Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

മുസ്‌ലിം ലീഗ് പച്ച തൊടുമ്പോള്‍

ടി. മുഹമ്മദ് വേളം

മുസ്‌ലിം ലീഗ് പണ്ടേ ഒരു പച്ച പാര്‍ട്ടിയാണ്. പച്ചക്കൊടിയില്‍ നക്ഷത്രാങ്കിത ചന്ദ്രക്കലയാണ് ലീഗിന്റെ പ്രതീക പ്രതിനിധാനം. പക്ഷേ ആ പച്ചക്ക് ബന്ധം ജൈവ വ്യവസ്ഥയോടല്ല. ലോകത്തിപ്പോള്‍ ഉയര്‍ന്നുവരുന്ന ഹരിത രാഷ്ട്രീയത്തോടുമല്ല. പക്ഷേ, ലീഗിപ്പോള്‍ യഥാര്‍ഥത്തില്‍ പച്ച രാഷ്ട്രീയം കൈയേല്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെടേണ്ട പ്രകൃതി' എന്ന വാക്യത്തിനു കീഴില്‍ മുസ്‌ലിം ലീഗ് ഒരു പരിസ്ഥിതി നയം രൂപവത്കരിക്കുകയാണെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ''പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിന് പാര്‍ട്ടിയുടെ മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കുമെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് നിര്‍ബന്ധ ബാധ്യതയാണെന്ന ബോധം അണികളില്‍ വളര്‍ത്തണമെന്നും തങ്ങള്‍ പറഞ്ഞു.''
''പരിസ്ഥിതി നയത്തിന്റെ ഭാഗമായി വായു മലിനീകരണം ഒഴിവാക്കി ശുദ്ധ വായുവിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ശ്രമിക്കും. ജലം, മണ്ണ് എന്നിവ സംരക്ഷിക്കും. നീര്‍ത്തടങ്ങളുടെ സംരക്ഷണവും പരിപോഷണവും പ്രധാന പദ്ധതികളായി ഏറ്റെടുക്കാന്‍ പഞ്ചായത്തുകളോട് നിര്‍ദേശിക്കും. ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കും. 'നാട്ടുപച്ച' എന്ന പേരില്‍ അയല്‍കൂട്ടങ്ങള്‍ രൂപീകരിച്ച് അടുക്കളത്തോട്ടങ്ങള്‍ ഔഷധോദ്യാനങ്ങള്‍ എന്നിവ നടപ്പിലാക്കും. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വ്യാപകമായി മരങ്ങള്‍ വെച്ചുപിടിപ്പിക്കും. നദികളുടെ സംരക്ഷണത്തിന് സമിതികള്‍ രൂപീകരിക്കും. നെല്‍കൃഷിയുടെ വ്യാപനത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. തരിശു നിലങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരുടെ പാനല്‍ തയാറാക്കും'' (ചന്ദ്രിക ദിനപത്രം, 2013 ജനുവരി 31).
കേരളത്തിലെ പാരിസ്ഥിതിക വിവേകമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ പലപ്പോഴും മുസ്‌ലിം ലീഗുമായി മുഖാമുഖം നില്‍ക്കേണ്ടി വന്നിട്ടുണ്ട്. എക്‌സ്പ്രസ് ഹൈവേയില്‍ അന്ന് ലീഗിന്റെ പൊതുമരാമത്ത് മന്ത്രി എം.കെ മുനീറുമായിട്ടായിരുന്നെങ്കില്‍ കരിമണല്‍ ഖനനമുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അത് മന്ത്രി കുഞ്ഞാലിക്കുട്ടിയുമായിട്ടായിരുന്നു. എക്‌സ്പ്രസ് ഹൈവേ കാലത്ത് സോളിഡാരിറ്റി പോലുള്ള പ്രസ്ഥാനങ്ങളുമായി യൂത്ത് ലീഗ് ഖുര്‍ആന്‍ വചനങ്ങള്‍ വരെ ഉദ്ധരിച്ച് തര്‍ക്കത്തിനു വന്നിരുന്നു. പിന്നീട് ലീഗില്‍ നിന്ന് പുറത്തുപോയ കെ.ടി ജലീല്‍, പുറത്താക്കപ്പെടുമെന്ന ഘട്ടത്തില്‍ ചില പാരിസ്ഥിതിക വിഷയങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തും ഉന്നയിച്ചിരുന്നു. അന്ന് 'ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്, അതും ലീഗും തമ്മിലെന്താണ് ബന്ധമെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല' എന്ന് കുഞ്ഞാലിക്കുട്ടി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായി ചില പത്രങ്ങളില്‍ വായിച്ചിരുന്നു.
