പ്രതിരോധത്തിന്റെ പാഠശാല
പടം വെട്ടിയെടുത്ത് പാഠപുസ്തകത്തിലൊട്ടിക്കുന്ന പരിപാടി ഇന്ന് ഏതാണ്ടെല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കുമുണ്ട്. ഡി.പി.ഇ.പിയാനന്തര പാഠ്യക്രമത്തിന്റെ ഭാഗമായി വന്ന പുതിയ വിശേഷം. പ്രോജക്റ്റ് വര്‍ക്ക് എന്നാണ് അവരതിന് മലയാളം പറയുക. എന്നാല്‍ അതൊന്നുമില്ലാത്ത സ്‌കൂള്‍ കാലത്ത്, ഉപയോഗിച്ചു കഴിഞ്ഞ നോട്ടുപുസ്തകത്തിന്റെ താളുകളില്‍ പത്ര റിപ്പോര്‍ട്ടുകളും പടങ്ങളും ഒട്ടിച്ചു വെക്കുന്ന ശീലമുണ്ടായിരുന്നു. നാട്ടിലെ പള്ളിയില്‍ കൃത്യമായി വന്നിരുന്ന, റാപ്പര്‍ പൊട്ടിക്കാതെ കിടന്നിരുന്ന, തെഹ്‌റാനില്‍ നിന്ന് പുറത്തിറങ്ങുന്ന 'ദ എക്കോ ഓഫ് ഇസ്‌ലാമും'1 'മുസ്‌ലിം വേള്‍ഡ് ന്യൂസു'2മായിരുന്നു എന്റെ ഏറ്റവും വലിയ സ്രോതസ്സുകള്‍. ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലികിന്റെ ആശയങ്ങള്‍ മുസ്‌ലിം ലോകത്ത് പ്രചരിപ്പിക്കുന്ന വെറുമൊരു പബ്ലിക് റിലേഷന്‍ പ്രസിദ്ധീകരണമായ 'എക്കോ ഓഫ് ഇസ്‌ലാം' മിനുസക്കടലാസിലാണ് വന്നിരുന്നത്. വാര്‍ത്താ ചിത്രങ്ങളാല്‍ സമൃദ്ധമായിരുന്നു അത്. ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഫലസ്ത്വീന്‍ ചിത്രങ്ങളായിരുന്നു അതില്‍ നിറയെ. കവചിത വാഹനത്തില്‍ മുന്നേറുന്ന ഇസ്രയേലി പട്ടാളക്കാര്‍ക്ക് നേരെ കവണയില്‍ കല്ല് കോര്‍ത്തെറിയുന്ന ഫലസ്ത്വീന്‍ ബാലന്മാരുടെ, ബിംബവത്കരിക്കപ്പെട്ട ആ ചിത്രങ്ങള്‍ നാദാപുരം പോലൊരു സംഘര്‍ഷ ദേശത്ത് നിന്നുള്ള ഒരു സ്‌കൂള്‍ പയ്യനെ എങ്ങനെയാണ് ആവേശിക്കാതിരിക്കുക? അന്ന് വെട്ടിയെടുത്ത ചിത്രങ്ങളുടെ ശേഖരങ്ങളിലൊന്ന് ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഋഷിയുടെയും പോരാളിയുടെയും മുഖവും കണ്ണുമായി, ചക്രക്കസേരയിലിരിക്കുന്ന ശൈഖ് അഹ്മദ് യാസീന്റെ ചിത്രമായിരുന്നു അതില്‍ ഏറെ ആകര്‍ഷിച്ചിരുന്നത്. 