Prabodhanm Weekly

Pages

Search

2013 ജനുവരി 19

മുഹമ്മദ് ജമീല്‍ വലദ് മന്‍സൂര്‍ വീണ്ടും

മൂസക്കുട്ടി വെട്ടിക്കാട്ടിരി

മൊറീതാനിയന്‍ ഇസ്‌ലാമിക പ്രസ്ഥാനമായ 'തവാസുല്‍' പ്രസിഡണ്ടായി മുഹമ്മദ് ജമീല്‍ വലദ് മന്‍സൂര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷമാണ് കാലാവധി. തലസ്ഥാന നഗരമായ Nouakchott ല്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് വലദ് മന്‍സൂര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട രണ്ട് പാര്‍ട്ടി അസി.സെക്രട്ടറിമാരില്‍ ഒരു വനിതയും (സാലിമ ബിന്‍ത് സൈന്‍) ഉള്‍പ്പെടുന്നു.
അറബി ഔദ്യോഗിക ഭാഷയായ, 100% മുസ്‌ലിംകളുള്ള ആഫ്രിക്കന്‍ രാജ്യമാണ് ഇസ്‌ലാമിക് റിപ്പബ്ലിക്് ഓഫ് മൊറീതാനിയ. എന്നാല്‍ നീണ്ടകാലത്തെ ഫ്രഞ്ച് അധിനിവേശം സാംസ്‌കാരികവും വിശ്വാസപരവുമായി മൊറീതാനിയന്‍ ജനതയെ ഇസ്‌ലാമില്‍നിന്ന് ഏറെ അകറ്റി. ഇസ്‌ലാമിക പ്രസ്ഥാനമായ 'തവാസുലി'ന് ആഴത്തില്‍ വേരുകളുള്ള ആഫ്രിക്കന്‍ രാജ്യം കൂടിയാണ് മൊറീതാനിയ. സിറിയന്‍ ഏകാധിപതിക്കെതിരെ 'തവാസുല്‍' സിറിയന്‍ സ്വതന്ത്ര സേനയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.
പടിഞ്ഞാറെ ആഫ്രിക്കയില്‍ അല്‍ജീരിയ, മൊറോക്കൊ, സെനഗല്‍, മാലി തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മൊറീതാനിയ ഭൂമിശാസ്ത്രപരമായി വളരെ തന്ത്രപ്രധാന സ്ഥാനം വഹിക്കുന്നത് കൊണ്ട് സാമ്രാജ്യത്വ ശക്തികളുടെ ആകര്‍ഷണ കേന്ദ്രമാണ്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നവും സൈനികമായി തന്ത്രപ്രധാനവുമായ ഭൂപ്രദേശം എന്നതിനപ്പുറം ഏറെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട് കഴിയുന്ന ഈ ബെല്‍ട്ടില്‍ ഒരു 'ആഫ്രിക്കന്‍ വസന്ത'ത്തിന്റെ കനലെരിയുന്നു എന്നതുതന്നെ കാരണം.

