Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

മന്നാനിയ വിദ്യാലയങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് 'ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ'യുടെ പ്രധാന സംഭാവനയാണ് മന്നാനിയ വിദ്യാലയങ്ങള്‍. തെക്കന്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയില്‍ മന്നാനിയ സ്ഥാപനങ്ങള്‍ അതിന്റേതായ പങ്കുവഹിക്കുന്നു. 'ജാമിഅ മന്നാനിയ ഇസ്‌ലാമിയ ചാരിറ്റബ്ള്‍ സൊസൈറ്റി'ക്കു കീഴില്‍ നഴ്‌സറി തലം മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവയില്‍ ചിലത് സന്ദര്‍ശിക്കാനും പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും ഈയിടെ എനിക്ക് അവസരമുണ്ടായി.

തുടക്കം
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ തീരുമാനത്തെത്തുടര്‍ന്നാണ് മന്നാനിയ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ദക്ഷിണയുടെ പ്രമുഖ നേതാവായിരുന്ന എം. ശിഹാബുദ്ദീന്‍ മൗലവിയുടെയും മറ്റു പ്രധാനികളുടെയും നായകത്വത്തില്‍ 1980-ലാണ് മന്നാനിയയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ദക്ഷിണയുടെ സില്‍വര്‍ ജൂബിലി ആഘോഷ വര്‍ഷമായിരുന്നു അത്. കൊല്ലത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് ദക്ഷിണയുടെ നേതാക്കള്‍ ചര്‍ച്ച നടത്തുന്ന സന്ദര്‍ഭം. വര്‍ക്കലയില്‍ സ്ഥാപനം തുടങ്ങാന്‍ രണ്ട് ഏക്കര്‍ ഭൂമി സൗജന്യമായി തരാമെന്ന് ഉദാരമതികളായ മണ്ടൂര്‍ ഹാജിമാര്‍ വാഗ്ദാനം ചെയ്തതോടെ ദക്ഷിണയുടെ സ്വപ്നങ്ങള്‍ ചിറകു വിരിക്കാന്‍ തുടങ്ങി.
സില്‍വര്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അബുല്‍ ഹസന്‍ അലി നദ്‌വി 1980 ഡിസംബര്‍ 20-നു വര്‍ക്കലയില്‍ ശിലാസ്ഥാപനം നടത്തി സ്ഥാപനത്തിന്റെ ഉദയം വിളംബരം ചെയ്തു. രണ്ടു മാസത്തിനു ശേഷം 14-2-1981-ന് ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര സമിതി യോഗം ചേര്‍ന്ന് ഒരു കമ്മിറ്റിക്ക് രൂപം നല്‍കി. മര്‍ഹൂം പി.എ ശംസുദ്ദീന്‍ മൗലവി (കണ്‍വീനര്‍), മൈലാപൂര് ഷൗക്കത്താലി മൗലവി (സെക്രട്ടറി), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരായിരുന്നു ഭാരവാഹികള്‍. 1981 മാര്‍ച്ചില്‍ വര്‍ക്കല മൈതാനം പള്ളിയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സ്ഥാപനങ്ങള്‍ക്ക് മന്നാനിയ എന്ന് എം. ശിഹാബുദ്ദീന്‍ മൗലവി പേര് നല്‍കിയത്. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിലൊന്നായ അനുഗ്രഹദായകന്‍ എന്ന് അര്‍ഥം വരുന്ന 'മന്നാനില്‍' അര്‍പ്പിതമായത് എന്ന് ദ്യോതിപ്പിക്കുന്നതാണ് 'മന്നാനിയ' എന്ന പേര്.
