Prabodhanm Weekly

Pages

Search

2013 ജനുവരി 19

ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന മുര്‍സി

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

''ഈജിപ്ഷ്യന്‍ ജനങ്ങള്‍ സ്വതന്ത്രരാണ്. പ്രസിഡന്റിനെ എതിര്‍ക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തുകയാണ്. നമുക്കിപ്പോള്‍ ഒരു പുതിയ ഈജിപ്തുണ്ട്''-മുര്‍സി ടൈം ലേഖകനോട് പറഞ്ഞു. ആ ലളിത വാക്യങ്ങളില്‍ വിപ്ലവാനന്തര ഈജിപ്ത് സമൂര്‍ത്തമായി പ്രതിഫലിക്കുന്നു.
ഈജിപ്തിലെ ജനങ്ങള്‍ ദശകങ്ങളുടെ അടിമത്തത്തിനുശേഷം സ്വതന്ത്രരായിരിക്കുന്നു. ജമാല്‍ അബ്ദുന്നാസിറും അന്‍വര്‍ സാദാത്തും ഹുസ്‌നി മുബാറക്കും നടപ്പിലാക്കിയ സ്വോഛാധിപത്യ ഭരണത്തിന്റെ കാലം കഴിഞ്ഞു. എത്ര നിരപരാധികളെയാണവര്‍ പീഡിപ്പിച്ചത്, ഈജിപ്തിന്റെ അഭിമാനഭാജനങ്ങളായ ചിന്തകരെയും പ്രതിഭാശാലികളെയുമാണവര്‍ തൂക്കിലേറ്റിയത്. ഇന്നിപ്പോള്‍ മുര്‍സിയുടെ ഈജിപ്തില്‍ എല്ലാവര്‍ക്കും ശബ്ദമുയര്‍ത്താം.
പുതിയ ഈജിപ്തിന്റെ മാറ്റത്തെ തടയാന്‍ മുന്‍സ്വേഛാധിപതികളുടെ പിണിയാളുകള്‍ക്കാവില്ല. എതിര്‍ വിഭാഗത്തിന്റെ ഓഫീസുകളും കെട്ടിടങ്ങളും തകര്‍ക്കുകയും സാധാരണക്കാരെ വധിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ അറിയില്ലെന്ന് തോന്നുംവിധമാണ് പ്രവര്‍ത്തിക്കുന്നത്. പൗരസ്ത്യ നാടുകളിലെ ജനാധിപത്യത്തിന്റെ പൊതു അവസ്ഥ തന്നെയാണിത്. പാശ്ചാത്യ നാടുകളിലെപ്പോലെ ഡമോക്രസി ശീലിച്ചിട്ടില്ല പൗരസ്ത്യര്‍. അതുകൊണ്ടുതന്നെ അറബ് വസന്തം പൂവണിയിക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ ചില പ്രതിബന്ധങ്ങള്‍ നേരിടുകതന്നെ ചെയ്യും. ജനങ്ങളെ ജനാധിപത്യ ജീവിതരീതി പരിശീലിപ്പിക്കാന്‍ സമയമെടുക്കും.
മുര്‍സിയും ഒബാമയും
ഒരു കാര്യത്തില്‍ മുര്‍സിയും ഒബാമയും സമാനരാണ്. ഇരുവരും പെട്ടെന്ന് പ്രശസ്തരാവുകയും അധികാരത്തിലേക്ക് ഉയരുകയും ചെയ്തവരാണ്. പ്രസിഡന്റ് പദത്തിലേക്ക് ഒരാഫ്രിക്കന്‍ അമേരിക്കന്‍ കടന്നുവന്നത് ചരിത്രം സൃഷ്ടിക്കല്‍ തന്നെയായിരുന്നു. ഒബാമ പാടെ പരാജയപ്പെട്ടാലും അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ചരിത്രത്തില്‍ ആ സംഭവം രേഖപ്പെട്ടു കിടക്കും. ഈജിപ്തുകാര്‍ക്ക് പൊതുവെ സുപരിചിതനല്ലാതിരുന്ന മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റ് പദവിയിലേക്ക് വന്നതും ചരിത്രം സൃഷ്ടിക്കലായിരുന്നു. ഏതാനും മാസങ്ങള്‍ കൊണ്ട് മുര്‍സി കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹത്തെ ഒബാമയുടെ ഒരുപടി മുമ്പില്‍ നിര്‍ത്തുന്നു. വെറുതെയല്ല ടൈം വാരിക മുര്‍സിയെപ്പറ്റി ഒരു സ്‌പെഷ്യല്‍ പതിപ്പ് ഇറക്കിയത്. 'മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും പ്രധാന വ്യക്തി' എന്ന തലക്കെട്ടോടെ.