ജൂത ക്രൂരതകളുടെ നേര്‍കാഴ്ചയൊരുക്കി ഗസ്സ എക്‌സിബിഷന്‍

ഒന്നര മാസം മുമ്പ് ഇസ്രയേല്‍ ഫലസ്ത്വീനിലെ ഗസ്സയില്‍ നടത്തിയ ബോംബ് വര്‍ഷത്തിന്റെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത കരളലയിപ്പിക്കുന്ന കാഴ്ചകളുമായി 'ഗസ്സ എക്‌സിബിഷന്‍.' എട്ടു ദിവസം നീണ്ട ഇസ്രയേലിന്റെ ബോംബ് വര്‍ഷത്തിനിരയായി അതിദാരുണമായി രക്തസാക്ഷ്യം വഹിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ചോരയില്‍ കുതിര്‍ന്ന കാഴ്ചകളാണ്് പ്രദര്‍ശനത്തിലധികവും.
ഇസ്രയേലി യുദ്ധവിമാനങ്ങള്‍ തീര്‍ത്ത ചോരക്കളത്തില്‍ ജീവന്‍ പണയപ്പെടുത്തി ചില മാധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ജീവകാരുണ്യ പ്രവര്‍ത്തകരും മറ്റും ഒപ്പിയെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ബോംബു വര്‍ഷിച്ച കെട്ടിടത്തിലെ പൊട്ടിപ്പൊളിഞ്ഞ ചുമരുകളില്‍ കറുത്ത തുണിയിലാണ് 500 ലധികം വരുന്ന യുദ്ധ ഭീകരത വരച്ചുകാട്ടുന്ന ചിത്രങ്ങള്‍ ഒരുക്കിയത്. രക്തപ്പുഴയില്‍ നീന്തുമ്പോഴും 'വിജയ'ചിഹ്നം ഉയര്‍ത്തിപ്പിടിച്ച് കിടക്കുന്ന, പരിക്കേറ്റവരുടെയും രക്തസാക്ഷികളായവരുടെയും ചിത്രങ്ങള്‍ ഫലസ്ത്വീനിയുടെ സ്വാതന്ത്ര്യമോഹവും ഒരിക്കലും മരിക്കാത്ത മനോവീര്യവും വിളിച്ചറിയിക്കുന്നതാണ്. 'കുറ്റകൃത്യങ്ങളുടെ നേര്‍ക്കാഴ്കള്‍'എന്ന തലക്കെട്ടിലാണ് പ്രദര്‍ശനം.
ഗസ്സ സര്‍ക്കാറിന്റെ വാര്‍ത്താവിതരണ വിഭാഗമാണ് രണ്ടു തലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള പ്രദര്‍ശനം ഒരുക്കിയത്. ഗസ്സയെ ബാധിച്ച യുദ്ധക്കെടുതികള്‍ ഒപ്പിയെടുത്ത 400 ലേറെ ചിത്രങ്ങളടങ്ങിയ ഒരു വിഭാഗവും കുട്ടികള്‍ക്കും ലോല ഹൃദയര്‍ക്കും പ്രവേശനമില്ലാത്ത അതി ദാരുണമായ രംഗങ്ങളടങ്ങിയ 100 ഓളം ചിത്രങ്ങളടങ്ങിയ മറ്റൊരു വിഭാഗവും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. അറബ് പാശ്ചാത്യ നാടുകളില്‍ പ്രദര്‍ശനം നടത്താനും പരിപാടിയുണ്ട്.

എത്യോപ്യയില്‍
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

എത്യോപ്യന്‍ തലസ്ഥാനമായ അദീസ് അബാബയില്‍ മത സ്വാതന്ത്ര്യം അനുവദിക്കണമെന്നും ജയില്‍ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് മുസ്‌ലിംകള്‍ പ്രക്ഷോഭം ആരംഭിച്ചു. ' സ്വാതന്ത്ര്യ പോരാട്ടത്തിന് 360 നാള്‍' എന്ന ബാനറില്‍ ആരംഭിച്ച പ്രക്ഷോഭം സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. തലസ്ഥാനത്തെ പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനുശേഷം പതിനായിരക്കണക്കിനു പേരാണ് പ്രകടനങ്ങളില്‍ അണിചേര്‍ന്നത്.
ഭരണകൂടവുമായി സംഭാഷണത്തിന് നിയോഗിക്കപ്പെട്ട എത്യോപ്യന്‍ മുസ്‌ലിം പ്രതിനിധികളെ ജയിലിലടച്ച് പീഡിപ്പിക്കുന്നതായി മുസ്‌ലിം നേതാക്കള്‍ ആരോപിക്കുന്നു. 'ഭീകര വിരുദ്ധ' നിയമത്തിന്റെ മറവില്‍ ജയിലിലടക്കപ്പെട്ട മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കും മുസ്‌ലിം നേതാക്കള്‍ക്കും മനുഷ്യാവകാശം പോലും നിഷേധിക്കുന്നതായി വിവിധ ഇസ്‌ലാമിക സംഘടനകള്‍ ആരോപിച്ചു. മത സ്വാതന്ത്ര്യം ഉറപ്പുവരുത്താനും മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ എത്യോപ്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ജനസംഖ്യയുടെ 34% ത്തിലധികം മുസ്‌ലിംകളുള്ള എത്യോപ്യയില്‍ കടുത്ത ദാരിദ്ര്യം മുതലെടുത്ത് ശക്തമായ ക്രൈസ്തവവല്‍ക്കരണം നടന്നുവരുന്നതായും വിവിധ മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു.

