ഖാദി ഹുസൈന്‍ അഹ്മദ് (1938-2013) വിടപറഞ്ഞത് പാക് രാഷ്ട്രീയത്തിലെ അതികായന്‍
രണ്ടാഴ്ചക്കുള്ളിലാണ് പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ രണ്ട് മഹാരഥന്മാരെ നഷ്ടമായത്. പ്രമുഖ പാര്‍ലമെന്റേറിയനും ദീര്‍ഘകാലം ജമാഅത്തിന്റെ ഉപാധ്യക്ഷനുമായിരുന്ന പ്രഫ. ഗഫൂര്‍ അഹ്മദ് 2012 ഡിസംബര്‍ 26-ന് വിടവാങ്ങി; ഇക്കഴിഞ്ഞ ജനുവരി 6-ന്, 22 വര്‍ഷം പാക് ജമാഅത്തിനെ നയിച്ച ഖാദി ഹുസൈന്‍ അഹ്മദും. ഇവരുടെ വേര്‍പാട് ജമാഅത്തിന് മാത്രമല്ല, പാകിസ്താന് തന്നെ തീരാനഷ്ടമാണെന്ന് മത - മതേതര മേഖലയിലെ പ്രമുഖരെല്ലാം അനുശോചന സന്ദേശത്തില്‍ പറയുകയുണ്ടായി. ഇതൊരു ഭംഗിവാക്കല്ല. അധികാരത്തിലെത്തിയില്ലെങ്കിലും പാക് രാഷ്ട്രീയത്തില്‍ ജമാഅത്ത് എന്നും ഒരു സമ്മര്‍ദശക്തിയായിരുന്നു. തങ്ങളിഛിക്കും വിധം ഏതാണ്ടൊക്കെ പാക് രാഷ്ട്രീയത്തെ രൂപപ്പെടുത്താന്‍ മൗലാനാ മൗദൂദിക്കും അദ്ദേഹത്തിനു ശേഷം സാരഥ്യമേറ്റെടുത്ത മിയാന്‍ തുഫൈല്‍ മുഹമ്മദിനും സാധിച്ചിരുന്നു. പലവിധ തിരിച്ചടികള്‍ നേരിട്ടപ്പോഴും ആ പിന്തുടര്‍ച്ച കൂടുതല്‍ തിളക്കമാര്‍ന്നതാക്കാന്‍ സാധിച്ചു എന്നതാണ് ഖാദി ഹുസൈന്‍ അഹ്മദും ഗഫൂര്‍ അഹ്മദും ഉള്‍പ്പെടുന്ന രണ്ടാം തലമുറ നേതൃത്വത്തിന്റെ നേട്ടം.
നിയമജ്ഞന്‍ കൂടിയായിരുന്ന പ്രഫ. ഗഫൂര്‍ അഹ്മദ് ഓരോ വിഷയവും ആഴത്തിലും സൂക്ഷ്മമായും പഠിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകളുടെ കരട് തയാറാക്കുക മിക്കപ്പോഴും അദ്ദേഹം തന്നെയായിരിക്കും. കാമ്പയിനുകളും പര്യടനങ്ങളും നടത്തി ഈ സന്ദേശം ജനങ്ങളിലെത്തിക്കുക ഖാദി ഹുസൈനെപ്പോലുള്ള ജനകീയ നേതാക്കളായിരിക്കും. പ്രസ്ഥാനത്തിന്റെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഈ പാരസ്പര്യവും കൂട്ടായ്മയും നമുക്ക് കണ്ടെത്താന്‍ കഴിയും. രണ്ട് വ്യക്തികളും തുടങ്ങിയത് അധ്യാപകരായിട്ടാണ്. പിന്നീട് ആ മേഖല ഉപേക്ഷിച്ച് പൂര്‍ണമായും പ്രസ്ഥാനത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഇവര്‍ പാക് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നതും ഏതാണ്ട് ഒരേ സമയത്താണ്- എഴുപതുകളുടെ തുടക്കത്തില്‍. കഴിഞ്ഞ ഡിസംബര്‍ 31-ന് പ്രഫ. ഗഫൂര്‍ അഹ്മദിനെക്കുറിച്ച് ഖാദി സാഹിബ് എഴുതിയ 'നിലക്കാത്ത തക്ബീര്‍ ധ്വനി' എന്ന അനുസ്മരണ ലേഖനത്തില്‍ ആ രാഷ്ട്രീയ പശ്ചാത്തലം വിവരിക്കുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹം എഴുതിയ ഒടുവിലത്തെ ലേഖനവും അതായിരിക്കാം.