2013 ജനുവരി 14ലെ സന്ധ്യാ നേരത്ത് ഗസ്സയിലെ അല്‍ സബ്‌റയിലെ ഇടുങ്ങിയ ഗല്ലിയില്‍ ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ ശൈഖ് അഹ്മദ് യാസീന്റെ കൊച്ചുവീട്ടില്‍ വെച്ച് അദ്ദേഹത്തിന്റെ ഇളയ മകന്‍ അബ്ദുല്‍ ഹയ്യുമായി സംസാരിച്ചുകൊണ്ടിരിക്കെ, ഞാന്‍ ആ കണ്ണുകളിലേക്കും നീണ്ട മൂക്കിലേക്കുമാണ് നോക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ കാലത്ത്, പഴഞ്ചോറ് പശയാക്കി, പഴയ നോട്ടുപുസ്തകത്തില്‍ ശൈഖ് യാസീന്റെ പടം വെട്ടിയെടുത്തൊട്ടിക്കുമ്പോള്‍ എന്റെ കണ്ണുകളുടക്കിയ അതേ കണ്ണുകളും നീണ്ട മൂക്കും. വീല്‍ ചെയറിലിരുന്ന്, ലോക വന്‍ശക്തികളോട് പൊരുതിക്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ കുഞ്ഞുനാളുകളിലേ മനസ്സിലെ വലിയൊരു വിഗ്രഹമായിരുന്നു. പരാജയപ്പെടാതിരിക്കുക എന്ന സന്ദേശം എപ്പോഴും തന്നു കൊണ്ടിരുന്ന അദൃശ്യ സാന്നിധ്യം. മനസ്സകമില്‍ കൂടുകെട്ടി, 'ഖൈബര്‍ ഖൈബര്‍ യാ യഹൂദ്, ജയ്ശു മുഹമ്മദ് സൗഫ യഊദ്' എന്ന ഫലസ്ത്വീനി പടപ്പാട്ടിന്‍ വരികള്‍ യാസീനുപ്പാപ്പ പാടിത്തരുന്നതു പോലെ.
ശൈഖ് യാസീന്‍ എന്ന വ്യക്തി ചിത്രം മനസ്സില്‍ പതിഞ്ഞതുപോലെ, ഗസ്സയെന്ന സ്ഥലനാമം രക്തചംക്രമണത്തിന്റെ ഭാഗമായത് 2006 മുതലാണ്. 2006 ജനുവരി 25 ഗസ്സയുടെ ചരിത്രത്തിലെ നിര്‍ണായക ദിനമാണ്. അന്നാണല്ലോ, ഫലസ്ത്വീന്‍ പോരാട്ടത്തിന്റെ സാരഥിയായ ഹമാസിന് വന്‍ വിജയം നല്‍കിയ ഫലസ്ത്വീന്‍ നാഷ്‌നല്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. ഫലസ്ത്വീനികള്‍ക്കു പൊതുവെയും ഗസ്സക്കാര്‍ക്ക് വിശേഷിച്ചും ഹമാസിനെ ഇഷ്ടമായിരുന്നു. അതിനാല്‍ അവര്‍ ഹമാസിനെ തെരഞ്ഞെടുത്തു. എന്നാല്‍ 'അന്താരാഷ്ട്ര സമൂഹ'ത്തിന് ഹമാസിനെ ഇഷ്ടമായിരുന്നില്ല. അതിനാല്‍ അവര്‍ ഹമാസിനെ തെരഞ്ഞെടുത്ത ഗസ്സക്കാരെ മുഴുവനങ്ങ് നശിപ്പിക്കാന്‍ തീരുമാനിച്ചു. ഇസ്രയേലും അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഹുസ്‌നി മുബാറകിന്റെ ഈജിപ്തും അറബ് ശൈഖന്മാരുമെല്ലാം ഇതില്‍ യോജിച്ചു. കടലിലും കരയിലും ആകാശത്തിലൂടെയുമുള്ള ഉപരോധം ആ നാടിന് മേല്‍ അടിച്ചേല്‍പിക്കപ്പെട്ടത് അന്നു മുതലാണ്. കുഞ്ഞുടുപ്പും കളിപ്പാട്ടവും പാല്‍പ്പൊടിയും വെള്ളവും വൈദ്യുതിയും പാചകവാതകവും ജീവന്‍രക്ഷാ മരുന്നുകളുമെല്ലാം അവര്‍ക്ക് നിഷേധിക്കപ്പെട്ടു. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ആ നഗരം പ്രപഞ്ചത്തിലെ ഏറ്റവും വലിയ ജയില്‍ എന്ന വിശേഷണത്തിന് അര്‍ഹമായി. ആര്‍ക്കും അങ്ങോട്ട് പോവാന്‍ പറ്റില്ല. അവിടെയുള്ള ആര്‍ക്കും പുറത്തേക്ക് കടക്കാനും പറ്റാതായി. വേദനകൊണ്ട് പുളയുന്ന രോഗികള്‍ മരുന്നിന് വേണ്ടി കാത്തു കാത്തിരുന്ന് മരിച്ചു. ദാഹാര്‍ത്തരായ മനുഷ്യര്‍ കുടിവെള്ളത്തിനായി കേണു. ശസ്ത്രക്രിയാ മരുന്നുകളും ഉപകരണങ്ങളുമില്ലാതെ, രോഗികളായ ഗര്‍ഭിണികള്‍ വേദനകളെ മാത്രം പ്രസവിച്ച് മരണത്തിന്റെ കവാടം തുറന്ന് ഉപരോധങ്ങളില്ലാത്ത മറുലോകത്തേക്ക് യാത്രയായി.
ഞാനിപ്പോള്‍ ഇരിക്കുന്നത് ബാസിം നഈമിന്റെ, ബൈത്ത് ഹാനൂനിലെ വീട്ടില്‍. ജര്‍മനിയില്‍ നിന്ന് സര്‍ജറിയില്‍ എം.ഡി കഴിഞ്ഞ പ്രഗത്ഭനായ ഭിഷഗ്വരനാണ്. മുന്‍ ആരോഗ്യവകുപ്പ് മന്ത്രി. ഇപ്പോള്‍ ഹമാസ് ഗസ്സാ ചാപ്റ്ററിന്റെ വിദേശകാര്യ ചുമതല വഹിക്കുന്നു. സിരകളെ ഉണര്‍ത്തുന്ന ഫലസ്ത്വീനി ഖാവ കഴിച്ചു കൊണ്ട്, കഥകള്‍ പറയവെ അദ്ദേഹം ഒരു കാര്യം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഔദ്യോഗിക ആവശ്യത്തിനായി കയ്‌റോവില്‍ പോയതായിരുന്നു അദ്ദേഹം. വീട്ടിലേക്ക് ഫോണ്‍ ചെയ്യവെ എന്തുകൊണ്ടുവരണമെന്ന് ഭാര്യയോട് അന്വേഷിച്ചപ്പോള്‍, അവര്‍ പറഞ്ഞത് ഖാവ കുടിക്കാനുള്ള കപ്പുകള്‍ കൊണ്ടുവരാനായിരുന്നു. കപ്പുകളെല്ലാം പൊട്ടിത്തീര്‍ന്നു. പുതിയൊരു കപ്പ് നിങ്ങള്‍ക്ക് ഗസ്സയില്‍ ലഭിക്കില്ല. കപ്പ് പോലും കൈറോയില്‍ നിന്നുകൊണ്ടുവരേണ്ടിവന്ന കഥ, കാപ്പി കുടിക്കവെ അദ്ദേഹം പറഞ്ഞുവെന്നു മാത്രം. 'ഗസ്സാ ഉപരോധം' എന്ന് പത്രക്കാര്‍ പേര്‍ ചൊല്ലി വിളിക്കുന്ന ആ കാലം പലര്‍ക്കും പല തരത്തിലുള്ള അനുഭവ പ്രപഞ്ചമാണ് സമ്മാനിച്ചത്. ഈ കടുത്ത ഉപരോധം നിലനില്‍ക്കവെ തന്നെയാണ് നിമിഷാര്‍ധ നേരം കൊണ്ട് ടണ്‍കണക്കിന് ബോംബുകള്‍ വര്‍ഷിക്കുന്ന യുദ്ധങ്ങള്‍ ഇസ്രയേല്‍ ആ കൊച്ചു ദേശത്തിന് മേല്‍ അടിച്ചേല്‍പിച്ചു കൊണ്ടിരുന്നത്. ക്രിസ്തുവര്‍ഷം 617 മുതല്‍ 619 വരെ പ്രവാചകനും കുടുംബവും ശിഅബ് അബീത്വാലിബില്‍ നേരിട്ട സാമൂഹിക