ഈജിപ്തിനും തുനീഷ്യക്കും പിന്നാലെ ഇറാഖും

ഈജിപ്തിലെയും തുനീഷ്യയിലെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ അലയൊലികള്‍ ഇറാഖിലും അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. സ്വാതന്ത്ര്യത്തിനുള്ള മുറവിളികളുമായി ജനം റോഡിലിറങ്ങുന്ന കാഴ്ചകള്‍ അനുദിനം വര്‍ധിച്ചുവരികയാണ്.
ഇറാഖിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനറുതി വരുത്താന്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നാവശ്യപ്പെട്ട് ഉപപ്രധാനമന്ത്രി സ്വാലിഹ് അല്‍മുത്‌ലക് അടക്കം പ്രമുഖ നേതാക്കളും രാഷ്ട്രീയ കക്ഷികളും മുറവിളി കൂട്ടിത്തുടങ്ങി. സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി രാജിവെച്ച് ഇടക്കാല സര്‍ക്കാറിനെ അധികാരം ഏല്‍പ്പിക്കണമെന്നാണ് മുന്‍ പ്രധാന മന്ത്രിയും 'അല്‍ ഇറാഖിയ്യ' സഖ്യകക്ഷി നേതാവുമായ ഇയാദ് അല്ലാവിയുടെ ആവശ്യം. നീതിയും സ്വാതന്ത്ര്യവും പുലര്‍ന്നുകാണുന്ന ഒരു ഇറാഖിനെയാണ് ജനത സ്വപ്നം കണ്ടത്. എന്നാല്‍ ഭീതിയും അവകാശ നിഷേധവുമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് അല്ലാവി പറയുന്നു.
സദ്ദാം യുഗത്തേക്കാള്‍ മോശമായ രാഷ്ട്രീയ സാമൂഹിക പരിസരം ഇറാഖികളെ മടുപ്പിച്ചിരിക്കുന്നു. ഇസ്‌ലാമിക മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ നിലവിലെ ഭരണകൂടം സദ്ദാം യുഗത്തേക്കാള്‍ ഒരുപടി മുന്നിലാണ്. എന്നാല്‍ ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്കുനേരെ അധികകാലം പുറംതിരിഞ്ഞു നില്‍ക്കാനാവില്ലെന്ന 'അറബ് വസന്ത'ത്തിന്റെ സന്ദേശം വായിച്ചെടുക്കാന്‍ സാമ്രാജ്യത്വ ദാസന്‍മാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

അമേരിക്കന്‍ ഇമാമുമാര്‍ക്ക് വന്‍ പ്രിയം

അമേരിക്കന്‍ നാടുകളിലെ മുസ്‌ലിം പള്ളികളില്‍ ഇമാമുമാര്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി വാര്‍ത്ത. മധ്യ അമേരിക്കന്‍ സംസ്ഥാനമായ മിസ്സൗറിയിലെ (Missouri) മുസ്‌ലിംകള്‍ 2008 മുതല്‍ ഇമാമില്ലാതെ ഏറെ പ്രയാസപ്പെടുന്നുവെന്ന് മസ്ജിദ് സെക്രട്ടറി റഫ നിസാം പറയുന്നു. പള്ളി ഇമാം ജോലി ആവശ്യാര്‍ഥം ടെക്‌സാസിലേക്ക് ചേക്കേറിയതാണ് മിസ്സൗറി മുസ്‌ലിംകള്‍ക്ക് വിനയായത്. കൊളംബിയയിലും ഇമാമുകള്‍ക്ക് ക്ഷാമം തന്നെ. അമേരിക്കയില്‍ മൊത്തം 2500 ഓളം മുസ്‌ലിം പള്ളികളുള്ളതില്‍ ആയിരത്തില്‍ താഴെ മാത്രമേ സ്ഥിരം ഇമാമുകളുള്ളുവെന്ന് നോര്‍ത്ത് അമേരിക്കന്‍ ഇമാംസ് ഫെഡറേഷന്‍ സെക്രട്ടറി ഉമര്‍ ഷാഹിന്‍ പറഞ്ഞു. ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹവും ഖുര്‍ആന്‍ പരമാവധി മന:പാഠവുമുള്ളവരെയാണ് ഇമാമുകളായി നിയമിക്കുന്നത്.
അമേരിക്കന്‍ നാടുകളിലും യൂറോപ്പിലുമെല്ലാം വരും നാളുകളില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കാന്‍ അനേകം അവസരങ്ങള്‍ ലഭ്യമായിരിക്കുമെന്നാണ് അവിടങ്ങളില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമിന്റെ സ്വാധീനം സൂചിപ്പിക്കുന്നത്. ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കുകയും ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്ത ഇസ്‌ലാമിക പ്രൊഷണലുകള്‍ക്ക് അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രിയമേറുകയാണ്.