1981 ജൂണ്‍ 29-നാണ് നിര്‍ദിഷ്ട ഭൂമിയില്‍ ശൈഖ് ഹസന്‍ ഹസ്രത്ത് പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പള്ളിയുടെ നിര്‍മാണം ആരംഭിച്ചുവെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യതയും മറ്റും പ്രയാസങ്ങള്‍ സൃഷ്ടിച്ചു. പള്ളി നിര്‍മാണം പൂര്‍ത്തിയായതോടെ ദര്‍സിന് തുടക്കമായി. വിപുലമായ പ്രവര്‍ത്തന സാധ്യതകളും സൗകര്യങ്ങളും മുന്‍നിര്‍ത്തി ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിനു കീഴില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ദക്ഷിണ തീരുമാനിച്ചത് 1986 ജൂണിലാണ്. അതോടെ, എം. ശിഹാബുദ്ദീന്‍ മൗലവി (ചെയര്‍മാന്‍), മൈലാപൂര് ഷൗക്കത്താലി മൗലവി (സെക്രട്ടറി), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 'ജാമിഅ മന്നാനിയ ഇസ്‌ലാമിയ്യ ചാരിറ്റബ്ള്‍ ട്രസ്റ്റ്' നിലവില്‍ വന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഉദാരമതികളുടെ സഹായത്തോടെ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. നിരവധി വിദ്യാലയങ്ങള്‍ പല സ്ഥലങ്ങളിലായി സ്ഥാപിതമാവുകയും ചെയ്തു.

ജാമിഅ മന്നാനിയ വര്‍ക്കല
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ പതിനൊന്ന് ഏക്കര്‍ വിശാലമായ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന 'ജാമിഅ മന്നാനിയ' എന്നറിയപ്പെടുന്ന അറബിക് കോളേജാണ് പ്രഥമ സംരംഭം. പള്ളി ദര്‍സായി തുടങ്ങിയ ദീനീ പഠന സ്ഥാപനം വിവിധ ഘട്ടങ്ങളിലൂടെ വളര്‍ന്നാണ് ഇന്നത്തെ 'ജാമിഅ മന്നാനിയ്യ'യായി മാറിയത്. മുഖ്തസ്വര്‍ (ബിരുദ കോഴ്‌സ്), മുത്വവ്വല്‍ (ബിരുദാനന്തര ബിരുദം) തലങ്ങളിലായി ഒമ്പത് വര്‍ഷത്തെ ദൈര്‍ഘ്യമുള്ളതാണ് അറബിക് കോളേജിലെ കോഴ്‌സ്. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരോ പള്ളി ദര്‍സില്‍ പഠിച്ചവരോ ആയ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. അറബി ഭാഷ, വ്യാകരണം, കര്‍മശാസ്ത്രം, സാഹിത്യം, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ വിഷയങ്ങളില്‍ പാരമ്പര്യ കിതാബുകളാണ് പഠിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി യൂനിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ അനുവാദമുണ്ടെങ്കിലും മന്നാനിയയിലെ കോഴ്‌സിന്റെ ഭാഗമായി യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍ അംഗീകരിക്കുകയോ സ്ഥാപനത്തില്‍ ക്ലാസ്സുകള്‍ നല്‍കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു കൂടിയാകണം വിദ്യാര്‍ഥികളുടെ എണ്ണം തീരെ കുറഞ്ഞുവരുന്നത്. മത- ഭൗതിക വിദ്യാഭ്യാസം എന്ന സ്വപ്നത്തിലേക്ക് ഒരു പടികൂടി കടന്നുചെല്ലാനായാല്‍ സ്ഥാപനത്തിന് നല്ല ഭാവിയുണ്ട് എന്നതില്‍ സംശയമില്ല.
1986 ജൂണിലാണ് മന്നാനിയ അറബിക് കോളേജിന്റെ ഔപചാരിക ഉദ്ഘാടനം 'സമസ്ത'യുടെ അന്നത്തെ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി നിര്‍വഹിച്ചത്. കെ.എം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയായിരുന്നു ആദ്യത്തെ പ്രിന്‍സിപ്പല്‍. 1988 മാര്‍ച്ചിലാണ് മന്നാനിയയുടെ ഒന്നാം ബിരുദദാന സമ്മേളനം നടന്നത്. അന്നത്തെ കേന്ദ്ര റെയില്‍വെ മന്ത്രി ജാഫര്‍ ശരീഫായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്, അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ അതില്‍ പങ്കെടുക്കുകയുണ്ടായി. പ്രസ്തുത സമ്മേളനത്തിലാണ് മന്നാനിയയുടെ പ്രധാന ബില്‍ഡിംഗിന്റെ ഉദ്ഘാടനം നടന്നത്. 27 പേര്‍ക്ക് അന്ന് 'മൗലവി ആലിം മന്നാനി' ബിരുദം നല്‍കുകയുണ്ടായി.
