Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

ഹാജി അബൂബക്കര്‍ വടക്കാങ്ങര

ആരിഫ വടക്കാങ്ങര

ഹാജി അബൂബക്കര്‍ സാഹിബ് (വടക്കാങ്ങര) കഴിഞ്ഞ ജനുവരി 20-ന് ഈ ലോകത്തോട് വിടപറഞ്ഞു. 75 വയസ്സായിരുന്നു. അപാര പണ്ഡിതനോ വാഗ്മിയോ എഴുത്തുകാരനോ അതിസമ്പന്നനോ ആയിരുന്നില്ലെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന് വിലപ്പെട്ട അനേകം സേവനങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള സാത്വികനായിരുന്നു അബൂബക്കര്‍ സാഹിബ്. പണ്ഡിതന്മാര്‍ക്കും പ്രഭാഷകര്‍ക്കും എഴുത്തുകാര്‍ക്കുമെല്ലാം അനുകരണീയമായ പല മഹിത മാതൃകകളും അദ്ദേഹത്തിലുണ്ടായിരുന്നു.
അബൂബക്കര്‍ സാഹിബിന്റെ ജീവിതത്തിന്റെ നല്ലൊരളവ് ചെലവഴിച്ചത് ചെന്നൈയിലാണ്. നാട്ടില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചെന്നൈയിലെത്തിയ അദ്ദേഹം അവിടെ സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നു. അക്കാലത്ത് ചെന്നൈയിലെ മത സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ (എം.എം.എ) അസി. സെക്രട്ടറിയും ഓഡിറ്ററുമായിരുന്നു. എം.എം.എയുടെ മദ്‌റസാ കമ്മിറ്റി, വെല്‍ഫെയര്‍ കമ്മിറ്റി, ഹജ്ജ് കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും അതീവ തല്‍പരനായിരുന്നുവെങ്കിലും ജമാഅത്തിന്റെ ഘടകങ്ങളില്‍ അംഗമായിരുന്നില്ല. ഒരു കോടതിയുദ്യോഗസ്ഥനായ താന്‍ പ്രസ്ഥാനത്തില്‍ അംഗത്വമെടുക്കുന്നത് ശരിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മദ്രാസ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സൂപ്രണ്ടായിരിക്കെയാണ് വോളന്ററി റിട്ടയര്‍മെന്റ് വാങ്ങി നാട്ടിലേക്ക് പോന്നത്. നാട്ടിലെത്തിയ ശേഷം ജമാഅത്തില്‍ അംഗത്വം സ്വീകരിച്ചു.
റിട്ടയര്‍മെന്ററിനു ശേഷം കോഴിക്കോട്ടെത്തി പ്രബോധനത്തിന്റെ മാനേജരായി ചുമതലയേറ്റു. വാരികയുടെ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വരിക്കാരുടെയും ഏജന്റുമാരുടെയും പരാതികള്‍ ഗണ്യമായി കുറഞ്ഞു. ഇക്കാര്യത്തില്‍ അസി. മാനേജര്‍ ബീരാന്‍ കുട്ടി സാഹിബിന്റെ അകമഴിഞ്ഞ പിന്തുണ അദ്ദേഹത്തിനു ലഭിച്ചു. 1985 മുതല്‍ '96 വരെയായിരുന്നു അദ്ദേഹം മാനേജറായി സേവനമനുഷ്ഠിച്ചത്. പ്രബോധനത്തില്‍ നിന്ന് പിരിഞ്ഞുപോയ ശേഷവും അബൂബക്കര്‍ സാഹിബ് വാരികയുടെ വളര്‍ച്ചയില്‍ ഏറെ തല്‍പരനായിരുന്നു. ഇടക്കിടെ തന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പിന്‍ഗാമികളെ അറിയിക്കാറുണ്ടായിരുന്നു.
കൃത്യനിഷ്ഠയും കണിശതയും അബൂബക്കര്‍ സാഹിബിന്റെ സഹജ സ്വഭാവമായിരുന്നു. ഗ്രാമീണ ലാളിത്യമാര്‍ന്ന വേഷഭൂഷകളും പെരുമാറ്റവും സംസാരവും. എന്നാല്‍, കൃത്യനിഷ്ഠക്കും കണിശതക്കും ദീനീ പ്രതിബദ്ധതക്കും അതൊരിക്കലും തടസ്സമായിരുന്നില്ല. സ്വന്തം ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നതോടൊപ്പം അദ്ദേഹം സഹപ്രവര്‍ത്തകരോട് അതാവശ്യപ്പെടുകയും ചെയ്തു. അതില്‍ കോമ്പ്രമൈസിനും അഡ്ജസ്റ്റ്‌മെന്റിനും തയാറായില്ല. കണിശത കണക്കില്‍ മാത്രമായിരുന്നില്ല. ആദര്‍ശത്തിലും അഭിപ്രായത്തിലും കൂടി ഉണ്ടായിരുന്നു. അത് ചിലപ്പോള്‍ ചിലരില്‍ ഉളവാക്കിയ നീരസം അദ്ദേഹം അവഗണിച്ചു.
നല്ലൊരു ഓഫീസര്‍ എന്നതിലുപരി മാതൃകാ യോഗ്യനായ മുത്തഖിയുമായിരുന്നു അബൂബക്കര്‍ സാഹിബ്. ശരിയെന്ന് തനിക്ക് പൂര്‍ണബോധ്യമില്ലാത്ത സംഗതികളില്‍ നിന്നൊക്കെ മാറിനിന്നു. ചെറുപ്പം മുതലേ തഹജ്ജുദ് ശീലമാക്കി. ഒഴിവ് സമയത്തിന്റെ സിംഹഭാഗം ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും നീക്കിവെച്ചു. ധാരാളം സൂറകള്‍ അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. എത്ര തിരക്കുള്ളപ്പോഴും ദുഹാ നമസ്‌കാരം മുടക്കാറില്ല. ജമാഅത്തുകള്‍ക്കും കൃത്യമായി എത്തും. നല്ല ദാനശീലനായിരുന്നു. ദാന വിഷയത്തില്‍ 'വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത്' എന്ന പ്രവാചക നിര്‍ദേശം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രസ്ഥാനപരമായ സാമ്പത്തികാവശ്യങ്ങള്‍ക്ക് സംഭാവന നല്‍കാനും മുന്‍പന്തിയിലുണ്ടാകും. രോഗികളെയും അവശരെയും ഇടക്കിടെ സന്ദര്‍ശിച്ച് സഹായിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. സഹോദരങ്ങളോടും മറ്റു ബന്ധുക്കളോടുമൊക്കെ സുദൃഢമായ ബന്ധം കാത്തുസൂക്ഷിച്ചു. സ്വയം ദീനീ ജീവിതം നയിക്കുന്നതോടൊപ്പം കുടുംബത്തെ ദീനീ സ്വഭാവത്തില്‍ സംവിധാനിക്കാനും അബൂബക്കര്‍ സാഹിബിന് സാധിച്ചു. അദ്ദേഹത്തിന് നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമുണ്ട്. ഭാര്യയും മക്കളും മരുമക്കളുമെല്ലാം ദീനീതല്‍പരരും ഇസ്‌ലാമിക പ്രവര്‍ത്തകരുമാണ്. മക്കള്‍ക്കും പേര മക്കള്‍ക്കും അദ്ദേഹം സ്‌നേഹവത്സലനായ പിതാവും പിതാ മഹനുമായിരുന്നു.
മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തില്‍ ഏറെ തല്‍പരനായിരുന്നു പരേതന്‍. വിവാഹം സാധ്യമാകാത്ത പ്രായമായ യുവതികളെക്കുറിച്ച് എന്നും ഉത്കണ്ഠാകുലനായിരുന്നു. പ്രബോധനത്തില്‍ വരുന്ന വിവാഹ പരസ്യങ്ങളില്‍ വധൂവരന്മാരുടെ സാമ്പത്തികശേഷിയും സൗന്ദര്യവും പരാമര്‍ശിക്കപ്പെടുന്നത് അദ്ദേഹം എതിര്‍ക്കാറുണ്ടായിരുന്നു. സമ്പത്തും സൗന്ദര്യവുമില്ലാത്ത സ്ത്രീകളെ അത് നിരാശപ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പ്രബോധനത്തില്‍ നിന്ന് വിരമിച്ച ശേഷം കേരള ജമാഅത്തിന്റെ ഇന്റേണല്‍ ഓഡിറ്റ് സംഘത്തില്‍ അംഗമായിരുന്നു അബൂബക്കര്‍ സാഹിബ്. കേരളത്തില്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട മിക്ക സ്ഥാപനങ്ങളും ഓഡിറ്ററായി സന്ദര്‍ശിച്ചിട്ടുണ്ട്. അതുവഴിയും ചെന്നൈ ജീവിതത്തിലൂടെയും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും അബൂബക്കര്‍ സാഹിബിന് ധാരാളം സുഹൃത്തുക്കളുണ്ടായി. വടക്കാങ്ങര നുസ്രത്തുല്‍ അനാം ട്രസ്റ്റ് വൈസ് ചെയര്‍മാനും വടക്കാങ്ങര വെല്‍ഫെയര്‍ സൊസൈററി സെക്രട്ടറിയും മങ്കട ഏരിയ ദഅ്‌വാ വിംഗ് കണ്‍വീനറുമായിരുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് തന്റെ സകാത്തിന്റെ കണക്കും താന്‍ കൈകാര്യം ചെയ്തിരുന്ന പൊതു ഫണ്ടുകളുടെ കണക്കും കൃത്യമായി ഏല്‍പിച്ചിരുന്നു. ഒരു പിടി നല്ല ഓര്‍മകളും മാതൃകകളും ബാക്കിവെച്ചാണ് അബൂബക്കര്‍ സാഹിബ് വിടവാങ്ങിയത്. അവ സൂക്ഷിക്കാനും പിന്തുടരാനും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിക്കുമെന്നാശിക്കട്ടെ. പരേതന്റെ പാരത്രിക സൗഭാഗ്യത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