ഫേ്‌ളാറിഡ മുസ്‌ലിം സമൂഹം
പുതിയ കാമ്പയിനുമായി രംഗത്ത്‌

അമേരിക്കന്‍ സമൂഹത്തില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുന്നതിന് ഫ്‌ളോറിഡ മുസ്‌ലിം സമൂഹം Why Islam കാമ്പയിന്‍ നടത്തുന്നു. അമേരിക്കന്‍ സമൂഹവുമായി ഉള്ളുതുറന്ന് സംവദിക്കുകയാണ് കാമ്പയിനിന്റെ മുഖ്യ ലക്ഷ്യമെന്ന് Islamic Circle of North America (ICNA) പ്രസിഡന്റ് ഡോ. സാഹിദ് ബുഖാരി പറഞ്ഞു. ആധുനിക സാങ്കേതിക രംഗത്തെ നൂനത സാധ്യതകള്‍ കാമ്പയിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംശയ നിവാരണത്തിന് പ്രത്യേകം ടോള്‍ ഫ്രീ നമ്പറും ലഭ്യമാക്കും.
അടുത്ത കാലത്തായി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ തീവ്ര ജൂതവിഭാഗങ്ങളുടെ നിരവധി ഇസ്‌ലാം വിരുദ്ധ കാമ്പയിന്‍ നടന്നിരുന്നു. ഇതുമൂലം യുവാക്കള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാന്‍ ഇടവരുന്നതു തടയാനും Why Islam കാമ്പയിന്‍ ഉപകരിക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്. ഈയിടെ 'കെയര്‍'(Council on American -Islamic Relations) നടത്തിയ സര്‍വേയില്‍, അമേരിക്കയില്‍ 'ഇസ്‌ലാമോഫോബിയ' വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. 43% അമേരിക്കക്കാരും ഇസ്‌ലാം വിരുദ്ധ വികാരം വെച്ചുപുലര്‍ത്തുന്നതായി മറ്റൊരു സര്‍വെയും വ്യക്തമാക്കുകയുണ്ടായി.

സിറിയന്‍
ജയിലുകള്‍ നിറയുന്നു

രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ച് പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഐക്യ രാഷ്ട്രസഭ സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനോടാവശ്യപ്പെട്ടു. സിറിയന്‍ വിപ്ലവം തുടങ്ങിയതുമുതല്‍ ഇതുവരെ രണ്ടുലക്ഷത്തോളം പേര്‍ ജയിലിലടക്കപ്പെട്ടതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്നും പോരാളികളെ നേരിടുന്നുവെന്ന പേരില്‍ സാധാരണ ജനങ്ങളെ ആക്രമിക്കുന്നതില്‍നിന്ന് പിന്‍മാറണമെന്നും പൊതു സഭ അസദിനോട് ആവശ്യപ്പെട്ടു. ദമസ്‌ക്കസ്, ഹലബ്, ഹിംസ്, രീഫ്, ഹമാ തുടങ്ങി എല്ലാ മുഖ്യ നഗരങ്ങളിലും ജയിലറകള്‍ നിറഞ്ഞുകവിഞ്ഞതായാണ് വിവരം. ജയിലുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി സിറിയന്‍ മനുഷ്യാവകാശ സംഘടന ആരോപിച്ചു. ഭീതിയുടെ നിഴലില്‍ കഴിയുന്നതുകൊണ്ട് ജയിലിലുള്ളവരുടെ ബന്ധുക്കള്‍ പരാതിപ്പെടാന്‍ പോലും വിസമ്മതിക്കുന്നതായി മനുഷ്യാവകാശ സംഘങ്ങള്‍ വെളിപ്പെടുത്തി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