ബഹിഷ്‌കരണമായിരിക്കും ഇസ്‌ലാമിക സമൂഹം ഒരു പക്ഷേ, അനുഭവിച്ച ആദ്യ ഉപരോധം. പക്ഷേ, അത് മൂന്ന് വര്‍ഷമേ നീണ്ടുനിന്നുള്ളൂ. ആ ഉപരോധ കാലത്ത് അവര്‍ക്ക് നേരെ ആരും സായുധ ആക്രമണം നടത്തിയിരുന്നില്ല. എന്നാല്‍, ആറ് വര്‍ഷക്കാലമായി ഗസ്സ ഉപരോധത്തിന് കീഴിലായിരുന്നു; കനത്ത ബോംബാക്രമണങ്ങള്‍ക്കിടയിലും.
ഗസ്സ ഉപരോധവും ഇസ്രയേലി ബോംബാക്രമണങ്ങളും പുരോഗമിക്കവെ, ഗസ്സ ലോകത്തിന്റെ ആവേശമായി മാറുകയായിരുന്നു. ലോകത്തെങ്ങുമുള്ള പുരോഗമനവാദികളെയും ആക്റ്റിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പരസ്പരം ബന്ധിപ്പിക്കുന്ന 'മീറ്റിംഗ് പോയന്റ്' ആയി ഗസ്സ മാറി. എല്ലാ വന്‍കരകളില്‍ നിന്നും ആക്റ്റിവിസ്റ്റുകളുടെ യാത്രാ സംഘങ്ങള്‍ ഗസ്സയെ ലക്ഷ്യമാക്കി നീങ്ങി. ചിലര്‍ കടല്‍ വഴി വരാന്‍ നോക്കി. ചിലര്‍ കരവഴിക്കു വന്നു. പലരുടെയും യാത്രകള്‍ പാതിവഴിയില്‍ മുടങ്ങിപ്പോയി. വന്‍ സഹായവുമായി വന്നവരില്‍ ചിലര്‍ക്ക് തങ്ങളുടെ സഹായ വസ്തുക്കള്‍ വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഞങ്ങളുടെ സംഘത്തിലുള്ള ഷെഹിന്‍ കെ മൊയ്തുണ്ണി 2011ല്‍ ഇതു പോലെ സംഘത്തെ നയിച്ചുകൊണ്ട് ഗസ്സയിലേക്ക് വന്നിരുന്നു. 17 ടണ്ണിലേറെ വരുന്ന അവരുടെ സഹായ വസ്തുക്കളില്‍ മൂന്നിലൊന്നും തെമ്മാടികളും അത്യാര്‍ത്തിക്കാരുമായ ഹുസ്‌നി മുബാറകിന്റെ പട്ടാളക്കാര്‍ കവര്‍ന്നെടുക്കുകയായിരുന്നു. എങ്കിലും യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ലോകത്തെങ്ങുമുള്ള പ്രതിരോധ പ്രവര്‍ത്തകരുടെ ലക്ഷ്യ കേന്ദ്രമായി ഗസ്സ മാറുകയായിരുന്നു. ഗസ്സ ഒരു മുറിവല്ല, വന്‍ മുന്നേറ്റമാണെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങള്‍ ഗസ്സയെ തകര്‍ത്തു ധൂളിയാക്കാന്‍ തുനിഞ്ഞപ്പോള്‍, ധീരരും നന്മ നിറഞ്ഞവരുമായ മനുഷ്യര്‍ ഗസ്സക്ക് വേണ്ടി നിലകൊണ്ടു. കഥയായി, കവിതയായി, സംഗീത ആല്‍ബങ്ങളായി, സിനിമയായി, കാര്‍ട്ടൂണുകളും അനിമേഷനുകളുമെല്ലാമായി ഗസ്സ മനുഷ്യ ഭാവനയെ തീപിടിപ്പിച്ചു കൊണ്ടിരുന്നു. ഗസ്സ ഒരേ സമയം ലോകത്തിന്റെ നൊമ്പരവും ആവേശവുമായി മാറിയ കാലങ്ങള്‍.
