Prabodhanm Weekly

Pages

Search

2013 ജനുവരി 19

മഅ്ദനിക്ക് വേണ്ടത് ജാമ്യം

ശഹീര്‍ മൗലവി / ടി. ശാക്കിര്‍

ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം രൂപീകരിക്കപ്പെടാനുണ്ടായ പശ്ചാത്തലം വിശദമാക്കാമോ?
നീണ്ട ഒമ്പതര വര്‍ഷക്കാലത്തെ ജയില്‍ ജീവിതത്തിനു ശേഷമാണ് അബ്ദുന്നാസിര്‍ മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ നിന്നും മോചിതനായി കേരളത്തില്‍ തിരിച്ചെത്തുന്നത്. വിചാരണ തടവുകാരനായി ജയിലിലടക്കപ്പട്ട അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ഒപ്പം ആരോഗ്യവും ആ ജയിലഴികള്‍ക്കകത്ത് എരിഞ്ഞുതീരുകയായിരുന്നു. ഒരു പ്രതീകാത്മക നഷ്ട പരിഹാരംപോലും നല്‍കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്കോ സര്‍ക്കാറിനോ കഴിഞ്ഞില്ല. ഇത് അദ്ദേഹത്തിനോട് ചെയ്ത തികഞ്ഞ അനീതിയാണ്. അതേസമയം, കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ തന്റെ പൂര്‍ണ നിരപരാധിത്തം തെളിയിച്ചുകൊണ്ടാണ് അദ്ദേഹം മോചിതനാകുന്നത്. ഇതേ അനീതിയുടെ തനിയാവര്‍ത്തനം സംഭവിച്ച പശ്ചാത്തലത്തിലാണ് ഈ ഫോറം രൂപം കൊണ്ടത്. നീതിക്കുവേണ്ടിയുള്ള, മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ഒരുപറ്റം മനുഷ്യരുടെ കൂട്ടായ്മയാണിത്. 2010 ആഗസ്റ്റ് 17-നാണ് മഅ്ദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബംഗളുരു സ്‌ഫോടനക്കേസാണ് അദ്ദേഹത്തിനുമേല്‍ ചാര്‍ത്തപ്പെട്ടത്. അറസ്റ്റിനുശേഷം ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ജസ്റ്റിസ് മഅ്ദനി ഫോറം നിലവില്‍ വന്നിരുന്നു. നമ്മുടെ സമൂഹത്തിന്റെ നീതിബോധത്തെക്കുറിച്ച ആത്മവിശ്വാസം പകര്‍ന്ന ഒരനുഭവമായിരുന്നു അത്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മുഖ്യരക്ഷാധികാരിയും അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനുമായാണ് കൂട്ടായ്മ നിലവില്‍ വന്നത്. സംസ്ഥാനത്തെ ചെറുതും വലുതുമായ ഇരുപത്തിയഞ്ചിലധികം സംഘടനകള്‍, സാമൂഹിക രംഗത്തെ അമ്പതിലധികം പ്രഗത്ഭര്‍.... ഇവരുടെ കൂട്ടായ്മയാണ് ഫോറം. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് ആ സന്ദര്‍ഭത്തില്‍ മഅ്ദനി വേട്ടക്കനുയോജ്യമായ സവിശേഷമായൊരന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും ചെയ്തിരുന്നു. അത്തരമൊരന്തരീക്ഷം നിലനില്‍ക്കുമ്പോഴും കേരളത്തിലെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക സംഘടനകളും മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതിനുവേണ്ടി ധീരമായി രംഗത്തിറങ്ങിയതും കേസിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ സമൂഹത്തോട് വിളിച്ചുപറയാന്‍ ആര്‍ജവം കാണിച്ചതും നിസ്സാര കാര്യമല്ല. അവരാണ് പിന്നീട് ഫോറം രൂപീകരിച്ച് നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിന് വ്യവസ്ഥാപിത രൂപം നല്‍കിയത്.

ബംഗളുരു സ്‌ഫോടനക്കേസില്‍ മഅ്ദനിക്കെതിരായ കര്‍ണാടക സര്‍ക്കാറിന്റെ ആരോപണം തെറ്റാണെന്ന് ഫോറം കരുതുന്നുണ്ടോ?
കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മഅ്ദനി സദാസമയവും കേരള സര്‍ക്കാറിന്റെ നിരന്തര സംരക്ഷണത്തിലും നിരീക്ഷണത്തിലുമായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പോലീസ് ഓഫീസര്‍മാരും അദ്ദേഹത്തിന്റെ ഓരോ ചലനവും പരിപാടിയും സദാ പിന്തുടരുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓരോ ദിവസത്തെ പരിപാടികളും സന്ദര്‍ശന സ്ഥലങ്ങളും തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ തലേദിവസം തന്നെ പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം വരെ ഏര്‍പ്പെടുത്തിയിരുന്നു. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മഅ്ദനി താമസിക്കുന്ന സ്ഥലത്ത് സായുധരായ അഞ്ച് പോലീസുകാരുണ്ടാവും. മഅ്ദനി സഞ്ചരിക്കുന്ന വാഹനത്തില്‍പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവുമായിരുന്നു.
ബംഗളുരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കുടകിലെ ഇഞ്ചിത്തോട്ടത്തിലെ ക്യാമ്പില്‍ നടന്ന ഗൂഢാലോചനയില്‍ മഅ്ദനി പങ്കെടുത്തെന്നാണ് അന്വേഷണ സംഘം ഉന്നയിക്കുന്ന വാദം. എന്നാല്‍ ആ കേസുമായി മഅ്ദനിയെ ബന്ധിപ്പിക്കുന്ന യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല. എന്നല്ല, ഇത്രയും സുരക്ഷാസംവിധാനത്തിനകത്ത് കഴിയുന്ന ഒരാള്‍ എങ്ങനെ ആരോരുമറിയാതെ കുടകിലെ ഇഞ്ചിത്തോട്ടത്തിലെത്തും എന്നത് സാമാന്യമായി ഏതൊരാളും ഉന്നയിക്കുന്ന സംശയമാണ്. മഅ്ദനിയെ നിരീക്ഷിക്കുന്ന കാര്യത്തില്‍ പോലീസിനോ ഇന്റലിജന്‍സിനോ വല്ല വീഴ്ചയും സംഭവിച്ചതായി അന്ന് മാധ്യമങ്ങളോ ആഭ്യന്തര വകുപ്പോ പ്രതിപക്ഷ കക്ഷികള്‍ പോലുമോ പരാതിപ്പെട്ടിട്ടുമില്ല. കാരണം, കേരള പോലീസിന്റെ കൈയില്‍ അതിനു കൃത്യമായ മറുപടിയുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അഥവാ മഅ്ദനിയെ ബംഗളുരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്തത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ഫോറം കരുതുന്നത്.

മഅ്ദനിയുടെ കേസുമായി ബന്ധപ്പെട്ട് ഫോറത്തിന്റെ പ്രധാന പ്രവര്‍ത്തന മണ്ഡലം ഏതാണ്?
കേസുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് തലങ്ങളിലാണ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒന്നാമത്തേത് നിയമ പോരാട്ടമാണ്. രണ്ടാമത്തേത് ഈ കേസിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത്. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യക്കെതിരായ കേസ് കൂടി ഏറ്റെടുക്കാന്‍ ഫോറം തീരുമാനിക്കുകയുണ്ടായി. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അവരിപ്പോള്‍ ഒരര്‍ഥത്തില്‍ വീട്ട് തടങ്കലിലാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്. ബംഗളൂരുവില്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍പോലും അവര്‍ക്ക് അപ്പപ്പോള്‍ കോടതിയില്‍നിന്ന് പ്രത്യേക അനുമതി വേണം. ഈ കേസും ഒപ്പം മഅ്ദനിയുടെ കുടുംബത്തിന്റെ കാര്യങ്ങളും ഫോറം ഏറ്റെടുത്തു. മൂന്നാമത്തേത് ഇതിനെല്ലാം ആവശ്യമായ സാമ്പത്തിക സഹായ സമാഹരണമാണ്. വലിയ പിന്തുണയാണ് സാമ്പത്തിക സമാഹരണത്തിന് ജനങ്ങളില്‍നിന്ന് ലഭിച്ചത്. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ രണ്ട് തവണയാണ് ഫോറം പണപ്പിരിവ് നടത്തിയത്. എല്ലാ വിഭാഗം ആളുകളും അതിലേക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി എന്നത് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിക്കെതിരായ പൊതുവികാരമാണ് പ്രതിഫലിപ്പിക്കുന്നത്.

