ശുക്‌രി ബല്‍ഈദിന്റെ വധവും പുതിയ പടയൊരുക്കങ്ങളും
തുനീഷ്യയിലെ ഇടതുപക്ഷ പാര്‍ട്ടിയായ ഡമോക്രാറ്റിക് പാട്രിയട്‌സിന്റെ നേതാവ് ശുക്‌രി ബല്‍ഈദിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നതിന് ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഏതാനും ഇടത്-ദേശീയ കക്ഷികള്‍ ചേര്‍ന്ന പോപുലര്‍ ഫ്രന്റ് എന്ന മുന്നണിയുടെ അമരക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. വധത്തോടെ വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തുനീഷ്യ എടുത്തെറിയപ്പെട്ടത്. പ്രതിസന്ധി പരിഹരിക്കാന്‍ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ട് ടെക്‌നോക്രാറ്റുകളെ ഉള്‍പ്പെടുത്തി ഗവണ്‍മെന്റ് രൂപീകരിക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി ഹമാദി അല്‍ജബാലി നിര്‍ദേശിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയായ അന്നഹ്ദ പോലും നിര്‍ദേശം തള്ളി. അന്നഹ്ദയോടൊപ്പം ഭരണം പങ്കിടുന്ന തുനീഷ്യന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖിയുടെ സെക്യുലര്‍ കോണ്‍ഗ്രസിനും മുഹമ്മദ് അബു സെക്രട്ടറി ജനറലായ അത്തകത്തുല്‍ മുന്നണിക്കും അതിനോട് വിയോജിപ്പ് തന്നെയാണുണ്ടായിരുന്നത്. ടെക്‌നോക്രാറ്റുകള്‍ക്ക് എങ്ങനെ ഒരു രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും എന്നാണവര്‍ ചോദിക്കുന്നത്. എന്നാല്‍ ജബാലിയെ പിണക്കാതെ, അദ്ദേഹത്തിന്റെ നിര്‍ദേശം ഭാഗികമായി അംഗീകരിച്ചുകൊണ്ട് ടെക്‌നോക്രാറ്റുകളും വിവിധ രാഷ്ട്രീയ നേതാക്കളും ഉള്‍ക്കൊള്ളുന്ന ഒരു ദേശീയ ഗവണ്‍മെന്റ് എന്ന നിര്‍ദേശമാണ് അന്നഹ്ദ തലവന്‍ റാശിദുല്‍ ഗനൂശി ഏറ്റവുമൊടുവില്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ താല്‍ക്കാലികമായെങ്കിലും അസാധാരണമായ ഐക്യം കാണുന്നുണ്ട്. മൂന്ന് പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് 'ഐക്യ തുനീഷ്യ' എന്നൊരു മുന്നണിക്ക് രൂപം നല്‍കിയിരിക്കുന്നു. ഇതിലെ ഒരു പാര്‍ട്ടി ബാജി ഖായിദ് സബ്‌സി നേതൃത്വം നല്‍കുന്ന 'നിദാഉ തൂനിസ്' ആണ്. മുന്‍ ഏകാധിപതി ബൂറഖീബയുടെ കാലത്ത് ആഭ്യന്തരം, വിദേശം, പ്രതിരോധം എന്നീ വകുപ്പുകള്‍ മാറിമാറി കൈകാര്യം ചെയ്തയാളാണ് ഈ ബാജി ഖായിദ് സബ്‌സി. ബിന്‍ അലിയുടെ കാലത്ത് അയാള്‍ പാര്‍ലമെന്റ് സ്പീക്കറും ആയിരുന്നു. അന്നത്തെ ഭരണകക്ഷിയായ 'തജമ്മുഇ'നെ വിപ്ലവാനന്തര ഭരണകൂടം പിരിച്ച് വിട്ടിരുന്നു. അതിന്റെ പുതിയ അവതാരമാണ് 'നിദാഉ തൂനിസ്.' പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ചോര്‍ത്തിക്കളയാനും അവര്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനും ഇതുതന്നെ ധാരാളം.