ഗസ്സയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ പോയാല്‍ അതിന്റെ തിരക്കുകള്‍ നമുക്ക് മനസ്സിലാവും. സഹമന്ത്രി അലി അല്‍ ബത്തയുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു: 2012 നവംബര്‍ 21ന് അവസാനിച്ച രണ്ടാം ഗസ്സ യുദ്ധത്തിന് ശേഷം മാത്രം 60,000ത്തില്‍ പരം വിദേശികള്‍ ഗസ്സ സന്ദര്‍ശിച്ചു കഴിഞ്ഞു. വിദേശ പ്രതിനിധികളെ സ്വീകരിക്കുകയെന്നത് മാത്രം തന്റെ മന്ത്രാലയത്തിന് പിടിപ്പത് പണിയാണെന്ന് അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങള്‍; പല ആശയക്കാര്‍; പല പ്രസ്ഥാനങ്ങള്‍. നിങ്ങളെവിടെയാണെങ്കിലും മുഖം ഗസ്സയിലേക്ക് തിരിക്കുക എന്നതായി മാറിയിരിക്കുന്നു പ്രതിരോധപ്രവര്‍ത്തകരുടെ മുദ്രാവാചകം. ഗസ്സ സിറ്റിയിലെ റഷീദ് സ്ട്രീറ്റില്‍ കടലോരത്താണ് പ്രശസ്തമായ എല്ലാ ഹോട്ടലുകളും. ഗസ്സക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കാതങ്ങള്‍ താണ്ടി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി വന്നുചേരുന്ന സംഘങ്ങളാണ് ഈ ഹോട്ടലുകളുടെ മുഖ്യ ഉപഭോക്താക്കള്‍. ഗസ്സയിലേക്കുള്ള യാത്ര 'ഹജ്ജുല്‍ മുഖാവമ' (പ്രതിരോധത്തിന്റെ തീര്‍ഥാടനം) ആണെന്ന് ഞാന്‍ അല്‍ ബത്തയോട് പറഞ്ഞപ്പോള്‍ ആ മുഖത്ത് വിടര്‍ന്നത് ഒരു ചിരി.
