ഇസ്‌ലാമിക പ്രസ്ഥാനം അനിവാര്യമോ?
ഇസ്‌ലാമിക പ്രസ്ഥാനം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് പറയുമ്പോള്‍ ഉയരുന്ന ചോദ്യം ആ ലക്ഷ്യങ്ങള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനം തന്നെ വേണ്ടതുണ്ടോ എന്നതാണ്. ഇതിനു തൃപ്തികരമായ ന്യായം സമര്‍പ്പിക്കേണ്ടത് വളരെ പ്രധാനമാണ്. നമുക്ക് സ്വയം തൃപ്തിയായാല്‍ പോരാ, നമ്മളെന്തിനു വേണ്ടിയാണ് ഒരു കാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ച് പുറത്തുള്ള ആളുകള്‍ക്ക് കൂടി ബോധ്യവും തൃപ്തിയും വരുമ്പോള്‍ മാത്രമാണ് അക്കാര്യം മികച്ച രീതിയില്‍ അവതരിപ്പിക്കാനും ഹൃദയ മസ്തിഷ്‌കങ്ങളെ പ്രസ്തുത മാര്‍ഗത്തില്‍ ജയിച്ചടക്കാനും നമുക്ക് സാധിക്കുക.
ഖുര്‍ആനിലൂടെ കണ്ണോടിക്കുകയാണെങ്കില്‍ ഈ പ്രവര്‍ത്തനം എന്തുകൊണ്ടനിവാര്യമാണ് എന്നതിന് ധാരാളം കാരണങ്ങള്‍ നിരത്തിയിരിക്കുന്നത് കാണാം. മനുഷ്യനും ദൈവവും തമ്മിലുള്ള സനാതന ഉടമ്പടിയുടെ നടനവേദിയാണ് യഥാര്‍ഥത്തിലിത്. അല്ലാഹു മനുഷ്യരോട് ചോദിക്കുകയുണ്ടായി: ''നിങ്ങളുടെ നാഥന്‍ ഞാനല്ലയോ? അവര്‍ പറഞ്ഞു: അതെ'' (അല്‍ അഅ്‌റാഫ് 172).
ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവിനെ ഒരേയൊരു റബ്ബായി അംഗീകരിക്കുക. ഇതാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം. എല്ലാ മനുഷ്യരും തന്റെ റബ്ബുമായി ഈയൊരു കരാറില്‍ ഏര്‍പ്പെട്ടിരിക്കെ അത് ലംഘിക്കാതിരിക്കാന്‍ യത്‌നിക്കേണ്ടതവന്റെ ബാധ്യതയാണ്. ഇതൊരു നാമമാത്ര ഉടമ്പടിയല്ല. അല്ലാഹുവിന്റെ സന്മാര്‍ഗം കണ്ടെത്തുക, അത് സ്വീകരിക്കുക, അതിനോട് കൂറും വിശ്വാസവും പുലര്‍ത്തുക തുടങ്ങിയവയെല്ലാം അതോടുകൂടി നിര്‍ബന്ധമാകുന്ന കാര്യങ്ങളാണ്.
അല്ലാഹു പറയുന്നു: ''വേദം കിട്ടിയവരോട് അവരത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും അത് ഒളിപ്പിച്ചുവെക്കരുതെന്നും അല്ലാഹു ഉറപ്പുവാങ്ങിയിരുന്നു. അതവരെ ഓര്‍മിപ്പിക്കുക'' (ആലുഇംറാന്‍ 187).
ആര്‍ക്കെല്ലാം അല്ലാഹു ഗ്രന്ഥം നല്‍കിയിട്ടുണ്ടോ അവരോടെല്ലാം ആ ഗ്രന്ഥത്തിന് സാക്ഷികളാകാമെന്നും അതിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും അതൊളിപ്പിച്ചുവെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയിട്ടുണ്ടെന്നര്‍ഥം. മുസ്‌ലിംകളെ സവിശേഷമായി അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: ''അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അവന്‍ നിങ്ങളോട് കരുത്തുറ്റ കരാര്‍ വാങ്ങിയ കാര്യവും. അഥവാ, 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നുവെന്ന്' നിങ്ങള്‍ പറഞ്ഞ കാര്യം'' (അല്‍മാഇദ 7).
നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹവും ആ അനുഗ്രഹ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ നിങ്ങളല്ലാഹുവുമായി ചെയ്ത കരാറും ഓര്‍ക്കുവിന്‍. 'ഞങ്ങള്‍ കേട്ടു, അനുസരിച്ചു' എന്നു നിങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് സത്യത്തിന് സാക്ഷികളാകുവിന്‍; അത് മറച്ചുവെക്കാതിരിക്കുവിന്‍. ഞങ്ങള്‍ ഇങ്ങനെയൊരു കരാര്‍ ചെയ്യുകയോ 'അതഅ്‌നാ' (ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു) എന്ന് പറയുകയും ചെയ്തിട്ടില്ലല്ലോ എന്ന് ഒരുപക്ഷേ ഒരു സാധാരണ മുസ്‌ലിം പറഞ്ഞേക്കും. യഥാര്‍ഥത്തില്‍ ഈ അനുസരണ പ്രതിജ്ഞ വിശ്വാസ പ്രഖ്യാപനത്തില്‍ തന്നെ അടങ്ങിയിട്ടുള്ളതാണ്. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ ഗ്രന്ഥത്തെ അംഗീകരിക്കുകയും ചെയ്തുവോ, അവന്‍ 'സമിഅ്‌നാ വ അതഅ്‌നാ'യുടെ കരാര്‍ ചെയ്തിരിക്കുന്നു. ഖുര്‍ആന്‍ ഈയൊരു കരാര്‍ ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തത്.
പ്രവാചകന്മാരെയും അല്ലാഹു ഇതേ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് നിയോഗിച്ചയച്ചത്. പ്രവാചകത്വ പരമ്പര അവസാനിച്ചിരിക്കുന്നു എന്നാണ് നമ്മുടെ വിശ്വാസമെങ്കില്‍ (അങ്ങനെത്തന്നെയാണെന്ന് വളരെ വ്യക്തം), എന്തുകൊണ്ട് ഈ പരമ്പര അവസാനിച്ചു എന്നതാണ് അടുത്തതായി ഉയരുന്ന ചോദ്യം. അന്‍ബിയാ മുര്‍സലുകള്‍ ഏറ്റെടുത്തു നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആവശ്യമില്ല എന്നുണ്ടോ? ആവശ്യമില്ല എന്നാണുത്തരമെങ്കില്‍ ആ പരമ്പര അവസാനിച്ചു എന്നും ഇനി ആരും ഒന്നും ചെയ്യേണ്ടതില്ല എന്നുമല്ലേ അര്‍ഥം? ഇനിയതല്ല, ഈ ദൗത്യം ഇനിയും നിര്‍വഹിക്കപ്പെടേണ്ടത് തന്നെയാണ് എന്നാണെങ്കില്‍, അടുത്ത ചോദ്യം അത് നിര്‍വഹിക്കാന്‍ എന്തു സംവിധാനമാണ് നിലവിലുള്ളത് എന്നതാണ്. അല്ലാഹു ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയ അതേ സംവിധാനങ്ങളാണ് അതിനുള്ളത്.
''ഇവ്വിധം നിങ്ങളെ നാം ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോക ജനതക്ക് സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്ക്‌സാക്ഷിയാകാനും'' (അല്‍ബഖറ 143).
റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായതുപോലെ സകല മനുഷ്യര്‍ക്കും മേല്‍ നിങ്ങളും സാക്ഷികളാവേണ്ടതുണ്ട്. അതുകൊണ്ട് പ്രവാചകത്വ പരമ്പര അവസാനിച്ചു എന്ന വിശ്വാസം കേവലം നിഷ്‌ക്രിയമായ വിശ്വാസ പ്രമാണല്ല. പ്രവാചകത്വ പരിസമാപ്തി അംഗീകരിക്കുന്നു എന്നതിനര്‍ഥം തന്നെ നാം ആ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നാണ്. പ്രവാചകത്വ പരമ്പര അവസാനിച്ച സ്ഥിതിക്ക് പ്രവാചകത്വത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഇനി നിര്‍വഹിക്കേണ്ടത് ഖുര്‍ആനും ദൈവിക സന്മാര്‍ഗവുമാകുന്ന സൂക്ഷിപ്പു സ്വത്ത് കൈവശം വെച്ചിരിക്കുന്ന ഈ സമുദായമാണ്. ഇത് പ്രവാചകത്വ പരമ്പരയുടെ പരിസമാപ്തി അംഗീകരിക്കുന്നതിന്റെ അനിവാര്യതേട്ടമാണ്. ബൗദ്ധികമോ തത്ത്വചിന്താപരമോ ആയ ഒരു ചര്‍ച്ചയല്ലിത്; ഏതെങ്കിലും കക്ഷികളുമായി തര്‍ക്കിക്കാനുള്ള വിഷയവുമല്ല. ഈ വിശ്വാസമാണ് നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍ണയിച്ചുനല്‍കുന്നത്. പ്രവാചകത്വ ദൗത്യനിര്‍വഹണം ഇനി നമ്മുടെ ചുമതലയാണ്.
പ്രവാചകന്‍ ജീവിതത്തിന്റെ ഓരോ നിമിഷവും പ്രബോധനത്തിലും ജിഹാദിലും ദീനിന് ആധിപത്യം കൈവരുത്തുന്ന പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു. മക്കയുടെ തെരുവുകളാവട്ടെ, ത്വാഇഫിലെ താഴ്‌വരയാവട്ടെ, ബദ്‌റിന്റെ മൈതാനമാവട്ടെ, മസ്ജിദുന്നബവിയാവട്ടെ, എവിടെയായിരുന്നാലും അവിടുന്ന് വിദ്യാഭ്യാസ-സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും പ്രബോധനത്തിലും മുഴുകിയിരിക്കുന്നതായിട്ടാണ് നമുക്ക് കാണാന്‍ സാധിക്കുക. ഇതായിരുന്നു പ്രവാചകന്റെ ഏറ്റവും മഹത്തായ സുന്നത്ത്. ഏറ്റവും പ്രധാനമായ സുന്നത്തുകളെ വിട്ട് ചെറിയ സുന്നത്തുകളുടെ പിറകെ പോകുന്നവര്‍ യഥാര്‍ഥത്തില്‍ പ്രവാചകന്റെ സാക്ഷാല്‍ സുന്നത്തിനെ മറന്നുകളഞ്ഞിരിക്കുന്നു. ഈ സമുദായം പിന്‍പറ്റാന്‍ ബാധ്യസ്ഥമായ ഏറ്റവും വലിയ സുന്നത്ത്, പ്രബോധന പ്രവര്‍ത്തനങ്ങളുടേതും ജിഹാദിന്റേതും വിദ്യാഭ്യാസ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടേതുമായ സുന്നത്താണ്.
ജിഹാദ്: ഒരനിവാര്യത
എവിടെയെല്ലാം ഈമാനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടോ അവിടെയെല്ലാം ജിഹാദിനെ അതോടു ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്. ജിഹാദ് കൂടി ഉള്‍പ്പെടുന്നതാണ് ഈമാന്റെ നിര്‍വചനം. ''തീര്‍ച്ചയായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നെ അതില്‍ അശേഷം സംശയിക്കാതിരിക്കുകയും തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാണ് സത്യവിശ്വാസികള്‍. സത്യസന്ധരും അവര്‍ തന്നെ'' (അല്‍ഹുജറാത്ത് 15). ''വിശ്വസിക്കുകയും അതിന്റെ പേരില്‍ സ്വദേശം വെടിയുകയും ദൈവമാര്‍ഗത്തില്‍ പൊരുതുകയും ചെയ്തവരാണ് യഥാര്‍ഥത്തില്‍ സത്യവിശ്വാസികള്‍; അവര്‍ക്ക് അഭയമേകുകയും അവരെ സഹായിക്കുകയും ചെയ്തവരും'' (അല്‍ അന്‍ഫാല്‍ 74).
