Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 23

ബംഗ്ലാദേശ് കൊലവിളി ഇസ്‌ലാമിനോട്‌

വി.പി ശൗക്കത്തലി

അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ത്വരിതഗതിയില്‍ നടക്കുന്ന ഇസ്‌ലാംവിരുദ്ധ നടപടികള്‍ അത്യന്തം സങ്കീര്‍ണമായ തലത്തിലേക്ക് നീങ്ങുകയാണ്. പാകിസ്താനും ഇന്തോനേഷ്യക്കും ശേഷം ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ 'ഇസ്‌ലാം' ഭരണഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു! ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പട്ട ഒട്ടേറെ നിയമങ്ങള്‍ റദ്ദാക്കി. മുസ്‌ലിം രാഷ്ട്രങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുമെന്ന പരാമര്‍ശം എടുത്തുകളഞ്ഞു. പകരം പ്രതിഷ്ഠിച്ചിരിക്കുന്നത് ശുദ്ധ മതമുക്ത ആശയങ്ങള്‍. രാഷ്ട്ര ജനസംഖ്യയില്‍ 85-90 ശതമാനം (150 മില്യന്‍) വരുന്ന മുസ്‌ലിംകളും അവരുടെ ഇസ്‌ലാമും അക്ഷരാര്‍ഥത്തില്‍ 'ന്യൂനപക്ഷ'മായ അവസ്ഥാ വിശേഷം.
2008 ഡിസംബറില്‍ അള്‍ട്രാ സെക്യുലര്‍ കക്ഷിയായ ശൈഖ് ഹസീനയുടെ ബംഗ്ലാദേശ് അവാമി ലീഗ് (ബി.എ.എല്‍), മുന്‍ പട്ടാള ഭരണാധികാരി ജനറല്‍ ഇര്‍ശാദിന്റെ ജാതീയ പാര്‍ട്ടിയെയും 14 ഇടത് കക്ഷികളെയും കൂട്ടുപിടിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതു മുതല്‍ തന്നെ അതിന്റെ 'ഇസ്‌ലാമോഫോബിയ' പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അടുത്ത വര്‍ഷം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇസ്‌ലാമിന്റെ അടിവേരറുക്കാനും രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷി കൂടിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയെ നിര്‍വീര്യമാക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. പൂര്‍ണ മതമുക്ത പാതയിലേക്കുള്ള തിരിച്ചുപോക്ക്. 2008-ല്‍ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഇന്റര്‍നാഷ്‌നല്‍ മാഗസിനില്‍, ശൈഖ് ഹസീനയുടെ പുത്രന്‍ സാജീബ് വാസിറും അമേരിക്കന്‍ പക്ഷപാതിയായ സുഹൃത്ത് സ്വൂഫാക്കോയും ചേര്‍ന്നെഴുതിയ ലേഖനത്തില്‍, മതേതര ബംഗ്ലാദേശിന് തടസ്സം സൈനികരംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള ഇസ്‌ലാമിന്റെ സ്വാധീനമാണെന്ന് തുറന്നെഴുതുന്നുണ്ട്. ഈ 'റോഡ് മാപ്പ്' അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രസിദ്ധ ബംഗാളി എഴുത്തുകാരന്‍ അബൂറൂസബ് തന്റെ 'തീവ്ര മതേതര വളര്‍ച്ച' എന്ന കൃതിയില്‍, ബംഗ്ലാദേശില്‍ 'മതേതര'മെന്നാല്‍ 'ഇസ്‌ലാംവിരുദ്ധത' എന്ന് തന്നെയാണ് അര്‍ഥമെന്ന് വിശദീകരിക്കുന്നുണ്ട്. 1981-ല്‍ മുന്‍ പ്രസിഡന്റ് സിയാഉര്‍റഹ്മാന്റെ കാലത്ത് രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ട ഇസ്‌ലാമിനെ പൂര്‍ണമായും പടിക്ക് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ചുരുക്കം. ഈ ധാരണയെ ബലപ്പെടുത്തുന്ന സംഭവങ്ങളാണ് അടിക്കടി അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഈയിടെ അല്‍മുജ്തമഅ് വാരിക നാല് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
