Prabodhanm Weekly

Pages

Search

2013 ജനുവരി 19

ബഹുവര്‍ണ അമേരിക്ക

മുനീര്‍ മുഹമ്മദ് റഫീഖ്

യാത്രാനുഭവങ്ങളും സഞ്ചാരസാഹിത്യവും മലയാളി മുസ്‌ലിം വായനക്കാര്‍ക്ക് അപരിചിതമല്ല. പൊതുമലയാളി സമൂഹം വായിക്കുന്നതിന് മുമ്പുതന്നെ ഇവ അറബികൃതികളില്‍ നിന്നു മലയാളി മുസ്‌ലിംകള്‍ മനസ്സിലാക്കിയിട്ടുണ്ട്. മലയാളി മനസ്സില്‍ സഞ്ചാര സാഹിത്യത്തിന് പ്രിയമേറുന്നത് എസ.്‌കെ പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളോടെയാണ്. സരളവും വശ്യവുമായ ശൈലിയില്‍ താന്‍ കണ്ട കാഴ്ചകളെയും സംഭവങ്ങളെയും മനുഷ്യരെയും കുറിച്ച് എഴുതാനുള്ള അനിതരസാധാരണമായ കഴിവാണ് അദ്ദേഹത്തെ മലയാളിയുടെ പ്രിയങ്കരനായ സഞ്ചാര സാഹിത്യകാരനാക്കിയത്. ഏതൊരു എഴുത്തുകാരന്റയും രചനയെ ആകര്‍ഷകവും വ്യതിരിക്തവുമാക്കുന്നത് താന്‍ കണ്ട കാഴ്ചകളെ അതുപോലെ തന്നെ അവതരിപ്പിക്കുമ്പോഴല്ല; മറിച്ച് ആ കാഴ്ചകള്‍ തന്റെ മനസ്സില്‍ തീര്‍ക്കുന്ന വര്‍ണചിത്രങ്ങളുടെ വൈകാരികാവിഷ്‌കാരങ്ങള്‍ രചനയില്‍ പ്രതിഫലിക്കുമ്പോഴാണ്. ഒരേ കാഴ്ച തന്നെ വ്യത്യസ്ത എഴുത്തുകാര്‍ക്ക് വ്യത്യസ്ത അനുഭവങ്ങളാകുന്നത് അതുകൊണ്ടാണ്.
അമേരിക്ക എന്ന രാജ്യം നിരവധി എഴുത്തുകാരുടെ തൂലികയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട്. പ്രമുഖ മലയാള സാഹിത്യകാരന്മാര്‍ തന്നെ അമേരിക്കയെ കുറിച്ച് എഴുതിയിട്ടുണ്ട്. കേരളീയ പരിസരത്തെ ഒരു മുസ്‌ലിം, വിശിഷ്യാ ഒരു യുവ ഇസ്‌ലാം എഴുത്തുകാരന്‍ ആ ദേശം സന്ദര്‍ശിക്കുമ്പോള്‍, ഒരു പൊതുഎഴുത്തുകാരന്റെ നിരീക്ഷണത്തില്‍പെടാത്ത പലതും അദ്ദേഹത്തിന്റെ നിരീക്ഷണ വൃത്തത്തില്‍ വരിക സ്വാഭാവികമാണ്. ആ നാട്ടിലെ ഭൂപ്രകൃതിയെകുറിച്ചും സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനങ്ങളെ കുറിച്ചും വാചാലമാകുന്നതിനേക്കാള്‍ ഒരു ഇസ്‌ലാമിസ്റ്റിന്റെ നിരീക്ഷണത്തിന് വിധേയമാവുക, രാജ്യത്തെ ജനങ്ങളുടെ ധാര്‍മികവും സാംസ്‌കാരികവുമായ വശങ്ങളായിരിക്കും. മതം അവരില്‍ എങ്ങനെ വര്‍ത്തിക്കുന്നു എന്ന കേന്ദ്രബിന്ദുവില്‍ നിന്നായിരിക്കും അത്തരമൊരെഴുത്തുകാരന്റെ തൂലിക യാത്രാനുഭവങ്ങളെ അനാവരണം ചെയ്യുന്നത്. യുവ ഇസ്‌ലാം എഴുത്തുകാരന്‍ മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ 'അമേരിക്ക ബഹുവര്‍ണ ചിത്രങ്ങള്‍' എന്ന ചെറുകൃതി അത്തരത്തില്‍ ഒന്നാണ്.
