Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

പുതിയകാലങ്ങളിലെ സ്ത്രീഉയിര്‍പ്പുകള്‍ക്ക് നേരെ കാഴ്ച മൂടാതിരിക്കണം

സൗദ പടന്ന

'സ്ത്രീ-പുരുഷ സങ്കലനം-മൂന്ന് നിലപാടുകള്‍' (ഡോ. യൂസുഫുല്‍ ഖറദാവി ലക്കം 34) ഏറെ പ്രസക്തമായ ലേഖനമായി അനുഭവപ്പെട്ടു. ഇസ്‌ലാമിലെ പല വിഷയങ്ങളും ഫിഖ്ഹീ മസ്അലകളില്‍ കെട്ടിക്കുടുങ്ങുന്നത് പോലെ സ്ത്രീയുടെ സാമൂഹിക പങ്കാളിത്തം വ്യത്യസ്ത നിലപാടുകള്‍ കാരണം വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹികമായും സ്ത്രീമുന്നേറ്റം ഏറെ സാധ്യമായിരിക്കുന്ന പുതിയ സാഹചര്യത്തില്‍, കാലത്തിനൊപ്പം ഇസ്‌ലാമിനെ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം പക്വതയെത്താത്ത നിലപാടുകള്‍ സ്വീകരിക്കുന്നവരും മുന്‍ധാരണകളില്‍നിന്ന് മുക്തരാവാന്‍ മടി കാണിക്കുന്ന പക്വതയെത്തിയവരുമുണ്ട് എന്നത് അനുഭവ യാഥാര്‍ഥ്യമാണ്.
ഇസ്‌ലാം വിപ്ലവ പ്രസ്ഥാനമാണ്. അതില്‍ അണി ചേര്‍ന്നവര്‍ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. ആ വിപ്ലവത്തിന്റെ മാര്‍ഗത്തില്‍ സ്ത്രീ പങ്കാളിയായതിന് ചരിത്രം സാക്ഷിയാണ്. സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ഒരേ വിഷയത്തില്‍ ഭിന്ന നിലപാടുകള്‍ സ്വീകരിക്കാന്‍, അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ വേണം. വിലക്കുകള്‍ ഇല്ലാത്തവ സ്വീകാര്യമാണ്. മുന്‍ഗണനാക്രമം പാലിക്കാന്‍ സ്ത്രീയും പുരുഷനും ബാധ്യസ്ഥരാണ്. എന്നാല്‍ ഇസ്‌ലാമിക നിയമത്തിന്റെ വിശാലതയുടെ മറ പിടിച്ചുകൊണ്ട്, അനിയന്ത്രിതമായ സ്ത്രീ-പുരുഷ ഇടപെടലുകളും നിര്‍ലജ്ജമായ സംസാരങ്ങളും, തമാശകളും ആനന്ദങ്ങളും കൊണ്ട് പരിധി ലംഘിക്കുന്നതും, കുടംബരഹസ്യങ്ങള്‍ പങ്കുവെക്കുന്നതും.... എല്ലാം ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ വരവ് വെക്കുന്നത് ന്യായീകരിക്കാവുന്നതല്ല. മൊബൈല്‍ മെസേജും ഫേസ്ബുക്ക് കമന്റും നന്മയുടെ സന്ദേശം തന്നെയാണ് കൈമാറുന്നത് എന്ന് ഉറപ്പ് വരുത്തണം. ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ് പ്രവൃത്തി എന്നത് മറക്കാന്‍ പാടില്ലാത്തതാണ്. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാനും കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാനും സ്ത്രീക്കും പുരുഷനും കഴിയേണ്ടതുണ്ട്.