ജനനവും വിദ്യാഭ്യാസവും
പ്രശസ്തിയും മതപാരമ്പര്യവുമുള്ള കുടുംബത്തില്‍ 1938 ജനുവരി 12-നായിരുന്നു ഖാദി ഹുസൈന്റെ ജനനം. അതിര്‍ത്തി പ്രവിശ്യയിലെ നൗശീറാ ജില്ലയിലാണ് കുടുംബം താമസിച്ചിരുന്നത്. ഹസ്രത്ത് അഖൂന്‍ അദീന്‍ എന്ന പ്രശസ്തനായ സല്‍ജൂഖി ഗുരുവിന്റെ പരമ്പരയിലുള്ളതാണ് ഈ കുടുംബം. ഖാദി എന്നത് ഇവരുടെ സ്ഥാനപ്പേരാണ്. പണ്ഡിതനായ ഖാദി മുഹമ്മദ് അബ്ദുര്‍റബ്ബ് ആണ് പിതാവ്. അതിര്‍ത്തി പ്രവിശ്യയില്‍ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഇളയ പുത്രനാണ് ഹുസൈന്‍ അഹ്മദ്. പിതാവില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പെഷവാറിലെ ഇസ്‌ലാമിയാ കോളേജില്‍ നിന്ന് ബിരുദം നേടി. പെഷവാര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഭൂമിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും. മൂന്നു വര്‍ഷം അധ്യാപകനായി ജോലി നോക്കി. താല്‍പര്യം രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും ആയിരുന്നതിനാല്‍ ജോലി രാജിവെച്ചു. സ്വന്തമായി ബിസിനസ് തുടങ്ങി. അതിര്‍ത്തി പ്രവിശ്യയില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ വൈസ് പ്രസിഡന്റ് വരെ ആയിരുന്നിട്ടുണ്ട്.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായ ഇസ്‌ലാമി ജംഇയ്യത്തുത്വലബയില്‍ സജീവമായിരുന്നു. 1970-ല്‍ ജമാഅത്ത് അംഗമായി. താമസിയാതെ പെഷവാര്‍ ബ്രാഞ്ചിന്റെ പ്രസിഡന്റുമായി. അതിര്‍ത്തി പ്രവിശ്യയുടെ ജമാഅത്ത് സാരഥിയായിക്കൊണ്ടായിരുന്നു അടുത്ത നിയമനം. 1978-ല്‍ പാക് ജമാഅത്തിന്റെ സെക്രട്ടറി ജനറല്‍. 1987-ലാണ് ജമാഅത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. 1992-ലും 1994-ലും 1999-ലും 2003-ലും അദ്ദേഹം തുടര്‍ച്ചയായി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യം കാരണം തന്നെ ഈ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയെത്തുടര്‍ന്നാണ് 2008-ല്‍ സയ്യിദ് മുനവ്വര്‍ ഹസന്‍ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്.
സംഘാടകന്‍, പ്രഭാഷകന്‍
വളരെ സങ്കീര്‍ണമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് 1987-ല്‍ ഖാദി ഹുസൈന്‍ ജമാഅത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. അയ്യൂബ് ഖാന്റെയും യഹ്‌യാ ഖാന്റെയും സൈനിക സ്വേഛാധിപത്യത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ച് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ ജമാഅത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ 1970-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്ത് നല്ല പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് എതിരാളികള്‍ പോലും കണക്കുകൂട്ടിയിരുന്നത്. പക്ഷേ, ഫലം വന്നപ്പോള്‍ ജമാഅത്തിന് നാല് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പാക് സമൂഹത്തിന്റെ ഫ്യൂഡല്‍ ഘടനയും നിരക്ഷരതയും മറ്റും ജമാഅത്തിനെപ്പോലുള്ള ആദര്‍ശപ്രസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ കടമ്പകള്‍ തീര്‍ക്കുന്നുണ്ട്. അന്ന് ജമാഅത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തത് പ്രഫ. ഗഫൂര്‍ അഹ്മദിനെയായിരുന്നു. അദ്ദേഹത്തിന്റെയും സമാന മനസ്‌കരുടെയും കഠിനാധ്വാന ഫലമായാണ് 1973-ല്‍ നിലവില്‍ വന്ന ഭരണഘടന അള്‍ട്രാ സെക്യുലര്‍ ആകാതെ മതമൂല്യങ്ങളെ സ്വാംശീകരിക്കുന്ന ഒന്നായിത്തീര്‍ന്നത്. സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ പുറത്താക്കി പട്ടാള മേധാവി സിയാഉല്‍ ഹഖ് അധികാരത്തിലേറിയപ്പോള്‍ ജമാഅത്തിന്റെ ഈ പ്രതിഛായക്ക് മങ്ങലേറ്റു.