1989 മെയിലാണ് പാനായിക്കുളം അബ്ദുര്‍റഹ്മാന്‍ ഹസ്രത്ത് മന്നാനിയയുടെ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തത്. സ്ഥാപനത്തിന് പുതിയൊരു ദിശാബോധം നല്‍കി മുന്നോട്ടു നയിക്കുന്നതില്‍ അദ്ദേഹം കാര്യമായ സംഭാവനകള്‍ നല്‍കി. 1996 മെയ് 13ന് എറണാകുളത്ത് വെച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. 1993 ഫെബ്രുവരിയില്‍ രണ്ടാം സനദ് ദാന സമ്മേളനവും 1998 നവംബറില്‍ ആറാം സനദ്ദാന സമ്മേളനവും 2003-ല്‍ എട്ടാം സനദ് ദാന സമ്മേളനവും നടക്കുകയുണ്ടായി. 104 പേരാണ് 2003-ല്‍ സനദ് സ്വീകരിച്ച് പുറത്തുവന്നത്. ചാലിയം അബ്ദുര്‍റഹ്മാന്‍ മൗലവി, കെ.എം മുഹമ്മദ് ഈസാ മൗലവി, കെ.സി ജമാലുദ്ദീന്‍ മൗലവി, ഉസ്താദ് മൂസക്കുട്ടി ഹസ്രത്ത് തുടങ്ങിയ പണ്ഡിതന്മാര്‍ വിവിധ കാലങ്ങളിലായി മന്നാനിയയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉസ്താദ് അതിരാംപട്ടണം മുഹമ്മദ് കുട്ടി ഹസ്രത്ത് (മുഹ്തമിം), കെ.പി അബൂബക്കര്‍ ഹസ്രത്ത് (പ്രിന്‍സിപ്പല്‍), എം. ബീരാന്‍ കുട്ടി ഹസ്രത്ത് (ശൈഖുല്‍ ഹദീസ്) എന്നീ പ്രമുഖ പണ്ഡിതന്മാരാണ് സ്ഥാപനത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്.

മന്നാനിയ പബ്ലിക് സ്‌കൂള്‍
വര്‍ക്കലയിലെ കാമ്പസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പബ്ലിക് സ്‌കൂള്‍ ആരംഭിച്ചത് 2002-ലാണ്. ഗള്‍ഫ് മലയാളികളുടെ പ്രോത്സാഹനവും പിന്തുണയുമാണ് സ്‌കൂള്‍ എന്ന സ്വപ്നം യാഥാര്‍ഥമാക്കിയത്. സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് നടക്കുന്ന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ഇപ്പോള്‍ 400-ഓളം വിവിധ മതക്കാരായ കുട്ടികള്‍ പഠിക്കുന്നുണ്ട്. എല്‍.കെ.ജി-യു.കെ.ജി നഴ്‌സറി സ്‌കൂളും സ്ഥാപനത്തിന്റെ ഭാഗമായുണ്ട്. സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ബി. രാജന്‍ മാസ്റ്ററാണ്.
കാമ്പസിലുള്ള പഴയ പള്ളിക്കു പുറമെ വിശാലമായ പുതിയൊരു പള്ളിയുടെ പണി പൂര്‍ത്തിയായിവരുന്നു.

കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്
ചരിത്രപരവും മറ്റുമായ കാരണങ്ങളാല്‍ വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്നുപോയ ജനതയുടെ വളര്‍ച്ച ലക്ഷ്യമാക്കി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 1994-'95 അധ്യയനവര്‍ഷത്തില്‍ തുടക്കം കുറിച്ച സ്ഥാപനമാണ് മന്നാനിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്. കേരള യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ഈ എയ്ഡഡ് കോളേജ് കൊല്ലം ജില്ലയിലെ പാങ്ങോട് വിശാലമായ പതിനാറ് ഏക്കര്‍ ഭൂമിയിലാണ് നിലകൊള്ളുന്നത്. 1995 ജൂലൈ മൂന്നിനാണ് കോളേജ് ഔപചാരികമായി ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിശേഷിച്ചും മുസ്‌ലിം സമുദായത്തിന്റെ വൈജ്ഞാനിക വളര്‍ച്ച, അധഃസ്ഥിത ജനതയുടെ ഉന്നമനം, സ്ത്രീ വിദ്യാഭ്യാസം, മതേതര ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം, ദൈവവിശ്വാസവും ധാര്‍മിക ബോധവും പരിപോഷിപ്പിക്കല്‍, മതസൗഹാര്‍ദം എന്നിവയാണ് സ്ഥാപനം ലക്ഷ്യമാക്കുന്നത്.
ബി.എസ്.സി പോളിമര്‍ കെമിസ്ട്രി, ബി.കോം കോ-ഓപറേഷന്‍, ബി.കോം ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ്, ബി.എ ഇസ്‌ലാമിക് ഹിസ്റ്ററി എന്നീ നാല് ഡിഗ്രി കോഴ്‌സുകളുള്ള സ്ഥാപനത്തില്‍ അഞ്ഞൂറോളം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ പഠിക്കുന്നു. ഗ്രാമ്യ സൗന്ദര്യവും ശാന്തതയുമുള്ള മലയടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തില്‍, ഒരേസമയം അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നേടാവുന്ന മനോഹരമായ കമ്പ്യൂട്ടര്‍ ലാബും സുസജ്ജമായ കെമിസ്ട്രി ലാബും വിപുലമായ ലൈബ്രറി സംവിധാനവുമുണ്ട്. യു.ജി.സി യോഗ്യതയുള്ള 21 അധ്യാപകരും 16 അനധ്യാപക ജീവനക്കാരും കോളേജില്‍ സേവനം ചെയ്യുന്നു. കാമ്പസിനോട് ചേര്‍ന്ന് വിശാലമായ പള്ളിയുമുണ്ട്. പ്രഫ. കെ.വൈ യൂസുഫ് (1995-2001), ഡോ. ടി. ജമാല്‍ മുഹമ്മദ് (2001-2003), ഡോ. എം അബ്ദുസ്സമദ് (2003-2010) എന്നിവര്‍ക്കു ശേഷം ഡോ. ഇസഡ്. എ ആസിഫ് ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.

യതീം ഖാനകള്‍
അനാഥ സംരക്ഷണം ലക്ഷ്യമിട്ട് സ്ഥാപിച്ച മൂന്ന് യതീംഖാനകള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. മന്നാനിയ്യ യത്തീംഖാന പാങ്ങോട്, മന്നാനിയ ബനാത്ത് യതീംഖാന മുക്കുന്നം-കടയ്ക്കല്‍, ഉമറുല്‍ ഫാറൂഖ് യതീംഖാന കൊല്ലം എന്നിവയില്‍ നൂറു കണക്കിന് അനാഥര്‍ പഠിക്കുന്നുണ്ട്. പാങ്ങോട്ട് വാങ്ങിയ പതിനാറ് ഏക്കര്‍ റബര്‍ എസ്റ്റേറ്റിലെ പഴയ ഒരു കെട്ടിടത്തിലായിരുന്നു യതീഖാന ആരംഭിച്ചത്. രണ്ട് ബില്‍ഡിംഗുകളിലായി പ്രവര്‍ത്തിക്കുന്ന പാങ്ങോട് യതീംഖാനയില്‍ നൂറില്‍ പരം കുട്ടികള്‍ പഠിക്കുന്നു. യതീംഖാനയുടെ സമീപത്തുള്ള മന്നാനിയ ഓഡിറ്റോറിയമാണ് മറ്റൊരു സ്ഥാപനം. പൊതു പരിപാടികള്‍ സംഘടിപ്പിക്കാന്‍ സൗകര്യമുള്ള 800 പേരെ ഉള്‍ക്കൊള്ളുന്നതാണ് ഓഡിറ്റോറിയം. 500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാളും ഉണ്ട്.