സ്ത്രീ
മാന്യമായി വസ്ത്രം ധരിക്കുന്നതില്‍ ആര്‍ക്കാണിത്ര കെറുവ്‌

''സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണം സ്ത്രീയുടെ വേഷവിധാനങ്ങളാണ്. പുരുഷന്മാരെ പ്രലോഭിപ്പിക്കുന്ന തരത്തിലാണ് ഇന്ന് ഒട്ടുമിക്ക സ്ത്രീകളുടെയും വസ്ത്രധാരണം. കുട്ടികളുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കേണ്ട രക്ഷിതാക്കള്‍ തന്നെയാണ് ആഭാസകരമായ രീതിയിലുള്ള വേഷവിധാനങ്ങള്‍ അവര്‍ക്കായി നല്‍കുന്നത്.''
മലപ്പുറം വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാന്റി സിറിയക്കിന്റെ പ്രതികരണമാണ് മുകളിലുദ്ധരിച്ചത്. ഈ പ്രതികരണം ഏറെ വസ്തുനിഷ്ഠവും സത്യസന്ധവുമാണെന്ന് പറയാതെ വയ്യ. സ്ത്രീപീഡനങ്ങളുടെ ഏക കാരണം അവരുടെ വേഷവിധാനമാണെന്ന് പറയാവതല്ലെങ്കിലും, പീഡനവും സ്ത്രീകളുടെ വേഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. തന്റെ സൗന്ദര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാതെയുള്ള വസ്ത്രം ധരിച്ച്, മാന്യമായി നമ്മുടെ മുമ്പിലൂടെ നടന്നു നീങ്ങുന്ന സ്ത്രീയും, അംഗലാവണ്യം മാക്‌സിമം പ്രദര്‍ശിപ്പിച്ചും കൊഞ്ചിക്കുഴഞ്ഞും പ്രത്യക്ഷപ്പെടുന്ന സ്ത്രീയും ഒരേ വികാരമാണോ പുരുഷ മനസ്സില്‍ സൃഷ്ടിക്കുന്നത്? സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് ചണ്ഡിഗഢിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് ആന്റ് കമ്യൂണിക്കേഷന്‍ നടത്തിയ ഫീല്‍ഡ് സ്റ്റഡിയില്‍ അതിന്റെ ഡയറക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞതിങ്ങനെ: ''സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും ബലാത്സംഗത്തിന് വിധേയരാവുന്നവര്‍ ശരിയല്ലാത്ത വസ്ത്രധാരണവും, പെരുമാറ്റവും, സഞ്ചാരവും മൂലം ബലാത്സംഗം/മാനഭംഗം ക്ഷണിച്ചുവരുത്തുന്നതില്‍ സ്വയം കുറ്റപ്പെടുത്തുകയാണുണ്ടായത്'' (ഇന്ത്യാ ടുഡേ: സെപ്തംബര്‍ 11, 2002). ചെറായി രാമദാസ് എഴുതുന്നു: ''ശരീരത്തിന്റെ ഇത്തിരി ഭാഗം മാത്രം മറക്കുന്നതും, മാറ് മുഴപ്പിച്ചും, അടിവയറ് വരെ വെളിവാക്കിയും. വിലസുന്നതുമായ ബ്ലൗസ് എന്ന ശീലക്കഷ്ണം ഉളവാക്കുന്ന അശ്ലീലത്വം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല; ആ വേഷം കെട്ടി നടക്കുന്ന 'വനിത'കളെയല്ലാതെ. അവരിലൊരാളുമൊത്ത് ഒരു മുറിയില്‍ നില്‍ക്കേണ്ടിവരുന്ന അന്യപുരുഷന്‍ നേരിടുന്നത് സ്വന്തം മനോബലത്തെ പിടിച്ചുലക്കുന്ന നിമിഷങ്ങളായിരിക്കും. യഥാര്‍ഥത്തില്‍ അത് ആ പുരുഷനെ ബലാത്സംഗം ചെയ്യലാണ്'' (മാധ്യമം ആഴ്ചപ്പതിപ്പ്, 2009 മാര്‍ച്ച് 30).
സ്ത്രീ സുരക്ഷക്കായി, ഇമ്മാതിരി അശ്ലീല വേഷവിധാനം ഉപേക്ഷിക്കുകയാണുത്തമം എന്നുപറഞ്ഞാല്‍, നമ്മുടെ പുരോഗമന വിപ്ലവാശയക്കാര്‍ പരിഹസിക്കുന്നതിങ്ങനെ. ''ശരീരം മുഴുവന്‍ മൂടുന്ന, കണ്ണ് മാത്രം കാണാന്‍ കഴിയുന്ന പര്‍ദ ധരിച്ചിട്ടേ ഇനി മുതല്‍ ഭാരതീയ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നാണെങ്കില്‍ പുരുഷ വര്‍ഗത്തിന്റെ ബലഹീനതകള്‍ മറച്ചുവെക്കാനൊരു മറയായിട്ടേ നമുക്കതിനെ കാണാനാവൂ'' (മാതൃഭൂമി 2013 ഫെബ്രുവരി 4). പുരുഷന്റെ മനോബലം പരീക്ഷിക്കാനൊരുമ്പെട്ട്, ലൈംഗിക കൈയേറ്റം ഏറ്റുവാങ്ങാന്‍ തന്നെയാണ് ഒരുങ്ങുന്നതെങ്കില്‍, അവരോട് എന്ത് പറയാന്‍.
റഹ്മാന്‍ മധുരക്കുഴി