താന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങില്ലെന്നും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നുമായിരുന്നു സിയ പ്രഖ്യാപിച്ചിരുന്നത്. അതിനാല്‍ മുമ്പത്തെപ്പോലെ, പട്ടാള ഭരണത്തിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനൊന്നും ജമാഅത്ത് തുനിഞ്ഞില്ല. സിയാവുല്‍ ഹഖാകട്ടെ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവുകയും ചെയ്തു. പട്ടാളഭരണത്തിന്റെ കീഴില്‍ തട്ടിപ്പടച്ചുണ്ടാക്കിയ മന്ത്രിസഭകളില്‍ ജമാഅത്ത് പങ്കാളിത്തം വഹിച്ചതും തിരിച്ചടിയായി.
സിയാഉല്‍ ഹഖ് വധിക്കപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ജമാഅത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത ഖാദി ഹുസൈന് ഈയൊരു പ്രതിസന്ധി തന്നെയാണ് ആദ്യം മറികടക്കേണ്ടിയിരുന്നത്. അഫ്ഗാന്‍ ജിഹാദ് അതിനൊരു നിമിത്തമായി. സോവിയറ്റ് ചെമ്പട അഫ്ഗാനിലേക്ക് തള്ളിക്കയറിയപ്പോള്‍ തന്നെ വരാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ഖാദി ഹുസൈന്‍ പാകിസ്താനിലുടനീളം പര്യടനങ്ങള്‍ നടത്തിയിരുന്നു. അഫ്ഗാന്‍ മലമടക്കുകള്‍ കൈയടക്കിയ ചെമ്പടയുടെ അടുത്ത ഉന്നം സിന്ധിന്റെയും ബലൂചിസ്താന്റെയും താഴ്‌വാരങ്ങളാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാകിസ്താനില്‍ സോവിയറ്റ് സാമ്രാജ്യത്വവിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അഫ്ഗാന്‍ വിമോചനത്തിന് വേണ്ടി പൊരുതുന്ന മുജാഹിദ് ഗ്രൂപ്പുകളുടെ കേന്ദ്രമായി പെഷവാര്‍ മാറുന്നതും ഇതിനെത്തുടര്‍ന്നാണ്. അറബ്-മുസ്‌ലിം നാടുകളിലുടനീളം സഞ്ചരിച്ച് അഫ്ഗാന്‍ അധിനിവേശം മുസ്‌ലിം ലോക അജണ്ടയിലെ ഒന്നാമത്തെ പ്രശ്‌നമാക്കി മാറ്റിയെടുക്കാനും അദ്ദേഹത്തിന്റെ നേതൃവൈഭവത്തിന് കഴിഞ്ഞു.