ഉമറുല്‍ ഫാറൂഖ് അറബിക് കോളേജ്
ട്രസ്റ്റിന്റെ കീഴില്‍ കൊല്ലം കിളിക്കൊല്ലൂരില്‍ മന്നാനിയ ഉമറുല്‍ ഫാറൂഖ് അറബിക് കോളേജ്, യതീംഖാന, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്, ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. പരിമിതമായ സൗകര്യങ്ങളോടെ തുടക്കം കുറിച്ച സ്ഥാപനത്തില്‍ പുതിയ ഇരുനിലകെട്ടിടവും വിശാലമായ ജുമുഅ മസ്ജിദും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. യതീംഖാനയില്‍ 75-ഓളം അനാഥ-അഗതികള്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നു.

തര്‍ബിയത്ത് കോളേജ്
കൊല്ലം ജില്ലയിലെ കടയ്ക്കലിനടുത്ത് മുക്കുന്നത്ത് 1995-ല്‍ തുടക്കം കുറിച്ച തര്‍ബിയത്ത് കോളേജും വനിതാ യതീംഖാനയും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ത്രിവത്സര തര്‍ബിയത്ത് കോഴ്‌സാണ് സ്ഥാപനത്തിന്റെ പ്രത്യേകത. വിവാഹിതര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളും ആവശ്യമായ ചില പൊതുവിഷയങ്ങളും പഠിപ്പിച്ച് നല്ല കുടുംബിനികളെ വാര്‍ത്തെടുക്കാന്‍ ഉതകുന്നതാണ് ഈ കോഴ്‌സ്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഇവിടത്തെ യതീംഖാനയില്‍ 175-ഓളം കുട്ടികള്‍ താമസിക്കുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുന്നുണ്ട്. ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബും സ്ഥാപനത്തിലുണ്ട്. ദക്ഷിണയുടെ യുവജന ഫെഡറേഷന്റെ സെക്രട്ടറി കടയ്ക്കല്‍ ജുനൈദിനോടൊപ്പം സ്ഥാപനം സന്ദര്‍ശിക്കാനും കുട്ടികളോട് സംവദിക്കാനും എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഇവിടത്തെ കുട്ടികളെ ലക്ഷ്യബോധത്തോടെ മാര്‍ഗദര്‍ശനം നല്‍കി വളര്‍ത്തിക്കൊണ്ടുവന്നാല്‍ തീര്‍ച്ചയായും നാളേക്കൊരു മുതല്‍ക്കൂട്ടായിരിക്കും. യൂനിവേഴ്‌സിറ്റിയുടെ ഡിഗ്രി പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥിനികളും അനാഥാലയത്തില്‍ നിന്നുണ്ടായിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കാനുള്ള കോഴ്‌സും സ്ഥാപനത്തിലുണ്ട്.
കല്ലമ്പലം, മടന്തപ്പച്ച, ആലുപാറയില്‍ യതീംഖാനയും ഹിഫ്‌ള് കോളേജും, കൊല്ലം വെളിച്ചിക്കാലയില്‍ തഫ്ഹീളുല്‍ ഖുര്‍ആന്‍ സ്ഥാപനവും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം -കൊല്ലം ജില്ലകള്‍ക്കിടയില്‍ പള്ളിക്കല്‍ പോരേടം എന്ന സ്ഥലത്ത് നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ബഹുമുഖ ലക്ഷ്യങ്ങളുള്ള മഹത്തായൊരു സംരംഭമാണ്.
ദക്ഷിണയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായ യൂനുസ് മൗലവി, ഉമര്‍ കുട്ടി മൗലവി, എം. ശിഹാബുദ്ദീന്‍ മൗലവി എന്നീ പണ്ഡിതരെക്കുറിച്ചാണ് ഇനി പറയാനുള്ളത്. (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