വളര്‍ച്ചയും വിദ്യാഭ്യാസവും
1951 ആഗസ്റ്റ് 20-ന് നൈല്‍ തുരുത്തില്‍ അഞ്ചു മക്കളില്‍ ഏറ്റവും മൂത്തവനായി മുര്‍സി ജനിച്ചു. 1975-ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് എഞ്ചിനീയറിംഗില്‍ ഡിഗ്രിയെടുത്തു. 1979-ല്‍ പിതൃവ്യ പുത്രി നജ്‌ലാ അലി മഹ്മൂദിനെ വിവാഹം കഴിച്ചു. 1982-ല്‍ അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മെറ്റീരിയല്‍ സയന്‍സില്‍ പി.എച്ച്.ഡി കരസ്ഥമാക്കി. കാന്‍ സ്റ്റേറ്റ് നോര്‍ത്തിംഗ് യൂനിവേഴ്‌സിറ്റിയില്‍ അസി. പ്രഫസറായി പ്രവര്‍ത്തിച്ചു. നാസായിലും ജോലി ചെയ്തിട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ ജീവിച്ചിരുന്ന കാലത്ത് അവിടത്തെ ഇസ്‌ലാമിക് സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ വനിതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കാലിഫോര്‍ണിയാ ജീവിതം അദ്ദേഹത്തിന് ട്രോജന്‍ കുതിരകളോടും അമേരിക്കന്‍ ഫുട്ബാള്‍ ടീമിനോടുമുള്ള അതീവ താല്‍പര്യവും അഭിരുചിയും നിലനിര്‍ത്തി. അത് രണ്ടിനെക്കുറിച്ചും എത്ര വേണമെങ്കിലും സംസാരിക്കാമെന്ന് ടൈം ലേഖകനോട് അദ്ദേഹം പറയുകയുണ്ടായി.
അദ്ദേഹത്തിന്റെ അഞ്ചു മക്കളില്‍ രണ്ടു പേര്‍ അമേരിക്കയില്‍ ജനിച്ചവരാണ്. ഒരു നാള്‍ അവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് ടൈം ലേഖകന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു.
1985-ല്‍ അദ്ദേഹം ഈജിപ്തിലേക്ക് മടങ്ങി. 2010 വരെ സകാസിക് യൂനിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗ് പ്രഫസറായി ജോലി നോക്കി. അക്കാലത്താണ് അദ്ദേഹം ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. താമസിയാതെ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോഡിയായ ഗൈഡന്‍സ് ബ്യൂറോവില്‍ അംഗമായി. 2006-ല്‍ ഹുസ്‌നി മുബാറകിന്റെ പോളിസികളില്‍ പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചു. അതേപ്പറ്റി അദ്ദേഹം പറയുന്നു: ''ജുഡീഷ്യറിയെയും ഈജിപ്ഷ്യന്‍ ജഡ്ജിമാരെയും പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഞാന്‍ ജയില്‍വാസം വരിച്ചത്. എക്‌സിക്യൂട്ടീവ്, ലജിസ്ലേറ്റീവ്, ജുഡീഷ്യറി എന്നീ മൂന്നു അധികാരങ്ങള്‍ക്കിടയില്‍ ഉണ്ടാവേണ്ട വിഭജനത്തെക്കുറിച്ച് പൂര്‍ണ ബോധവാനാണ് ഞാന്‍.'' ഏതേത് ജഡ്ജിമാരുടെ സംരക്ഷണാര്‍ഥം ഹുസ്‌നി മുബാറകിന്റെ കാലത്ത് കല്‍തുറുങ്ക് സ്വീകരിച്ചുവോ, അതേ ജഡ്ജിമാര്‍ ഇപ്പോഴദ്ദേഹത്തെ തുരത്താനിറങ്ങിയിരിക്കുന്നുവെന്നത് എന്തൊരു വിരോധാഭാസം!
പത്തു കൊല്ലത്തോളം മുര്‍സി മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. 2011-ല്‍ ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിംഗായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതൃത്വമേറ്റെടുത്തു. 2012 ജൂണ്‍ 24-ന് ഈജിപ്തിന്റെ പ്രസിഡന്റായി.