അതിനാല്‍ ഗസ്സയിലേക്കുള്ള യാത്ര എനിക്കും സുഹൃത്തുക്കള്‍ക്കും ഒരു തീര്‍ഥ യാത്രയായിരുന്നു. ലോകത്തെങ്ങുമുള്ള പ്രധാനപ്പെട്ട എല്ലാ വാര്‍ത്താ ഏജന്‍സികള്‍ക്കും പത്രങ്ങള്‍ക്കും ടി.വി ചാനലുകള്‍ക്കും ബ്യൂറോകളുള്ള നഗരം കൂടിയാണ് ഗസ്സ. വാര്‍ത്തകളുടെ അക്ഷയ ഖനിയാണല്ലോ ആ നഗരം. സാഹസികത ആഗ്രഹിക്കുന്ന ഏത് പത്രപ്രവര്‍ത്തകനെയും ഗസ്സ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും. ജീവിതത്തില്‍ ആദ്യമായി (അവസാനമായും) ഒരു സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിച്ചത് അല്‍ ജസീറ ചാനലിലായിരുന്നു. അപേക്ഷാ കുറിപ്പില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രദേശമായി ഗസ്സയായിരുന്നു ഞാന്‍ രേഖപ്പെടുത്തിയത്. അല്‍ ജസീറ എന്റെ ജോലി അപേക്ഷ നിരസിച്ചെങ്കിലും മനസ്സ് ഗസ്സയിലേക്കുള്ള ഇഹ്‌റാം കെട്ടിക്കഴിഞ്ഞിരുന്നു. ദിവസവും വെബ്‌സൈറ്റുകളില്‍ കയറിയിറങ്ങി ഗസ്സ വിശേഷങ്ങളറിയുകയെന്നത് പതിവായി മാറി. ഖാന്‍ യൂനിസിലെയും ജബലിയയിലെയും ബൈത്ത് ഹാനൂനിലെയും കഴുതച്ചാണകത്തിന്റെ ഗന്ധം പോലും തിരിച്ചറിയാന്‍ കഴിയും വിധം ആത്മബന്ധം ഗസ്സയുമായി വളരുകയായിരുന്നു. 40 കിലോമീറ്റര്‍ മാത്രം നീളവും ആറ് മുതല്‍ 12 കിലോമീറ്റര്‍ വരെ മാത്രം വീതിയുമുള്ള, (നമ്മുടെ നാട്ടിലെ ഒരു താലൂക്കിന്റെ ശരാശരി വലുപ്പം) ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള, 17 ദശലക്ഷം ജനങ്ങള്‍ താമസിക്കുന്ന ആ കടലോര നഗരം ഇത്രയും പ്രതിസന്ധികളെ അതിജീവിക്കുന്നതെങ്ങനെയെന്ന കൗതുകം അമ്പരപ്പും ആവേശവുമായി മാറുകയായിരുന്നു. പ്രതിസന്ധികളുടെ ഈ പേമാരികളിലും പരാതിയുടെയും പായാരത്തിന്റെയും കുട പിടിച്ചില്ല ഗസ്സക്കാര്‍ എന്നത് പിന്നെയും അല്‍ഭുതമായി അവശേഷിച്ചു. ആത്മാഭിമാനവും അന്തസ്സും സ്ഫുരിക്കുന്ന വാക്കുകള്‍ മാത്രമേ അവര്‍ മൊഴിഞ്ഞുള്ളൂ. അതിനാല്‍ ഗസ്സ അഭിമാനികളുടെ പാഠശാലയാണ്. പ്രതിരോധത്തിന്റെ പാഠപുസ്തകമാണ്. അങ്ങോട്ട് പോയേ മതിയാവൂ എന്ന് മനസ്സ് പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഗസ്സയില്‍ മരിച്ചാലും ഗസ്സ കാണാതെ മരിക്കുന്നത് നാണക്കേടാണ് എന്നായിരുന്നു മനസ്സിന്റെ മന്ത്രം. കാരണം, അത് പോരാളികളുടെ ഏദന്‍ തോട്ടമാണ്.