'രാജ്ശാഹി' യൂനിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സാബൂജിനെ കലാലയ പരിസരത്ത് നമസ്‌കരിക്കുന്നത് തടഞ്ഞ സംഭവമുണ്ടായി. സാമൂഹികശാസ്ത്രം ഫാക്കല്‍റ്റിയില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ശാരീരികമായി പീഡിപ്പിക്കുന്ന അനുഭവങ്ങളുമുണ്ട്. യൂനിവേഴ്‌സിറ്റികളില്‍ പ്രഫസര്‍മാരായി നിയമിക്കപ്പെടുന്നവരോട് താടി നീട്ടരുതെന്നും കലാലയ കാമ്പസില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നും മുസ്‌ലിം പാരമ്പര്യ വസ്ത്രങ്ങള്‍ ധരിച്ച് അധ്യാപനം നടത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്‌ലാമിക ഗ്രന്ഥങ്ങളുമായി സര്‍വകലാശാലകളില്‍ വരുന്നതിനും മതചിഹ്നങ്ങളും ആചാരങ്ങളും പാലിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് കടുത്ത വിലക്കുകളുണ്ട്. അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ബംഗ്ലാദേശ് ഛാത്ര ലീഗ് (ബി.സി.എല്‍) കലാലയങ്ങളില്‍ കൂത്താടുകയാണ്.
ബംഗ്ലാദേശിനെ അതിന്റെ ഇസ്‌ലാമിക വേരുകളില്‍ നിന്ന് അറുത്തുമാറ്റാനുള്ള ഭരണകൂട അജണ്ടയിലെ മുഖ്യ ഇര രാജ്യത്തെ പ്രബല ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി തന്നെയാണ്. തങ്ങളുടെ ഇസ്‌ലാംവിരുദ്ധ ജൈത്രയാത്രക്ക് മുഖ്യതടസ്സം ഇസ്‌ലാമിനെ സമഗ്ര ജീവിതാദര്‍ശമായി കാണുകയും പ്രയോഗവത്കരിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയാണെന്ന് ശൈഖ് ഹസീനയും സഹയാത്രികരും കരുതുന്നു. തുടക്കം മുതലേ ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ സജീവമായി ഇടപെട്ടുവരുന്നുണ്ട് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 12 മില്യന്‍ സജീവ വോട്ടര്‍മാരുണ്ട് ആ പ്രസ്ഥാനത്തിന്. രാജ്യത്തെ മറ്റൊരു മുഖ്യകക്ഷിയായ ഖാലിദ സിയയുടെ ബി.എന്‍.പിയും മറ്റിതര പാര്‍ട്ടികളുമായി ചേര്‍ന്ന് 2001-2006-ല്‍ ഭരണചക്രം തിരിച്ച പാര്‍ട്ടി കൂടിയാണത്. അക്കാലത്ത് അതിന്റെ അമീര്‍ മൗലാനാ മുതീഉര്‍റഹ്മാന്‍ നിസാമി കാര്‍ഷിക -വ്യവസായ മന്ത്രിയുമായിരുന്നു. ജനറല്‍ സെക്രട്ടറി അലി ഇഹ്‌സാന്‍ മുഹമ്മദ് സാമൂഹിക ക്ഷേമ വകുപ്പും കൈകാര്യം ചെയ്തു. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ തന്നെ ഏറെ പുരോഗതി നേടിയ, അഴിമതി മുക്ത മന്ത്രാലയങ്ങളായിരുന്നു ഇവയെന്ന് ശത്രുക്കള്‍ പോലും സമ്മതിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു തിരിച്ചുവരവിനെ ഭയക്കുന്നത് കൊണ്ടു കൂടിയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതക്ക് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ വിധേയമാകുന്നതും.
