രൂപപ്പെടേണ്ടത് സ്ത്രീസൗഹൃദ സമൂഹം
ഹൈന്ദവ ദര്‍ശനങ്ങളിലെ സ്ത്രീ ശക്തിസ്വരൂപിണിയാണ്. പ്രപഞ്ച സൃഷ്ടിക്ക് കാരണഭൂതമായ പരബ്രഹ്മത്തിന്റെ ചലനാത്മകരൂപമായ ആദിപരാശക്തി സ്‌ത്രൈണഭാവമാണ്. ത്രിമൂര്‍ത്തികളോടൊപ്പം സ്ത്രീ സാന്നിധ്യവുമുണ്ട്. ബ്രഹ്മാവിനോടൊപ്പം സരസ്വതിയായും മഹാവിഷ്ണുവിനോടൊപ്പം മഹാലക്ഷ്മിയായും പരമശിവനോടൊപ്പം ശ്രീപാര്‍വതിയായും സ്‌ത്രൈണത ആരാധിക്കപ്പെടുന്നു. ശ്രീ പരമേശ്വരന്‍ അര്‍ധനാരീശ്വരന്‍ കൂടിയാണ്. ശ്രീപാര്‍വതി ശക്തിയുടെ പ്രതീകമാണ്. ശക്തിയില്ലാതെ ശിവനില്ല. പുരാതന ഭാരതീയര്‍ പെണ്‍കുട്ടികളെ മഹാലക്ഷ്മിയുടെ അവതാരങ്ങളായി സങ്കല്‍പിച്ചിരുന്നു.
ക്രൈസ്തവര്‍ പിതാവായ ദൈവത്തോടും പുത്രനായ യേശുവിനോടുമൊപ്പം തിരുമാതാവായ കന്യാമറിയത്തെയും ആദരിക്കുകയും ആരാധിക്കുകയും ചെയ്തുപോരുന്നു. സ്ത്രീകള്‍ വിദ്യ അഭ്യസിക്കുന്നതും മതാധ്യായനം നടത്തുന്നതും തെറ്റായി ഗണിച്ചിരുന്ന ജൂത പൗരോഹിത്യ സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് യേശുവെന്ന വിപ്ലവകാരി ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്ത മേരി-മാര്‍ത്ത സഹോദരിമാരുടെ കഥ ബൈബിള്‍ പരിചയപ്പെടുത്തുന്നു.
ഇസ്‌ലാമിലെ സ്ത്രീ പുരുഷന്റെ സഹചാരിയും അംശവുമാണ്. ഒരാത്മാവില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരാണ്. വിശ്വാസികള്‍ക്ക് മുഴുവന്‍ മാതൃകയായി ഖുര്‍ആന്‍ എടുത്തുപറയുന്നത് രണ്ട് സ്ത്രീകളെയാണ്. യേശുവിന്റെ മാതാവ് മര്‍യമും ഫറോവയുടെ പത്‌നി ആസിയയും. സ്ത്രീയാകട്ടെ പുരുഷനാകട്ടെ ആരുടെയും കര്‍മഫലം പാഴാക്കുകയില്ലെന്നത് ഖുര്‍ആന്റെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ്.
ദൈവികവ്യവസ്ഥകള്‍ പുരുഷമേധാവിത്വ പൗരോഹിത്യത്തിനു വഴിമാറിയപ്പോള്‍ സ്ത്രീ അബലയും ചപലയുമായി. ദൗര്‍ബല്യങ്ങളുടെയും ദൈന്യതയുടെയും പ്രതീകമായി. ആദിപാപത്തിന്റെ കാരണക്കാരിയായി വേദനയും വ്യഥയും പേറേണ്ടവളായി. പുരുഷന്റെ താളത്തിനൊത്ത് തുള്ളേണ്ടവളും അവന്റെ ഭോഗവസ്തുവുമായി. സ്വന്തം അസ്തിത്വവും വ്യക്തിത്വവും തിരിച്ചറിയപ്പെടാതെ ആരോ വരച്ചിട്ട രേഖകളിലൂടെ ചലിക്കുന്ന സ്ത്രീ ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടനവധി പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല പരിസരങ്ങളില്‍നിന്ന് സ്ത്രീയുടെ സാമൂഹികസ്ഥാനം പുനര്‍നിര്‍ണയിക്കേണ്ടതും സ്ത്രീ സൗഹൃദ പരിസരങ്ങള്‍ വീണ്ടെടുക്കേണ്ടതുമുണ്ട്.