അങ്ങനെയൊക്കെയാണെങ്കിലും ഒരു പാരിസ്ഥിതിക സമ്മര്‍ദം കുറച്ചുകാലമായി ലീഗ് അനുഭവിക്കുന്നുണ്ട്. അതിന്റെ ചില വീണ്ടുവിചാര ബഹിര്‍സ്ഫുരണങ്ങളും ലീഗിനകത്തുനിന്ന് ഉയര്‍ന്നുകേട്ടിരുന്നു. പുകക്കുഴല്‍ വ്യവസായം കേരളത്തിന് അനുയോജ്യമല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയും എക്‌സ്പ്രസ് ഹൈവേ ഉണ്ടാക്കാനുള്ള നീക്കം തെറ്റായിരുന്നുവെന്ന മന്ത്രി മുനീറിന്റെ ഏറ്റുപറച്ചിലും ഉദാഹരണങ്ങളായിരുന്നു. പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാഭായി ഉദ്ഘാടനം ചെയ്ത പരിസ്ഥിതി സെമിനാര്‍ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഒരു പാര്‍ട്ടിയെന്ന നിലക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും അനുഭവിക്കാത്ത സമ്മര്‍ദം ഇക്കാര്യത്തില്‍ ലീഗ് അനുഭവിക്കുന്നതെന്തുകൊണ്ട് എന്ന അന്വേഷണം പ്രസക്തമാണ്.
ഇസ്‌ലാമിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ പല തരത്തില്‍ ഇന്ന് സജീവമാണ്. മരം നടാനുള്ള ശ്രമങ്ങള്‍ കേരളത്തിലെ ഒരു പ്രബല മത സംഘടനയെ പിളര്‍ത്തിക്കളയാന്‍ മാത്രം മരം എന്ന ആശയത്തിന് കേരളത്തിലെ മുസ്‌ലിം മതാന്തരീക്ഷത്തില്‍ സ്വാധീന ശക്തിയുണ്ട്. ആദ്യകാല സിമിയും എസ്.ഐ.ഒവും അവിഭക്ത ഐ.എസ്.എമ്മും പിന്നീട് ഐ.എസ്.എമ്മിന്റെ ഔദ്യോഗിക ഗ്രൂപ്പുമെല്ലാം ഇസ്‌ലാമിന്റെ പാരിസ്ഥിതിക മൂല്യങ്ങളെ സമകാലികവത്കരിക്കുന്നതില്‍ അവരുടേതായ രീതിയില്‍ പങ്കുവഹിച്ചിട്ടുണ്ട്. മുതലാളിത്തം പിടിമുറുക്കിക്കൊണ്ടിരുന്ന '80-കള്‍ മുതല്‍ തന്നെ രാഷ്ട്രീയ കാഴ്ചപ്പാടോടെയും അല്ലാതെയുമെല്ലാം പരിസ്ഥിതി പ്രശ്‌നങ്ങള്‍ മുസ്‌ലിം സമൂഹം ഉയര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ സാമ്രാജ്യത്വ വിരുദ്ധതയും പീഡിത മൂന്നാം ലോകത്തിനൊപ്പം നില്‍ക്കാനുളള മുന്‍കൈകളും ഭരണകൂട ഭീകരതക്കെതിരായ ജനാധിപത്യ പ്രതിരോധങ്ങളുമെല്ലാം ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. പുതിയ നൂറ്റാണ്ടിലേക്ക് എത്തുമ്പോഴേക്ക് ഈ രാഷ്ട്രീയ ബോധം കക്ഷിരാഷ്ട്രീയ ശക്തിയായി മാറിയില്ലെങ്കിലും പൊതുജന ബോധമായി വികസിച്ചുവരുന്നുണ്ട്. മുസ്‌ലിം പത്രമാധ്യമങ്ങള്‍ മുതല്‍ പള്ളി മിമ്പറുകള്‍ വരെ ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇസ്‌ലാമിന്റെ പാരിസ്ഥിതിക മൂല്യങ്ങളെ കുറെക്കൂടി രാഷ്ട്രീയമായി പ്രയോഗിക്കുകയാണ് പത്ത്‌വര്‍ഷം പിന്നിട്ട സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് ചെയ്തത്. രാഷ്ട്രീയക്കാരുടെയും കോര്‍പ്പറേറ്റുകളുടെയും ജനവിരുദ്ധ ലാഭമാത്ര നയങ്ങള്‍ക്കെതിരെ ഇരകളായ ജനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങളെ പിന്തുണച്ചും ഭരണകൂടങ്ങള്‍ക്കും അതിന്റെ തന്നെ ഭാഗമായ പ്രതിപക്ഷത്തിനുമെതിരെ ഇത്തരം വിഷയങ്ങളില്‍ ബഹുജനാഭിപ്രായം സ്വരൂപിച്ചും യഥാര്‍ഥ പ്രതിപക്ഷത്തിന്റെ ദൗത്യം നിര്‍വഹിക്കുകയായിരുന്നു സോളിഡാരിറ്റി. ഇതിന്റെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചത് മുസ്‌ലിം ലീഗാണ്. അന്തര്‍ദേശീയവും ദേശീയവുമായ സാമൂഹിക രാഷ്ട്രീയ സാക്ഷരത കൂടുതലുള്ള ഒരു സമുദായത്തെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതരാവുന്ന ഒരു പാര്‍ട്ടി എന്ന നിലക്ക് ഇത് സ്വാഭാവികമാണ്.
സോളിഡാരിറ്റി കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നേടിയ സാമൂഹിക സ്വാധീനത്തിന്റെ നല്ല ദൃഷ്ടാന്തമാണ് മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പരിസ്ഥിതി പരിപാടി. സോളിഡാരിറ്റിയുടെ സേവന പരിപാടികള്‍ക്കും നേരത്തെ ലീഗ് ആവിഷ്‌കാരങ്ങള്‍ ഉണ്ടായി വന്നിരുന്നു. ഈയിടെ സോളിഡാരിറ്റിയുടെ ഒരു ജനകീയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ലീഗ് എം.എല്‍.എയെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം സംഘാടകരോട് പറഞ്ഞത്, പരിസ്ഥിതി പ്രവര്‍ത്തനങ്ങളും സേവന പരിപാടികളും ഇനി ഞങ്ങള്‍ തന്നെ ഏറ്റെടുക്കാന്‍ പോവുകയാണ്, ഇതൊക്കെ ഞങ്ങളുടെ ചെറുപ്പക്കാര്‍ക്കും സാധിക്കും എന്നായിരുന്നു.
കേരളത്തിലെ ഒരു പ്രബല രാഷ്ട്രീയ പാര്‍ട്ടി പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് എന്തൊക്കെ പറഞ്ഞാലും ഹരിതപ്രതീക്ഷകള്‍ നല്‍കുന്നതാണ്. വ്യവസായ വകുപ്പും പൊതുമരാമത്ത് വകുപ്പും ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറുകളില്‍ കുറേകാലമായി കൈകാര്യം ചെയ്തു പോരുന്ന ഒരു പാര്‍ട്ടി എന്ന നിലക്കും മുസ്‌ലിം സമുദായത്തില്‍ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലക്കും ഈ ഏറ്റെടുക്കലിന് ധാരാളം മാനങ്ങളുണ്ട്. കോഴിക്കോട്ടെ പ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ കുറെയെങ്കിലും നടപ്പിലാക്കാന്‍ പാര്‍ട്ടിയും അതിന്റെ ഭരണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധമായാല്‍ കേരളത്തിന്റെ സുസ്ഥിര വികസനത്തില്‍ അത് വലിയ പങ്കുവഹിക്കും.