2010 മുതല്‍ ജമാഅത്തിനെതിരെ കുരുക്കുകള്‍ മുറുകുകയാണ്. സ്ഥാപക നേതാവ് പ്രഫ. ഗുലാം അഅ്‌സം, അമീര്‍ മൗലാനാ മുതീഉര്‍റഹ്മാന്‍ നിസാമി, ജനറല്‍ സെക്രട്ടറി അലി ഇഹ്‌സാന്‍ മുഹമ്മദ് മുജാഹിദ്, അസി,. അമീര്‍ ദോലാര്‍ ഹുസൈന്‍ തുടങ്ങി പ്രമുഖ നേതാക്കളും ആയിരക്കണക്കിന് അനുയായികളും ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നു. 1973-ല്‍ സ്ഥാപിതമായ 'ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണല്‍' (ഐ.സി.ടി) ഇവരെ യുദ്ധക്കുറ്റവാളികളായി പ്രഖ്യാപിച്ച് വിചാരണ നടത്തിക്കൊണ്ടിരിക്കുകയാണ്. '71-ലെ സ്വാതന്ത്ര്യ സമരകാലത്ത് പാകിസ്താനെ പിന്തുണച്ചുവെന്നും രാഷ്ട്രത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും വ്യാപകമായ കൊലയിലും കൊള്ളയിലും മറ്റും പങ്കുകൊണ്ടു എന്നുമാണ് ആരോപണം. കുറ്റപത്രം സമര്‍പ്പിക്കാതെയാണ് വ്യാപകമായ അറസ്റ്റ് നടന്നത്. കടുത്ത ജയില്‍ പീഡനത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ജമാഅത്ത് നേതാക്കള്‍ വിധേയരായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമില്ലാത്ത ഈ ട്രൈബ്യൂണല്‍ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ നിഗൂഢ നീക്കമാണ് നടക്കുന്നതെന്നും ഒട്ടേറെ മനുഷ്യാവകാശ സംഘടനകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
'ഹോളിഡേ ഇന്റര്‍നാഷ്‌നല്‍' പത്രം പറയുന്നത്, ഇത് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമായ പകപോക്കലാണെന്നാണ്. ബംഗ്ലാദേശിലെ അഭിഭാഷക സംഘടനകള്‍, ഈ ട്രൈബ്യൂണലിന് 17 വലിയ ന്യൂനതകള്‍ ഉണ്ടെന്നും ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നും വ്യക്തമാക്കുന്നു. 1971-ല്‍ തയാറാക്കപ്പെട്ട കുറ്റവാളി ലിസ്റ്റില്‍ ഒരൊറ്റ ജമാഅത്തുകാരന്റെയും പേരില്ലെന്നും ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ട പലര്‍ക്കും സംഭവം നടക്കുന്ന കാലത്ത് നാലോ അഞ്ചോ വയസ്സേ പ്രായമുള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1975-ല്‍ രാഷ്ട്രം പൂര്‍ണമായി അടച്ചുകളഞ്ഞ അധ്യായം വീണ്ടും തുറക്കുന്നത് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വ്യക്തം.