ജനകീയ ബോധവല്‍ക്കരണത്തിന് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഫോറം ഇതുവരെയായി സംഘടിപ്പിച്ചത്?
മഅ്ദനി പ്രശ്‌നം മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് ഫോറം തുടക്കത്തിലേ ശ്രമിച്ചു പോന്നത്. സാമുദായികമോ വംശീയമോ ആയി ബ്രാന്‍ഡ് ചെയ്യപ്പെടാതെ, ഒരു പൗരാവകാശ പ്രശ്‌നം എന്ന നിലയില്‍ അതിനെ അവതരിപ്പിച്ചു. ഫോറം രൂപപ്പെടുന്നത് തന്നെ ഈ ഒരു വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കാണാന്‍ കഴിയും. വിവിധ മതജാതിയില്‍ പെടുന്നവരും മതമില്ലാത്തവരുമൊക്കെ അണിചേര്‍ന്ന ഒരു കൂട്ടായ്മയാണിത്. ഏതെങ്കിലും രാഷ്ട്രീയ-സാമുദായിക പാര്‍ട്ടികളുടെ സ്വാധീനം ഇതിലില്ല. എന്നാല്‍ കെ.ടി ജലീല്‍, പി.ടി.എ റഹീം, ജമീല പ്രകാശം തുടങ്ങിയ എം.എല്‍.എമാര്‍ ഇതില്‍ സജീവ സാന്നിധ്യമാണ്.
കേരളത്തിനകത്തും പുറത്തുമായി നിരവധി പരിപാടികള്‍ ഇതിനകം ഫോറം സംഘടിപ്പിച്ചു. ഈ സ്വഭാവത്തിലുള്ള ഒട്ടേറെ പരിപാടികളില്‍ ഫോറം പങ്കാളിത്തം വഹിക്കുകയും ചെയ്തു. കേരളത്തില്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ഫോറത്തിന് ജില്ലാ ഘടകങ്ങളുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളെ തന്നെ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.
അതേസമയം, മഅ്ദനിക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ പലര്‍ക്കും തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. നമ്മുടെ മാധ്യമങ്ങളുടെ പ്രചാരണങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാര്‍ഥപരമായ നിലപാടുകളുടെയും ഫലമായി സംഭവിച്ചതാണ് അത്. ജസ്റ്റിസ് മഅ്ദനി ഫോറത്തിന്റെ ഇത്തരം പരിപാടികള്‍ വഴി ഈ തെറ്റിദ്ധാരണകള്‍ വലിയൊരളവില്‍ നീക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ അറച്ചും മടിച്ചും നിന്നിരുന്ന പലരും പിന്നീട് ധീരമായി രംഗത്തിറങ്ങി. സംസ്ഥാനത്തെ 140 എം.എല്‍.എമാരെയും ഫോറം നേരില്‍ കണ്ട് കേസിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുകയുണ്ടായി. കോയമ്പത്തൂര്‍ ജയില്‍വാസ കാലത്ത് കേരള നിയമസഭ മഅ്ദനിക്കു വേണ്ടി പ്രമേയം പാസ്സാക്കിയിരുന്നു. അത്തരമൊരു പ്രമേയം വീണ്ടും പാസ്സാക്കിയെടുക്കാന്‍ ഫോറം ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
2008-ല്‍ ലോക സഭ പാസ്സാക്കിയ ഭീകരവിരുദ്ധ നിയമം (UAPA) തന്നെയാണ് മഅ്ദനിയുടെ മേലും ചുമത്തിയിരിക്കുന്നത്. ഈ നിയമത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ചെറുപ്പക്കാരാണ് ദല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ അടക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരും ധൈര്യപ്പെടാത്ത ഒരന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. അവരുടെ കേസ് വാദിക്കാന്‍ അഭിഭാഷകര്‍ പോലും തയാറല്ല. ഇത്തരമൊരു സാഹചര്യത്തില്‍, തടസ്സങ്ങളെ ധൈര്യമായി തരണം ചെയ്യാനുള്ള ആത്മവിശ്വാസം പകര്‍ന്നുകൊടുക്കാന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുവേണം കരുതാന്‍.
