Prabodhanm Weekly

Pages

Search

2013 ജനുവരി 19

തമ്മിലടി നിര്‍ത്തി ഇമാം ശാഫിഈയെ മാതൃകയാക്കൂ

പി.കെ ജമാല്‍

ആ യുവാവിന്റെ ഹൃദയത്തില്‍ ഘനീഭവിച്ച ദുഃഖം മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ എനിക്ക് കഴിഞ്ഞു. പിരിഞ്ഞുപോകുമ്പോള്‍ സംസാരം അവസാനിപ്പിച്ച് അയാള്‍ പറഞ്ഞ വാക്കുകള്‍ എന്നെ വേട്ടയാടി. ''മടുത്തു. മതത്തോടും മതപണ്ഡിതന്മാരോടും എനിക്ക് വെറുപ്പും അമര്‍ഷവും അതിലേറെ പുഛവുമാണിപ്പോള്‍. മാതാപിതാക്കളുടെ വേര്‍പിരിയല്‍ മൂലം കൗമാരവും ബാല്യവും നഷ്ടപ്പെട്ട ഞാന്‍ ഒരുവിധം പഠനം പൂര്‍ത്തിയാക്കി. സ്വപ്രയത്‌നത്താല്‍ ഒഴിവുവേളകളില്‍ പല ജോലികളും ചെയ്തു ബിരുദാനന്തര ബിരുദവും എടുത്തു. മനസ്സിന്റെ പിരിമുറുക്കവും ഏകാന്തതയുമകറ്റാന്‍ പള്ളിയില്‍ ചെന്ന് നമസ്‌കാരത്തില്‍ ഏര്‍പ്പെടുകയും ഖുര്‍ആന്‍ പാരായണം നടത്തുകയുമായിരുന്നു എന്റെ പതിവ്. ഒരു സംഘടനാ പ്രവര്‍ത്തകന്‍ എന്നെ നോട്ടമിട്ടു. അയാളുമായുള്ള സഹവാസം ക്രമേണ എന്നെ അവരുടെ അണിയില്‍ എത്തിച്ചു. അതുവരെ പരിചിതമായ വഴിയില്‍നിന്നുള്ള മാറി നടത്തമായിരുന്നു പിന്നെ. എന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു. മുഖത്തെ മാംസ പേശികള്‍ വലിഞ്ഞ് മുറുകി. മറ്റുള്ളവരെയെല്ലാം പ്രതിയോഗികളായി കാണുന്നത് ശീലമായി. തര്‍ക്കവും വാദപ്രതിവാദവും ഖണ്ഡനവും മണ്ഡനവുമായി അങ്ങനെ ഏറെ നാളുകള്‍ പിന്നിട്ടപ്പോള്‍ കാണുന്നത്, ഞാന്‍ ആദരപൂര്‍വം കണ്ടിരുന്ന പണ്ഡിതന്മാര്‍ സ്റ്റേജ് കെട്ടി കേട്ടാലറക്കുന്ന തെറിവാക്കുകളാല്‍ പരസ്പരം സംബോധന ചെയ്ത് തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതാണ്. സഹോദര സമുദായത്തിന്റെ മനസ്സില്‍ മതത്തോട് പുഛവും സമുദായത്തോട് അവജ്ഞയും ഉണ്ടാക്കാന്‍ മാത്രം ഉതകുന്ന പ്രമേയങ്ങളും പ്രതിപാദനങ്ങളുമാണ് പ്രസംഗങ്ങളില്‍ ഉടനീളം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണിവയെല്ലാം. തങ്ങളുടെ ഭാര്യമാരും മക്കളും ഇവയൊന്നും കേള്‍ക്കരുതെന്ന് കരുതി ഹിന്ദു സഹോദരന്മാര്‍ അയല്‍പ്രദേശത്തുള്ള ബന്ധുവീടുകളില്‍ ചെന്ന് അന്തിയുറങ്ങുന്ന അനുഭവങ്ങളുമുണ്ടായി. ഒരു സമൂഹത്തിന്റെ അതിജീവനത്തിന് ഒട്ടും സഹായകമല്ലാത്ത വിഷയങ്ങളെ ചൊല്ലി പണ്ഡിതന്മാര്‍ അന്യോന്യം കൊമ്പുകോര്‍ക്കുകയും പോര്‍വിളി നടത്തുകയും ഗോദയില്‍ ഇറങ്ങി മുഷ്ടിചുരുട്ടുകയും ചെയ്യുന്ന കാഴ്ച കണ്ടപ്പോള്‍ വേദന തോന്നി. ഖുര്‍ആനും ഹദീസും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരാണല്ലോ സംസ്‌കാരത്തിന്റെയും സ്വഭാവ മഹിമയുടെയും പ്രാഥമിക താല്‍പര്യങ്ങള്‍ പോലും പരിഗണിക്കാതെ ഈവിധം മതത്തെ ലജ്ജാവഹമായ രീതിയില്‍ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് എന്ന് കണ്ടപ്പോള്‍, ഈ മതത്തിന്റെ പേരില്‍ ഇനി അറിയപ്പെടുന്നത് പോലും അപമാനകരമെന്ന് തോന്നി. എല്ലാറ്റിനോടും വിടപറയാനാണ് തോന്നുന്നത്''