ബ്രദര്‍ഹുഡ് ഡമോക്രാറ്റിക് ആണോ?
'തീര്‍ച്ചയായും അതെ. ഇസ്‌ലാമിക വിശ്വാസമാണതിന്റെ ഉറവിടം. സ്വാതന്ത്ര്യമാണ് അതുയര്‍ത്തിപ്പിടിക്കുന്നത്. വിശ്വാസ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സമത്വം, സ്ഥിരത, മനുഷ്യാവകാശങ്ങള്‍ എല്ലാം അതുള്‍ക്കൊള്ളുന്നു.
ഞാനൊരു തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. ഈ സംക്രമണ ഘട്ടത്തില്‍ ദേശീയ കപ്പലിനെ സുഗമമായി ചലിപ്പിക്കുകയാണ് എന്റെ ഉത്തരവാദിത്വം. സ്വാതന്ത്ര്യവും സാമൂഹിക നീതിയും ഡമോക്രസിയും നിലനിര്‍ത്താന്‍ ഞാന്‍ വ്യക്തിപരമായി അങ്ങേയറ്റം തല്‍പരനും ഉദ്യുക്തനുമാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിം ബ്രദര്‍ ഹുഡും ഒന്നും പറയുന്നില്ല.
പ്രതിഷേധിക്കാനും എതിര്‍ ശബ്ദങ്ങളുയര്‍ത്താനും ജനങ്ങള്‍ക്കവകാശമുണ്ട്. അവരങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ സ്വതന്ത്രരാണെന്നാണ് അതിനര്‍ഥം.'
ടൈം ലേഖകനുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