അതായത് ജിഹാദ് ഈമാന്റെ അനിവാര്യ തേട്ടമാണ് എന്ന കാര്യം ഒരു സംശയത്തിനും പഴുതില്ലാത്ത തരത്തിലാണ് ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്. ആ നിലക്ക് നോക്കുമ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനം ഒഴിച്ചുകൂടാനാവാത്ത നിര്‍ബന്ധ ബാധ്യതയാവുന്നതിന്റെ അടിസ്ഥാന ന്യായമാണിത്.
താല്‍ക്കാലിക സാഹചര്യങ്ങള്‍ എന്തുതന്നെയാവട്ടെ (ഉദാഹരണത്തിന് പാകിസ്താനിലെയും ബ്രിട്ടനിലെയും മലേഷ്യയിലെയും ഇന്ത്യയിലെയും ഭിന്നമായ സാഹചര്യങ്ങള്‍ക്ക് അവയുടേതായ വ്യത്യസ്ത തേട്ടങ്ങളാണുണ്ടാവുക) അവ അവിടങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നിലനില്‍പിനുള്ള അടിസ്ഥാന ന്യായങ്ങളാകാവതല്ല. അടിസ്ഥാനപരമായ ന്യായം നാം മുകളില്‍ പറഞ്ഞുകഴിഞ്ഞ കാര്യങ്ങളാണ്. ആയതിനാല്‍ അടിസ്ഥാന സാഹചര്യങ്ങള്‍ക്ക് അവയുടേതായ തേട്ടങ്ങളും താല്‍ക്കാലികാവസ്ഥകള്‍ക്ക് അതിന്റേതായ തേട്ടങ്ങളുമാണുണ്ടാവുക.
സമയമുണ്ടെങ്കില്‍ ചെയ്യാം, അല്ലെങ്കില്‍ സ്വന്തത്തെ അതിന് തയാറാക്കട്ടെ എന്നിട്ട് പ്രവര്‍ത്തിക്കാം, അല്ലെങ്കില്‍ ആദ്യം അല്‍പം വിജ്ഞാനമാര്‍ജിക്കട്ടെ ശേഷം പ്രവര്‍ത്തനരംഗത്തേക്ക് വരാം, അതുമല്ലെങ്കില്‍ നാമാദ്യം നല്ല വിശുദ്ധരായ ആളുകളായി മാറട്ടെ എന്നിട്ട് ഈ ഉത്തരവാദിത്വം നിര്‍വഹിക്കാം എന്നൊന്നും പറഞ്ഞൊഴിയാന്‍ പറ്റുന്ന തരത്തിലുള്ളതല്ല ഈയൊരു ബാധ്യത.
വിശ്വാസം കൈക്കൊള്ളുന്നതോടു കൂടി വന്നുചേരുന്ന, ജീവിതകാലം മുഴുവന്‍ നമ്മെ വിട്ടുപോവാത്ത ഒരു കടമയാണിത്. ഇത് നീട്ടിവെക്കാനോ വെച്ചു താമസിപ്പിക്കാനോ കണ്ടില്ലെന്ന് നടിച്ച് പുറംകാലു കൊണ്ട് തട്ടിത്തെറിപ്പിക്കാനോ ഒന്നും സാധ്യമല്ല തന്നെ. ഈയൊരു ഗൗരവത്തോടുകൂടി ഈ പ്രബോധനം നമ്മുടെ മനസ്സുകളില്‍ സജീവവും ചൈതന്യവത്തുമായിരിക്കേണ്ടതുണ്ട്. നമ്മുടെ സഹപ്രവര്‍ത്തകരും ഇതിന്റെ ശരിയായ ലക്ഷ്യവും ന്യായവും ഇതേ രീതിയില്‍ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.
നാമീ പ്രബോധനത്തെ ഇതേ രീതിയില്‍ നമ്മുടെ സമൂഹത്തിനു മുന്നിലവതരിപ്പിക്കുകയാണെങ്കില്‍ ഇതവരുടെ ഉള്ളില്‍ കൂടുതല്‍ അസ്വസ്ഥത വിതക്കുകയും ഇതിലേക്ക് വരുന്നതിനു അവരെ കൂടുതലായി പ്രേരിപ്പിക്കുകയും ചെയ്യും.
വിവ: ടി. അനീസ് അഹ്മദ് കോട്ടക്കല്‍
Comments