യുവാവിന്റെ ആകുലമായ നെടുവീര്‍പ്പുകളും സങ്കടങ്ങളും ഹൃദയത്തില്‍ തേങ്ങലായിത്തീരുകയും ഗദ്ഗദമായി മനസ്സിനെ ഉടക്കി വലിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് യാദൃഛികമായി കേരളത്തിലെ ഒരു വ്യവസായ പ്രമുഖന്റെ ഭവനത്തില്‍ വിവാഹചടങ്ങില്‍ സംബന്ധിക്കാന്‍ ഇടയായത്. കേരളത്തിലെ രണ്ട് മത സംഘടനകളിലെ ഇരു ഗ്രൂപ്പുകളിലെയും പ്രമുഖരായ പണ്ഡിതന്മാരും നേതാക്കളും സദസ്സിലുണ്ട്. നേരത്തെയുള്ള പരിചയം വെച്ച് ഇരു വിഭാഗത്തിലെയും പണ്ഡിതന്മാരുമായി പ്രസ്തുത യുവാവിന്റെ ഹൃദയ വേദനകള്‍ പങ്കുവെച്ചു 'ഈ യുവാവിനെ പോലെ ആയിരങ്ങള്‍ മതപരിത്യാഗികളായിത്തീര്‍ന്നാല്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ഓര്‍ത്താല്‍ കൊള്ളാം' എന്നുണര്‍ത്തിയപ്പോള്‍ ഇരു ഗ്രൂപ്പുകളിലെയും പണ്ഡിതന്മാരുടെ പ്രതികരണം ഒരേ മട്ടിലായിരുന്നു: 'ഞങ്ങളെന്ത് ചെയ്യാന്‍? മറുപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കേണ്ടത് പിന്നെ ആവശ്യമല്ലെന്നാണോ നിങ്ങള്‍ പറയുന്നത്? മതത്തെ അതിന്റെ ആദിമ വിശുദ്ധിയോടെ അവതരിപ്പിക്കുന്നവരാണ് ഞങ്ങള്‍.' ഓരോ വിഭാഗവും തങ്ങളുടെ നിലപാടുകള്‍ ന്യായീകരിച്ചു.
ഭിന്ന വിഭാഗങ്ങളായി വേര്‍പിരിഞ്ഞ് പോരടിക്കുന്ന കേരളത്തിലെ മതസംഘടനകളിലെ പണ്ഡിതന്മാരും നേതാക്കളും ഓര്‍ത്തുവെക്കേണ്ട ചില വസ്തുതകള്‍ ഗുണകാംക്ഷാ പൂര്‍വം കുറിക്കുകയാണ്. ഇവയൊന്നും അറിയാത്തവരല്ല നിങ്ങളാരും. നിങ്ങളുടെ നിലപാട് മൂലം മതത്തോട് വിരക്തി തോന്നി പള്ളിയോടും പള്ളിക്കൂടത്തോടും ആരാധനാലയങ്ങളോടും വിടചൊല്ലി പിരിഞ്ഞ് പോകുന്ന യുവാക്കളുടെ ഹൃദയ വേദനകള്‍ ഏറ്റുവാങ്ങി ചില കാര്യങ്ങള്‍ പറയാതെ വയ്യ.
* * * * * *
എതിരാളികള്‍ക്കും മറുപക്ഷത്തിനും ചിന്തിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നറിയണം. ഇമാം ശാഫിഈയുടെ ഒരു വിശ്രുത വചനമുണ്ട്: ''എന്റെ അഭിപ്രായം ശരിയാണ്, അതില്‍ തെറ്റ് പിണയാനുള്ള സാധ്യതയുണ്ട്. അപരന്റെ അഭിപ്രായം തെറ്റാണ്, അത് ശരിയാവാനുള്ള സാധ്യതയുമുണ്ട്.'' (ഫതാവല്‍ കുബ്‌റാ-ഇബ്‌നു ഹജറുല്‍ ഹൈതമി 4/313). ഖേദകരമെന്ന് പറയട്ടെ വിപരീതദിശയിലാണ് നമ്മുടെ ചിന്തയും പ്രവര്‍ത്തനവും. അപ്രമാദിത്വ ചിന്തയും അസഹിഷ്ണുതയുമാണ് മതമേഖലയുടെ മുഖമുദ്ര.
ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലും സംവാദവേളകളിലും പ്രതിപക്ഷ ബഹുമാനത്തിന്റെ ശൈലിയാണ് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. 'ഞാനാണ് ശരി' എന്ന ഔദ്ധത്യ ഭാവത്തോടെ സംവേദനത്തിന്റെയും ആശയവിനിമയത്തിന്റെയും വാതിലുകള്‍ അടച്ചു താഴിടാന്‍ അനുവാദമില്ല. ഖുര്‍ആനിലെ ഒരു വചനം ശ്രദ്ധാപൂര്‍വം വായിച്ചു നോക്കൂ. തൗഹീദ് എന്ന ഇസ്‌ലാമിന്റെ ആദര്‍ശപരമായ ആസ്പദത്തെക്കുറിച്ച ചര്‍ച്ചയിലാണ് അല്ലാഹുവിന്റെ ഈ വചനം എന്നോര്‍ക്കണം: ''(പ്രവാചകരേ) ഇവരോട് ചോദിക്കുക. വിണ്ണില്‍നിന്നും മണ്ണില്‍നിന്നും നിങ്ങള്‍ക്ക് അന്നം നല്‍കുന്നതാരാണ്? പറയുക: അല്ലാഹു. ഇപ്പോള്‍ അനിവാര്യമായും ഞങ്ങളോ നിങ്ങളോ രണ്ടില്‍ ഒരു കൂട്ടര്‍ മാത്രം സന്മാര്‍ഗത്തിലാണ്. അല്ലെങ്കില്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലാണ്. ഞങ്ങള്‍ ചെയ്ത 'തെറ്റു'കളെക്കുറിച്ച് നിങ്ങളോട് യാതൊന്നും ചോദിക്കുന്നതല്ല. നിങ്ങള്‍ ചെയ്യുന്ന 'കര്‍മ'ങ്ങളെക്കുറിച്ച് ഞങ്ങളോടും ചോദിക്കുന്നതല്ല'' (സൂറ സബഅ് 24,25). തെറ്റുകള്‍ തങ്ങളിലേക്ക് ചാര്‍ത്തിയും കര്‍മ സുബദ്ധതയുടെ ആനുകൂല്യം പ്രതിപക്ഷത്തിന് നല്‍കിയും ഉദാരതയുടെ വിശാല മനസ്സാണ് സമൂഹവുമായി ഇടപെടുമ്പോള്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് വേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഇവിടെ ഖുര്‍ആന്‍. മറു വിഭാഗവുമായുള്ള ആശയവിനിമയത്തിന്റെ പാലം തകര്‍ക്കാതെ പ്രതിപക്ഷ ബഹുമാനത്തിന്റെയും എളിമയുടെയും വിനയത്തിന്റെയും രീതി സ്വീകരിക്കാനാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. വാദങ്ങളില്‍ ജയിക്കാനല്ല, ഹൃദയങ്ങളെ ജയിക്കാനാണ് നബി(സ) ശ്രദ്ധിച്ചത്. ഇമാം ശാഫിഈ തര്‍ക്കങ്ങളെക്കുറിച്ച് പറഞ്ഞു: ''വിജ്ഞാന വിഷയങ്ങളില്‍ തര്‍ക്കം ഹൃദയത്തെ ഊഷരമാക്കും, അത് കല്ലുപോലെ കട്ടിയാക്കും. പകയും പോരും മാത്രമേ അതുകൊണ്ട് ബാക്കിയാവൂ'' (മനാഖിബുശ്ശാഫിഈ 2/151)
പണ്ഡിതന്മാര്‍ക്കിടയില്‍ നടക്കുന്ന തര്‍ക്കങ്ങളോടും വിവാദങ്ങളോടും വെറുപ്പും അവജ്ഞയുമായിരുന്നു ഇമാം ശാഫിഈക്ക്. തങ്ങള്‍ക്ക് ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ തര്‍ക്കിച്ച് അപരനെ തോല്‍പിച്ചു തറ പറ്റിക്കാനുള്ള ഹീന ശ്രമങ്ങളാണ് തര്‍ക്കങ്ങളുടെ കാതല്‍ എന്ന് ശാഫിഈ വിശ്വസിച്ചിരുന്നു. ഒരു പ്രയോജനവുമില്ലാത്ത ഇത്തരം 'അഭ്യാസ പ്രകടന'ങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ''നിന്നോട് വാദിക്കുന്നവനോടെല്ലാം നീയും വാദിക്കുക; നിന്നോട് തര്‍ക്കിക്കുന്നവനോടെല്ലാം നീയും തര്‍ക്കിക്കുക- വിജ്ഞാനത്തെ നിന്ദിക്കുകയാണ് ഇത് മൂലം നീ ചെയ്യുന്നത്'' (മനാഖിബുല്‍ ഇമാമിശ്ശാഫിഈ- ഫഖ്‌റുറാസി, പേജ് 342).