അതേസമയം ഭരണ മുന്നണിയായ മൂവര്‍ കൂട്ടുകെട്ടില്‍-അന്നഹ്ദ, സെക്യുലര്‍ കോണ്‍ഗ്രസ്, അത്തകത്തുല്‍-കാര്യമായ ഭിന്നതയുണ്ട്. 2011 ഒക്‌ടോബര്‍ 23-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഈ മുന്നണിയാണ് ഭരണം നടത്തുന്നത്. പ്രതിസന്ധി രൂക്ഷമായപ്പോള്‍ അന്നഹ്ദ കേന്ദ്രനിര്‍വാഹക സമിതി ഒരു അടിയന്തരയോഗം ചേര്‍ന്നിരുന്നു. 'മൂവര്‍ മുന്നണി ഞങ്ങള്‍ വരച്ച ചുവപ്പ് രേഖയൊന്നുമല്ല' എന്നായിരുന്നു സമിതി, മുന്നണിയിലെ രണ്ടു ഘടകകക്ഷികള്‍ക്കും നല്‍കിയ താക്കീത്. അതായത്, വല്ലാതെ കളിച്ചാല്‍ നിലവിലുള്ളവയെ ഒഴിവാക്കി തങ്ങള്‍ പുതിയ ഘടക കക്ഷികളെ തേടുമെന്നര്‍ഥം. ഭീഷണി ഏറ്റു. മന്ത്രിസഭ വിട്ട സെക്യുലര്‍ കോണ്‍ഗ്രസ് മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി. മുന്നണി മര്യാദകള്‍ ലംഘിച്ച് ഘടക കക്ഷികള്‍ നടത്തിയ ചില നീക്കങ്ങളാണ് അന്നഹ്ദയെ ചൊടിപ്പിച്ചത്. നിയമ മന്ത്രി നുറുദ്ദീന്‍ അല്‍ബുഹൈരി, ആഭ്യന്തര മന്ത്രി അലി അല്‍ അരീദ്, വിദേശകാര്യമന്ത്രി റഫീഖ് അബ്ദുസ്സലാം തുടങ്ങിയ അന്നഹ്ദയുടെ പ്രമുഖ നേതാക്കളെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു സെക്യുലര്‍ കോണ്‍ഗ്രസിന്റെയും അത്തകത്തുലിന്റെയും ആവശ്യം. അന്നഹ്ദയുടെ സെക്രട്ടറി ജനറല്‍ കൂടിയായ പ്രധാനമന്ത്രി ഹമാദി ജബാലി ഇതിനെ പിന്തുണച്ചത് പാര്‍ട്ടിയെ ശരിക്കും ഉലച്ചു. സ്വന്തം നിലക്ക് തന്നെ കേവല ഭൂരിപക്ഷമുണ്ടെന്നിരിക്കെ ഇത്തരം മുന്നണി മര്യാദകളുടെ ലംഘനങ്ങള്‍ പൊറുപ്പിക്കേണ്ടതില്ലെന്ന് അന്നഹ്ദ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല ഇടക്കാലത്തുണ്ടായ ആഭ്യന്തര ഭിന്നതകളും പിളര്‍പ്പും കാരണം സെക്യുലര്‍ കോണ്‍ഗ്രസിനും അത്തകത്തുലിനും അവരുടെ കുറെയേറെ പാര്‍ലമെന്റ് സീറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ശുക്‌രി ബല്‍ഈദിന്റെ വധത്തിന് പിന്നില്‍ അന്നഹ്ദയാണെന്ന മട്ടിലായിരുന്നു തുടക്കത്തില്‍ മാധ്യമ പ്രചാരണങ്ങള്‍. പ്രതിപക്ഷങ്ങളും അത് ഏറ്റുപിടിച്ചു. പക്ഷേ, അന്നഹ്ദയുടെ ചരിത്രമറിയുന്ന ഒരാളിലും അത് ഏശുമായിരുന്നില്ല. ഏകാധിപതികള്‍ക്ക് കീഴില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും സമാധാനത്തിന്റെയും സുതാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും വഴിയില്‍ നിന്ന് ആ പ്രസ്ഥാനം മാറി നടന്നിട്ടില്ല. മാത്രവുമല്ല, നിലവിലെ സാഹചര്യത്തില്‍ ഏതൊരു രാഷ്ട്രീയ കൊലപാതകവും ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കുക ഭരണകക്ഷിയായ അന്നഹ്ദയെ ആയിരിക്കുമല്ലോ. എങ്കില്‍ അത്തരമൊരു മണ്ടത്തരത്തിന് അവര്‍ മുതിരുമോ? രാഷ്ട്രീയ കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണെന്ന് കണ്ടെത്താനുള്ള ഒരു മാര്‍ഗം, അത് രാഷ്ട്രീയമായി ആര്‍ക്കൊക്കെ ഗുണം ചെയ്തു എന്നു നോക്കുകയാണ്. അന്നഹ്ദയൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും-സെക്യുലര്‍ കോണ്‍ഗ്രസിനും അത്തകത്തുലിനും വരെ-അത് പ്രയോജനം ചെയ്തിട്ടുണ്ട് എന്നതാണ് സത്യം. രാഷ്ട്രീയമായി ഒരിക്കലും അന്നഹ്ദക്ക് ഭീഷണിയാവാത്ത, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് മാത്രം നേടിയ ഒരു ചെറിയ പാര്‍ട്ടിയുടെ നേതാവിനെ ഭരണകക്ഷി ടാര്‍ഗറ്റ് ചെയ്തു എന്ന് പറയുന്നതില്‍ വലിയ യുക്തിഭംഗമുണ്ട്.
