Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

ഡി. വിനയചന്ദ്രന്‍ നാട്ടുവഴക്കങ്ങളുടെ കവി

പി.എ.എം ഹനീഫ്

'എന്തു നീ നേടീ ചോദിക്കുന്നൂ നക്ഷത്രങ്ങള്‍
എല്ലാം കൊടുത്തു ഞാന്‍ നേടീ കണ്ണുനീര്‍ത്തുള്ളി'
അന്തരിച്ച കവി ഡി. വിനയചന്ദ്രന്റെ ഇഷ്ടവരികള്‍. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ 'വിളിക്കൊണ്ട' കവിതകള്‍ സമ്പാദിച്ച് 'കര്‍പ്പൂരമഴ' എന്ന തലക്കെട്ടില്‍ പ്രസാധനം ചെയ്യാന്‍ ഡി.സി കിഴക്കേമുറിയെ ഏല്‍പിക്കുമ്പോള്‍ വിനയചന്ദ്രന്‍ ആവശ്യപ്പെട്ടതിപ്രകാരം.
''ഇതിന്റെ റോയല്‍റ്റി കാശായിട്ടു വേണ്ട. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ മലയാളം ഗവേഷണ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കുഞ്ഞിരാമന്‍ നായര്‍ നടന്നുതീര്‍ത്ത വഴികളിലൂടെ നടക്കാന്‍ ചെലവാക്കിയാല്‍ മതി.'' അന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ 'സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്' മലയാളം വിഭാഗം തലവനായിരിക്കെ ഏറ്റെടുത്ത പ്രോജക്ടുകളില്‍ ഒന്നായിരുന്നു 'കര്‍പ്പൂര മഴ'യുടേത്.
ഇത് വിനയചന്ദ്രന്റെ സ്വഭാവങ്ങളുടെ മൊത്തം പ്രതിഫലനം കൂടിയാകുന്നു. വിനയചന്ദ്രന്‍ എന്നും 'സഞ്ചാരി' ആയിരുന്നു. വിഭവങ്ങളൊരുക്കാത്ത 'പാഥേയ'ങ്ങളുമായി വഴിനടന്ന ഒരാള്‍. മലയാള കവിതയില്‍ ഉള്ളൂര്‍-വള്ളത്തോള്‍ കാലഘട്ടത്തിനു ശേഷം കവിതയെ ചൊല്‍ക്കാഴ്ചകളിലൂടെ, ആസ്വാദക മനസ്സിലേക്ക് അക്ഷരക്കൂട്ടുകളെ വിത്തുകളാക്കി എറിഞ്ഞ ഒരാള്‍. സ്ഥിരം സത്രങ്ങള്‍ വിനയനുണ്ടായിരുന്നില്ല. ഒരു കാലം സഞ്ചാരി ആയിരുന്ന എന്നിലേക്ക് വിനയചന്ദ്രന്‍ കടന്നുവന്നതും ഒരു തോള്‍ സഞ്ചിയുമായി ഏറെ നാള്‍ എന്റെ താല്‍ക്കാലിക വാസസ്ഥാനങ്ങളില്‍ തമ്പടിച്ചതും കവിതകളുടെ 'മഹാ പ്രവാഹം' ഉണ്ടായതും നല്ല ഓര്‍മ.
കവിത ഏതു പ്രായത്തിലുണ്ടായി എന്നൊരു ചോദ്യം വിനയചന്ദ്രനോട് ചോദിച്ചാല്‍ പെട്ടെന്നുത്തരം വരും: 'അമ്മയുടെ ഗര്‍ഭാശയത്തില്‍ കിടന്നുതന്നെ ഞാന്‍ കവിത ആലപിച്ചിരിക്കാം.'
കല്ലടയാറ്, കരിമ്പുകള്‍ പൂക്കുന്ന മീനം-മേട മാസങ്ങള്‍, പൂത്ത കരിമ്പന്‍ തണ്ടുകള്‍ കല്ലടയാറ്റിലെ ഒഴുക്കിനൊപ്പം പതഞ്ഞുയരുന്നത്, രാമായണ-മഹാഭാരതാദികള്‍...
മലയാള കവിതയില്‍ സുഗത-വിഷ്ണുനാരായണന്‍ പ്രതാപ കാലത്തിന്നിപ്പുറം കടമ്മനിട്ടയും ചുള്ളിക്കാടും ഉയര്‍ത്തിയ 'ചൊല്‍ക്കാഴ്ചകളിലും കാവ്യ സന്ധ്യകളിലും വിനയചന്ദ്രന്റെ കാവ്യാവിഷ്‌കാരങ്ങള്‍ ഒറ്റപ്പെട്ടുനിന്നു.
