഭീകരതയെ കുറിച്ച് വായിട്ടലക്കുക മാത്രമാണ് യു.പി.എ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ സുഖിപ്പിച്ചു നിര്‍ത്താനുള്ള വെറും വായ്ത്താരികളായി ദിഗ്‌വിജയ് സിംഗിന്റെയും ഷിന്‍ഡെയുടെയും പ്രസ്താവനകള്‍ മാറിയിരിക്കുന്നു.
ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും അടുത്ത തെരഞ്ഞെടുപ്പില്‍ നിര്‍വീര്യമാക്കുകയാണ് യു.പി.എ ചെയ്തതെന്നു വേണമെങ്കില്‍ പറയാം. വികസനപുരുഷനാണെന്ന് വീമ്പിളക്കുമെങ്കിലും ബി.ജെ.പിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ ജി.ഡി.പി ഇന്‍ഡക്‌സുകളാവുക കസബും അഫ്‌സലുമായേനെ. അയാളെ തോല്‍പ്പിക്കാന്‍ രാഹുലിനു വേണ്ടി കോണ്‍ഗ്രസ് ഇല്ലം ചുട്ട് എലികളെ കൊന്നുകൊടുത്തു. താല്‍ക്കാലികമായി പാര്‍ട്ടി രക്ഷപ്പെടുമായിരിക്കും. പക്ഷേ കശ്മീരിലും ഇന്ത്യയിലൊട്ടുക്കും ചിന്തിക്കുന്ന പൗരസമൂഹത്തിനു മുമ്പാകെയും രാഹുലിന്റെ കോണ്‍ഗ്രസ് ഇന്ത്യയെ വെറും ബനാനാ റിപ്പബ്ലിക്ക് ആക്കുകയാണ് ചെയ്തത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