മുര്‍സി സ്വേഛാധിപതിയോ?
ഭരണഘടനാപരമായി മുര്‍സി നടത്തിയ ചില പ്രഖ്യാപനങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തെ സ്വേഛാധിപതിയായി കാണുന്നവരും ചിത്രീകരിക്കുന്നരുമുണ്ട്. വിശിഷ്യാ സെക്യുലര്‍-ലിബറല്‍ ഗ്രൂപ്പുകള്‍. ഈ ആരോപണം ശരിയല്ല. ബറാദാഗി അദ്ദേഹത്തെ ഫറോവ എന്നുവരെ വിമര്‍ശിച്ചു. രാഷ്ട്രീയം ബറാദാഗിക്ക് പറ്റിയ കളരിയല്ലെന്നും തന്റെ രംഗത്ത് -ആറ്റോമിക് എനര്‍ജി- ഒതുങ്ങി നില്‍ക്കുകയാണ് അദ്ദേഹത്തിന് ഉത്തമമെന്നും തോന്നി ആ ആരോപണം കേട്ടപ്പോള്‍. അദ്ദേഹം ഗുണ്ടകളെ ആക്രമണത്തിനും രക്തരൂഷിത പ്രതിഷേധ പ്രകടനങ്ങള്‍ക്കും പ്രേരിപ്പിക്കുക കൂടി ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സമാധാനപരമായി പ്രകടനങ്ങള്‍ നടത്തുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരില്‍ അഞ്ചു പേരുടെ മരണത്തിന് അവര്‍ കാരണക്കാരായി. ബ്രദര്‍ഹുഡിന്റെ ഓഫീസുകളും കെട്ടിടങ്ങളും പലതും ചുട്ടുകരിച്ചു. ഇതാണോ അവര്‍ പുരപ്പുറത്ത് കയറി പ്രസംഗിക്കുന്ന ഡമോക്രസി, സെക്യുലരിസം? ഇഖ്‌വാനാകട്ടെ ആക്രമണോത്സുകമായി ഒന്നും ചെയ്തില്ല.
മുര്‍സിയുടെ ഭരണഘടനാ പ്രഖ്യാപനങ്ങള്‍ക്ക് ശേഷമുണ്ടായ അനാശാസ്യ സംഭവങ്ങള്‍ വല്ലതും തെളിയിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ സേഛാധിപത്യ മോഹമല്ല, മറിച്ച് ഈജിപ്ഷ്യന്‍ ജനതയുടെ സ്വതന്ത്ര-ജനാധിപത്യ ജീവിതത്തിന്റെ പരിശീലനക്കുറവാണ്. അവര്‍ സ്വാതന്ത്ര്യവും ജനാധിപത്യവും ജീവിച്ചുപഠിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ കൊണ്ട് ഭരണഘടനയും ജനാധിപത്യവും ജുഡീഷ്യറിയും സംസ്ഥാപിക്കാനുള്ള നടപടികള്‍ മാത്രമാണ് മുര്‍സി കൈക്കൊണ്ടത്. അത്തരമൊരാളെ എങ്ങനെ ഡിക്‌ടേറ്റര്‍ എന്ന് വിശേഷിപ്പിക്കും? വിപ്ലവത്തെ ഒറ്റുകൊടുക്കാനും മുബാറക് കാലത്തെ സ്ഥാപിത താല്‍പര്യങ്ങളും ആനുകൂല്യങ്ങളും നിലനിര്‍ത്താനും ജഡ്ജിമാര്‍ പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ അതിനെതിരെ ചില നടപടികള്‍ എടുക്കുക മാത്രമാണ് മുര്‍സി ചെയ്തത്. ജനങ്ങള്‍ക്കത് മനസ്സിലാവാന്‍ പ്രതിപക്ഷം അവസരം കൊടുത്തില്ല. പ്രചണ്ഡമായ എതിര്‍ പ്രചാരവേലയിലൂടെ ജനങ്ങളെ വഴിതെറ്റിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മീഡിയ കാര്യമായും അവരുടെ കൈയിലായത് കൊണ്ട് അവര്‍ക്കത് എളുപ്പം സാധിച്ചു. മുഴുവന്‍ അനാശാസ്യ സംഭവങ്ങള്‍ക്കും പ്രതിപക്ഷമാണ് ഉത്തരവാദി. വലിയൊരു വിഭാഗം ജനങ്ങള്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നു. എന്നിട്ടും മഹാ ഭൂരിപക്ഷവും മുര്‍സിക്കനുകൂലമായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്.