കാലങ്ങളോളം
കാത്തുവെക്കാന്‍ പോന്ന പതിപ്പ്
പ്രബോധനം പുറത്തിറക്കിയ 'ആരായിരുന്നു പ്രവാചകന്‍' എന്ന പ്രത്യേക പതിപ്പ് സസൂക്ഷ്മം വായിക്കാനിടയായി. ആദരണീയരായ എഴുത്തുകാരും, മതപണ്ഡിതരും അണിനിരന്ന് പ്രവാചകന്‍ അരുളി ചെയ്ത പ്രവാചക സൂക്തങ്ങളെ അപഗ്രഥനം നടത്തിയ വിശേഷാല്‍ പതിപ്പ് ഒരു നിധിപോലെ സൂക്ഷിച്ചു വെക്കാന്‍ പറ്റിയ ഒന്നായിരുന്നു. നല്ലൊരു വായനാനുഭവത്തിന് അവസരമൊരുക്കിയ പ്രബോധനത്തിന് ആശംസകള്‍ നേരുന്നു.
ആചാരി തിരുവത്ര 

ഉള്ളില്‍ ശേഷിക്കുന്ന പ്രതികരണ
ബോധത്തിന്റെ ഒരിറ്റു നനവാണീ പ്രതിഷേധം
കോലാഹലങ്ങളുടെ വിശ്വരൂപം എന്ന പേരില്‍ അബ്ദുല്‍ അസീസ് എഴുതിയ ലേഖനത്തിന് (ലക്കം 35 )ഒരു ചെറു വിയോജന കുറിപ്പ്.
ലേഖകന്‍ സൂചിപ്പിച്ചത് പോലെ കമല്‍ ഹാസന്‍ ഏത് അര്‍ഥത്തിലുള്ള ആനുകൂല്യമാണ് അര്‍ഹിക്കുന്നത്? അത് രണ്ടുവരിയില്‍ പറഞ്ഞൊതുക്കാനാവുമോ? മുസ്‌ലിം എന്നത് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പര്യയമാണ് എന്ന് കമല്‍ ഹാസന്‍ കുറച്ച് കാലമായി നമ്മോട് സിനിമയിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നു. പറയുന്നവരുടെ കൂട്ടത്തില്‍ കമല്‍ ഹാസന്‍ ഒറ്റക്കല്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഒരുപാട് കനത്തുപോയിരിക്കുന്നു. സിനിമകള്‍ നിരോധിക്കണമെന്നോ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്നോ പറയുന്നത് ഇതാദ്യമല്ല. അതാവശ്യപ്പെടുന്നത് മുസ്‌ലിം പ്രതിനിധികളാവുമ്പോള്‍ മാത്രമാണ് പ്രശ്‌നം.
ഡാം 999 എന്ന പേരില്‍ കോടികള്‍ മുടക്കി ഒരു കേരളീയന്‍ പടം പിടിച്ച കഥ നാം മറന്നിരിക്കാന്‍ ഇടയില്ല. അന്ന് തമിഴ്‌നാട് മുഴുവനും സിനിമക്കെതിരായി. ഇത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള കടന്നുകയറ്റമാണെന്ന് പറയാന്‍ അന്ന് ഒരൊറ്റ സിനിമാ പ്രവര്‍ത്തകനും മുന്നോട്ടുവന്നില്ല, കമല്‍ ഹാസന്‍ ഉള്‍പ്പെടെ. ഈ ഒരൊറ്റ ഉദാഹരണം മതി വിഷയം എത്രമാത്രം പക്ഷം പിടിച്ചാണ് കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍. പശ്ചാത്തലം അഫ്ഗാനിസ്താന്‍ ആയതുകൊണ്ട് മാത്രം അത് മുസ്‌ലിംകളെയോ ഇസ്‌ലാമിനെയോ ബാധിക്കുന്നില്ല എന്നര്‍ഥമില്ല. മുസ്‌ലിം എന്നത് ഒരു സാകല്യമാണ്. അതുകൊണ്ടാണ് അങ്ങ് ഫലസ്ത്വീനില്‍ ചോര വീഴുമ്പോള്‍ ഇങ്ങു കൊച്ചു കേരളത്തിലും പ്രതിഷേധമിരമ്പുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ വ്യാജ സീഡി റെയ്ഡ് നടന്നപ്പോള്‍ ഒരാളും പറയാത്ത, പറയാനിടയില്ലാത്ത ഒരു പ്രസ്താവനയുമായാണ് കമല്‍ ഹാസന്‍ രംഗത്ത് വന്നത്; വ്യാജ സീഡി നിര്‍മാണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നും ഇതിന്റെ ലാഭവിഹിതം മുഴുവനും ഭീകരവാദത്തിന് വേണ്ടി ഒഴുക്കുകയാണെന്നും. ഏറ്റവും കൂടുതല്‍ റെയ്ഡ് നടത്തപ്പെട്ട ബര്‍മ ബസാറില്‍ കച്ചവടക്കാരധികവും മുസ്‌ലിംകളായതു തികച്ചും യാദൃഛികം. അങ്ങനെ തീവ്രവാദത്തെയും ഭീകരവാദത്തെയും ഇല്ലാക്കഥകള്‍ കൊണ്ട് നോവിക്കാനും താരം ശ്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സംവിധാനത്തിന് നേരെ കൊഞ്ഞനം കുത്താനും കമല്‍ ഹാസന്‍ തീവ്രവാദത്തെയാണ് സമര്‍ഥമായി ഉപയോഗിച്ചത്.
മുല്ലാ ഉമര്‍ രണ്ടുതവണ നമ്മുടെ ഇന്ത്യയില്‍, തമിഴ്‌നാട്ടില്‍ വന്ന് തിരിച്ച് പോയി എന്നത് കഥക്കുവേണ്ടി മാത്രമാണെങ്കില്‍ ആശ്വസിക്കാം. മുസ്‌ലിംകള്‍ തിങ്ങി പാര്‍ക്കുന്ന കോയമ്പത്തൂരും ചെന്നൈയുമാണ് മുല്ല ഉമര്‍ തെരഞ്ഞെടുത്തതെന്നറിയുമ്പോള്‍ ഭാവനക്ക് ചിറകു മുളച്ചതാണോ ചിന്തക്ക് പക്ഷാഘാതം പിടിപെട്ടതാണോ എന്ന് രണ്ടുവട്ടം ആലോചിക്കേണ്ടിയിരിക്കുന്നു.
തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനകളുടെ ഐക്യപ്പെടലും ഇടപെടലും തികച്ചും മാതൃകാപരമെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. വികാര പ്രകടങ്ങള്‍ക്കപ്പുറം ഒരു കൂട്ടായ്മ രൂപീകരിച്ച് ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കുകയും സംസ്ഥാന മുഖ്യമന്ത്രിയെ നേരില്‍ ചെന്നുകണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും കൃത്യമായ ഫലം കൊയ്യുകയും ചെയ്തു. സിനിമയില്‍ ഇത്രയധികം പ്രവൃത്തിപരിചയമുള്ള, 60 ലെത്തി നില്‍ക്കുന്ന കമല്‍ ഹാസന്‍ 100 കോടി മുടക്കി സിനിമ നിര്‍മിക്കുമ്പോള്‍ പലവട്ടം ആലോചിക്കേണ്ടതായിരുന്നു എന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കേവലം രാഷ്ട്രീയം എന്ന് ചുരുക്കി കാണാനാവില്ല.
പ്രസക്തമായ മറ്റൊരു ചേദ്യം ഇതാണ്, അബ്ദുല്‍ അസീസ് പറഞ്ഞതുപോലെ ഇതു ഒരു പുതിയ കഥയേ അല്ല. കണ്ടു പരിചയിച്ച ഈ കാഴ്ച കൂട്ടുകളോട് എന്തിനാണ് നാം കെറുവിക്കുന്നത്. ഉത്തരം ഇതാണ്; ദല്‍ഹിയിലെ കൂട്ടമാനഭംഗം ന്യായമായും ഒന്നാമത്തേതല്ല. കണ്ടും കേട്ടും അങ്ങനെ എത്രയെത്ര മാനഭംഗങ്ങള്‍ നിര്‍ലജ്ജം കടന്നുപോയി. പക്ഷേ എന്തേ ദല്‍ഹി മാനഭംഗത്തിന് മാത്രം ഇത്ര പ്രതിഷേധം? മനുഷ്യമനസ്സിന്റെ ഉള്ളിലവശേഷിക്കുന്ന പ്രതികരണബോധത്തിന്റെ ഒരിറ്റു നനവാണത്.

കാസിം ഉസ്മാന്‍ പുതുനഗരം 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