പോലീസ്, പ്രതിയാണെന്ന് പറയുന്നവരെല്ലാം പ്രതികളല്ലെന്നും ഭീകരാരോപണക്കേസുകള്‍ക്കു പിന്നില്‍ പോലീസിന്റെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെയും സര്‍വോപരി സര്‍ക്കാറുകളുടെയും പലതരം താല്‍പര്യങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നുമാണ് മഅ്ദനി കേസ്, സമൂഹത്തിന് പകര്‍ന്നു നല്‍കിയ പ്രധാന പാഠം.

മഅ്ദനി കേസ് ഇപ്പോഴും കേരളത്തില്‍ മാത്രമാണ് ചര്‍ച്ചയാകുന്നത്. അതേസമയം, മഅ്ദനിയെക്കുറിച്ചും ബംഗളുരു സ്‌ഫോടനത്തെക്കുറിച്ചും ഒട്ടേറെ തെറ്റായ ധാരണകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ ഫോറം ശ്രമിക്കുന്നുണ്ടോ?
കര്‍ണാടകത്തിലും ദേശീയ തലത്തിലും ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പലതരം ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മഅ്ദനിയെക്കുറിച്ചും ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ട്. സമൂഹത്തിലെ സാധാരണക്കാരില്‍ മാത്രമല്ല അഭ്യസ്തവിദ്യര്‍, നിയമവിദഗ്ധര്‍, ജഡ്ജിമാര്‍ തുടങ്ങിയവരിലൊക്കെ ഈ മുന്‍ധാരണ പ്രകടമാണ്. അത് ഒരര്‍ഥത്തില്‍ സ്വാഭാവികവുമാണ്. വലിയ മാധ്യമ പ്രചാരണമാണ് മഅ്ദനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മഅ്ദനി കാമ്പയിന്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുക എന്നത് പ്രധാന പ്രവര്‍ത്തന അജണ്ടയായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ വിഷയകമായി 'ഫ്രീ മഅ്ദനി ബുള്ളറ്റിന്‍' ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറക്കുകയുണ്ടായി. മഅ്ദനി പ്രശ്‌നവുമായി ബന്ധപ്പെട്ട നല്ലൊരു റഫറന്‍സായിരുന്നു ഈ ബുള്ളറ്റിന്‍. ബുള്ളറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് രാജ്യത്തെ ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എത്തിക്കുകയും ചെയ്തു. മഅ്ദനിയുടെ ജീവിതത്തെക്കുറിച്ചും മഅ്ദനിയുടെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ചും മഅ്ദനിക്കെതിരെയുള്ള കള്ളക്കേസുകളെക്കുറിച്ചം വിവരിക്കുന്ന വെബ്‌സൈറ്റ് ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയിട്ടുണ്ട്. www.maudany.in എന്ന സൈറ്റാണ് ദേശീയ തലത്തില്‍ പലര്‍ക്കും മഅ്ദനി പ്രശ്‌നത്തെക്കുറിച്ച യഥാര്‍ഥ വിവരങ്ങളും വിശദീകരണങ്ങളും ലഭിക്കാന്‍ സഹായകരമായത്.