അമേരിക്ക എന്ന നാടിനെ കുറിച്ച് കേള്‍ക്കുന്നവരുടെ മനസ്സില്‍ ആദ്യം തെളിയുക ലോകത്തെ കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന ലോകപോലീസിന്റെ ഭീകര രൂപമാണ്. ഭരണകൂടത്തെ അങ്ങനെ തന്നെ ചിത്രീകരിക്കുമ്പോഴും അമേരിക്കന്‍ ജനതയില്‍ വളര്‍ന്നുവരുന്ന സാമ്രാജ്യത്വ വിരുദ്ധതയും ഇതര ജനതകളോടുള്ള സുമനസ്സും ഗ്രന്ഥകാരന്‍ എടുത്തു പറയുന്നുണ്ട്. അമേരിക്കന്‍ സമൂഹത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെപ്പറ്റി പഠിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്നംഗ ഇന്ത്യന്‍ പ്രതിനിധികളിലൊരാളായാണ് ഗ്രന്ഥകാരന്‍ അമേരിക്കയിലെ അഞ്ചു സ്റ്റേറ്റുകള്‍ സന്ദര്‍ശിക്കുന്നത്. ഈ ഉദ്ദേശ്യാര്‍ത്ഥം പല സന്നദ്ധസംഘങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഗവണ്‍മെന്റ് പ്രതിനിധികളെയും സന്ദര്‍ശിക്കുകയുമായിരുന്നു യാത്രയുടെ ലക്ഷ്യം. ഒരു രാജ്യത്തിന്റെ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സന്ദര്‍ശനവും മാത്രം ഒരു സമൂഹത്തിന്റെ സാംസ്‌കാരിക അസ്തിത്വം വിലയിരുത്താന്‍ മതിയായതല്ലെങ്കിലും, ലഭ്യമായ വിവരങ്ങള്‍ വെച്ചുകൊണ്ട് അമേരിക്കന്‍ ജനതയെകുറിച്ചുള്ള ഗ്രന്ഥകാരന്റെ വിശകലനം വസ്തുനിഷ്ഠമാണ്. 15 അധ്യായങ്ങളിലായി അമേരിക്കന്‍ യാത്രാനുഭവങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥകാരന്‍ രാജ്യത്തെ പ്രധാനസ്ഥലങ്ങളെക്കുറിച്ചും താന്‍ കണ്ടുമുട്ടിയ ജനങ്ങളെക്കുറിച്ചും അവരുടെ ഹൃദ്യമായ സൗഹൃദങ്ങളെക്കുറിച്ചും വാചാലനാകുന്നുണ്ട്.
അമേരിക്ക എന്ന ഭരണകൂടത്തെ പൊതുസമൂഹം ഭീതിയോടെ വീക്ഷിക്കുമ്പോള്‍ തന്നെ, അമേരിക്കന്‍ ജനതയെയും അവിടെ വളര്‍ന്നു വരുന്ന ബഹുസ്വര ബഹുമത സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മകളെയും ഭീതിയോടെ കാണേണ്ടതില്ലെന്നും അവ അമേരിക്കന്‍ സമൂഹത്തെ കുറിച്ചു ലോകത്തിന് പ്രത്യാശ നല്‍കുന്നതാണെന്നും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. സമാനമായ അഭിപ്രായം അമേരിക്ക സന്ദര്‍ശിച്ച പല പ്രമുഖരും മുമ്പ് പ്രകടിപ്പിച്ചത് ഇവിടെ സ്മരണീയമാണ്. കേവലം ഒരു യാത്രാവിവരണമെന്നതിലുപരി അമേരിക്കന്‍ സമൂഹത്തിന്റെ വൈവിധ്യങ്ങളെയും ബഹുവര്‍ണ്ണങ്ങളെയും അവിടത്തെ ബഹുമത ചുറ്റുപാടിനെയും കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകള്‍ പകര്‍ന്നു തരുന്നുണ്ടെന്നതാണ് പുസ്തകത്തിന്റെ സവിശേഷത. 112 താളുകളിലായി അമേരിക്കയെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് വചനം ബുക്‌സാണ്. 80 രൂപയാണ് വില.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