കെ. അവറാന്‍ മൗലവി
അരനൂറ്റാണ്ടുകാലം പൊന്നാനി താലൂക്കിലെ കോലൊളമ്പിലും ഇതര പ്രദേശങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം പ്രവര്‍ത്തിച്ച കര്‍മയോഗിയായിരുന്നു അവറാന്‍ മൗലവി .
കോടൂര്‍, പുളിയാട്ടുകുളം, പെരുമുക്ക്, മാണൂര്‍ എന്നിവിടങ്ങളിലെ പള്ളിദര്‍സുകളില്‍നിന്നാണ് മൗലവി ദീനീവിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് പോത്തനൂരില്‍ മദ്‌റസാ അധ്യാപകനും പള്ളി ഖത്വീബുമായി ജോലിയില്‍ പ്രവേശിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ അവറാന്‍ മൗലവി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായിരുന്നു.
1960-കളില്‍ കൊച്ചനൂരിലെ പുരോഗമനാശയക്കാര്‍ സ്ഥാപിച്ച പള്ളി മദ്‌റസകളില്‍ ഖത്വീബും അധ്യാപകനുമായി അവറാന്‍ മൗലവി ചുമതലയേറ്റു. അന്നദ്ദേഹം കൊച്ചനൂരിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ഥികളെയും യുവാക്കളെയും സംഘടിപ്പിച്ച് ക്ലാസുകളെടുത്ത് അവരെ അഫ്ദലുല്‍ ഉലമ പരീക്ഷയെഴുതാന്‍ യോഗ്യരാക്കുകയുണ്ടായി. അങ്ങനെ ആ പ്രദേശത്ത് ധാരാളം അറബി അധ്യാപകരെ അദ്ദേഹം വാര്‍ത്തെടുത്തു. കോഴിക്കോട് ജില്ലയിലെ ശിവപുരത്തുള്ള ജമാഅത്ത് സ്ഥാപനങ്ങളിലും അവറാന്‍ മൗലവി സേവനമനുഷ്ഠിക്കുകയുണ്ടായി. അവിടെയും അദ്ദേഹത്തിന് ഏറെ ശിഷ്യന്മാരുണ്ട്.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രേരണയാല്‍ പിന്നീട് കോലൊളമ്പില്‍ തിരിച്ചെത്തിയ മൗലവി മഹല്ല് പള്ളിയുടെ സാരഥ്യം ഏറ്റെടുത്തു. അതോടെ ഗ്രാമത്തിന്റെ മുഖഛായ മാറിത്തുടങ്ങി. അനിസ്‌ലാമിക പ്രവണതകളോട് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു. ആഴ്ചകള്‍ നീണ്ട പ്രസംഗ പരമ്പകളിലൂടെ ജനങ്ങളില്‍ മാനസാന്തരം സൃഷ്ടിച്ചു. നാട്ടില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളും തുടച്ച് നീക്കാനും ഖുത്വുബ മലയാളത്തിലാക്കാനും സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കാനും അദ്ദേഹത്തിന്റെ പോരാട്ടത്തിലൂടെ സാധിച്ചു. പലവട്ടം അദ്ദേഹം ജമാഅത്തിന്റെ പ്രാദേശിക നാസിമായി തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് അവറാന്‍ മൗലവി അബൂദബിയിലും ഒമാനിലുമായി പ്രവാസ ജീവിതം നയിച്ചു. ഒമാനിലായിരുന്നപ്പോള്‍ ഒമാന്‍ ഇസ്‌ലാമിക് അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.
1990-ല്‍ മൗലവി പൊന്നാനി ഐ.എസ്.എസ്സില്‍ അധ്യാപകനായി ചേര്‍ന്നു. ചുമതലയില്‍ നിന്ന് വിരമിക്കാന്‍ പലവട്ടം ശ്രമിച്ചുവെങ്കിലും മൗലവിയുടെ അധ്യാപന സാമര്‍ഥ്യവും പാണ്ഡിത്യവും കണ്ടറിഞ്ഞ സ്ഥാപനാധികൃതര്‍ സമ്മതിച്ചില്ല. 74-ാം വയസ്സില്‍ മരിക്കുമ്പോഴും അദ്ദേഹം ഐ.എസ്.എസ് അധ്യാപകനായിരുന്നു. മൗലവിയുടെ വിയോഗം ഐ.എസ്.എസ്സിനും കോലൊളമ്പിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും തീരാ നഷ്ടം തന്നെയാണ്.
ഡോ. കെ.വി താഹ, അബൂദബി
ഇ.കെ അശ്‌റഫ്
ജമാഅത്തെ ഇസ്‌ലാമി കൊടുവള്ളി ടൗണ്‍ ഹല്‍ഖയുടെ ട്രഷററും പേരാമ്പ്ര ദാറുന്നുജൂം എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനുമായ ഇ.കെ അശ്‌റഫ് മാസ്റ്റര്‍ (49) വാഹനാപകടത്തില്‍ മരണപ്പെട്ടു.
അകവും പുറവും ഒരുപോലെ ശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. നിറഞ്ഞ പുഞ്ചിരി, മിതഭാഷണം, ഉത്തരവാദിത്വ നിര്‍വഹണത്തില്‍ കൃത്യനിഷ്ഠ തുടങ്ങി അനേകം നന്മകളുടെ ഉടമയായിരുന്നു. ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുന്ന ശീലക്കാരന്‍. കടത്തോട് ഭീതിയോടെ അകലം പാലിച്ചു.
വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍ മൂന്നാം ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെ ജീവനക്കാരനായി. പിന്നീട് ഗള്‍ഫില്‍ മെച്ചപ്പെട്ട ജോലി ലഭിച്ചെങ്കിലും കൂടെ പോയ സുഹൃത്ത് ജോലി സംബന്ധമായ പ്രയാസത്താല്‍ മടങ്ങിയപ്പോള്‍ അദ്ദേഹത്തോടൊപ്പം തിരിച്ചുപോരുകയായിരുന്നു. തുടര്‍ന്ന് പേരാമ്പ്ര ദാറുന്നുജൂമില്‍ ജോലിയില്‍ പ്രവേശിച്ചു. 18 വര്‍ഷമായി സ്‌കൂളില്‍ സേവനം നിര്‍വഹിച്ചുവരികയായിരുന്നു. സ്‌കൂളിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും പരിശ്രമവും സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട്.
സോളിഡാരിറ്റി കൊടുവള്ളി ഏരിയയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയില്‍ അംഗമാണ്. ഭാര്യ ഫരീദ. മക്കള്‍: മുഫീദ, സഫലാമിയ.
ഷാനവാസ് കൊടുവള്ളി
Comments