രണ്ട് മാസം മുമ്പ് ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെട്ടവരുടെയും കരിനിയമങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവരുടെയും ദ്വിദിന ജനകീയ തെളിവെടുപ്പ് ദല്‍ഹിയില്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ സംഘാടനത്തില്‍ ഫോറം പങ്കുവഹിക്കുകയുണ്ടായി. രാജ്യത്തെ ഒട്ടനവധി ജനകീയ സമരനേതാക്കളും നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയില്‍ മഅ്ദനിയുടെ പ്രശ്‌നം കാര്യഗൗരവത്തില്‍ അവതരിപ്പിക്കുകയുണ്ടായി. മഅ്ദനിയുടെ മകന്‍ ഉമര്‍ മുഖ്താര്‍ അതില്‍ പങ്കെടുത്ത് സംസാരിച്ചത് ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. മാര്‍ക്കണ്ഡേ കട്ജു, അരുന്ധതി റോയ്, അരുണാ റോയ്, മഹേഷ് ഭട്ട്, നന്ദിതാ ദാസ്, മേധാ പട്കര്‍, ടീസ്റ്റ സെറ്റല്‍വാദ്, സന്ദീപ് പാണ്ഡേ, ആനന്ദ്പട്‌വര്‍ധന്‍, ശാന്തിഭൂഷണ്‍, മണിശങ്കര്‍ അയ്യര്‍, സച്ചിദാനന്ദന്‍, അഭയ് സാഹു, നന്ദിതാ ഹക്‌സര്‍ തുടങ്ങിയ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്തുണയിലും കൂട്ടായ്മയിലുമായിരുന്നു പ്രസ്തുത പരിപാടി ദല്‍ഹിയില്‍ സംഘടിപ്പിച്ചത്. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, ബിനായക് സെന്‍, രാംപുനിയാനി, അജിത് സാഹി, സാബ നഖ്‌വി തുടങ്ങിയ പ്രമുഖര്‍ ജൂറി അംഗങ്ങളായിരുന്നു. ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ മഅ്ദനി പ്രശ്‌നം ഇതുവഴി ചര്‍ച്ചയാക്കാന്‍ സാധിച്ചു. ദേശീയ തലത്തില്‍ മഅ്ദനി പ്രശ്‌നം മാധ്യമങ്ങളില്‍ ഗുണപരമായി അവതരിപ്പിക്കപ്പെടാന്‍ പ്രസ്തുത പരിപാടി നിമിത്തമായി. കൂടാതെ, ഫോറം രക്ഷാധികാരി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തന്നെ കര്‍ണാടക മുഖ്യമന്ത്രി ജഗദീശ് ഷെട്ടറിന് കത്തെഴുതുകയുണ്ടായി. 'ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ ഉത്തരവാദിത്തത്തോടെ പറയുന്നു, മഅ്ദനിക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം' എന്നാവശ്യപ്പെടുന്ന കത്തും ഒരുപരിധി വരെ മഅ്ദനി പ്രശ്‌നം ദേശീയ തലത്തിലെത്തിക്കാന്‍ വഴിയൊരുക്കുകയുണ്ടായി. നേരത്തെ ബംഗളൂരുവിലും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ദേശീയ സ്വഭാവത്തിലുള്ള ചില പരിപാടികള്‍ കൂടി ഫോറത്തിന്റെ അജണ്ടയിലുണ്ട്.

നിയമ പോരാട്ടത്തില്‍ ഏതളവില്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്?
നിയമ പോരാട്ടത്തില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ഫോറം ഊന്നല്‍ നല്‍കുന്നത്. ഒന്നാമതായി മഅ്ദനിക്ക് ജാമ്യം ലഭ്യമാക്കണം എന്നതാണ്. ജാമ്യമാണ് നിയമം, ജയില്‍ അപവാദം എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വം. ഈ തത്ത്വം മഅ്ദനിയുടെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല എന്നതാണ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ സംഭവിച്ചത്. അതു തന്നെയാണ് ബംഗളൂരു സ്‌ഫോടനക്കേസിലും ആവര്‍ത്തിക്കാന്‍ പോകുന്നത് എന്ന് ഫോറം മനസ്സിലാക്കുന്നു. മുന്‍കൂര്‍ ജാമ്യം ലഭ്യമാക്കാനായി ആദ്യം സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ജാമ്യം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാജ്യത്തെ അറിയപ്പെട്ട അഭിഭാഷകന്‍ ശാന്തി ഭൂഷനാണ് സുപ്രീം കോടതിയില്‍ മഅ്ദനിക്കുവേണ്ടി ഹാജരായത്. മഅ്ദനി കേസ് പഠിച്ച അദ്ദേഹം ഇത് അന്യായമായ, തികച്ചും കെട്ടിച്ചമച്ച കേസാണെന്ന് മനസ്സിലാക്കി സൗജന്യമായാണ് കേസിനു വേണ്ടി ഹാജരായത്. അതേസമയം കര്‍ണാടക സര്‍ക്കാറിന്റെ ശക്തമായ സമ്മര്‍ദത്തിനുമുമ്പില്‍ സുപ്രീംകോടതി ജാമ്യാപേക്ഷ നിരസിക്കുകയാണുണ്ടായത്. വിചിത്രമായ വാദങ്ങളും കോലാഹലങ്ങളുമാണ് ഇത്തരം ഘട്ടങ്ങളിലെല്ലാം കര്‍ണാടക സര്‍ക്കാര്‍ കോടതിക്കു മുമ്പാകെ നിരത്താറുള്ളത്. മഅ്ദനി ആഗോള തീവ്രവാദിയാണെന്നും ജാമ്യം നല്‍കുന്നത് സംസ്ഥാനത്തിനകത്തും പുറത്തും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നൊക്കെയുള്ള തരത്തിലാണ് വാദങ്ങള്‍ മുന്നോട്ടുവെക്കാറ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം വാദങ്ങള്‍ക്കു മുന്നില്‍ കോടതി കീഴടങ്ങുന്നു എന്നതാണ് സംഭവിക്കുന്നത്. നേരത്തെ അഡ്വ. സുശീല്‍കുമാര്‍ സുപ്രീം കോടതിയില്‍ മഅ്ദനിയുടെ ജാമ്യത്തിനുവേണ്ടി ഹാജരായ അവസരത്തില്‍ ജാമ്യത്തിനാണെങ്കില്‍ വാദിക്കേണ്ടതില്ല, ചികിത്സക്കാവശ്യെപ്പടാം എന്നായിരുന്നു ജഡ്ജി പ്രതികരിച്ചത്. അത്രക്ക് മുന്‍ധാരണയോടുകൂടിയാണ് പലപ്പോഴും നീതിപീഠം പോലും പെരുമാറുന്നത്. ഇത് തന്റെ അഭിഭാഷക ജീവിതത്തില്‍തന്നെ ആദ്യാനുഭവമാണെന്നാണ് അതിനെക്കുറിച്ച് പിന്നീട് സുശീല്‍കുമാര്‍ പ്രതികരിച്ചത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അടങ്ങിയ ബെഞ്ച് മഅ്ദനി ജാമ്യം ലഭിക്കാന്‍ അര്‍ഹനാണെന്നു നിരീക്ഷിച്ചപ്പോഴും സഹജഡ്ജിയുടെ നിഷേധത്തിനുമുന്നില്‍ ജാമ്യം നിഷേധിക്കപ്പെടുകയാണ് ചെയ്തത്. പിന്നീട് വീണ്ടും സെഷന്‍സ് കോടതിയിലും ശേഷം ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. ഇപ്പോള്‍ സുപ്രീം കോടതിയെ തന്നെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
മഅ്ദനിയുടെ കേസുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നം യു.എ.പി.എ എന്ന കരിനിയമം അദ്ദേഹത്തിനു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു എന്നതാണ്. നിയമപോരാട്ട വഴിയിലെ ഫോറത്തിന്റെ രണ്ടാമത്തെ ഊന്നല്‍ ഈ കരിനിയമത്തില്‍ നിന്ന് മഅ്ദനിയെ ഒഴിവാക്കി കിട്ടാനുള്ള പോരാട്ടമാണ്. ഇതിനായി ഹൈക്കോടതിയില്‍ ഡിസ്ചാര്‍ജ് പെറ്റിഷന്‍ സമര്‍പിക്കുകയുണ്ടായി. പ്രഗത്ഭനായ അഡ്വക്കറ്റ് വി.വി ആചാര്യയാണ് മഅ്ദനിക്ക് വേണ്ടി ഹാജരായത്. വാദം കേട്ട കോടതി മഅ്ദനിക്ക് അനുകൂലമായി വിധിപറയും എന്ന ഘട്ടം വന്നപ്പോള്‍ പ്രോസിക്യൂഷന്‍ പെടുന്നനെ കുറെ ഫോണ്‍ കോളുകളുടെ പട്ടിക കോടതിയുടെ മുമ്പാകെ സമര്‍പിച്ചു. ബംഗളുരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് മഅ്ദനിക്കു വന്ന കോളുകള്‍ എന്നതായിരുന്നു പ്രോസിക്യൂഷന്റെ അവകാശ വാദം. ഉടനെ കോടതി ചുവടുമാറുകയാണുണ്ടായത്. വാദം കേട്ടതിനു ശേഷവും വാദങ്ങള്‍ നിരത്താനും കുറ്റപത്രത്തില്‍ ആവശ്യമായത് എപ്പോള്‍ വേണമെങ്കിലും കൂട്ടിച്ചേര്‍ക്കാനും സാധിക്കും എന്നതാണ് യു.എ.പി.എ പോലുള്ള കരിനിയമത്തിന്റെ ഏറ്റവും മാരകമായ വശം. അതേസമയം ആ വഴിക്കുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ല. വിദഗ്ധ നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മഅ്ദനിക്കേസിനെ കരിനിയമത്തില്‍ നിന്നും ഒഴിവാക്കി കിട്ടുന്നതിനുള്ള നിയമ പോരാട്ടവുമായി തുടര്‍ന്നും മുന്നോട്ട് പോകും.