റബീഉബ്‌നു സുലൈമാനുല്‍ മുറാദി ശാഫിഈയുടെ ഒരു പ്രസ്താവം ഉദ്ധരിക്കുന്നു: ''എന്നോട് വിയോജിപ്പും എതിരഭിപ്രായവുമുള്ള ഓരോരുത്തരെ കുറിച്ചും ഗ്രന്ഥം രചിക്കണമെങ്കില്‍ എനിക്ക് അതാവാമായിരുന്നു. പക്ഷേ, തര്‍ക്കം എന്റെ ജോലിയല്ല. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടെന്ന് ആരും എന്നെക്കുറിച്ച് പറയുന്നതും എനിക്ക് ഇഷ്ടമല്ല'' (താരീഖുദിമശ്ക് 51/371). ആ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന തര്‍ക്ക വിഷയങ്ങളില്‍ ഇടപെട്ട് സമയം പാഴാക്കിയിരുന്നെങ്കില്‍ രിസാല, ഉമ്മ് പോലുള്ള മഹത്തും ബൃഹത്തുമായ വിജ്ഞാന ഭണ്ഡാരങ്ങള്‍ ഇമാം ശാഫിഈയില്‍നിന്ന് നമുക്ക് ലഭിക്കുമായിരുന്നില്ല. ഇടപെടാനാണെങ്കില്‍ ഇഷ്ടം പോലെ തര്‍ക്ക വിഷയങ്ങളാല്‍ നിബിഡമായ കാലഘട്ടവുമായിരുന്നു അത്. വിവേകശാലിയായ ഇമാം ശാഫിഈ അതിന് മുതിര്‍ന്നില്ലെന്നോര്‍ക്കണം.
ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ ചിലതുണ്ട്. വിജ്ഞാനത്തിന്റെ ആഴവും മനുഷ്യ മനസ്സിന്റെ വിസ്മയ ഭാവങ്ങളും തൊട്ടറിഞ്ഞ ഇമാം ശാഫിഈയുടെ വാക്കുകള്‍ തന്നെ ഉദ്ധരിക്കാം: ''ഗുണകാംക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ ഞാന്‍ ആരുമായും സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടില്ല'' (താരീഖ് ദിമശ്ക് 51/384). ''മറുപക്ഷത്തുള്ളവന്ന് അബദ്ധം പിണയണമെന്ന ചിന്തയോടെ ഞാന്‍ സംവാദങ്ങള്‍ നടത്തിയിട്ടില്ല'' (താരിഖ് ദിമശ്ക് 51/383).
''എന്റെ മറുപക്ഷത്തുള്ള വ്യക്തിക്ക് അല്ലാഹുവിന്റെ പരിരക്ഷയും അയാളുടെ മേല്‍ അല്ലാഹുവിന്റെ തിരുനോട്ടവും ഉണ്ടാവണമെന്നും അയാള്‍ക്ക് അല്ലാഹുവിന്റെ സഹായവും പിന്തുണയും സുബദ്ധമായ കാഴ്ചപ്പാടും ഉണ്ടാവണമേ എന്നുമുള്ള ചിന്തയോടും പ്രാര്‍ഥനയോടുമല്ലാതെ ആരുമായും ഞാനൊരു സംവാദത്തിലും ഏര്‍പ്പെട്ടിട്ടില്ല. എന്റെ നാവിലൂടെയായാലും കൊള്ളാം, അയാളുടെ നാവിലൂടെയായാലും കൊള്ളാം അല്ലാഹു സത്യം വെളിവാക്കണമെന്ന വിചാരമേ എനിക്കുള്ളൂ'' (അല്‍ മദ്ഖലു ഇലസ്സുനനില്‍ കുബ്‌റാ). ഇമാം ശാഫിഈയുടെ ഇത്തരം ചിന്തകളും പ്രാര്‍ഥനകളും നമുക്ക് വെളിച്ചമാവേണ്ടതല്ലേ? എതിരാളിയുടെ തോല്‍വി ആഘോഷിക്കാനുള്ള മനസ്സല്ലേ നമ്മെ ഭരിക്കുന്നത്?