ലീഗ് പാരിസ്ഥിതിക നയത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം പരിസ്ഥിതി പ്രശ്‌നത്തെ അതൊരു രാഷ്ട്രീയ പ്രശ്‌നമായല്ല കാണുന്നത് എന്നതാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ കാണുന്ന പോലെത്തന്നെയാണ് ലീഗ് പാരിസ്ഥിതിക പ്രശ്‌നങ്ങളെയും നോക്കിക്കാണുന്നത്. പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പരിസ്ഥിതി സെമിനാറില്‍ നടത്തിയ പ്രസംഗം ഇതിന്റെ നഗ്നസമ്മതമായിരുന്നു. 'മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുണ്യദിനമാണിതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പരിസ്ഥിതി പഠനത്തിനും സംരക്ഷണത്തിനും പുനര്‍ നിര്‍വചനം വന്നിരിക്കുകയാണ്. ഇത് ലീഗിനെ സംബന്ധിച്ചേടത്തോളം പുതിയ സംഭവമല്ല. ഒരു കൊല്ലമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. ലീഗ് രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനങ്ങള്‍ എന്നും നടത്തിയിട്ടുണ്ട്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഉദാഹരണങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും ഇതേ മുന്നേറ്റം ഉണ്ടാവും' (ചന്ദ്രിക, 2013 ജനുവരി 31).
സമകാലിക ലോകത്തും വമ്പിച്ച രാഷ്ട്രീയ ദൗത്യങ്ങളുള്ള ഒരു മതത്തെ തീര്‍ത്തും അരാഷ്ട്രീയമായി നോക്കികാണുന്നു എന്നതാണ് ലീഗ് നിലപാടുകളുടെ ദൗര്‍ബല്യം. ലോകത്ത് വിമോചന ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ള രാഷ്ട്രീയ സമൂഹമായല്ല, ഒരു കേവല സമുദായമായാണ് ലീഗെന്നും മുസ്‌ലിം സമുദായത്തെ നോക്കിക്കണ്ടത്. സമുദായത്തിന്റെ താല്‍പര്യം എന്ന പേരില്‍ ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ലീഗ് മിക്കപ്പോഴും ശ്രമിച്ചത്. ഇസ്‌ലാമിന്റെ ധാര്‍മിക മൂല്യങ്ങളെയും വിമോചന പരതയെയും രാഷ്ട്രീയ വല്‍ക്കരിക്കുക എന്ന ബാധ്യത ലീഗ് ഏറ്റെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഇസ്‌ലാമിക വിമോചന പ്രസ്ഥാനങ്ങളുടെ സമ്മര്‍ദങ്ങള്‍ താങ്ങാന്‍ കഴിയാവുന്നതിനുപ്പുറമാവുമ്പോള്‍ ചില പൊടികൈ പ്രയോഗങ്ങള്‍ നടത്തുന്നതിനപ്പുറം ഈ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ ലീഗിന് കഴിയില്ല. മഅ്ദനി, മനുഷ്യാവകാശ വിഷയങ്ങളിലെല്ലാം സംഭവിച്ചത് ഇത് തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കും എന്നു പറഞ്ഞ് ലീഗ് മുഖ്യധാരയുടെ വഴിയേ സഞ്ചരിക്കുകയായിരുന്നു. പക്ഷെ, സോളിഡാരിറ്റിയും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പ്രത്യക്ഷത്തിലെങ്കിലും ലീഗിന് പായ മാറ്റിക്കെട്ടേണ്ടിവന്നു. സുസ്ഥിര വികസനത്തിലോ മനുഷ്യാവകാശ വിഷയത്തിലോ മറ്റു വിമോചന രാഷ്ട്രീയ ഉള്ളടക്കങ്ങളിലോ പൊതുസമൂഹത്തിനോ മുസ്‌ലിം സമുദായത്തിനോ അവലംബിക്കാവുന്ന വിശ്വാസ്യതയും മൗലികതയും ഇനിയും മുസ്‌ലിം ലീഗ് നേടിയെടുത്തിട്ട് വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