നിലവില്‍ മഅ്ദനി കേസിന്റെ അവസ്ഥ എന്താണ്?
പരപ്പന അഗ്രഹാര ജയില്‍ കെട്ടിടത്തിനകത്ത് മുകള്‍ ഭാഗത്ത് സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതിയിലാണ് ബംഗളുരു സ്‌ഫോടന കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുന്നത്. ബംഗളൂരു സിറ്റിയില്‍ നിന്നും ഏറെ ദൂരം യാത്ര ചെയ്തു വേണം ഇവിടെയെത്താന്‍. അതുകൊണ്ട് തന്നെ സാധാരണ ഗതിയില്‍ മികച്ച അഭിഭാഷകര്‍ ആരും ഈ കേസ് ഏറ്റെടുക്കാന്‍ സന്നദ്ധമാവില്ല. ഒപ്പം ജയിലിനകത്തെ കോടതിയായത് കൊണ്ട് ഒട്ടേറെ ജയില്‍ നടപടിക്രമങ്ങള്‍, ഹാജരാകുന്ന അഭിഭാഷകനും പാലിക്കണം. ഈ പ്രതികൂല അവസ്ഥയിലും പ്രഗത്ഭരായ അഭിഭാഷകരെ മഅ്ദനിക്കുവേണ്ടി ലഭ്യമാക്കാന്‍ ഫോറത്തിനു സാധിച്ചത് ഏറെ സന്തോഷകരമായ അനുഭവമാണ്. അഡ്വ. ഹേമന്ത് റേയും അഡ്വ. ഉസ്മാനുമാണ് വിചാരണ കോടതിയില്‍ ഈ കേസ് മഅ്ദനിക്കുവേണ്ടി വാദിക്കുന്നത്. ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകള്‍ അദ്ദേഹത്തിനെതിരില്‍ ചുമത്തപ്പെട്ടിട്ടുണ്ട്. എല്ലാം പരസ്പര ബന്ധിതമായ കേസുകളാണ്. മൂന്നാം പ്രതിയായിട്ടാണ് മഅ്ദനിയെ ചേര്‍ത്തിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ ആരോപണം തെളിയിക്കാനാവശ്യമായ യാതൊരടിസ്ഥാന തെളിവും പ്രോസിക്യൂഷന്റെ കൈയിലില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ സത്യസന്ധമായ ഒരു വിചാരണക്ക് മുന്നില്‍ കേസ് ദുര്‍ബലപ്പെട്ടുപോകും എന്നുറപ്പുള്ളതിനാല്‍ കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 278 സാക്ഷികളുള്ള കേസില്‍ ഇതുവരെയായി 25 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. ഒപ്പം കേസ് വിചാരണ നിരന്തരമായി മാറ്റിവെക്കുകയും ചെയ്യുന്നു. അതുവഴി അനന്തമായ വിചാരണ തടവുകാരനായി മഅ്ദനിയെ ജയിലിനകത്തിട്ട് കൊല്ലാകൊല നടത്തുക എന്നതാണിതിനു പിന്നിലെ ഗൂഢാലോചന. ഒട്ടേറെ രോഗങ്ങള്‍കൊണ്ട് ജീവിതം ദുഃസ്സഹമായ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമാക്കുക എന്നതാണ് മറ്റൊരു ശ്രമം. ഈ വിഷയത്തില്‍ തികഞ്ഞ പക പോക്കലാണ് കര്‍ണാടക സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശിച്ച ചികിത്സകള്‍ ലഭ്യമാക്കിയില്ലെന്നു മാത്രമല്ല, ചികിത്സാ കാര്യത്തില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു.