ഇമാം ശാഫിഈയുടെ ശിഷ്യന്‍ മുസനി ഓര്‍ക്കുന്നു: ''ഹദീസിന്റെ റാവിമാരില്‍ പെട്ട ഒരാളെ കുറിച്ച് 'കള്ളനാണയങ്ങള്‍' എന്ന് ഞാന്‍ പറഞ്ഞത് ശാഫിഈ കേള്‍ക്കാനിടയായി. ശാഫിഈ എന്നെ തിരുത്തിക്കൊണ്ട് പറഞ്ഞു: അബൂ ഇബ്‌റാഹീം! നിങ്ങളുടെ വാക്കുകളെ വസ്ത്രം ധരിപ്പിക്കൂ. മനോഹരമായി അവതരിപ്പിക്കൂ. അയാള്‍ കള്ളനാണ് എന്നല്ല നിങ്ങള്‍ പറയേണ്ടത്. അയാളുടെ ഹദീസ് ശരിയല്ല, അത് കൊള്ളില്ല എന്നേ പറയേണ്ടൂ. ഫലം ഒന്ന് തന്നെയല്ലേ'' (ഫത്ഹുല്‍ മുഗീസ് 2/128).
നമ്മുടെ കാഴ്ചപ്പാടുകളിലും അഭിപ്രായങ്ങളിലും വീക്ഷണങ്ങളിലും കാലാകാലങ്ങളില്‍ മാറ്റമുണ്ടാവും. ഇന്ന് ശരിയെന്ന് തോന്നുന്നത് നാളെ ശരിയല്ലെന്ന് തോന്നാം. ഇപ്പോഴത്തെ ശരിക്കപ്പുറം ഒരു ശരിയില്ലെന്ന ഭാവത്തോടെയാണ് നിര്‍ഭാഗ്യവശാല്‍ നാം പെരുമാറുന്നത്. ഇമാം ശാഫിഈയുടെ വിഖ്യാത ഗ്രന്ഥമായ രിസാലയുടെ പഠിതാവും പകര്‍ത്തുകാരനുമായ റബീഉബ്‌നു സുലൈമാന്‍ അല്‍ മുറാദി രേഖപ്പെടുത്തുന്നു: ''മുപ്പത് പ്രാവശ്യമെങ്കിലും ഞാന്‍ രിസാല ഇമാം ശാഫിഈക്ക് വായിച്ചുകൊടുത്തിട്ടുണ്ട്. ഓരോ തവണയും അത് അദ്ദേഹം തിരുത്തും. ഈ ഗ്രന്ഥത്തേക്കാള്‍ ശരിയായ ഒരു ഗ്രന്ഥം ഉണ്ടാവുക അസാധ്യം'' (മനാഖിബുശ്ശാഫിഈ 2/36).
ഇമാം ശാഫിഈ, ഇമാം മാലികിനെ ഖണ്ഡിച്ചിട്ടുണ്ട്. മുഹമ്മദുബ്‌നുല്‍ ഗസനെയും മറ്റു പണ്ഡിത കേസരികളെയും നിരൂപണ വിധേയമാക്കിയിട്ടുണ്ട്. ഇമാം ശാഫിഈക്ക് പഴയതും പുതിയതുമായ അഭിപ്രായങ്ങളുണ്ടായിരുന്നു. 'അര്‍രിസാല' മക്കയില്‍ വെച്ച് തിരുത്തി. ഇറാഖില്‍ വെച്ച് അത് വീണ്ടും തിരുത്തി. ഈജിപ്തില്‍ വെച്ചാണ് അന്തിമ രൂപം നല്‍കിയത്. ഇങ്ങനെ ചിന്തകളെയും വീക്ഷണങ്ങളെയും നിരന്തരം നവീകരിച്ചുകൊണ്ടിരുന്ന ഇമാം ശാഫിഈയേക്കാള്‍ ഉന്നത സ്ഥാനീയരാണോ ഈ കാലഘട്ടത്തില്‍ പരസ്പരം പഴിചാരുന്ന പണ്ഡിതന്മാര്‍?

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