2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാനില്‍ ചുമത്തി അമേരിക്കന്‍ സേന അഫ്ഗാനില്‍ അധിനിവേശം നടത്തിയപ്പോഴും ഖാദി ഹുസൈന്‍ ശക്തമായി പ്രതികരിച്ചു. തൊട്ടടുത്ത വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹം നേതൃത്വം നല്‍കിയ ആറ് മതസംഘടനകളുടെ സഖ്യമായ മുത്തഹിദ മജ്‌ലിസെ അമല്‍ (എം.എം.എ) പതിനൊന്ന് ശതമാനം വോട്ട് നേടി ദേശീയ അസംബ്ലിയില്‍ 46 സീറ്റ് പിടിച്ചെടുത്തു. അതിര്‍ത്തി പ്രവിശ്യയില്‍ ആ മുന്നണി അധികാരത്തിലെത്തുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ മുന്നണി കേന്ദ്രഭരണം പിടിച്ചടക്കുമെന്ന് അമേരിക്കയെപ്പോലുള്ള വിദേശശക്തികള്‍ ആശങ്കിച്ചിരുന്നുവെങ്കിലും നേരെ മറിച്ചാണ് സംഭവിച്ചത്. മുന്നണിക്കകത്തെ അസ്വാരസ്യങ്ങള്‍ അതിന്റെ പ്രതിഛായ തകര്‍ത്തു. മുന്നണിയിലെ മുഖ്യ കക്ഷിയായ ജമാഅത്തെ ഇസ്‌ലാമി കഴിഞ്ഞ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക കൂടി ചെയ്തതോടെ അതിന്റെ തകര്‍ച്ച പൂര്‍ണമായി. മുന്നണിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു തന്റെ അവസാന നാളുകളില്‍ അദ്ദേഹം. അതിന്റെ ഭാഗമായി മുസ്‌ലിം നേതാക്കളുടെയും പണ്ഡിതന്മാരുടെയും വിപുലമായ ഒരു സമ്മേളനം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു.
1985-ലാണ് അദ്ദേഹം ആദ്യമായി പാക് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1992-ല്‍ വീണ്ടും സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗവണ്‍മെന്റ് നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ചു. 2002-ല്‍ ദേശീയ അസംബ്ലിയിലേക്ക് മത്സരിച്ച രണ്ടിടങ്ങളില്‍നിന്നും അദ്ദേഹം വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എം.എം.എയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും അദ്ദേഹം തന്നെയായിരുന്നു.
ഉര്‍ദു, ഇംഗ്ലീഷ്, അറബി, പാര്‍സി, പുഷ്തു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. പ്രഭാഷണ ചാതുരിയാണ് അദ്ദേഹത്തിന്റെ ജനകീയതക്ക് ഒരു പ്രധാന കാരണം. 'ഖാദി വരുന്നു' എന്ന് പാക് തെരുവോരങ്ങള്‍ ആര്‍ത്തുവിളിച്ച ഒരു കാലമുണ്ടായിരുന്നു. പ്രസ്ഥാനത്തിനകത്തെ 'ഇഖ്ബാലിയനും' അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും സംഭാഷണങ്ങളും അല്ലാമാ ഇഖ്ബാലിന്റെ രണ്ട് വരി കവിതയെങ്കിലും ഉദ്ധരിക്കാതെ അവസാനിക്കാറില്ല. മൗദൂദി-ഇഖ്ബാല്‍ ചിന്തകളുടെ സമന്വയം നമുക്കവിടെ കാണാം. മുസ്‌ലിം ഐക്യത്തെക്കുറിച്ച ഇഖ്ബാലിന്റെ കാഴ്ചപ്പാടുകളാണ് എം.എം.എ, മുത്തഹിദ ശരീഅ മഹാസ് (1986) തുടങ്ങിയ വേദികളുടെ രൂപവത്കരണത്തിന് ഖാദി ഹുസൈന് പ്രചോദനമായത്. 'ഇദ്ഹാറെ ഖിയാല്‍' എന്ന പേരില്‍ ഉര്‍ദു പത്രങ്ങള്‍ക്ക് കോളമെഴുതിയിരുന്നു. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തിരക്കു പിടിച്ച സംഘടനാ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഗൗരവപ്പെട്ട രചനകള്‍ക്കൊന്നും സമയം കിട്ടിയിരുന്നില്ല.
