വാര്‍ഷികാഘോഷങ്ങളിലും വേണം ഒരു മുല്ലപ്പൂ വിപ്ലവം
കലാലയ വാര്‍ഷികങ്ങളുടെ ഒരു സീസണിലൂടെയാണ് കഴിഞ്ഞ ദിവസങ്ങള്‍ കടന്നുപോയത്. ഈ സന്ദര്‍ഭത്തില്‍ നിലവിലെ ആഘോഷ പരിപാടികളുടെ അവസ്ഥയെക്കുറിച്ച് അല്‍പം പുനര്‍വിചിന്തനം അനിവാര്യമാണെന്ന് തോന്നുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാര്‍ഷികാഘോഷം എന്ന് പറയുമ്പോള്‍ അത് ആ നാടിന്റെ സാംസ്‌കാരിക ഉച്ചകോടിയാണ്. മുന്‍ കാലങ്ങളിലൊക്കെ അത് അങ്ങനെ തന്നെയായിരുന്നു. ഒരു പ്രദേശത്തിന്റെ സംസ്‌കാരം എന്ത് എന്നറിയാന്‍ ആ പ്രദേശത്തുള്ള ഒരു കലാലയ വാര്‍ഷികം വീക്ഷിച്ചാല്‍ മതിയായിരുന്നു. എന്നാല്‍, ഇന്ന് ഇതര സംസ്‌കാരങ്ങള്‍ ഇറക്കുമതി ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള വേദിയായി വാര്‍ഷികാഘോഷങ്ങള്‍ മാറിയിരിക്കുന്നു. സംഗീതോപകരണങ്ങളുടെ മികവോ സാങ്കേതികവിദ്യയുടെ തികവോ പണക്കൊഴുപ്പിന്റെ മേളമോ അവകാശപ്പെടാനില്ലാത്തവയായിരുന്നു പഴയകാല വാര്‍ഷികാഘോഷങ്ങള്‍. എന്നാലിന്ന് ഇവയെല്ലാം വേണ്ടതിലധികമുണ്ടെങ്കിലും അനിവാര്യമായും ഉണ്ടാവേണ്ട സര്‍ഗാത്മകതയും അതിനോട് ചേര്‍ന്നുനിന്ന സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനുതകുന്ന സന്ദേശങ്ങളും കൈമോശം വന്നിരിക്കുന്നു. കുട്ടികളുടെ കലാവാസനയോ സര്‍ഗസിദ്ധിയോ പ്രകടിപ്പിക്കുക എന്നതിന് പകരം, അശ്ലീല ചുവയുള്ളതും പ്രണയം മാത്രം പ്രമേയമാക്കിയിട്ടുള്ളതുമായ സിനിമാ ഗാനങ്ങളുടെ അകമ്പടിയോടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തൊട്ടുരുമ്മിയും കൈകോര്‍ത്തും കെട്ടിപ്പിടിച്ചും ആടിത്തിമര്‍ത്ത് ഒരു രാത്രി കഴിച്ചുകൂട്ടുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
സദസ്സിനെ ഇളക്കി മറിക്കാന്‍ ഇതിലൂടെ മാത്രമേ കഴിയൂ എന്നാണ് പലരും പറയുന്നത്. ശരിയായിരിക്കാം. പക്ഷേ, ഒരു വിദ്യാഭ്യാസ സ്ഥാപനം മുന്നോട്ടുവെക്കുന്ന ലക്ഷ്യത്തിന് കടകവിരുദ്ധമായ കാര്യങ്ങള്‍ ഏതൊന്നിന്റെ പേരിലായാലും അനുവദിച്ചുകൂടാത്തതാണ്. സാമൂഹിക തിന്മകളെ എതിര്‍ക്കുക, നന്മയിലേക്ക് സമൂഹത്തെ തിരിച്ചുവിളിക്കുക തുടങ്ങിയ മഹിതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാധ്യമമാണ് കല. അനുവാചകരുടെ ഹൃദയങ്ങളിലേക്ക് അതിര്‍വരമ്പുകളില്ലാതെ കടന്നുചെല്ലാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ഒരു കലാസൃഷ്ടിയിലൂടെ എളുപ്പത്തില്‍ സാധിക്കും. അത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയവരായിരുന്നു യു.കെ അബൂ സഹ്‌ലയെ പോലുള്ള പ്രതിഭകള്‍.