അടിസ്ഥാനപരമായി സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തിനാണ് മാറ്റം വരേണ്ടത്. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സാമൂഹിക മനസ് മാറ്റിയെടുത്തു കൊണ്ട് അവരെ വ്യക്തിത്വവും സ്വത്വബോധവുമുള്ള സ്വതന്ത്ര വ്യക്തികളും സമൂഹത്തിന്റെ അര്‍ധാംശങ്ങളുമായി അംഗീകരിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ട്. ഈ വിദ്യാഭ്യാസം വീടുകളില്‍ നിന്നാരംഭിക്കുകയും വീടുകളില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
മനുഷ്യനെ ആദരിക്കാന്‍ പഠിപ്പിക്കുക
ദൈവത്തിന്റെ മഹത്തായ സൃഷ്ടി, ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി, ദൈവം ആദരിച്ച സൃഷ്ടി എന്നീ നിലകളില്‍ മനുഷ്യന്‍ ആദരണീയനാണെന്ന പാഠം സമൂഹ മനസ്സിന് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്.
'ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു' (ഉല്‍പത്തി 1:27). 'നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?' (കൊരിന്ത്യര്‍ 3:16) എന്നിങ്ങനെ മനുഷ്യനെ ആദരിക്കുന്നതായ നിരവധി വചനങ്ങള്‍ ബൈബിളില്‍ കാണാനാകും. ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നുവെന്നും നമ്മുടെ ആത്മാവില്‍ നിന്നും അവനില്‍ ജീവനൂതിയെന്നും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മനുഷ്യന്റെ ജീവനും സ്വത്തും അഭിമാനവും വിശുദ്ധമാണെന്നും നിങ്ങളില്‍ ഏറ്റവുമുത്തമര്‍ സ്ത്രീകളോട് നല്ല നിലയില്‍ പെരുമാറുന്നവരാണെന്നും പ്രവാചകന്‍ മുഹമ്മദ് നബി. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും മുന്നില്‍ മനുഷ്യജീവനും മാനുഷികബന്ധങ്ങളും അപ്രസക്തമാകുന്ന ഭൗതിക ചിന്താഗതികളുടെ സ്ഥാനത്ത് ഈ ദൈവികാധ്യാപനങ്ങള്‍ പ്രതിഷ്ഠിച്ചുകൊണ്ട് സമൂഹ പുനര്‍നിര്‍മിതി നടത്തി സ്ത്രീകളെ ആദരിക്കുന്ന സംസ്‌കാരം വീണ്ടെടുക്കാം.
ധര്‍മച്യുതിയാണ് തിന്മകളുടെ മൂലഹേതു. 'കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാ സനാതനഃ, ധര്‍മേ നഷ്‌ടേ കുലം കൃത്‌സ്‌നമധര്‍മോ ഭിഭവത്യുത' (കുലം നശിച്ചാല്‍ സനാതനങ്ങളായ കുലധര്‍മങ്ങളും നശിക്കും. ധര്‍മത്തിന് നാശം സഭവിച്ചാല്‍ കുലത്തെ മുഴുവന്‍ അധര്‍മം കീഴടക്കും- ശ്രീമഹാഭാഗവതം).
മദ്യത്തിലും ലഹരിയിലും ആമഗ്നമായ ഒരു സമൂഹത്തിന്റെ കരങ്ങള്‍ തെറ്റിലേക്ക് നീളുന്നതില്‍ അത്ഭുതമില്ല. ലഹരിയില്‍ മുങ്ങി സ്വബോധം നഷ്ടപ്പെട്ട സമൂഹത്തിന് മാതാവിനെയും സഹോദരിയെയും ഭാര്യയെയും വേര്‍തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുമ്പോള്‍ അക്രമങ്ങളും പീഡനങ്ങളും തുടര്‍ക്കഥകളാകുന്നു. ലഹരിക്കെതിരെ ധര്‍മസമരം നടത്തുകയെന്നത് രാജ്യസ്‌നേഹികളുടെ ബാധ്യതയായായിരിക്കുന്നു. ഭരണകൂടം തങ്ങളുടെ പ്രധാന വരുമാനമാര്‍ഗമായ മദ്യവ്യാപാരത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയും തദ്വാരാ ജനങ്ങളുടെ സമ്പത്തും ശാരീരിക-മാനസികാരോഗ്യവും കുടുംബബന്ധങ്ങളും തകരുന്നതില്‍ യാതൊരു വൈമുഖ്യവും ദര്‍ശിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മനുഷ്യസ്‌നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ട് സമൂഹത്തെ ലഹരിമുക്തമാക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
മതങ്ങളെല്ലാം ഒന്നടങ്കം അധിക്ഷേപിക്കുകയും നിരോധിക്കുകയും ചെയ്യുന്ന ലഹരിസംസ്‌കാരത്തിനെതിരെ വിശ്വാസികള്‍ ഒരുമിക്കുക.
ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ മദ്യം നിരോധിച്ചിരുന്നു. മദ്യമത്തരായ യാദവരെ പ്രഹരിച്ചുകൊന്ന ശ്രീകൃഷ്ണന്റെ കഥ ഹൈന്ദവപുരാണങ്ങള്‍ പരിചയപ്പെടുത്തുന്നു. ഇസ്‌ലാം മദ്യപാനത്തെ കണിശമായി നിരോധിക്കുകയും സകല തിന്മകളുടെയും മാതാവെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. മദ്യനിരോധന സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ജാതിമത ഭേദമന്യേ സഹകരിച്ചുകൊണ്ട് ഭരണകൂടത്തിന്റെ ജനദ്രോഹപരമായ നയങ്ങള്‍ക്കെതിരെ അണിനിരക്കുക.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അധികരിക്കുന്നതില്‍ സ്ത്രീധനസമ്പ്രദായത്തിന് ചെറുതല്ലാത്ത പങ്കാണുള്ളത്. സ്ത്രീധനം ഒരു ശാപമായും കനത്ത ഭാരമായും നമ്മുടെ സാമൂഹികവ്യവസ്ഥിതിയെ ഗ്രസിക്കുമ്പോള്‍ അതിന്റെ പേരില്‍ തകര്‍ന്നില്ലാതാകുന്ന പെണ്‍ജന്മങ്ങള്‍ക്കായി സ്ത്രീധനവിരുദ്ധ പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളികളായി സാമൂഹികബോധവത്കരണത്തിനിറങ്ങിത്തിരിക്കുക. ശാരീരികമായും വൈകാരികമായും പുരുഷനെക്കാള്‍ ദുര്‍ബലയെങ്കിലും, മനക്കരുത്തിലും ഇഛാശക്തിയിലും പുരുഷനെ കവച്ചുവെക്കുന്ന സ്ത്രീയേക്കാള്‍ വലിയ മറ്റൊരു ധനമില്ല എന്ന് തിരിച്ചറിയുക.
ഇന്ന് നമ്മുടെ സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അശ്ലീലതയും നിര്‍ലജ്ജതയും നിറഞ്ഞ സാംസ്‌കാരിക പരിസരം സ്ത്രീകളെ ഭോഗവസ്തുക്കളാക്കുന്നതിലും അവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്.കലയുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന അശ്ലീലതയും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ പടരുന്ന അനാശാസ്യതകളും ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ സമൂഹത്തെ കൂടുതല്‍ ദുരന്തങ്ങളിലേക്ക് അത് കൊണ്ടെത്തിക്കും. നിര്‍ലജ്ജതാ സംസ്‌കാരം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സാംസ്‌കാരികബോധമുള്ള സമൂഹം സംഘടിക്കുകയും അവയുടെ പ്രചാരകരെ ഒറ്റപ്പെടുത്തുകയും ചെയ്യുക. മാന്യതയുടെ സീമകള്‍ ലംഘിക്കുന്ന കലാപരിപാടികള്‍ക്ക് സാമൂഹിക ബഹിഷ്‌കരണമേര്‍പ്പെടുത്തുക.
സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. മാനസികാരോഗ്യം ക്ഷയിച്ച സമൂഹത്തില്‍ കുറ്റവാളികള്‍ പെരുകുന്നു. തെറ്റിലേക്ക് പോകാനിടയാക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും ഒപ്പം ധാര്‍മികശിക്ഷണങ്ങള്‍ നല്‍കി സാമൂഹിക സംസ്‌കരണം നടത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനാകൂ. ആചാരവത്കൃത മതബോധത്തിനു പകരം പരലോക വിശ്വാസത്തിലധിഷ്ഠിതമായ ദൈവബോധം സൃഷ്ടിക്കുകയാണ് അതിന്റെ ആദ്യപടി. അതിനു ശേഷവും അവശേഷിക്കുന്ന കുറ്റവാളികളുടെ മേലാണ് ശിക്ഷാനടപടികള്‍ പ്രയോഗിക്കേണ്ടത്. കുറ്റമറ്റ നീതിന്യായ വ്യവസ്ഥയും നിയമപരിപാലനവും നിലവിലുള്ള രാഷ്ട്രത്തിലേ കടുത്ത ശിക്ഷാ നിയമങ്ങള്‍ക്ക് പ്രസക്തിയുള്ളൂ.
Comments