2012 നവംബറില്‍ രണ്ടാം ഗസ്സ യുദ്ധം കൊടുമ്പിരി കൊള്ളവെയാണ് ഇനി വൈകരുത് എന്ന് മനസ്സ് പറഞ്ഞത്. യാത്രക്കുള്ള ആലോചനകളും ഒരുക്കങ്ങളും അന്നേ തുടങ്ങി. ഗസ്സയുടെ ഒരു ഭാഗം മെഡിറ്ററേനിയന്‍ കടല്‍. ഒമ്പത് കിലോമീറ്റര്‍ സമുദ്രാതിര്‍ത്തി മുതല്‍ ഇസ്രയേലി ഉപരോധം നിലനില്‍ക്കുന്നതിനാല്‍ കടല്‍ വഴി അങ്ങോട്ട് ചെല്ലാന്‍ പറ്റില്ല (ആദ്യം വെറും മൂന്ന് കി.മീ പരിധിയില്‍ മാത്രമേ ഗസ്സക്കാര്‍ക്ക് കടല്‍ ഉപയോഗിക്കാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. രണ്ടാം ഗസ്സ യുദ്ധത്തെ തുടര്‍ന്നുണ്ടായ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് 15 കി.മി വരെ കടല്‍ ഉപയോഗിക്കാന്‍ ഗസ്സക്കാര്‍ക്ക് അനുമതി ലഭിക്കുന്നത്). മറ്റേ രണ്ട് ഭാഗം ഇസ്രയേല്‍. അതിലൂടെ ആര്‍ക്കും പ്രവേശനമില്ല. പിന്നെ ബാക്കിയുള്ളത് ഈജിപ്തുമായുള്ള അതിര്‍ത്തി. റഫാ ക്രോസിംഗ് എന്നു പറയും. മുഹമ്മദ് മുര്‍സി ഈജിപ്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം റഫാ ക്രോസിംഗിലെ കൊടും നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തിട്ടുണ്ട്. റഫാ വഴിയുള്ള യാത്രക്ക് ഈജിപ്ഷ്യന്‍ വിസ ലഭിക്കണം. നാം പത്ത് മിനിറ്റ് കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ പത്ത് മണിക്കൂര്‍ കൊണ്ട് ചെയ്യുന്നതില്‍ അതിമിടുക്കന്മാരാണ് ഈജിപ്തുകാര്‍. ദല്‍ഹിയിലെ ഈജിപ്ഷ്യന്‍ എംബസിയിലെ ഉദ്യോഗസ്ഥ മാന്യന്മാര്‍ ഈ കലയില്‍ പത്മ പുരസ്‌കാരത്തിന് അര്‍ഹരാണ്. അതിനാല്‍ നവംബറില്‍ ഉദ്ദേശിച്ച യാത്ര ജനുവരിയില്‍ മാത്രമാണ് തരപ്പെടുത്താന്‍ കഴിഞ്ഞത്. പി.ഐ നൗഷാദ്, ഷെഹിന്‍ കെ. മൊയ്തുണ്ണി എന്നിവരുള്‍പ്പെട്ട ഞങ്ങളുടെ സംഘത്തോടൊപ്പം വരാന്‍ പരിപാടിയിട്ടിരുന്ന തെഹല്‍കയിലെ അജിത് സാഹിക്ക് അതിനാല്‍ യാത്ര റദ്ദാക്കേണ്ടി വന്നു.
ഗസ്സ യാത്രയുടെ വിശേഷങ്ങളല്ല, ഗസ്സയുടെ വിശേഷങ്ങളാണ് ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നത്. ഗസ്സയിലേക്കുള്ള യാത്രാനുമതിയുടെ രേഖകള്‍ ശരിയാക്കാനായി ഏതാനും ദിവസങ്ങള്‍ കൈറോവില്‍ തങ്ങിയിരുന്നു. താമസിച്ചിരുന്ന ഗിസ പിരമിഡിനടുത്ത ഗ്രാന്റ് പിരമിഡ് ഹോട്ടല്‍ ഗസ്സയിലേക്കുള്ള യാത്രികരുടെ പ്രധാനപ്പെട്ടൊരു ഇടത്താവളമാണ്. ഗസ്സയിലേക്ക് പോകുന്നവരുടെയും അവിടെ നിന്ന് മടങ്ങുന്നവരുടെയും പ്രതിനിധി സംഘങ്ങള്‍ നിത്യവും അവിടെ വന്നുചേരും. വെറും യാത്രക്കാരല്ല അവര്‍. തങ്ങളുടെ രാജ്യങ്ങളിലെ അറിയപ്പെട്ട ആക്റ്റിവിസ്റ്റുകളും