ജനാധിപത്യം ജീവിച്ച് ശീലിച്ച ജനങ്ങള്‍ മുര്‍സിയുടെ നടപടികളില്‍ ഒരസാംഗത്യവും കാണുന്നില്ല. അവര്‍ അദ്ദേഹത്തിന്റെ നടപടികള്‍ ശരിവെക്കുന്നു. ഉദാഹരണമായി ബ്രിട്ടനിലെ പ്രസിദ്ധ പത്രമായ ഗാര്‍ഡിയന്‍ എഴുതിയ ഒരു ലേഖനം മുര്‍സിയെ പൂര്‍ണമായി പിന്തുണക്കുകയും പ്രതിപക്ഷത്തിന്റെ സമീപനങ്ങളെ കണക്കിന് കളിയാക്കുകയും ചെയ്തു. ''ഭരണഘടനാപരമായ പ്രഖ്യാപനങ്ങളിലൂടെ ഈജിപ്ഷ്യന്‍ പ്രസിഡന്റ്, മുബാറക് കാല അടിച്ചമര്‍ത്തലിനെതിരെ സംരക്ഷണം നേടുകയായിരുന്നു.'' ഉപശീര്‍ഷകമായി ഗാര്‍ഡിയന്‍ പത്രം എഴുതി: ''പഴയ ഭരണകൂടത്തിന്റെ കാവല്‍ക്കാര്‍ക്കെതിരെ മുഹമ്മദ് മുര്‍സി''- കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍നിന്ന് രാജിവെച്ച 19 ആളുകളോട് പത്രം ചോദിച്ചു: എന്തിനായിരുന്നു നിങ്ങള്‍ അഞ്ചുമാസം മുഴുവനായി, ബാലന്‍സ് ഇല്ലെന്ന് നിങ്ങള്‍തന്നെ ആരോപിക്കുന്ന അസംബ്ലിയില്‍ പങ്കെടുത്തത്? ഒരു വാക്ക് ഇവിടെയുമവിടെയും ചേര്‍ത്ത് അവസാന തിരുത്തല്‍ നടത്താന്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സെക്യുലരിസ്റ്റുകളും ലിബറലുകളും എന്തിന് പിന്‍വലിഞ്ഞു? അല്‍ അസ്ഹര്‍, ചര്‍ച്ച്, സലഫികള്‍, മുസ്‌ലിം ബ്രദര്‍ ഹുഡ് എന്നല്ല, ലിബറല്‍ സെക്യുലര്‍ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എല്ലാം ഒപ്പുവെച്ച ഒരു രേഖയാണീ ഭരണഘടന. പിന്നെങ്ങനെ അവര്‍ തങ്ങളുടെ വാക്ക് മാറ്റി?
ചുരുക്കത്തില്‍ ഈജിപ്ഷ്യന്‍ വിപ്ലവത്തെ മുന്നോട്ടു നയിക്കുകയും ഈജിപ്ഷ്യന്‍ ജനതയുടെ വിശാല താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യാനാവശ്യമായ നടപടികള്‍ മാത്രമാണ് മുര്‍സി എടുത്തത്. വസ്തുതകളുടെ സൂക്ഷ്മമായ പഠനം അതാണ് തെളിയിക്കുന്നത്. സെക്യുലര്‍-ലിബറലിസത്തിന്റെ മരണഗോഷ്ടികളാണ് ഈജിപ്തില്‍ നടന്ന മുര്‍സി വിരുദ്ധ ബഹളങ്ങളില്‍ പ്രതിഫലിച്ചത്.
ലോക മുസ്‌ലിം പണ്ഡിതസഭയുടെ വൈസ് പ്രസിഡന്റും ഉന്നത സുഊദി പണ്ഡിതനും ഇസ്‌ലാം ടുഡേ വെബ് സൈറ്റ് സ്ഥാപകനുമായ ഡോ. സല്‍മാന്‍ ഔദ മുര്‍സിക്ക് ഒരു സന്ദേശമയച്ചു: 'താങ്കളെ നേരെ നയിക്കുന്ന ഒരു മാലാഖയെ താങ്കള്‍ക്ക് നിശ്ചയിച്ചുതരാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു.' വിപ്ലവത്തെ വഴിതെറ്റാതെ നയിക്കാന്‍ താന്‍ പൂര്‍ണ ശ്രദ്ധാലുവാകുമെന്ന് അദ്ദേഹം മറുപടിയും അയച്ചു. എല്ലാ സ്വാതന്ത്ര്യ പ്രേമികളും ദൈവഭക്തരും മുര്‍സിക്ക് വേണ്ടി പ്രാര്‍ഥിക്കേണ്ടതുണ്ട്. അല്ലാഹു അദ്ദേഹത്തിന്റെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