മഅ്ദനിക്ക് നീതി ലഭ്യമാകണം, ചുരുങ്ങിയത് ചികിത്സയെങ്കിലും ലഭ്യമാകണം എന്ന ആവശ്യത്തിലേക്ക് ഇപ്പോള്‍ കേരളത്തില്‍ പലരും എത്തുകയും അതിന്റെ ഫലമെന്നോണം ചികിത്സ ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സൗകര്യമൊരുക്കുകയും ചെയ്തിരിക്കുന്നു. എന്താണ് അഭിപ്രായം.
ഗുണപരമായ മാറ്റമാണിത്. കാരണം കേരളത്തിലെ മാധ്യമങ്ങളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും യാതൊരു മര്യാദയും കാണിക്കാതെ വിഷം ചീറ്റിയതിന്റെ കൂടി ഫലമാണ് മഅ്ദനിയുടെ രണ്ടാം അറസ്റ്റ് എന്ന് നാമോര്‍ക്കണം. ഇന്നിപ്പോള്‍ അതേ മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മഅ്ദനിക്കു വേണ്ടി സംസാരിക്കാന്‍ സന്നദ്ധമായതില്‍ ഫോറത്തിന് ഏറെ അഭിമാനമുണ്ട്. മഅ്ദനിക്കുവേണ്ടി സംസാരിക്കുന്നത് വന്‍ അപരാധമായി കണക്കാക്കപ്പെട്ടിരുന്ന സമയത്താണ് ഫോറം ധീരമായി രംഗത്തുവന്നത്. പൊതുസമൂഹത്തില്‍ നിന്നു മാത്രമല്ല മുസ്‌ലിം സമൂഹത്തില്‍നിന്നു പോലും ഫോറവുമായി സഹകരിക്കാനോ മഅ്ദനിക്കുവേണ്ടി സംസാരിക്കാനോ പലരും സന്നദ്ധമായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ, എ.പി വിഭാഗം സുന്നികള്‍ തുടങ്ങിയവരാണ് മുസ്‌ലിം സംഘടനകളില്‍നിന്ന് ആദ്യഘട്ടത്തിലേ ഫോറവുമായി സഹകരിച്ചത്. ഇന്നിപ്പോള്‍ എല്ലാവരും ഇതൊരു പൗരാവകാശ ലംഘനമായും ഫാഷിസ്റ്റു സര്‍ക്കാറിന്റെ പക വീട്ടല്‍ നയമായും തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനുവേണ്ടി രംഗത്തുവന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും രാഷ്ട്രീയ, മത, സാമൂഹിക നേതാക്കള്‍ക്കും സംഘടനകള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയുണ്ടായി. അതേസമയം മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ രംഗത്ത് വരണം എന്നതാണ് ഫോറത്തിന്റെ ആവശ്യം. മഅ്ദനിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ എന്ന അരാഷ്ട്രീയ സമീപനം സ്വീകരിക്കുന്നതിന് പകരം സര്‍ക്കാര്‍ നീതിയുടെ പക്ഷത്ത് നിന്ന് നിലപാട് സ്വീകരിക്കണം. അങ്ങനെയെങ്കില്‍ ജുഡീഷ്യറിയില്‍ അതിന്റെ പ്രതിഫലനം ഉണ്ടാവുമെന്നതിന്റെ തെളിവാണ് മഅ്ദനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ കോടതി ഇടപെടല്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാറിനെ കൊണ്ട് ഈ നിലപാട് സ്വീകരിപ്പിക്കുന്നതില്‍ സമ്മര്‍ദം ചെലുത്തേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