പൊതുപ്രവര്‍ത്തകരുമാണ്. ഗസ്സക്ക് വേണ്ടിയുള്ള സഹായ വസ്തുക്കളുടെ ശേഖരമോ സഹായ പദ്ധതികളോ അവരോടൊപ്പമുണ്ടാവും. അവിടെയെത്തിയ ദിവസം ഒരു ബസ് നിറയെ സുഡാനീ ആക്റ്റിവിസ്റ്റുകളുടെ സംഘം അങ്ങോട്ട് പുറപ്പെടുന്നത് കാണാന്‍ കഴിഞ്ഞു. അടുത്ത ദിവസം രാത്രി, വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ഫലസ്ത്വീനി പൗരന്മാരുടെ സംഘം അവിടെയെത്തിച്ചേര്‍ന്നു. അവര്‍ ഗസ്സയില്‍ നിന്ന് മടങ്ങുന്ന വഴിയാണ്. അഹ്മദ് ആദില്‍ റോമില്‍ താമസിക്കുന്ന, മധ്യവയസ്‌കനായ ഫലസ്ത്വീനിയാണ്. കുഞ്ഞുനാളില്‍ ജറൂസലമിലെ സ്വന്തം ഭവനത്തില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട അനേക ലക്ഷം ഫലസ്ത്വീനികളിലൊരാള്‍. ഇന്ത്യയില്‍ നിന്നാണെന്നും ഗസ്സയിലേക്കുള്ള യാത്രയിലാണെന്നും പറഞ്ഞപ്പോള്‍ ആദിലിന് ആവേശമായി. 'നിങ്ങള്‍ ഗസ്സയില്‍ പോകണം. അത് വേറൊരു ലോകമാണ്. ഗസ്സയില്‍ പോയാലേ ഗസ്സ എന്തെന്ന് മനസ്സിലാവൂ'- ആവേശത്തോടെ ആദില്‍ പറഞ്ഞു തുടങ്ങി. ജറൂസലമില്‍ എന്നെങ്കിലും തിരിച്ചു ചെല്ലാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്നാല്‍, ഗസ്സ കണ്ടപ്പോള്‍ എനിക്ക് ആത്മവിശ്വാസം വര്‍ധിച്ചു. ജറൂസലമില്‍ വെച്ച് മരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിക്കുമെന്ന് തോന്നുന്നു.
ആദില്‍ പറഞ്ഞത് നൂറുക്ക് നൂറ് ശരി. ഗസ്സ എന്തെന്നറിയാന്‍ ഗസ്സയില്‍ തന്നെ പോകണം. അത് ശരിക്കും വേറൊരു പ്രപഞ്ചമാണ്. പ്രതിരോധത്തിന്റെ, ആത്മാഭിമാനത്തിന്റെ, സ്‌നേഹത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ, അതിജീവനത്തിന്റെ, സ്വപ്നങ്ങളുടെ അനന്തമായ മഹാപ്രപഞ്ചം. അതാണ് ഗസ്സയില്‍ നിന്നുള്ള വര്‍ത്തമാനങ്ങള്‍.
(തുടരും)
1. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ ഇസ്‌ലാമിക് തോട്ട് ഫൗണ്ടേഷന്റെ കീഴില്‍ പുറത്തിറങ്ങുന്ന ഇംഗ്ലീഷ് മാസിക. പേര്‍ഷ്യന്‍, അറബിക്, ഉര്‍ദു, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി 18 മാസികകള്‍ ഐ.ടി.എഫ് പുറത്തിറക്കുന്നുണ്ട്.
2. മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ (റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി) കീഴില്‍ പ്രസിദ്ധീകരിക്കുന്ന അറബി-ഇംഗ്ലീഷ് ദ്വിഭാഷ വാര്‍ത്താ പത്രിക
3. ഫലസ്ത്വീന്‍ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിന്റെയും ഗസ്സയുടെയും ഭരണം കൈയാളുന്ന ബോഡിയാണ് ഫലസ്ത്വീന്‍ നാഷ്‌നല്‍ അസംബ്ലി.
Comments