ചില സ്‌കൂള്‍ വാര്‍ഷികങ്ങള്‍ കണ്ടാല്‍ പഴയ ഫ്യൂഡല്‍ മുതലാളിമാരുടെ മാനസിക നിലവാരത്തില്‍നിന്ന് എന്ത് മാറ്റമാണ് നമുക്കുള്ളത് എന്ന് തോന്നിപ്പോവും. കൊച്ചു കുട്ടികളെ അര്‍ധനഗ്നരായി അണിയിച്ചൊരുക്കി, അശ്ലീലത കുത്തിനിറച്ച ഗാനങ്ങള്‍ക്ക് ചുവടുവെപ്പിക്കുമ്പോള്‍ പല അധ്യാപകര്‍ക്കും പറയാനുള്ള ന്യായം അവര്‍ ചെറിയ കുട്ടികളല്ലേ, അവര്‍ക്കതിന്റെ അര്‍ഥമൊന്നും മനസ്സിലാവില്ല എന്നാണ്. ഇങ്ങനെ അര്‍ഥവും അനര്‍ഥവും എന്തെന്നറിയാതെ ദിവസങ്ങളോളം പരിശീലിക്കപ്പെട്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജോഡികളായി വേദിയില്‍ നൃത്തം വെക്കുമ്പോള്‍ അതേ യുവതലമുറ ജീവിതത്തില്‍ ചുവട് പിഴച്ചുപോകുന്നതില്‍ അവരെ മാത്രം കുറ്റം പറയാന്‍ നമുക്ക് സാധിക്കുമോ? ഈയാം പാറ്റകള്‍ തീയിലേക്ക് വേഗത്തില്‍ അടുപ്പിക്കപ്പെടുന്നത് പോലെ ഇളം പ്രായക്കാരെ ഇത്തരം പരിപാടികളിലൂടെ കുത്തിനിറക്കപ്പെടുന്ന സംസ്‌കാരം പെട്ടെന്ന് സ്വാധീനിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. പൈതൃകങ്ങള്‍ വഴിമാറിപ്പോയ ഈ രംഗത്ത് കുട്ടികള്‍ക്കും ഇതുപോലുള്ള പരിപാടികള്‍ അവതരിപ്പിക്കാനാണ് താല്‍പര്യം. കൂടുതല്‍ കഴിവ് പ്രകടിപ്പിക്കേണ്ടുന്ന, കാണികള്‍ക്കും അവര്‍ക്ക് തന്നെയും എന്തെങ്കിലും സന്ദേശങ്ങള്‍ നല്‍കാനുതകുന്ന പരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കാന്‍ കുട്ടികളെ കണ്ടെത്താന്‍ നന്നായി പണിയെടുക്കേണ്ടിവരുന്നു.
പ്രസ്ഥാന പ്രവര്‍ത്തകര്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളില്‍ സ്ഥിതി ഇത്രത്തോളം മോശമല്ല. എങ്കിലും ആ ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നത് അടിയന്തര ശ്രദ്ധ അനിവാര്യമാക്കുന്നു. മാപ്പിള കലാരൂപങ്ങളുടെ പേരില്‍ അരങ്ങേറുന്നവ എല്ലാം തന്നെ മഹിതമായ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നമ്മുടെ വേദികള്‍ക്ക് യോജിച്ചവയല്ല. മണവാട്ടിയുടെ നെഞ്ചും മൊഞ്ചും വര്‍ണിച്ച്, ഒരു കൊട്ട പൊന്ന് ധരിച്ച സുന്ദരിയായിയെ തന്നെ വേദിയില്‍ അണിയിച്ചിരുത്തി അരങ്ങേറുന്ന ഒപ്പനകള്‍ വിവാഹത്തെക്കുറിച്ച് വികലമായ സങ്കല്‍പങ്ങളാണ് യുവതീ യുവാക്കളില്‍ സൃഷ്ടിക്കുന്നത്. എല്ലാ വധൂവരന്മാരും ബദറുല്‍ മുനീറിനെയോ ഹുസ്‌നുല്‍ ജമാലിനെയോ പോലെയാവണമെന്ന് തോന്നും ചില ഒപ്പനകള്‍ കണ്ടാല്‍. അശ്ലീലച്ചുവയുള്ള ഈരടികള്‍ സഭ്യതയുടെ സീമ ലംഘിക്കുന്നു. എന്നു മാത്രമല്ല, പല അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതില്‍ അവ കാര്യമായ പങ്ക് വഹിക്കുന്നു. അപ്പത്തരങ്ങളും അറച്ചമയങ്ങളും വര്‍ണിക്കുന്നത് കേട്ടാല്‍ ഇതെല്ലാം മുസ്‌ലിം വിവാഹത്തിന് ഒഴിച്ചുകൂടാത്തവയാണ് എന്ന തോന്നലാണ് ഉണ്ടാവുക.
മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ ഇപ്പോള്‍ എന്തും പാടാം എന്നായിട്ടുണ്ട്. ചില അറബി പദങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റുന്നതോടെ സംഗതി കുശാല്‍. ഖുര്‍ആന്‍ വളരെ മാന്യമായി കൈകാര്യം ചെയ്ത, യൂസുഫ് നബിയും ഈജിപ്തിലെ പ്രഭു കുടുംബത്തിലെ വനിതയും തമ്മിലുള്ള സംഭവം വളരെ വികലമായാണ് പല ഗാനങ്ങളിലും അവതരിപ്പിക്കപ്പെടുന്നത്. മറ്റു പല ചരിത്ര സംഭവങ്ങളും ഇതുപോലെ വളച്ചൊടിച്ച് ചിത്രീകരിക്കുന്നുണ്ട്. മാതൃകാ മഹതികളായ ഖദീജ, ആഇശ, ഹാജറ, ആസിയ, മര്‍യം തുടങ്ങിയവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന പിന്നണി ഗാനങ്ങള്‍ക്ക് അവര്‍ പ്രതിനിധാനം ചെയ്ത സംസ്‌കാരവുമായി പുലബന്ധം പോലുമില്ലാത്ത വേഷത്തിലാണ് പെണ്‍കുട്ടികള്‍ വേദിയില്‍ നൃത്തമാടുന്നത്. കാണികള്‍ ഇങ്ങനെയൊക്കെയാണ് ആവശ്യപ്പെടുന്നത്, ഇങ്ങനെയൊന്നുമല്ലെങ്കില്‍ ആസ്വദിക്കാന്‍ ആളെ കിട്ടില്ല എന്നൊക്കെയാണ് പലരും വാദിക്കുന്നത്. തെറ്റായ സമീപന രീതിയാണിത്. കൊടുക്കേണ്ടത് കൊടുക്കേണ്ട രീതിയില്‍ കൊടുത്താല്‍ ഇന്നും ജനം തള്ളിക്കളയില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കിടയില്‍ തന്നെയുണ്ട്.
അല്ലെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ധര്‍മം ആളുകള്‍ ആവശ്യപ്പെടുന്നത് കൊടുക്കലല്ല, മറിച്ച് അവര്‍ക്ക് ആവശ്യമുള്ളത് കൊടുക്കലാണ്. ഒരു സമൂഹം ഒന്നടങ്കം ധാര്‍മികാധഃപതനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവരെ എളുപ്പത്തില്‍ തിരിച്ചുവിളിക്കാന്‍, അവരുടെ ഹൃദയങ്ങളില്‍ പെട്ടെന്ന് മറ്റൊരു ചിന്ത ഇട്ടുകൊടുക്കാന്‍ കലാ പരിപാടികളിലൂടെ സാധിക്കും എന്നതില്‍ തര്‍ക്കമില്ല. നീണ്ടപ്രസംഗങ്ങള്‍ക്കോ ലേഖനങ്ങള്‍ക്കോ അത് അത്ര എളുപ്പത്തില്‍ കഴിഞ്ഞു എന്നു വരില്ല.
നല്ല ഹോം വര്‍ക്കും സ്ഥാപനാധികാരികളുടെ ശക്തമായ ഇടപെടലും നിലവിലുളള സിനിമാറ്റിക് ഡാന്‍സുകള്‍ക്ക് പകരം നല്ല ബദലുകളും ഉണ്ടായാല്‍ ഈ രംഗത്ത് ഒരു മുല്ലപ്പൂ വിപ്ലവം സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. പ്രവാചകന്‍ തിരുമേനി തന്നെയാണ് ഇവിടെ നമുക്ക് മാതൃക. ജാഹിലിയ്യാ കാലഘട്ടത്തില്‍ നിലനിന്നിരുന്ന പല മൂല്യച്യുതികള്‍ക്കുമെതിരില്‍ പ്രവാചകന്‍ സ്വീകരിച്ച ശൈലി 'ഇതിനേക്കാള്‍ നല്ലത് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ...' എന്ന് ചോദിച്ചുകൊണ്ട് നല്ല ബദലുകള്‍ നല്‍കുക എന്നതായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെയും, ആ കാലഘട്ടത്തില്‍ പടച്ചുവിടപ്പെട്ടുകൊണ്ടിരുന്ന അശ്ലീലവും അനാശാസ്യവുമായ കവിതകള്‍ക്കെതിരില്‍ ശക്തമായ ഒരു ബദലായിരുന്നു.
Comments