പ്രസ്ഥാന സാരഥ്യം
പര്‍വേസ് മുശര്‍റഫിന്റെ പട്ടാള സ്വേഛാധിപത്യത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് സംഘടനയെ സജ്ജമാക്കാന്‍ ഖാദി ഹുസൈന് കഴിഞ്ഞു. മുശര്‍റഫ് കേവലം സ്വേഛാധിപതി മാത്രമായിരുന്നില്ല, അമേരിക്കന്‍ താല്‍പര്യങ്ങള്‍ നടപ്പാക്കുന്ന ഏജന്റു കൂടിയായിരുന്നു. ഇത് തുറന്നുകാട്ടിയത് ഭരണവര്‍ഗത്തിന്റെ കടുത്ത ശത്രുത ക്ഷണിച്ചുവരുത്തി. പലതവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. തടവുകാലത്ത് എഴുതിയ ലേഖനങ്ങളാണ് പിന്നീട് എട്ട് പുസ്തകങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടത്. അദ്ദേഹത്തിനെതിരെ വധശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. 2012 നവംബറില്‍ ഒരു വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. അതിന് പിന്നില്‍ പാക് താലിബാനായിരുന്നുവത്രെ. അമേരിക്കന്‍വിരുദ്ധ വികാരം സൃഷ്ടിക്കുന്നതില്‍ ഒന്നാമനായ ഖാദിയെ പാക് താലിബാന്‍ ഉന്നം വെച്ചത് അത് ആരുടെ സൃഷ്ടിയാണെന്നതിലേക്കുള്ള വ്യക്തമായ സൂചനയാണ്.
ഒട്ടേറെ സംഘടനാ വിപുലന പദ്ധതികളാണ് ഖാദി ഹുസൈന്‍ അമീറായിരിക്കെ ആവിഷ്‌കരിച്ചത്. അതിലൊന്നാണ് അംഗത്വ കാമ്പയിന്‍. അതിലൂടെ 4.5 മില്യന്‍ ആളുകളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു. കാമ്പസുകളില്‍ ഇസ്‌ലാമി ജംഇയ്യത്തുത്വലബ ശക്തമായ സാന്നിധ്യമാണെങ്കിലും, യുവജനങ്ങള്‍ക്ക് പ്രത്യേക വേദിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പ്രസ്ഥാനഘടനക്ക് പുറത്ത് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ 'പാസ്ബാനെ പാകിസ്താന്‍' രൂപവത്കരിക്കുന്നത്. ഇതൊരു സ്വതന്ത്ര സംഘടനയായി മാറിയപ്പോള്‍ 1994-ല്‍ ശബാബെ മില്ലി എന്ന മറ്റൊരു യുവജന കൂട്ടായ്മക്ക് രൂപം നല്‍കിയതും ഖാദി ഹുസൈന്‍ തന്നെ. പക്ഷേ അത് വേണ്ടപോലെ ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല.
ഒട്ടുവളരെ പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇരു നേതാക്കളുടെയും വിടവാങ്ങല്‍. കാഴ്ചപ്പാടുകളിലും മുന്‍ഗണനാ ക്രമത്തിലും സംഘടനാ സംവിധാനത്തിലും വലിയ പൊളിച്ചെഴുത്തുകള്‍ നടത്തിയാണ് അറബ് വസന്തം ഉയര്‍ത്തിയ വെല്ലുവിളികളെ അന്നാടുകളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മറികടന്നതും അത് തുറന്നുതന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തിയതും. അത്തരമൊരു ഇലാസ്തികതയും വഴക്കവും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ പൊതുവെ കാണാനില്ല. അറബ് വസന്താനന്തര രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മതേതര കക്ഷികളുമായി സഖ്യങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍, പാകിസ്താനില്‍ മതകക്ഷികളുടെ കൂട്ടായ്മ വരെ ശിഥിലമാവുന്ന കാഴ്ചയാണുള്ളത്. എല്ലാ പാര്‍ട്ടികളിലും സുഹൃത്തുക്കളുള്ള ഖാദി ഹുസൈനെപ്പോലുള്ള ജനകീയ നേതാക്കളുടെ അഭാവത്തില്‍ ശൈഥില്യത്തില്‍നിന്ന് അവയെ പുനരുജ്ജീവിപ്പിക്കുക എളുപ്പവുമല്ല. മുഹാജിര്‍ ഖൗമി മൂവ്‌മെന്റ്, ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് തുടങ്ങിയ സംഘടനകള്‍ കാര്യമായി ക്ഷതമേല്‍പിക്കുന്നത് ജമാഅത്തിന്റെ ബഹുജനാടിത്തറയെയാണ്. ഇതെല്ലാം മുമ്പില്‍ വെച്ച് ഒരു സ്ട്രാറ്റജി രൂപപ്പെടുത്തുക എന്നതാണ് നിലവിലുള്ള ജമാഅത്ത് നേതൃത്വത്തിന്റെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി.
Comments