മിത്തോ യാഥാര്‍ഥ്യമോ എന്ന് ഇനിയും വ്യക്തമായിട്ടില്ലാത്ത മഗ്‌രിബിലെ അല്‍ഖാഇദയായിരിക്കാം വധത്തിന് പിന്നിലെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന സംസാരം. ദര്‍ഗകളും സാവിയകളും ഉള്‍പ്പെടെ നാല്‍പതോളം ആത്മീയ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് പല നിരീക്ഷകരും ശുക്‌രി വധത്തെ കാണുന്നത്. ഇതൊന്നും തടയാന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ട്. വധിക്കപ്പെടുന്നതിന് ഒരു ദിവസം മുമ്പ് തന്റെ ജീവന് നേരെ ഭീഷണിയുണ്ടെന്ന് ശുക്‌രി സൂചന നല്‍കിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് സംരക്ഷണമേര്‍പ്പെടുത്താന്‍ ഗവണ്‍മെന്റിന് സാധിക്കേണ്ടതായിരുന്നു. എന്നാല്‍, തുനീഷ്യന്‍ പോലീസ് പറയുന്നത്, വിപ്ലവാനന്തരം ലിബിയയില്‍നിന്ന് കണ്ടമാനം ആയുധങ്ങള്‍ തുനീഷ്യ പോലുള്ള അയല്‍നാടുകളിലേക്ക് ഒളിച്ചു കടത്തുന്നുണ്ടെന്നും അത് തടയാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നുമാണ്.
ഈ രാഷ്ട്രീയക്കളിയില്‍ ഫ്രഞ്ചുകാര്‍ വരമ്പത്തിരുന്ന് കളി കാണുകയാണെന്ന് ആരും കരുതുന്നില്ല. മാലിയിലെപ്പോലെ തങ്ങളുടെ ഈ പഴയ കോളനിരാജ്യത്ത് അവര്‍ ഇറങ്ങിക്കളിക്കും. ശുക്‌രി വധത്തെക്കുറിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രി 'ഇസ്‌ലാമിക ഫാഷിസം പടരുന്നു' എന്നു പറഞ്ഞാണ് പ്രതികരിച്ചത്. ഫ്രഞ്ച് ഇടപെടല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അന്നഹ്ദ തുനീഷ്യന്‍ തെരുവുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
മൂന്ന് രാഷ്ട്രീയ സാധ്യതകളാണ് മുഖ്യമായും ഉരുത്തിരിഞ്ഞിരിക്കുന്നത്. നിലവിലുള്ള ഭരണമുന്നണിയില്‍നിന്ന് സെക്യുലര്‍ കോണ്‍ഗ്രസും അത്തകത്തലും പിന്‍വാങ്ങി പ്രതിപക്ഷത്തിരിക്കുക എന്നതാണ് ഒന്നാമത്തേത്. അങ്ങനെയാവുമ്പോള്‍ പുതിയ ഘടക കക്ഷികളെ അന്നഹ്ദ അന്വേഷിക്കേണ്ടി വരും. അത്തരം ചര്‍ച്ചകള്‍ അന്നഹ്ദ തുടങ്ങി വെച്ചിട്ടുമുണ്ട്. സെക്യുലര്‍ കോണ്‍ഗ്രസ് തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചപ്പോള്‍ സഖ്യം തകരുകയാണെന്ന് തോന്നലുണ്ടായി. വളരെ നാടകീയമായി ആ തീരുമാനം അവര്‍ പെട്ടെന്ന് തന്നെ വേണ്ടെന്ന് വെക്കുകയാണുണ്ടായത്. അവര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ആ പാര്‍ട്ടിയുടെ നേതാവായ മുന്‍സിഫ് മര്‍സൂഖിക്ക് തുനീഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വരുമായിരുന്നു. ഇത് നഷ്ടക്കച്ചവടമാകുമെന്ന് അവര്‍ വിലയിരുത്തിയിട്ടുണ്ടാവാം. മുന്നണി തകരുന്ന പക്ഷം ടെക്‌നോക്രാറ്റുകളുടെ ഭരണകൂടം രൂപീകരിക്കണമെന്ന ഹമാദി ജബാലിയുടെ നിര്‍ദേശത്തിലും ഒട്ടുവളരെ നിയമപ്രശ്‌നങ്ങളുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് തുല്യമാവും അത്. നിയമനിര്‍മാണ സഭക്ക് പുറത്ത് കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ പുതിയ ഭരണഘടനയുണ്ടാക്കലും മറ്റും പ്രതിസന്ധിയിലാവും. അതിനാല്‍ ഭരണമുന്നണിയിലെ മൂന്ന് കക്ഷികളും ഈ നിര്‍ദേശത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും അക്രമ പ്രവര്‍ത്തനങ്ങളും വ്യാപകമാവുകയും പ്രതിപക്ഷം ഒന്നടങ്കം ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു സാധ്യത. 'പോപ്പുലര്‍ ഫ്രന്റി'ന്റെ നേതൃത്വവും 'നിദാഉ തൂനിസി'ന്റെ നേതാവ് ബാജി ഖായിദ് സബ്‌സിയും ഒന്നിച്ചിരുന്നത് ഇതിന്റെ സൂചനയായിരുന്നു. പക്ഷേ, സകല പ്രതിപക്ഷവും ഒന്നിച്ചാലും അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു ബദല്‍ ഭരണകൂടമുണ്ടാക്കാനുള്ള അംഗബലമുണ്ടാവുകയില്ല എന്ന പ്രശ്‌നമുണ്ട്. മുന്‍ ഏകാധിപതി ബിന്‍ അലിയുടെ സ്വന്തക്കാരനായ ബാജി ഖായിദ്, പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് പറയുന്നത് ഇത് മുന്നില്‍ കണ്ടാണ്.
ഭരണമുന്നണിയിലെ മൂന്ന് കക്ഷികളും ഭിന്നതകള്‍ അവഗണിച്ചും മുന്നണി മര്യാദകള്‍ പാലിച്ചും മുന്നോട്ട് പോവുക എന്നതാണ് മൂന്നാമത്തെ സാധ്യത. പരിവര്‍ത്തന ഘട്ടത്തില്‍ നില്‍ക്കുന്ന തുനീഷ്യക്ക് ഏറ്റവും ഉചിതവും സുരക്ഷിതവുമായ വഴി ഇത് തന്നെയായിരിക്കും. ഇത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മന്ത്രിസഭയില്‍ ചില അഴിച്ചുപണികള്‍ വേണ്ടിവരും. മന്ത്രിസഭയിലേക്ക് പുതിയ ഘടക കക്ഷികള്‍ കടന്നുവരാനും സാധ്യതയുണ്ട്. കക്ഷികള്‍ക്കതീതമായി കഴിവുള്ള പാര്‍ലമെന്റേറിയന്മാരെ മര്‍മപ്രധാനമായ വകുപ്പുകള്‍ ഏല്‍പ്പിക്കാനുള്ള സമവായവും ഉരുത്തിരിഞ്ഞേക്കാം. ഏറെക്കുറെ ആ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ പ്രതീക്ഷക്ക് വകയുണ്ട്.
Comments