അമ്മേ, പിന്‍വിളി വിളിക്കാതെ
മുടിനാരു കൊണ്ടെന്റെ കഴലു കെട്ടാതെ...
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'മാപ്പു സാക്ഷി'യിലെ ഈ ഉജ്ജ്വല വരികളുള്‍ക്കൊള്ളുന്ന കവിത വിനയചന്ദ്രന്റെ 'യാത്രാപ്പാട്ടി'ല്‍ നിന്നുരുത്തിരിഞ്ഞതാണ്. ഏറെക്കാലം വിനയന്‍ ഇതൊരു ബഹുമതിയായി കഴുത്തിലണിഞ്ഞിരുന്നത് നേരില്‍ കണ്ടയാളാണ് ഞാന്‍.
തൃശൂര്‍ കേരള വര്‍മ കോളേജില്‍ '80-കളുടെ അവസാനം ഒരു കാമ്പസ് തിയേറ്റര്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ഞങ്ങളുടെ ബന്ധം 2012 മാര്‍ച്ചില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 'തനിമ'യുടെ കഥാ-നോവല്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങിന്റന്നോളം നീണ്ടുനിന്നു. ഫോണിലൂടെ നിരന്തരം സംസാരിച്ചു എങ്കിലും അവസാന സംഗമം അതായിരുന്നു. 'തനിമ'യുടെ സമീപകാലത്തെ മിക്ക ചടങ്ങുകളിലും വിനയചന്ദ്രന്‍ ആദ്യാവസാനക്കാരനായിരുന്നു. തലസ്ഥാന നഗരിയില്‍ 'കമലാ സുറയ്യ' അനുസ്മരണ വേദിയില്‍ 'തനിമ'ക്ക് വേണ്ടി വിനയചന്ദ്രന്‍ അനുഷ്ഠിച്ച പ്രഭാഷണം കമലാ സുറയ്യ എന്ന മണ്‍മറഞ്ഞ എഴുത്തുകാരിക്കുള്ള മഹത്തായ സ്മാരകം എന്ന നിലക്ക്, ആ പ്രഭാഷണം അതേപടി പ്രസിദ്ധീകരിക്കാന്‍ 'തനിമ' സൂക്ഷിച്ചിട്ടുണ്ട്. തൊപ്പി ഈ കവിക്കൊരു ചിഹ്നമായിരുന്നു. ആധുനികര്‍ തല മറക്കുന്ന പാശ്ചാത്യ തൊപ്പികളോടായിരുന്നില്ല വിനയചന്ദ്രന് ഹരം. ഒന്നുകില്‍ തെക്കന്‍ തിരുവിതാംകൂറിലെ റാവുത്തന്മാരുടെ കസവു കരയുള്ള തലേക്കെട്ട്, അല്ലെങ്കില്‍ തളങ്കരയിലെ മുസ്‌ലിം സമൂഹം നിര്‍മിക്കുന്ന മാപ്പിള തൊപ്പി. വിനയചന്ദ്രന്‍ ചില നേരം വാചാലനാകും:
'ഈ തൊപ്പിയിലൂടെ ഞാന്‍ അണിയുന്നത് സത്യസന്ധത കൂടിയാണ്.'
പത്തനംതിട്ടയിലൊരു 'തപസ്യ'പരിപാടിയില്‍ പങ്കെടുക്കവെ 'തൊപ്പി'യുടെ വിശ്വാസ്യതകള്‍ ഉയര്‍ത്തി തല്‍ക്ഷണം ഒരു കവിത കെട്ടി പാടിയത് അക്കാലം വാര്‍ത്തകളിലുണ്ടായിരുന്നു.
കടമ്മനിട്ട രാമകൃഷ്ണന്‍, കെ.എസ് രാമകൃഷ്ണന്‍ എന്നിവരൊക്കെ പരസ്പരം 'കൊച്ചാട്ടാ' എന്നാണ് ബഹുമാനിച്ചു വിളിച്ചിരുന്നത്. 'ഹനീഫാ...' എന്ന് നിഷ്‌കളങ്കമായി വിനയചന്ദ്രന്‍ വിളിക്കുമ്പോള്‍ ഞാന്‍ തിരിച്ചുവിളിക്കുമായിരുന്നു 'കൊച്ചാട്ടാ...'
മലയാളകവിതയില്‍ നാട്ടുവഴക്കങ്ങളുടെ കറുത്ത ദൃഢതകള്‍ ഉറപ്പിച്ച നല്ലൊരു പഴമ്പുരാണക്കാരന്‍ കൂടി വിടപറഞ്ഞു. 'തനിമ'ക്ക് ഉറ്റ ബന്ധുവും. എനിക്ക് നല്ലൊരു കൊച്ചാട്ടനും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