ട്രൈബ്യൂണലിനു കീഴില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കി രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ ഹസീനയും കൂട്ടരും പരിപാടിയിട്ടതിന്റെ ഞെട്ടിക്കുന്ന രേഖകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇക്കണോമിസ്റ്റ് പുറത്തുവിട്ടതാണ് ഇതിലൊന്ന്. ക്രൈം ട്രൈബ്യൂണലിന്റെ മേധാവി ജസ്റ്റിസ് മുഹമ്മദ് നിളാമുല്‍ ഹഖും ബ്രസ്സല്‍സിലെ പ്രമുഖ ബംഗാളി അഭിഭാഷകന്‍ മുഹമ്മദ് ദിയാഉദീനും തമ്മില്‍ നടന്ന 17 മണിക്കൂര്‍ സംഭാഷണവും അവര്‍ അയച്ച 230 ഇമെയിലുകളുമാണ് കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തില്‍ ഇക്കണോമിസ്റ്റില്‍ റിപ്പോര്‍ട്ടായി പ്രത്യക്ഷപ്പെടുന്നത്. ജമാഅത്ത് നേതാക്കള്‍ക്കെതിരെ ശിക്ഷ വിധിക്കാന്‍ ഹസീന വാജിദ് തന്നെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യസന്ധമായും നിയമപരമായും പോയാല്‍ തനിക്കതിന് തെളിവുകള്‍ കിട്ടില്ലെന്നും നിളാമുല്‍ ഹഖ് സമ്മതിക്കുന്നു. ഈ പ്രതിസന്ധി എങ്ങനെ മറികടക്കാമെന്ന് അഭിഭാഷകനോട് ഉപദേശം തേടുകയാണ് അദ്ദേഹം. ഇമെയിലുകളും സംഭാഷണങ്ങളും പുറത്തായതോടെ നിളാമുല്‍ ഹഖ് രാജിവെക്കാന്‍ നിര്‍ബന്ധിതനായി. വരുന്ന മാര്‍ച്ച് 26-ന് ബംഗ്ലാദേശ് ജമാഅത്തിന്റെ സമുന്നത സ്ഥാപക നേതാവ് പ്രഫസര്‍ ഗുലാം അഅ്‌സമിനെയും മറ്റു നൂറ് പേരെയും വധശിക്ഷക്ക് വിധേയമാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ജമാഅത്തിന്റെ അസി. സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ മുല്ലയെ ട്രൈബ്യൂണല്‍ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചതും ജീവപര്യന്തം തടവിനു വിധിച്ചതും. മറ്റൊരു നേതാവായ അബുല്‍ കലാം ആസാദിനു വധശിക്ഷയും വിധിക്കുകയുണ്ടായി. മറ്റുള്ളവരുടെ വിചാരണയും കുറ്റപത്ര സമര്‍പ്പണവും വേഗത്തിലാക്കാനും നീക്കം നടക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്‍, 91-കാരനായ ജമാഅത്ത് നേതാവ് ഡോ. ഗുലാം അഅ്‌സമിനെതിരെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍റഹ്മാന് കത്തയച്ചത്. എന്നാല്‍, ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞത്, 'ഈ നിര്‍ദേശം സ്വീകാര്യമല്ലെന്നും ഇത് ആഭ്യന്തര കാര്യത്തിലുള്ള വ്യക്തമായ ഇടപെടലാണ്' എന്നുമാണ്. യു.എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ ക്രിസ്റ്റോഫ് ഹൈന്‍സും ഗബ്രീലാ നാഉലും ഈ വധശിക്ഷ നിയമാനുസൃതമല്ലെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധക്കുറ്റവിചാരണ രാഷ്ട്രത്തിന്റെ അവകാശമാണെങ്കിലും വധശിക്ഷ വിധിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് യു.കെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പ്രതികരിച്ചു.
യുവാക്കളെ ഇളക്കിവിട്ട് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ച് സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന ഭരണകക്ഷി നാടകത്തെ ശക്തമായെതിര്‍ത്ത മുഖ്യ പ്രതിപക്ഷ കക്ഷിയായ ബംഗ്ലാ നാഷ്‌നല്‍ പാര്‍ട്ടിയുടെ അധ്യക്ഷ ഖാലിദ സിയ, 2011-ല്‍ ഹസീനാ സര്‍ക്കാര്‍ റദ്ദ് ചെയ്ത കെയര്‍ ടേക്കര്‍ സംവിധാനം പുനഃസ്ഥാപിച്ച് സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് തയാറാകാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഏതായാലും ബംഗ്ലാദേശില്‍ ഭരണകൂട ഭീകരത അതിന്റെ അവസാനത്തെ കളിയിലേക്ക് നീങ്ങുകയാണ്. ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനവുമാണ് അവരുടെ മുഖ്യ ടാര്‍ജറ്റ്. ലോകം ഈ ക്രൂരതക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് പ്രസ്ഥാന നായകര്‍ ആവശ്യപ്പെടുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (4 - 8)
എ.വൈ.ആര്‍